ഭാഗം മൂന്ന്‌

കാവല്‌ക്കാർ ഃ (അമ്പരപ്പോടെ) ങ്‌ഹെ?

പരിശോധകൻ – 1 ഃ പിന്നെ വെറുതേ വിടുമെന്നാ വിചാരിച്ചെ.

(ദൈവം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. പരിശോധകൻ -2 ദൈവത്തെ തടഞ്ഞു നിർത്തുന്നു. ദൈവം ആകെപ്പാടെ അങ്കലാപ്പിലാകുന്നു)

മനുഷ്യൻ ഃ (നയത്തിൽ സമീപിച്ച്‌) എന്താ നിങ്ങളീ കാട്ടിക്കൂട്ടുന്നത്‌. എല്ലാം നമുക്ക്‌ സമാധാനപരമായി പരിഹരിക്കാം.

പരിശോധകൻ – 2 ഃ സമാധാനപരമാകണോ അക്രമാസക്തമാകണോ എന്ന്‌ ഞങ്ങൾ തീരുമാനിച്ചോളാം. നിങ്ങളുടെ ഉപദേശം ആവശ്യമില്ല.

ദൈവം ഃ (കിതച്ചുകൊണ്ട്‌) ഞാൻ.. ഞാൻ.. അറിഞ്ഞുകൊണ്ടൊരു തെറ്റും ചെയ്‌തിട്ടില്ല. എന്നെ രക്ഷിക്കണം.

മനുഷ്യൻ ഃ നിങ്ങളെ രക്ഷിക്കണോ ശിക്ഷിക്കണോ എന്നൊക്കെ വിചാരണയ്‌ക്ക്‌ ശേഷം തീരുമാനിക്കാം. ഇപ്പോളൊന്നടങ്ങിയിരിക്ക്‌. (പരിശോധകരോടായി) നിങ്ങളിങ്ങനെ ക്രൂരമായി പെരുമാറരുത്‌. അദ്ദേഹത്തിന്റെ മാന്യതയെ നാം മാനിക്കണം.

പരിശോധകൻ – 1 ഃ അത്‌ നിങ്ങൾ ചെയ്‌തോളൂ.. ഞങ്ങൾക്കാവില്ല.

മനുഷ്യൻ ഃ ഞാൻ, ദൈവത്തിന്റെ വക്കാലത്ത്‌ പിടിക്കുകയാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. സത്യം പറഞ്ഞാൽ ഞാൻ ഇദ്ദേഹത്തെ വിചാരണ ചെയ്യാൻ വന്നവനാ.

പരിശോധകൻ – 2 ഃ വിചാരണയോ..

മനുഷ്യൻ ഃ അതേ, വിചാരണ. ഇപ്പോൾത്തന്നെ ആവശ്യത്തിന്‌ കുറ്റങ്ങളായിരിക്കുന്നു. ഇനി നിങ്ങൾ കൂടി ഒന്നു സഹകരിച്ചാൽ ഈ വിചാരണ ഭംഗിയായി നടത്താം.

പരിശോധകൻ – 1 ഃ വിചാരണ നടത്താൻ ഇതെന്താ കോടതിയാ..?

മനുഷ്യൻ ഃ അതേ. ഇതൊരു കോടതിയാ.. ദൈവത്തിന്റെ കോടതി. ദൈവത്തിന്റെ കോടതിയിൽ ദൈവം വിചാരണ ചെയ്യപ്പെടുന്നു, ശിക്ഷിക്കപ്പെടുന്നു. അതാണിന്നത്തെ ദുഃസ്ഥിതി.

ദൈവം ഃ എല്ലാവരും എന്നെ കൈ വെടിഞ്ഞോ?

കാമൻ ഃ സഹായിച്ചാൽ ഞങ്ങൾക്കാപത്താ..

