ഭാഗം ഒന്ന്‌

കഥാപാത്രങ്ങൾ

————–

ദൈവം

മനുഷ്യൻ

കാമൻ

ക്രൂദ്ധൻ

മോഹൻ

ലോഭൻ

മദൻ

മാത്സര്യൻ

പരിശോധകൻ – 1

പരിശോധകൻ – 2

സീൻ ഒന്ന്‌

———

(കാവൽക്കാരിൽ കാമൻ, ക്രൂദ്ധൻ, മോഹൻ, ലോഭൻ എന്നിവർ രംഗത്ത്‌. അവർ അക്ഷമരായി ആരെയൊക്കെയോ കാത്തു നില്‌ക്കുകയാണ്‌. രംഗത്ത്‌ മങ്ങിയ വെളിച്ചം)

കാമൻ ഃ ഛെ… അവരെക്കാണുന്നില്ലല്ലോ….

ക്രൂദ്ധൻ ഃ നേരത്ത്‌ കാലത്ത്‌ വരണോന്നൊളള തോന്നലും ഇല്ലാണ്ടായോ?

മോഹൻ ഃ ഇനി, വഴീലാരേലും പിടികൂടീട്ടൊണ്ടാവ്വോ..

ലോഭൻ ഃ ഏയ്‌..ആര്‌ പിടിക്കാനാ..ഇക്കാര്യം നമ്മൾക്കല്ലാതെ മറ്റാർക്കെങ്കിലും അറ്യോ?

കാമൻ ഃ അതൊന്നും പറയാൻ പറ്റത്തില്ല. ഇപ്പോ ചുറ്റും പൊറോം ചാരന്മാരെക്കൊണ്ട്‌ നിറഞ്ഞിരിക്ക്യാ.. ആരേലും ഒറ്റിക്കൊടുക്കാനും മതി..

ക്രൂദ്ധൻ ഃ ഏതവനാണൊറ്റിക്കൊടുക്കുന്നത്‌? അങ്ങനെ ആരെങ്കിലും ചെയ്‌താൽ ഞാനവന്റെ…

മോഹൻ ഃ ക്രൂദ്ധൻ വെറുതേ ചൂടാകാതെ.. അങ്ങനെയൊന്നുമുണ്ടാവില്ലെന്നേയ്‌.. (അകലേക്ക്‌ നോക്കി ആരെയോ കണ്ടിട്ടെന്നപോലെ) അവരല്ലേ ആ വരുന്നത്‌?

ലോഭൻ ഃ ശരിയാ… അവർ തന്നെ.. ലക്ഷണം കണ്ടിട്ടിന്ന്‌ പിടിപ്പത്‌ കിട്ടീട്ടൊണ്ടെന്നാ തോന്നുന്നേ..

കാമൻ ഃ (പുറത്തേക്ക്‌ നോക്കി) കോളടിച്ചു. (അല്‌പം കഴിഞ്ഞ്‌ മദനും മാത്സര്യനും എടുത്താൽ പൊങ്ങാത്ത കാണിക്ക വഞ്ചിയുമായി കടന്നു വരുന്നു. രംഗത്തുളളവർ ആഹ്ലാദഭരിതരായി തുളളിച്ചാടുന്നു. അവർ കാണിക്ക വഞ്ചി തോളിലേറ്റി നൃത്തം ചെയ്യുന്നു)

കോറസ്‌ ഃ കാണിക്ക വഞ്ചിയും കാത്തു കാത്ത്‌

കാണാക്കിനാവുകൾ കണ്ട്‌ കണ്ട്‌

കാവലിരുന്നു മടുത്ത നമ്മെ

കൺകുളുർപ്പിക്കുന്ന കാഴ്‌ച വന്നു

ചക്കരപ്പൊൻകുടം വന്നണഞ്ഞു

കയ്യിട്ടുനോക്കണം കൂട്ടരേ നാം

നാണക്കേടാമെന്ന പേടിവേണ്ട

നാണമുളേളാരാരും നാട്ടിലില്ല

നാടുവാഴിത്തമ്പ്രാൻ കട്ടെടുത്താൽ

നാട്ടുകാരാർക്കും പരാതിയില്ല

നാണവും മാനവും വിറ്റുതിന്നാൻ

കാവൽക്കാർ നമ്മൾ മടിക്ക വേണ്ട.

