ഭാഗം രണ്ട്‌

ദൈവം ഃ ഹെന്റെ ദൈവമേ… ഞാനെന്തൊക്കെയാണീ കേൾക്കുന്നത്‌?

മനുഷ്യൻ ഃ (ചിരിച്ചുകൊണ്ട്‌) നിങ്ങളും ദൈവത്തെ വിളിക്കുകയോ.. ഈ അപരാധത്തിന്‌ എന്തെങ്കിലും ന്യായീകരണം നിങ്ങൾക്കുണ്ടോ?

ദൈവം ഃ ഞാൻ ചെയ്‌ത ഏറ്റവും വലിയ സദ്‌കർമ്മമെന്ന്‌ എക്കാലത്തും അഭിമാനിച്ചിരുന്ന പ്രവൃത്തിയെയാണ്‌ എന്റെ ഒന്നാമത്തെ കുറ്റമായി നിങ്ങൾ കാണുന്നത്‌. ഞാൻ എന്റെ രൂപത്തിൽ എന്നേക്കാൾ ബുദ്ധിയുളള ഒരു ജീവിയെ സൃഷ്‌ടിച്ചത്‌, ശരിയാണ്‌, ഒരുതരത്തിലത്‌ ഞാൻ ചെയ്‌ത തെറ്റുതന്നെയാണ്‌. എന്റെ വിലക്കുകൾ മാനിക്കാതെ നിങ്ങൾ വളർന്നു. പാപപങ്കിലമായ ജീവിതം പടുത്തുയർത്തുന്നതിൽ നിങ്ങൾ ആനന്ദം കണ്ടെത്തി. എന്നിട്ട്‌ കുറ്റമെനിക്കും.

മനുഷ്യൻ ഃ മുട്ടായുക്തി പറഞ്ഞ്‌ രക്ഷപ്പെടാമെന്ന്‌ കരുതണ്ട. ലോകത്തുണ്ടായ സകലരക്തച്ചൊരിച്ചിലിനും കാരണക്കാരൻ നിങ്ങളാണ്‌. കുരുക്ഷേത്ര യുദ്ധം തന്നെയോർക്കുക. ബന്ധുമിത്രാദികളെക്കണ്ട്‌ ബാണമെടുക്കാൻ വിസമ്മതിച്ച അർജ്ജുനന്റെ ചെവിയിൽ ഗീതോപദേശമെന്ന ഗൂഢതന്ത്രം ചൊല്ലിക്കൊടുത്തത്‌, തേരാളിയായി കൃഷ്‌ണന്റെ വേഷമിട്ട നിങ്ങളാണ്‌.

ദൈവം ഃ പക്ഷെ, അത്‌ ധർമ്മപാലനത്തിനായിരുന്നു.

മനുഷ്യൻ ഃ ആർക്കുവേണം നിങ്ങളുടെ സത്യവും ധർമ്മവും. ഈരേഴുലോകം അഴിമതിയിൽക്കുളിച്ചുനില്‌ക്കുമ്പോൾ ധർമ്മം പുലർത്താൻ അവതരിച്ച ഒരു കേമൻ. ഥ്‌ഫൂ..

ദൈവം ഃ അരുത്‌. നിങ്ങളെന്നെ ഇങ്ങനെ ആട്ടരുത്‌.

മനുഷ്യൻ ഃ പിന്നെ എങ്ങിനെ ആട്ടണമെന്നാ പറയുന്നത്‌.

ദൈവം ഃ അല്‌പം മയത്തിൽ.. ഈ നാട്ടുകാരറിയാതെ…

മനുഷ്യൻ ഃ (ഉറക്കെച്ചിരിച്ച്‌) നിങ്ങളെന്താ നാട്ടുകാരെ ഭയപ്പെടുന്നോ. ഈ നാട്ടിൽ പേടിക്കേണ്ടാത്ത ഒരേയൊരു വർഗ്ഗം ഈ നാട്ടുകാരാ.. എന്തുവന്നാലും സഹിക്കും. ഇത്രക്ഷമാശീലം മറ്റാർക്കുമുണ്ടാകില്ല.

ദൈവം ഃ ന്നാലും ഞാനവരുടെയൊക്കെ ഒരാരാധനാ പുരുഷനല്ലേ?

മനുഷ്യൻ ഃ അവരുടെ അതിരുകടന്ന ആരാധനയാണ്‌ നിങ്ങളെ അഹന്ത പെരുത്തവനാക്കിയത്‌. ഞാനൊന്നു ചോദിക്കട്ടെ.. നിങ്ങളെന്തിനാണ്‌ രാമനായി വേഷം കെട്ടിയത്‌?

ദൈവം ഃ അഹല്യക്ക്‌ മോക്ഷം കൊടുക്കാൻ. ബാലിയെ വധിച്ച്‌ സുഗ്രീവനെ രക്ഷിക്കാൻ. രാക്ഷസരാജനായ രാവണനെ കൊല്ലാൻ..

മനുഷ്യൻ ഃ എത്രനല്ല ന്യായീകരണം! കൂട്ടത്തിലൊന്നുകൂടി ചേർക്കണം. രണ്ടുവിഭാഗക്കാർ തമ്മിലുളള ശത്രുത വർദ്ധിപ്പിക്കാൻ..

ദൈവം ഃ മനസ്സിലായില്ല..