ദൈവം ഃ നിങ്ങളെന്റെ കാവല്‌ക്കാരല്ലേ.. ഇവരെ പിടിച്ച്‌ പുറത്താക്ക്‌. (ആരും അനങ്ങുന്നില്ല. ദൈവം കാവല്‌ക്കാരോരുത്തരെയായി സമീപിക്കുന്നു)

ദൈവം ഃ (കാമനെ സമീപിച്ച്‌) കാമാ.. ഈ ആപത്തിൽ നീയും എന്നെ കൈവെടിയുകയാണോ?

കാമൻ ഃ അതല്ലാതെ ഇപ്പോൾ നിവൃത്തിയില്ല, അങ്ങ്‌ ക്ഷമിക്കണം.

ദൈവം ഃ (ക്രൂദ്ധനെ സമീപിക്കുന്നു) ക്രൂദ്ധാ.. നീയും (ക്രൂദ്ധൻ തല തിരിച്ച്‌ മാറി നില്‌ക്കുന്നു)

ദൈവം ഃ (നിയന്ത്രണം വിട്ട്‌) ഇല്ല.. ആരുമില്ല..

പരിശോധകൻ – 1 ഃ ഞങ്ങൾക്ക്‌ നിന്ന്‌ സമയം കളയാൻ പറ്റില്ല.

മനുഷ്യൻ ഃ നിങ്ങൾ ഞാൻ പറയുന്നതൊന്ന്‌ കേൾക്ക്‌. ദൈവത്തെ അറസ്‌റ്റ്‌ ചെയ്യുന്നതും കസ്‌റ്റഡിയിൽ വെയ്‌ക്കുന്നതും വളരെ ആലോചിച്ചു ചെയ്യേണ്ട കാര്യങ്ങളാ. ഭക്‌തജനങ്ങൾ വെറുതേയിരിക്കുമെന്ന്‌ തോന്നുന്നുണ്ടോ? ക്രമസമാധാന നില തകരാറിലാകും. പറഞ്ഞില്ലെന്ന്‌ വേണ്ട.

പരിശോധകൻ – 2 ഃ ഓ.. അത്‌ ശരിയാണല്ലോ.

പരിശോധകൻ – 1 ഃ അക്കാര്യം മാത്രം നമ്മളാലോചിച്ചില്ലല്ലോ. ഇനി എന്താ ചെയ്‌ക.

മനുഷ്യൻ ഃ പറയാം. തത്‌ക്കാലം അദ്ദേഹത്തെ ഇവിടെത്തന്നെ തടങ്കലിലടയ്‌ക്കുക. ഒരുതരം വീട്ടുതടങ്കൽ.

പരിശോധകൻ -1 ഃ പിന്നെയോ?

മനുഷ്യൻ ഃ വിചാരണയും ഇവിടെത്തന്നെ വെച്ചുനടത്താം. നമുക്ക്‌ ശിക്ഷയും വിധിക്കാം.

പരിശോധകൻ – 1 ഃ കേട്ടിട്ട്‌ തരക്കേടില്ലാത്ത ഐഡിയാ ആണെന്ന്‌ തോന്നുന്നു. ഞങ്ങളൊന്നാലോചിക്കട്ടെ. (രണ്ടു പരിശോധകന്മാരും സ്‌റ്റേജിനൊരു വശത്തേക്ക്‌ മാറിനിന്ന്‌ അല്‌പനേരം ആലോചിക്കുന്നു. പിന്നീടവർ മടങ്ങി വരുന്നു)

പരിശോധകൻ – 2 ഃ ശരി. ഞങ്ങൾക്കെതിർപ്പൊന്നുമില്ല. അങ്ങനെ തന്നെയാകട്ടെ.

മനുഷ്യൻ ഃ താങ്ക്‌യു.