(കാണിക്കവഞ്ചി താഴെ വെയ്‌ക്കുന്നു. എല്ലാവരും ചുറ്റിനുമിരുന്ന്‌ തക്കാവിരുതം പോലെ പണം വാരിയെടുക്കുന്നു. ചിലർ തട്ടിപ്പറിക്കുന്നു)

കാമൻ ഃ (പെട്ടന്നോർത്തമട്ടിൽ) അയ്യോ വാതിലടച്ചില്ലല്ലോ. മദൻ, വേഗം പോയി വാതിലടച്ചിട്ടു വാ.

മദൻ ഃ വേല മനസ്സിലിരിക്കട്ടെ. എന്നെപ്പുറത്തു വിട്ടിട്ട്‌ ഇതുമുഴുവൻ നിങ്ങൾക്ക്‌ തട്ടിയെടുക്കാനല്ലേ. ഒന്ന്വല്ലേലും ഇതു കെട്ടിച്ചൊവന്നോണ്ട്‌ വന്നത്‌ ഞങ്ങളാ.. ഞാനും മാത്സര്യനും. ഞങ്ങളെ കബളിപ്പിക്കാൻ നോക്കണ്ട.

ക്രൂദ്ധൻ ഃ ഛെ.. ഇവനോടു പറഞ്ഞാൽ മനസ്സിലാവില്ലല്ലോ.. എടാ ആരെങ്കിലും ഇപ്പോ ഇങ്ങ്‌ കേറിവന്നാൽ വല്ല്യ കൊഴപ്പാകും.

മാത്സര്യൻ ഃ എങ്കിൽ നിങ്ങളാരെങ്കിലും പോയി കതകടയ്‌ക്ക്‌.

മോഹൻ ഃ ഇതിവിടെ ഇട്ടിട്ടെങ്ങന്യാ പോവുക…

ലോഭൻ ഃ നിങ്ങള്‌ പേടിക്കണ്ട. ഞങ്ങളിത്രേം പേരില്ലേ ഇവിടെ.. പോയി വാതിലടച്ചോളൂ..

മോഹൻ ഃ അത്‌ തനിക്കും ചെയ്‌തൂടേ..ശ്ശെടാ.. നിങ്ങടെ സൂത്രം എനിക്ക്‌ മനസ്സിലാകില്ലെന്ന്‌ കരുതരുത്‌.

ക്രൂദ്ധൻ ഃ എന്തു സൂത്രം.. തനിക്കൊളളത്‌ ഇവിടെ മാറ്റിവെച്ചേക്കാം.. പോരേ..

മോഹൻ ഃ എങ്കിൽ തനിക്കങ്ങു പോയാലെന്താ..

ക്രൂദ്ധൻ ഃ പറഞ്ഞതനുസരിക്കുന്നതാ നല്ലത്‌..

മോഹൻ ഃ ഇല്ലെങ്കിൽ?