മനുഷ്യൻ ഃ മനസ്സിലാകില്ല. അതാണ്‌ സത്യം. പാവങ്ങളുടെ വഴിപാടുപറ്റി മായാവി ആയി സുഖിക്കുന്ന നിങ്ങൾക്കിതൊന്നുമറിയില്ല. അറിയേണ്ട ആവശ്യമില്ല. കാലാകാലങ്ങളിൽ മുറതെറ്റാതെ കാണിക്കവഞ്ചി നിറയണം. അതല്ലേ നിങ്ങളുടെ ആവശ്യം.

ദൈവം ഃ ഇപ്പോഴതും നടക്കുന്നില്ല. അതാണെന്റെ ദുഃഖം.

മനുഷ്യൻ ഃ എങ്കിലതിന്റെ ഉത്തരവാദി മറ്റാരുമല്ല. നിങ്ങളുടെ സന്നിധിയിലേക്ക്‌ കടക്കാനുളള ആറുപടികളില്ലേ.. അവിടെ കാവൽ നില്‌ക്കുന്ന വെളളാനകളുണ്ടല്ലോ. അവരെ പിടിച്ചാൽ കയ്യാങ്കളി മനസ്സിലാകും.

ദൈവം ഃ ങ്‌ഹെ? അപ്പോ, അവരാണോ എന്റെ കാണിക്കവഞ്ചി കൊളളയടിക്കുന്നോർ?

മനുഷ്യൻ ഃ സംശയമുണ്ടോ?

ദൈവം ഃ നിഷ്‌കാമകർമ്മമെന്നാണവരെ ഞാൻ പഠിപ്പിച്ചത്‌.

മനുഷ്യൻ ഃ അവർ ചെയ്യുന്നത്‌ നിഷ്‌കർമ്മകാമവും.

ദൈവം ഃ എന്റെ കാവൽക്കാർ വിശ്വാസവഞ്ചകരല്ല.

മനുഷ്യൻ ഃ നിങ്ങളുടെ വിശ്വാസം നിങ്ങളെ പൊറുപ്പിക്കട്ടെ. എങ്കിലും അവരെ വിളിച്ച്‌ ചോദിക്കുന്നതിലെന്താണ്‌ തെറ്റ്‌?

ദൈവം ഃ അവരെ വിളിക്കുന്നതെങ്ങനെ.. ഇങ്ങോട്ടുളള പ്രവേശനം നിയന്ത്രിക്കാൻ അവർ പടിവാതിൽക്കൽ തന്നെ വേണം.

മനുഷ്യൻ ഃ തല്‌ക്കാലത്തേക്ക്‌ പടി അടച്ചിട്ട്‌ വരാൻ പറ..

ദൈവം ഃ നിയന്ത്രണമാകെ താറുമാറാകും.

മനുഷ്യൻ ഃ അത്‌ സാരമില്ല. സത്യമറിയണമല്ലോ…

ദൈവം ഃ (മനസ്സില്ലാമനസ്സോടെ) ശരി.. (പുറത്തേക്ക്‌ നോക്കി) കാവൽക്കാരെ.. കാവൽക്കാരേ..

(പുറത്തുനിന്നും കാവൽക്കാർ താളത്തിൽ) എന്തോ

ദൈവം ഃ ഇവിടെ വരീൻ…

കാവൽക്കാർ ഃ (പുറത്തുനിന്ന്‌) ദൈവം നമ്മളെ വിളിക്കുന്നു. എന്താണാവോ..

മനുഷ്യൻ ഃ പേടിക്കേണ്ട.. പോന്നോളൂ..

കാവൽക്കാർ ഃ (പുറത്തുനിന്ന്‌) അപ്പോൾ കാവലാരുനില്‌ക്കും.

ദൈവം ഃ തത്‌ക്കാലം പടിയടച്ചിട്ട്‌ പോന്നോളൂ.

കാവൽക്കാർ ഃ ശരി (പുറത്തു നിന്ന്‌ പടികളടയ്‌ക്കുന്ന ശബ്‌ദം)

(കാവൽക്കാർ – കാമൻ, ക്രൂദ്ധൻ, മോഹൻ, ലോഭൻ, മദൻ, മാത്സര്യൻ- തുടങ്ങിയവർ പ്രവേശിക്കുന്നു)

കാവൽക്കാർ ഃ എന്തിനാണങ്ങ്‌ വിളിച്ചത്‌?

ദൈവം ഃ ഇയാൾ പറയുന്നത്‌ സത്യമാണോ എന്നറിയാൻ…

ക്രൂദ്ധൻ ഃ അത്‌ ഞങ്ങൾക്കെങ്ങനെ അറിയാൻ പറ്റും. അയാളോടു ചോദിക്കണം.

ദൈവം ഃ ചെയ്‌തിട്ടുളള കാര്യങ്ങൾ നിങ്ങൾക്കോർമ്മയുണ്ടാകുമല്ലോ?

(ക്രൂദ്ധൻ സംശയദൃഷ്‌ടിയോടെ മനുഷ്യനെ നോക്കുന്നു)

കാമൻ ഃ എന്താണ്‌ കാര്യമെന്ന്‌ അങ്ങ്‌ പറഞ്ഞില്ലാ..

ദൈവം ഃ പറയാം. കുറച്ചുനാളായി കാണിക്കയൊന്നും എന്റെ കൈവശമെത്തുന്നില്ല. അത്‌ വഴിയിൽ വെച്ചേ നിങ്ങൾ തട്ടിയെടുക്കുന്നു എന്നാണാരോപണം.