പരിശോധകൻ – 1 ഃ എന്നാൽ ഞങ്ങൾ വരട്ടെ. ഇനിയും ഇതുപോലെയുളള പല ദൈവങ്ങളേം പിടികൂടാനുണ്ട്‌. (രണ്ടുപേരും പുറത്തേക്ക്‌ നടക്കുന്നു)

ദൈവം ഃ (മനുഷ്യനെ സമീപിച്ച്‌) ആയിരം നന്ദിയൊണ്ട്‌… ആയിരം നന്ദി.

മനുഷ്യൻ ഃ എന്തിന്‌.

ദൈവം ഃ എന്നെ ഈ ആപത്തിൽ നിന്ന്‌ രക്ഷിച്ചതിന്‌.

മനുഷ്യൻ ഃ ആപത്ത്‌ വരാൻ പോകുന്നേയുളളു.

ദൈവം ഃ അതെന്താ..

മനുഷ്യൻ ഃ നിങ്ങളെ അറസ്‌റ്റ്‌ ചെയ്യിക്കാത്തത്‌ നിങ്ങളോടുളള സ്‌നേഹമോ ആദരവോ ആരാധനയോ കൊണ്ടല്ല. മറിച്ച്‌ എനിക്ക്‌ നിങ്ങളെ വിചാരണ ചെയ്യാനുളള അവസരം നഷ്‌ടപ്പെടാതിരിക്കാനാണ്‌.

ദൈവം ഃ (കാവൽക്കാരോടായി) കാവൽക്കാരേ… ഇവനെ പിടിച്ചു പുറത്താക്കൂ..

(കാവൽക്കാർ മനുഷ്യനെ വളയുന്നു)

മനുഷ്യൻ ഃ (അമ്പരപ്പോടെ) നില്‌ക്കൂ.. ഇത്രയും നേരം നിങ്ങളെ കളളന്മാരാക്കിയവനാണ്‌ ഈ ദൈവം. നിങ്ങളെ ഒന്നടങ്കം നിഷ്‌കാസനം ചെയ്യാനുത്തരവിട്ടവനാണീ ദൈവം. തന്നെയുമല്ല ഈ പെരുങ്കളളൻ ദൈവത്തിന്റെ കാവല്‌ക്കാരെന്ന ഒറ്റക്കാരണം കൊണ്ട്‌ നിങ്ങളെ പിടിച്ച്‌ അവരകത്തിടേണ്ടതായിരുന്നു. അത്‌ ചെയ്യാതിരുന്നത്‌ സമയത്തുളള എന്റെ ഇടപെടലുകൊണ്ടാ. ആ ആപത്തിൽ നിന്നും നിങ്ങളെ രക്ഷിച്ച എന്നെപ്പുറത്താക്കണമെങ്കിൽ, വേണ്ട നിങ്ങൾ വിഷമിക്കേണ്ട, ഞാൻ താനേ പൊയ്‌ക്കോളാം. (പുറത്തേക്ക്‌ നടക്കുന്നു)

കാവൽക്കാർ ഃ (ഒറ്റക്കെട്ടായി) അരുത്‌.. നിങ്ങൾ പോകരുത്‌..

(എല്ലാവരും പിന്നോക്കം മാറുന്നു)

മനുഷ്യൻ ഃ കണ്ടോ… ദൈവത്തിന്റെ വേലയൊന്നും എന്റെ അടുത്തുവേണ്ട.

ദൈവം ഃ എന്റെ മനുഷ്യാ.. ഒന്നുമല്ലെങ്കിലും നിന്നെ സൃഷ്‌ടിച്ചത്‌ ഞാനല്ലേ. അല്‌പം കൂടി ദയ കാണിക്കണം.

മനുഷ്യൻ ഃ ദയയോ.. അതും ഞാൻ കാണിക്കണമെന്നോ.. അതുപറയാനുളള അർഹത നിങ്ങൾക്കുണ്ടോ? അല്‌പം ദയയ്‌ക്കുവേണ്ടി അല്‌പം കനിവിനുവേണ്ടി നിങ്ങളുടെ കാൽക്കൽ വീണിട്ടുളളവനാണു ഞാൻ. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടിയ എനിക്കൊരു ജോലി കിട്ടാൻ. രോഗിയായ അമ്മയുടെ അസുഖം മാറാൻ.