ക്രൂദ്ധൻ ഃ അത്രയ്‌ക്കായോ തന്റെ ധിക്കാരം (ക്രോധത്തോടെ ചാടിയെഴുന്നേൽക്കുന്നു. അയാൾ മോഹനെക്കടന്നു പിടിക്കുന്നു. അവിടെ ഒരു മൽപിടുത്തം നടക്കുന്നു. മറ്റുളളവരെഴുന്നേറ്റ്‌ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നു. “ഛെ..എന്തായിത്‌”.. “മാറിനിൽക്ക്‌”.. “വെറുതെ വഴക്കടിക്കാതെ..” “ആരെങ്കിലും കണ്ടാൽ മോശമാ”… എന്നൊക്കെ ബഹളത്തിനിടയിൽ ആരൊക്കെയോ വിളിച്ചുപറയുന്നു. ആരും അത്‌ ശ്രദ്ധിക്കുന്നമട്ടില്ല. ഇതിനിടയിൽ കാണിക്കവഞ്ചി തട്ടിമറിച്ചിടുന്നു. അതിലെ നാണയത്തുട്ടുകൾ വേദിയിൽ ചിതറി വീഴുന്നു. ചിലരുടെ ശ്രദ്ധ അതിലേയ്‌ക്ക്‌ തിരിയുന്നു. ബഹളം ഒരുവശത്ത്‌ നടന്നുകൊണ്ടേയിരിക്കുന്നു. ചിലർ സമാധാനിപ്പിക്കൽ നിർത്തി നാണയത്തുട്ടുകൾ വാരിയെടുക്കാൻ ശ്രമിക്കുന്നു. അപ്പോൾ ചിലർ അവരുടെ കയ്യിൽ അറിയാതെ ചവിട്ടുന്നു. ആകെപ്പാടെ ലഹളമയം. ഇതുകണ്ടുകൊണ്ട്‌ മനുഷ്യൻ പ്രവേശിക്കുന്നു)

(മനുഷ്യൻ അല്‌പനേരം എല്ലാം കണ്ടു രസിക്കുന്നു. കാവൽക്കാർ മനുഷ്യൻ വന്നതറിഞ്ഞതേയില്ല)

മനുഷ്യൻ ഃ ഗുഡ്‌… വെരി ഗുഡ്‌..

(കാവൽക്കാർ പെട്ടെന്ന്‌ ബഹളം നിർത്തുന്നു. അവർ മനുഷ്യനെക്കാണുന്നു)

ക്രൂദ്ധൻ ഃ നിങ്ങൾ.. നിങ്ങളാരാ?

മനുഷ്യൻ ഃ ബഹളം കേട്ടെത്തിയ ഒരു വഴിപോക്കൻ..

ക്രൂദ്ധൻ ഃ ഇത്‌ വഴിപോക്കർക്ക്‌ കടന്നു വരാനുളള സ്ഥലമല്ല..

മനുഷ്യൻ ഃ അതിവിടെ എത്തിയപ്പഴാ മനസ്സിലായത്‌…

കാമൻ ഃ നിങ്ങൾക്കെന്തുവേണം..

മനുഷ്യൻ ഃ എനിക്ക്‌ വേണ്ടത്‌ നിങ്ങൾക്ക്‌ തരാനാവില്ല..

ക്രൂദ്ധൻ ഃ പിന്നെ എന്തിനിവിടെ വന്നു?

മനുഷ്യൻ ഃ അത്‌ നിങ്ങളോടു പറയേണ്ട ആവശ്യമുണ്ടെന്ന്‌ തോന്നുന്നില്ല.

മോഹൻ ഃ നിങ്ങളെവിടെ നിന്നാണ്‌ സംസാരിക്കുന്നതെന്നറിയാമോ?

മനുഷ്യൻ ഃ അറിയാം.. ദൈവത്തിന്റെ കാവൽക്കാരുടെ മുന്നിൽ..

കാമൻ ഃ ശ്ശെടാ.. ഇവനുപായക്കാരനല്ലല്ലോ.. ഞങ്ങളെ മനസ്സിലാക്കിയ സ്ഥിതിക്ക്‌ ഇനി വാക്കേറ്റത്തിന്റെ ഒന്നും ആവശ്യമില്ല.. വന്നതുപോലെ മടങ്ങിപ്പോയാലും..

മനുഷ്യൻ ഃ അത്‌ ഞാൻ തീരുമാനിക്കാം..

ക്രൂദ്ധൻ ഃ ഇവിടെ ആരുനില്‌ക്കണം ആരു നില്‌ക്കണ്ട എന്നൊക്കെ ഞങ്ങളാണ്‌ തീരുമാനിക്കുന്നത്‌..