ക്രൂദ്ധൻ ഃ (അടക്കാനാവാത്ത കോപത്തോടെ മനുഷ്യന്റെ നേരെ അടുക്കുന്നു) ഇതുപറയാനാണ്‌ താൻ വന്നതല്ലേ.. തന്നെ വെറുതേ വിടുന്ന പ്രശ്‌നമില്ല..

(ആറു കാവൽക്കാരും അക്രമാസക്തരായി മനുഷ്യനെ വളയുന്നു. മനുഷ്യൻ നിസ്സഹായനായി നില്‌ക്കുന്നു)

ദൈവം ഃ അരുത്‌. എന്താണ്‌ നിങ്ങളീ കാണിക്കുന്നത്‌. ദൈവസന്നിധിയിൽ ഹിംസ പാടില്ലെന്നറിയില്ലേ.

(ഓരോരുത്തരായി പിന്മാറുന്നു)

മനുഷ്യൻ ഃ ഇപ്പോൾ മനസ്സിലായില്ലേ ഞാൻ പറഞ്ഞത്‌ സത്യമാണെന്ന്‌. (ക്രൂദ്ധൻ കോപത്തോടെ വീണ്ടും മുമ്പോട്ടായുന്നു. മറ്റുളളവർ അയാളെ ബലമായി പിടിച്ചു നിർത്തുന്നു)

ദൈവം ഃ കാമൻ … നിങ്ങൾ പറയു.. ഈ മനുഷ്യൻ പറയുന്നത്‌ ശരിയാണോ?

കാമൻ ഃ എന്റെ ദൈവം തമ്പ്രാനേ.. എനിക്ക്‌ നുണ പറഞ്ഞ്‌ പരിചയമില്ല. വാസ്‌തവം അങ്ങ്‌ അറിയണം. എന്റെ പേര്‌ കാമനെന്നല്ലേ. കാമിക്കലാണ്‌ എന്റെ ഹോബി.. കാവൽ നിന്നു മടുക്കുമ്പോളൊരു നേരമ്പോക്ക്‌. പക്ഷെ, ഇന്നത്തെക്കാലത്ത്‌ കാമിക്കൽ കാശുമുടക്കുളള സംഗതിയാ.. തന്നെയുമല്ല സൂക്ഷിച്ചില്ലെങ്കിൽ മാറാരോഗം പിടിച്ച്‌ മരിക്കാൻ വരെ കാരണമായേക്കാവുന്നതാണത്‌. അപ്പോൾ മുൻകരുതലെടുക്കേണ്ടത്‌ അത്യാവശ്യമല്ലേ. അതിനാണെങ്കിൽ നല്ല തുകകൊടുക്കുകയും വേണം. നിഷ്‌കാമകർമ്മം ചെയ്യുന്ന എനിക്കെവിടെയാ പണം. അതുകൊണ്ട്‌ കാണിക്കപ്പണം അല്‌പസ്വല്‌പമെടുത്ത്‌ ഞാൻ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. എന്റെയും എന്റെ സഹപ്രവർത്തകരുടെയും ആയുരാരോഗ്യസൗഖ്യം മുന്നിൽക്കണ്ടുകൊണ്ടാണ്‌ ഞാനത്‌ ചെയ്‌തത്‌. അങ്ങ്‌ അത്‌ മനസ്സിലാക്കുമെന്ന്‌ കരുതുന്നു.

ദൈവം ഃ ഉം (ക്രൂദ്ധനോടായി) നിങ്ങളോ..

ക്രൂദ്ധൻ ഃ എന്റെ തൊഴിലുതന്നെ അപകടം പിടിച്ചതാ. ഏതുകാര്യത്തിനും എടുത്തുചാടി ഇടപെടേണ്ടിവരുന്നതെനിക്കാ. എന്റെ ഈ അപകടം പിടിച്ച പണിക്ക്‌ എന്തെങ്കിലും കൂലി നിങ്ങൾ തന്നിട്ടുണ്ടോ. എന്നും നിഷ്‌കാമ കർമ്മം. എന്റെ ക്രോധത്തിന്‌ പ്രതിഫലം കിട്ടാതെ വന്നപ്പോൾ കാമന്റെ ആവശ്യത്തിനുശേഷം ബാക്കി വന്ന തുകയിൽ നിന്ന്‌ ഞാനും എന്റെ ഓഹരിയെടുത്തു. അതിലെന്താണ്‌ തെറ്റ്‌?

ദൈവം ഃ (ഇരുത്തി മൂളുന്നു) മോഹൻ.. നിനക്കെന്താണു പറയാനുളളത്‌?

മോഹൻ ഃ അങ്ങ്‌ തെറ്റിദ്ധരിക്കരുത്‌. എനിക്ക്‌ മോഹങ്ങളിത്തിരിയൊളളവനാണെന്നറിയാലോ. മോഹങ്ങൾ സാക്ഷാത്‌ക്കരിക്കാനുളള മാർഗ്ഗങ്ങൾ തിരയുന്നതും സ്വാഭാവികമല്ലേ… ഈ പുത്തൻ വാണിജ്യ വ്യവസ്‌ഥയിൽ ആഗ്രഹങ്ങൾ വർദ്ധിക്കുന്നതും അത്‌ നിറവേറ്റാൻ ശ്രമിക്കുന്നതും തെറ്റാണെന്ന്‌ അങ്ങ്‌ പറയില്ലെന്നെനിക്കറിയാം. കാമനും ക്രൂദ്ധനും എടുത്തതിനുശേഷം ബാക്കി വന്നതിൽ നിന്നും ഞാനും അല്‌പം അടിച്ചുമാറ്റി.