ദൈവം ഃ നിങ്ങളെന്തൊക്കെയാണീ പറയുന്നത്‌? എനിക്കൊന്നും മനസ്സിലാകുന്നില്ല.

മനുഷ്യൻ ഃ ധൃതി വെയ്‌ക്കാതെ… എല്ലാം ഞാൻ മനസ്സിലാക്കിത്തരാം… വഴിപാടു കഴിക്കാത്ത അമ്പലങ്ങളില്ല.. വൈക്കത്തപ്പൻ..ഏറ്റുമാനൂരപ്പൻ.. കടപ്പാട്ടൂരപ്പൻ.. അയ്യപ്പൻ..ഗുരുവായൂരപ്പൻ എന്നുവേണ്ട സകല അപ്പൻമാരുടേം മുമ്പിൽ കുമ്പിട്ടു. നിവേദനങ്ങളും അഭ്യർത്ഥനകളും നടത്തി. ഉണ്ടായിരുന്ന കൈക്കാശ്‌ വഴിപാടായി കൊടുത്തുതുലച്ചു. അവസാനം നില്‌ക്കക്കളളിയില്ലാതെ ഞാൻ നാടുവിട്ടു. അങ്ങനെയാണിവിടെ ഒരുതരത്തിൽ എത്തിപ്പെട്ടത്‌. എത്തിയപ്പോഴോ.. നിങ്ങടെ കാവൽക്കാരെന്റെ കഴുത്തിനുപിടിച്ചു. എന്റെ പോക്കറ്റടിച്ചു. എന്നിട്ടും ഞാൻ തിരിച്ചുപോയില്ല. എന്തുകൊണ്ടെന്നല്ലേ. നിങ്ങളെക്കണ്ട്‌ കണക്ക്‌ പറയാൻ. ഇവിടെ വന്നുകണ്ടപ്പോഴാണ്‌ ഇത്ര കൊളളരുതാത്ത ദൈവത്തെയാണല്ലോ ഞാനിതുവരെ ആരാധിച്ചിരുന്നതെന്നറിയുന്നത്‌. ങ്‌ഹും… ഇപ്പോൾ നിങ്ങൾ ദയ കാണിക്കാൻ ആവശ്യപ്പെടുന്നു. ദൈവം മനുഷ്യനോടാണ്‌ ദയ കാണിക്കേണ്ടത്‌.. അല്ലാതെ മനുഷ്യൻ ദൈവത്തോടല്ല. നിങ്ങൾ ചെയ്‌തിട്ടുളള സകല പാപങ്ങൾക്കും ശിക്ഷ അനുഭവിക്കണം. ഭക്‌തജനങ്ങളെ കൊളളയടിച്ചതിന്‌… അധികാര ദുർവ്വിനിയോഗം നടത്തിയതിന്‌.

ദൈവം ഃ ശിക്ഷയോ.. എന്തു ശിക്ഷ..

മനുഷ്യൻ ഃ ഇനിയുളള കാലം നിങ്ങൾ മനുഷ്യനായി ജീവിക്കണം. നിങ്ങൾ സൃഷ്‌ടിച്ചുവിട്ട മനുഷ്യന്റെ ദുരിതങ്ങൾ സ്വയം അനുഭവിച്ചറിയണം.

ദൈവം ഃ അയ്യോ. അതുമാത്രം പറയരുത്‌. വേണമെങ്കിൽ ഭിക്ഷയെടുക്കാൻ പോലും ഞാൻ തയ്യാറാണ്‌. മനുഷ്യനാകാൻ മാത്രം പറയരുത്‌.

മനുഷ്യൻ ഃ ഉം.. അതെന്താ?