മനുഷ്യൻ ഃ ഞാനിവിടെ നില്‌ക്കാൻ വന്നവനല്ല..

മദൻ ഃ ലക്ഷണം കണ്ടിട്ട്‌ വട്ട്‌ കേസാണെന്ന്‌ തോന്നുന്നു.

മനുഷ്യൻ ഃ (കാവൽക്കാരെ തളളിനീക്കി അകത്തേക്ക്‌ കടക്കാൻ ശ്രമിക്കുന്നു) മാറിനിൽക്കൂ.. എനിക്ക്‌ ദൈവത്തെക്കാണണം.

മാത്സര്യൻ ഃ അതത്ര എളുപ്പം നടക്കുന്ന കാര്യമല്ല.

കാമൻ ഃ ദൈവത്തെക്കാണണമെങ്കിൽ ആറുപടികൾ കടക്കണം. കേട്ടിട്ടില്ലേ.. കാമം, ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം. ആ ആറുപടികളിലെ കാവൽക്കാരാണ്‌ ഈ നില്‌ക്കുന്ന ഞങ്ങൾ.

മനുഷ്യൻ ഃ അതെനിക്കു മനസ്സിലായി. ഇനി ഓരോരുത്തരും ഒന്നു പരിചയപ്പെട്ടാൽ മാത്രം മതി.

കാമൻ ഃ ഞാൻ കാമൻ – കാമപ്പടി കാക്കുന്നവൻ.

ക്രൂദ്ധൻ ഃ ഞാൻ ക്രൂദ്ധൻ – ക്രോധപ്പടി കാക്കുന്നവൻ.

മോഹൻ ഃ ഞാൻ മോഹൻ – മോഹപ്പടി കാക്കുന്നവൻ.

ലോഭൻ ഃ ഞാൻ ലോഭൻ – ലോഭപ്പടി കാക്കുന്നവൻ.

മദൻ ഃ ഞാൻ മദൻ – മദപ്പടി കാക്കുന്നവൻ.

മാത്സര്യൻ ഃ ഞാൻ മാത്സര്യൻ – മാത്സര്യപ്പടി കാക്കുന്നവൻ.

മനുഷ്യൻ ഃ അപ്പോൾ നിങ്ങളെ മറികടക്കാതെ ദൈവസന്നിധിയിലെത്തിപ്പെടാനാവില്ല.

കാവൽക്കാർ ഃ (ഒരേ സ്വരത്തിൽ) ഇല്ല..

മനുഷ്യൻ ഃ അതിനിപ്പോളെന്താ ചെയ്‌ക.

ക്രൂദ്ധൻ ഃ ഒന്നും ചെയ്യണ്ട. വന്നവഴി തിരിച്ചു പോവുക. അതാണ്‌ നല്ലത്‌.

മനുഷ്യൻ ഃ അത്‌ പറ്റില്ലല്ലോ. ഏതുവിധേനയും എനിക്ക്‌ ദൈവത്തെ കാണണം.

കാമൻ ഃ നടക്കാത്ത കാര്യത്തിന്‌ വാശിപിടിക്കാതെ..

മനുഷ്യൻ ഃ അങ്ങനെ പറഞ്ഞാൽ ശരിയാവില്ല. ഞാനെന്തു കഷ്‌ടപ്പാട്‌ സഹിച്ചാ ഇവിടംവരെ എത്തിപ്പെട്ടതെന്നോ?

മോഹൻ ഃ അത്‌ ഞങ്ങളാരും പറഞ്ഞിട്ടല്ലല്ലോ..

മനുഷ്യൻ ഃ നിങ്ങൾ പറയുന്നതും കാത്തിരുന്നാൽ എന്റെ കാര്യം നടക്കില്ല.

ലോഭൻ ഃ ദൈവത്തെക്കണ്ടിട്ടെന്തു കാര്യമാ നിങ്ങൾക്ക്‌ നടത്താനുളളത്‌?