ദൈവം ഃ ലോഭാ… നീയും ഇങ്ങനെ തന്നെ ചെയ്‌തിരിക്കും, അല്ലേ?

ലോഭൻ ഃ സംശയിക്കാനുണ്ടോ.. ലോഭം എന്നു പറഞ്ഞാൽത്തന്നെ അത്യാഗ്രഹമെന്നല്ലേ അർത്ഥം. ഈ അത്യാഗ്രഹിയായ എന്നെ ഒരു കാവൽക്കാരനാക്കിയതുതന്നെ ഒരർത്ഥത്തിൽ അങ്ങുചെയ്‌ത തെറ്റാ…

ദൈവം ഃ (അർത്ഥം വെച്ച്‌) അതൊക്കെ ഇപ്പ്‌ഴാ ബോദ്ധ്യപ്പെട്ടത്‌. ആട്ടെ.. ഇനി മദൻ തനിക്കെന്താണ്‌ പറയാനുളളത്‌?

മദൻ ഃ മദൻ.. അതായത്‌ മദമുളളവൻ. മദം എന്നുവെച്ചാൽ അഹങ്കാരം. സത്യം പറയാലോ ഇതുപോലെ ഒരു വിചാരണയുണ്ടാകുമെന്ന്‌ ഞാൻ സ്വപ്‌നത്തിൽപോലും വിചാരിച്ചതല്ല. അഹങ്കാരം കൊണ്ട്‌ ഞാനറിയാതെ എന്തൊക്കെയോ ചെയ്‌തു പോയിട്ടുണ്ട്‌. എല്ലാവരും കയ്യിട്ടു വാരുന്നതുകണ്ടപ്പോൾ എനിക്ക്‌ കയ്യും കെട്ടി നോക്കിനില്‌ക്കാനായില്ല. തക്കാവിരുതം പോലെ ഞാനും ഒരു വിഹിതം എടുത്തു. ഇനിയിപ്പോ എന്താ ചെയ്‌ക.

ദൈവം ഃ ഒന്നും ചെയ്യാനില്ല. മാത്സര്യൻ.. നിങ്ങളും ഇക്കാര്യത്തിലൊട്ടും പിന്നിലല്ലെന്ന്‌ തന്നെ കരുതട്ടെ.

മാത്സര്യൻ ഃ അങ്ങനെ ഒരു ചീത്തപ്പേര്‌ ഞാനായിട്ട്‌ വരുത്തിവെയ്‌ക്കുമോ ദൈവമേ… മത്സരിക്കലാണല്ലോ എന്റെ വിനോദം. മത്സരത്തിനു പന്തയം കെട്ടാനും മറ്റുമൊക്കെയായി എന്താ ചെലവെന്നറ്യോ? അങ്ങേയ്‌ക്കും പേരു കിട്ടുന്നതല്ലേന്ന്‌ കരുതി ഞാനൊട്ടും പിന്നോക്കം നിന്നിട്ടില്ല. എല്ലാം കഴിഞ്ഞ്‌ ബാക്കി വന്ന തുക മുഴുവനും ഞാനെടുത്തു. അതുകൊണ്ട്‌ അങ്ങയുടെ തിരുവടി വരെ ഒരു തുട്ടും എത്തിയില്ല. അതാണ്‌ സത്യം. കാര്യങ്ങളിത്രയുമായ സ്ഥിതിക്ക്‌ എനിക്ക്‌ പറയാനുളളത്‌ മോഷണത്തിന്‌ അംഗീകാരം കൊടുത്തുകൊണ്ടൊരു പുതിയ ഭരണസംവിധാനം ദൈവസന്നിധിയിലുണ്ടാകണമെന്നാണ്‌.

ദൈവം ഃ നല്ല ഉപദേശമാ..

മനുഷ്യൻ ഃ ഇവരുടെ പെഴ്‌സണൽ ഫയലൊക്കെയൊന്നു പരിശോധിച്ചേ.. ലക്ഷണം കണ്ടിട്ട്‌ ഇവരെല്ലാം മുൻമന്ത്രിമാരാണെന്ന്‌ തോന്നുന്നു.

ക്രൂദ്ധൻ ഃ (രോഷാകുലനായി) ദേ.. ഒരു കാര്യം പറഞ്ഞേക്കാം. അപമാനിക്കുന്നതിനും ഒരതിരൊക്കെയുണ്ട്‌. പറഞ്ഞതുപറഞ്ഞു. ഇനിയാവർത്തിച്ചാൽ…

ദൈവം ഃ ഇവനേക്കൊണ്ട്‌ ഞാൻ തോറ്റല്ലോ. എന്താണിത്‌.

മനുഷ്യൻ ഃ രംഗം കൂടുതൽ വഷളാകും മുമ്പ്‌ ഇവരെ പറഞ്ഞുവിടാൻ നോക്ക്‌?

ദൈവം ഃ എങ്ങോട്ട്‌?