ദൈവം ഃ ഞാൻ പലതവണ മനുഷ്യനായി ജീവിച്ചിട്ടുണ്ട്‌.. ഒരിക്കലും എനിക്ക്‌ ശാന്തമായ മരണമുണ്ടായിട്ടില്ല. നിങ്ങൾക്കറിയാം. ഞാൻ രാമനായി ജീവിച്ചു. പതിനാലുവർഷം കാട്ടിലലഞ്ഞു. നാട്ടുകാരുടെ അപവാദം സഹിക്കവയ്യാതെ ഭാര്യയെ ഉപേക്ഷിക്കേണ്ടിവന്നു. എന്നിട്ട്‌ മനംനൊന്ത്‌ സരയുവിൽ ചാടി ആത്മഹത്യ ചെയ്യേണ്ടി വന്നില്ലേ എനിക്ക്‌.. പിന്നെ കൃഷ്‌ണനായി ജീവിച്ചു. ഒത്തിരി ഉപകാരങ്ങളും ചെയ്‌തു.. പക്ഷേ, എന്റെ അന്ത്യമോ.. ഏതോ മലവേടന്റെ അമ്പേറ്റാണ്‌ ഞാൻ മരിച്ചത്‌.. എന്റെ കുലം തന്നെ നാമാവശേഷമായിപ്പോയില്ലേ…ഇനിയും തീർന്നിട്ടില്ല. സമസ്‌ത മനുഷ്യരുടേയും പാപങ്ങളേറ്റു വാങ്ങാൻ ക്രിസ്‌തുവായി ജനിച്ചു… ഏതെങ്കിലും മനുഷ്യനെ ചെയ്യുന്ന വിധത്തിലാണോ അന്നെന്നെ നിങ്ങൾ കൊന്നത്‌.. മരക്കുരിശിൽവെച്ച്‌ ആണിതറച്ച്‌ നിങ്ങളെന്നെ കൊന്നു. അതുകൊണ്ടും ദേഷ്യം തീരാഞ്ഞിട്ട്‌ ആ കുരിശിനെ ഇന്നും നിങ്ങൾ ആരാധിച്ചു കൊണ്ടേയിരിക്കുന്നു. വേണ്ട.. വേണ്ട.. ഇനിയും എനിക്കൊരു മനുഷ്യനായി ജീവിക്കാൻ പറ്റില്ല.. എന്തുതന്നെ വന്നാലും..

മനുഷ്യൻ ഃ പ്രതിയുടെ ഇഷ്‌ടം നോക്കിയല്ല ശിക്ഷ വിധിക്കുന്നതും അത്‌ നടപ്പാക്കുന്നതും. (മനുഷ്യൻ ദൈവത്തെ സമീപിച്ച്‌ ബലമായി കിരീടമെടുക്കുന്നു. അതെടുത്ത്‌ സ്വന്തം തലയിലണിയുന്നു)

(സാവധാനം ലൈറ്റണയുന്നു. വീണ്ടും വെളിച്ചം പരക്കുന്നു.)

കോറസ്സ്‌ ഃ അഴിമതിയഴിമതി അധികാരത്തിൻ

അഭിനവമായോരടയാളം

പകയുടെ ചതിയുടെ കെണികളൊരുക്കി

നെറികേടുകളുടെ വിളയാട്ടം.

കുടിലതതൻ പടിയാറു ചമച്ചതി-

നകമേ വാഴും ദൈവങ്ങൾ

മനുജകുലത്തിന്നപമാനത്തിൻ

കരിനിഴലേകിയ കാട്ടാളർ

അവരെക്കണ്ടാൽ പ്രണമിക്കണമോ

കലഹിക്കണമോ നാമിന്ന്‌

പറയുക നിങ്ങൾ ഭക്തജനങ്ങൾ

വറുതിയിലെരിയും ജന്മങ്ങൾ.

(കർട്ടൻ)

Generated from archived content: vicharana3.html Author: mythreyan_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here