മനുഷ്യൻ ഃ വന്നിടത്തേക്ക്‌ തന്നെ…

ദൈവം ഃ കൊളളാം. എന്റെ വരുമാനം കട്ടുമുടിച്ച ഇവരെ വീണ്ടും കാവൽക്കാരാക്കാനോ? സാധ്യമല്ല. ഇവർക്കുളള ശിക്ഷ ഇപ്പോൾത്തന്നെ കൊടുക്കണം.

കാവൽക്കാർ ഃ (ദയനീയ സ്വരത്തിൽ) ശിക്ഷയോ…

ദൈവം ഃ അതേ.. ശിക്ഷതന്നെ..

ക്രൂദ്ധൻ ഃ എന്തോന്നുശിക്ഷ..

ദൈവം ഃ ഇത്‌ വേലിതന്നെ വിളവ്‌ തിന്നുന്ന സംഭവമായിപ്പോയി. അതുകൊണ്ടിനി നിങ്ങളാരും എനിക്ക്‌ കാവൽ നില്‌ക്കണ്ട.

മനുഷ്യൻ ഃ അതപകടമാകും. ഇക്കണ്ട മനുഷ്യർ മുഴുവൻ തിരുമുമ്പിലെത്തി ഇല്ലാത്ത പ്രശ്‌നങ്ങളൊക്കെയുണ്ടാക്കും.

ദൈവം ഃ അതിന്‌ പരിഹാരമുണ്ട്‌. എല്ലാ പടികളും അടച്ചിടും. എന്തുവന്നാലും ഇനി ഇവരെ എന്റെ കാവൽക്കാരായി വെച്ചു പൊറുപ്പിക്കുന്ന പ്രശ്‌നമേയില്ല.

മദൻ ഃ പിന്നെ എന്തു ചെയ്യാനാണ്‌ ഭാവം?

ദൈവം ഃ നിങ്ങളെ ഈ തൊഴിലിൽ നിന്ന്‌ പിരിച്ചു വിടാൻ തീരുമാനിച്ചു.

ക്രൂദ്ധൻ ഃ അതങ്ങുമനസ്സിൽ വെച്ചാൽ മതി. ദൈവമാണല്ലോന്നോർത്തിത്രയും നേരം ക്ഷമിച്ചു. കൂടുതൽ വെളഞ്ഞാലെന്റെ തനിനിറം നിങ്ങൾ കാണും.

ദൈവം ഃ ഇത്രയ്‌ക്കായോ നിന്റെ ധിക്കാരം?

മദൻ ഃ ചൂടാകാതെ ദൈവം. നിങ്ങളൊരാളേയുളെളന്നോർക്കണം. ഞങ്ങളാറുപേരുണ്ട്‌. കളിക്കണെ സൂക്ഷിച്ചുവേണം. (കാവൽക്കാർ ദൈവത്തെ വളയുന്നു. ദൈവം നിസ്സഹായനായി നില്‌ക്കുന്നു)

ദൈവം ഃ (ഭയചകിതനായി) ഇതേവരെ എന്നോടൊന്നും മറുത്തു പറയാത്ത പ്രവർത്തിക്കാത്ത ഇവരാണല്ലോ ഇന്നിങ്ങനെയൊക്കെ പറയുന്നത്‌. (നില്‌ക്കക്കളളിയില്ലാതെ മനുഷ്യന്റെ നേരെ തിരിഞ്ഞ്‌) ഇതിനെല്ലാം കാരണക്കാരൻ നിങ്ങളാ. നിങ്ങളെ ഞാൻ വെറുതെ വിടില്ല.

മനുഷ്യൻ ഃ അല്ലെങ്കിലെന്നാ നിങ്ങളെന്നെ വെറുതേ വിട്ടിട്ടുളളത്‌. ഒരിക്കലെങ്കിലും എനിക്ക്‌ മനസ്സമാധാനത്തോടെ ഉറങ്ങാനുളള അവസരം തന്നിട്ടുണ്ടോ? പട്ടിണിയും പരിവട്ടവുമായി എന്നെ വലച്ച നിങ്ങളെ ഞാനും വെറുതേ വിടുമെന്ന്‌ കരുതണ്ട.

ദൈവം ഃ ഇപ്പോ നിങ്ങളൊക്കെക്കൂടി എന്തു ചെയ്യാൻ പോക്വാ?

ക്രൂദ്ധൻ ഃ നിങ്ങടെ തീരുമാനം തിരിച്ചെടുക്കുന്നോ ഇല്ലയോ..

ദൈവം ഃ പുലിവാലായല്ലോ.. ഇനിയിപ്പോ എന്താ ചെയ്‌ക.. (ഓഡിയൻസിനോടായി) ഭക്തജനങ്ങളേ.. നിങ്ങളിവരുടെ കയ്യാങ്കളി തിരിച്ചറിയണം..

(ക്രൂദ്ധൻ ഓടിവന്ന്‌ ദൈവത്തിന്റെ വായ പൊത്തിപ്പിടിക്കുന്നു)

ക്രൂദ്ധൻ ഃ മിണ്ടിപ്പോകരുത്‌. ഇനി നിങ്ങൾ വായ തുറന്നാൽ നിങ്ങളുടെ എല്ലാക്കളളക്കളികളും ഞാൻ വെട്ടി വിളിച്ചു പറയും. വെറുതേ ദൈവത്തിന്റെ ഒളള സ്‌റ്റാറ്റസ്‌ കളഞ്ഞു കളിക്കണ്ട.

(മനുഷ്യൻ കൗതുകത്തോടെ നോക്കി നില്‌ക്കുന്നു)

ദൈവം ഃ എന്തു പറയൂന്നാ താനീ ഭീഷണിപ്പെടുത്തുന്നത്‌.

ക്രൂദ്ധൻ ഃ നിങ്ങൾ ഭക്തജനങ്ങളെ കബളിപ്പിച്ച കഥ. ദൈവത്തിന്റെ പരിവേഷമണിഞ്ഞ്‌ കുടിലതകൾക്ക്‌ കൂട്ടുനിന്ന കഥ. പാവങ്ങളുടെ അധ്വാനത്തിന്റെ പ്രതിഫലം കൈപ്പറ്റി ഒരിത്തിൾക്കണ്ണിയായി പടർന്നു പന്തലിച്ച്‌ നില്‌ക്കുന്ന നിങ്ങളുടെ വിശ്വരൂപം ഉണ്ടല്ലോ- അതാരും കണ്ടിട്ടില്ല. അത്‌ ഞാൻ തുറന്നുകാണിക്കും.

ദൈവം ഃ (നയത്തിൽ) ക്രൂദ്ധാ.. പേരുപോലെ തന്നെ നിനക്കല്‌പം ക്രോധം കൂടുതലാ… സാരമില്ല. അതൊക്കെ ഈ പ്രായത്തിലുണ്ടാവും. എന്തിനാണ്‌ നാം തമ്മിലിടയുന്നത്‌. നീയാണെങ്കിലെന്റെ വിശ്വസ്‌തസേവകനാ..ഇങ്ങനെയൊക്കെ പറഞ്ഞാലോ.. ഞാൻ നിന്റെ സേവനം കണക്കിലെടുത്ത്‌ ഒരു പ്രമോഷൻ തന്നാൽ എന്താണെന്നാലോചിക്കുകയായിരുന്നു.

ക്രൂദ്ധൻ ഃ (അത്ഭുതപരതന്ത്രനായി) പ്രമോഷനോ.. എനിക്കോ..

ദൈവം ഃ അതേ. നിനക്കുതന്നെ. ഇനിമുതൽ നീ ഈ കാവൽക്കാരുടെ സൂപ്പർവൈസറായിരിക്കും.

ക്രൂദ്ധൻ ഃ (ദൈവത്തിനു ഷേക്ക്‌ ഹാന്റ്‌ കൊടുക്കുന്നു) താങ്ക്‌യൂ… സർ.. താങ്ക്‌യൂ.

മനുഷ്യൻ ഃ ഇതുപാടില്ല. സത്യം പറയാൻ ശ്രമിച്ച ക്രൂദ്ധന്റെ നാവടയ്‌ക്കാൻ ചെയ്‌ത തന്ത്രമാണീ പ്രമോഷൻ. കാവൽക്കാരേ.. നിങ്ങളാരും ഇതംഗീകരിച്ചുകൊടുക്കരുത്‌.

ക്രൂദ്ധൻ ഃ നിങ്ങളിതിലിടപെടേണ്ട.

മദൻ ഃ അയാൾ പറഞ്ഞതാണ്‌ ശരി. ഞങ്ങളിതംഗീകരിക്കില്ല.

കാമൻ ഃ സീനിയോരിറ്റി അനുസരിച്ച്‌ എനിക്കാണ്‌ പ്രമോഷൻ കിട്ടേണ്ടത്‌.

ലോഭൻ ഃ ഞാനൊരു പിന്നോക്കജാതിക്കാരനാ.. എന്റെ പ്രമോഷനാണാദ്യം നടക്കേണ്ടത്‌.

മാത്സര്യൻ ഃ അല്ല. ഞാൻ പട്ടികജാതി&പട്ടികവർഗ്ഗത്തിൽപ്പെട്ടയാളാ.. എന്നെയാണാദ്യം പ്രമോട്ട്‌ ചെയ്യേണ്ടത്‌.

ദൈവം ഃ ഛെ.. ഗുലുമാലായല്ലോ.. നിങ്ങളൊന്നടങ്ങിയിരിക്ക്‌.. എല്ലാറ്റിനും പരിഹാരമുണ്ടാക്കാം.

മോഹൻ ഃ എന്തു പരിഹാരം.

ദൈവം ഃ അതു നമുക്ക്‌ ചർച്ച ചെയ്‌തുതീരുമാനിക്കാം.

ക്രൂദ്ധൻ ഃ ഇനിയിവിടെ ചർച്ചയ്‌ക്ക്‌ പ്രസക്തിയില്ല. ദൈവം വാക്കുമാറരുത്‌. എന്നെ പ്രമോട്ട്‌ ചെയ്യണം.

മറ്റുളളവരൊറ്റക്കെട്ടായി ഃ പറ്റില്ല.

ദൈവം ഃ (അസ്വസ്ഥനായി) പ്രശ്‌നം ഇവിടെത്തീരുന്ന മട്ടില്ല. തത്‌ക്കാലം നിങ്ങൾ മടങ്ങിപ്പോകൂ…

(പെട്ടെന്നാരോ തുരുതുരെ കതകിൽ മുട്ടുന്ന ശബ്‌ദം. ദൈവം പരിഭ്രമിക്കുന്നു)

ദൈവംഃ കാമൻ… അതാരാണെന്ന്‌ നോക്കൂ.. (കാമൻ പുറത്തേക്ക്‌ പോയി അല്‌പം കഴിഞ്ഞ്‌ മടങ്ങിയെത്തുന്നു)

കാമൻ ഃ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിൽനിന്നാ..

ദൈവം ഃ (അമ്പരപ്പോടെ) ങ്‌ഹെ.. ഇത്‌ ദൈവസന്നിധിയാണെന്നും ഇങ്ങോട്ട്‌ പ്രവേശനമില്ലെന്നും താൻ പറഞ്ഞില്ലേ.

കാമൻ ഃ അവർക്കെവിടേം എപ്പഴും കേറിപ്പരിശോധിക്കാൻ അധികാരമുണ്ടെന്നാ പറഞ്ഞെ..

(വീണ്ടും കതകിൽ തുരുതുരെ മുട്ടുന്നു. കാമനോടിപ്പോയി കതകുതുറക്കുന്നു. ദൈവം പരിഭ്രമിച്ച്‌ പീഠത്തിൽ ധ്യാന നിമഗ്‌നനായിരിക്കുന്നു.)

(രണ്ടുപേർ പ്രവേശിക്കുന്നു. ആഗതർ വന്നപാടെ ദൈവസന്നിധിയൊട്ടാകെ പരിശോധിക്കുന്നു. ആരും അനങ്ങിപ്പോകരുതെന്ന ആംഗ്യം കാണിക്കുന്നു. പലതും വലിച്ചു പുറത്തിടുന്നു. ആകെപ്പാടെ സംഘർഷാത്മകമായ അന്തരീക്ഷം. എല്ലാവരും സ്‌തബ്‌ധരായി നില്‌ക്കുന്നു. പരിശോധന കഴിയുന്നു. അവർക്കൊന്നും കിട്ടുന്നില്ല.)

പരിശോധകൻ – 1 ഃ ഇങ്ങനത്തെ ദൈവോം ഇപ്പോളുണ്ടോ. സ്വന്തമായൊന്നും നേടാൻ ശ്രമിക്കാത്ത സദ്‌ഗുണസമ്പന്നനായ ദൈവം. സോറി… ശല്യപ്പെടുത്തിയതിൽ ക്ഷമിക്കണം.

(രണ്ടാളും കൈകൂപ്പി മടങ്ങിപ്പോകുന്നു)

(ദൈവം ഉറക്കെച്ചിരിക്കുന്നു)

ദൈവം ഃ വിഡ്‌ഢികള്‌.. തൊണ്ടികണ്ടുപിടിക്കാൻ പറ്റാത്ത വിഡ്‌ഢികള്‌.. ഞാനേ വെറുതേയല്ല ദൈവമായത്‌.. ഒളിപ്പിക്കേണ്ടതെവിടെ ഒളിപ്പിക്കണമെന്നും എങ്ങനെ ഒളിപ്പിക്കണമെന്നും നന്നായി പഠിച്ചിട്ട്‌ തന്നെയാ ഈ സ്ഥാനത്തിരിക്കുന്നത്‌. (കാമനോടായി) കാമാ.. അവര്‌ പോയോന്ന്‌ നോക്ക്‌.

(കാമൻ പുറത്തുപോയി നോക്കി തിരിച്ചുവരുന്നു)

കാമൻ ഃ പോയി..

ദൈവം ഃ എങ്കിൽ വാ.. എല്ലാവരും ഇങ്ങടുത്തുവാ… (ദൈവം പീഠത്തിനരികിലേക്ക്‌ നീങ്ങുന്നു. മറ്റുളളവർ പീഠത്തിനുചുറ്റും അത്ഭുതപരതന്ത്രരായി നോക്കി നില്‌ക്കുന്നു. ദൈവം പീഠത്തിന്റെ മൂടി തുറക്കുന്നു. അതിനുളളിൽ നിന്നും വിലപിടിപ്പുളള രത്‌നാഭരണങ്ങൾ വാരിപ്പുറത്തിടുന്നു. എല്ലാവരുടേയും കണ്ണുമിഞ്ചിപ്പോകുന്നു.) ഇതാ എടുത്തോളൂ. നിങ്ങളെല്ലാവരും പങ്കിട്ടെടുത്തോളൂ. ഇനിയിതിവിടെ വെച്ചാൽ അപകടമാ.. (മനുഷ്യനൊഴിച്ച്‌ എല്ലാവരും ആർത്തിയോടെ കൈക്കലാക്കാൻ ശ്രമിക്കുന്നു. പെട്ടെന്ന്‌ പരിശോധകർ തിരിച്ചുവരുന്നു.)

പരിശോധകൻ – 1 ഃ ഞങ്ങളും അത്ര വിഡ്‌ഢികളല്ല. മുതലൊളിപ്പിച്ചത്‌ പുറത്തെടുക്കാൻ ഇതാണെളുപ്പമെന്ന്‌ ഞങ്ങൾക്ക്‌ തോന്നി.

പരിശോധകൻ – 2 ഃ ഇതൊക്കെ നിങ്ങൾക്കെവിടന്നാ കിട്ടിയത്‌?

ദൈവം ഃ ഭക്തജനങ്ങൾ തന്നു. ഞാൻ സ്വീകരിച്ചു.

പരിശോധകൻ – 1 ഃ നിങ്ങൾ നികുതികൊടുത്തിട്ടുണ്ടോ?

പരിശോധകൻ – 2 ഃ ഉണ്ടെങ്കിൽ ഇൻകം ടാക്‌സ്‌ റിട്ടേൺസിന്റെ കോപ്പി കാണിക്കൂ..

ദൈവം ഃ അയ്യയ്യോ.. ദൊക്കെ എന്തു പണ്ടാരാണാവോ.. കിട്ടീതൊക്കെ സൂക്ഷിച്ചുവെച്ചുന്നല്ലാതെ ഒരു തെറ്റും ഞാൻ ചെയ്‌തിട്ടില്ല. ഇതിൽനിന്ന്‌ വേണമെങ്കിൽ നിങ്ങളും ഒരു പങ്കെടുത്തോ.. വെറുതേ എനിക്ക്‌ ചീത്തപ്പേരുണ്ടാക്കരുത്‌.

പരിശോധകൻ – 1 ഃ കൈക്കൂലി തന്ന്‌ ഞങ്ങളെ സ്വാധീനിക്കാൻ നോക്കണ്ട. അതിന്‌ ഞങ്ങളെ കിട്ടില്ല.

പരിശോധകൻ – 2 ഃ ഇനി രക്ഷപ്പെടാമെന്ന്‌ കരുതണ്ട. യു ആർ അണ്ടർ അറസ്‌റ്റ്‌.

ദൈവം ഃ അരുത്‌.. ദയവായെന്നെ അറസ്‌റ്റ്‌ ചെയ്യരുത്‌. ചീത്തപ്പേരാകും

പരിശോധകൻ -1 ഃ അത്‌ നിങ്ങൾ കുറ്റം ചെയ്‌തുകൂട്ടിപ്പോ ഓർക്കണമായിരുന്നു.

ദൈവം ഃ ഞാനെന്തു കുറ്റം ചെയ്‌തെന്നാണെനിക്കു മനസ്സിലാകാത്തത്‌.

പരിശോധകൻ -2 ഃ ഒക്കെ മനസ്സിലാക്കിത്തരാം. വരൂ.. നടക്കൂ..

ദൈവം ഃ (മനുഷ്യനോടായി) രക്ഷിക്കണം. എന്നെ ദയവായി രക്ഷിക്കണം.

മനുഷ്യൻ ഃ (മൗനം)

ക്രൂദ്ധൻ ഃ പരിശോധകരേ.. ദൈവം കണക്കിൽ കൊളളാത്ത കാശുണ്ടാക്കിയെന്നതും തന്റെ സ്‌ഥാനം ദുരുപയോഗപ്പെടുത്തി എന്നതും ഒരുപക്ഷെ ശരിയായിരിക്കാം. പക്ഷെ, അതിനദ്ദേഹത്തെ പരസ്യമായി അറസ്‌റ്റു ചെയ്യുന്നതും തടങ്കലിൽ വെയ്‌ക്കുന്നതും അദ്ദേഹത്തോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമല്ലേ. ഒന്നുമല്ലെങ്കിൽ അദ്ദേഹത്തിന്റെ സ്‌റ്റാറ്റസിനെ നിങ്ങൾ മാനിക്കണം.

പരിശോധകൻ -1 ഃ ഇതൊക്കെ സ്‌റ്റാറ്റസിനു ചേരാത്ത പ്രവൃത്തി ചെയ്യുമ്പോളോർക്കണമായിരുന്നു.

കാമൻ ഃ നിങ്ങളിങ്ങനെ കട്ടായം പിടിക്കരുത്‌. നമുക്കിവിടെ വെച്ച്‌ ഈ പ്രശ്‌നം തീർക്കണം.

പരിശോധകൻ – 2 ഃ അത്‌ നടക്കുന്ന കാര്യമല്ല.

ക്രൂദ്ധൻ ഃ പിന്നെ എന്തു കാര്യമാ നടക്കുക. വേഗം സ്‌ഥലം വിട്ടോ. അതാ നിങ്ങൾക്ക്‌ നല്ലത്‌.

പരിശോധകൻ -1 ഃ ഇല്ലെങ്കിൽ താനെന്തു ചെയ്യുമെടാ.

(പരിശോധകൻ – 1 ക്രൂദ്ധനെ കടന്നു പിടിക്കുന്നു. ക്രൂദ്ധൻ കുതറിമാറാൻ ശ്രമിക്കുന്നു. പരിശോധകൻ -2 സഹായത്തിനെത്തുന്നു. ക്രൂദ്ധനെപ്പിടിച്ചൊരു മൂലയ്‌ക്ക്‌ തളളുന്നു)

പരിശോധകൻ -1 ഃ അനങ്ങിപ്പോകരുത്‌.

കാമൻ ഃ എന്തൊരു ഗതികേടാണെന്ന്‌ നോക്കൂ. എന്തുവരേണ്ട കാലത്താണോ ഇവിടെ ഒരു കാവല്‌ക്കാരനാകാൻ തോന്നീത്‌.

മോഹൻ ഃ ദൈവമാണെന്ന്‌ വിചാരിച്ച്‌ നാം കാവൽ നിന്നത്‌ പെരുങ്കളളനെയാണല്ലോ.

പരിശോധകൻ – 2 ഃ അതിന്‌ നിങ്ങൾക്കുളള ശിക്ഷ വേറെയുണ്ട്‌.

അടുത്ത പേജിൽ തുടരുന്നു……..

Generated from archived content: vicharana2.html Author: mythreyan_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here