മനുഷ്യൻ ഃ അത്‌ ഞാനദ്ദേഹത്തോടു പറഞ്ഞോളാം.

മദൻ ഃ തർക്കുത്തരം പറയുന്നത്‌ സൂക്ഷിച്ചുവേണം.

മനുഷ്യൻ ഃ ഈ തിണ്ണമിടുക്കെന്നോടു വേണ്ട.

ക്രൂദ്ധൻ ഃ മര്യാദയ്‌ക്ക്‌ സംസാരിക്കണം. ഇത്‌ നിങ്ങടെ തോന്ന്യാസം വിളിച്ചു പറയാനുളള സ്‌ഥലമല്ല.

മനുഷ്യൻ ഃ ഓ.. എനിക്ക്‌ തെറ്റി. നിങ്ങൾക്ക്‌ തോന്ന്യാസം പ്രവർത്തിക്കാനുളള സ്ഥലമാണല്ലോ, അല്ലേ?

മാത്സര്യൻ ഃ ഞങ്ങളിവിടെ പലതും ചെയ്യും. അതിനേക്കുറിച്ച്‌ നിങ്ങൾ സംസാരിക്കണ്ട.

മനുഷ്യൻ ഃ അതൊക്കെ ദൈവമറിഞ്ഞുകൊണ്ടാണോ നിങ്ങൾ ചെയ്യുന്നതെന്ന്‌ എനിക്കും ഒന്നറിയണം.

ക്രൂദ്ധൻ ഃ ഓഹോ, അത്രയ്‌ക്കായോ.. എങ്കിലിപ്പോൾത്തന്നെ അറിയിക്കാം. (ക്രൂദ്ധൻ മനുഷ്യന്റെ കഴുത്തിനു പിടിച്ച്‌ പുറത്തേക്ക്‌ തളളുന്നു. മനുഷ്യൻ സ്‌റ്റേജിന്റെ ഒരു കോണിൽ കമഴ്‌ന്നടിച്ച്‌ വീഴുന്നു. കാമനോടിച്ചെന്ന്‌ അയാളെ പിടിച്ചെഴുന്നേൽപ്പിക്കുന്നു)

കാമൻ ഃ (നയത്തിൽ) വെറുതേ വഴക്കടിക്കണ്ട. നമുക്ക്‌ സമാധാനപരമായി ഒരു പോംവഴി കണ്ടെത്താം. കീശയിലെന്തൊണ്ട്‌..

മനുഷ്യൻ ഃ (കാര്യം മനസ്സിലാക്കി) കീശയിലോ.. ഇതെന്താ സർക്കാരാപ്പീസാ.. (സ്വരം മാറ്റി) കീശയുണ്ടായിട്ടുവേണ്ടേ കീശയിലുണ്ടാകാൻ…

കാമൻ ഃ എങ്കിലൊന്നും നടക്കില്ല. വേഗം സ്‌ഥലം കാലിയാക്കിക്കോ?

മനുഷ്യൻ ഃ അങ്ങനെ പറയാതെ കാമാ.. എന്തെങ്കിലുമൊക്കെ ചെയ്യാം…

മാത്സര്യൻ ഃ ഇക്കാര്യമങ്ങു നേരത്തേ പറഞ്ഞാൽ പോരാഞ്ഞോ?

മദൻ ഃ നിങ്ങളിത്ര നല്ലവനാണെന്ന്‌ ഞാൻ കരുതീല്ല. എന്തായാലും ഇനി സമയം മെനക്കെടുത്തണ്ട. വേഗമെടുക്ക്‌ ഞങ്ങളുടെ വീതം.

(കാമൻ മനുഷ്യനെ നയത്തിൽ ഒരു കോണിലേക്ക്‌ വിളിച്ചുകൊണ്ടു പോകുന്നു. എന്തൊക്കെയോ രഹസ്യമായി സംസാരിക്കുന്നു. മനുഷ്യൻ ഒരു പൊതി കാമന്‌ കൊടുക്കുന്നു. അവർ മടങ്ങി വരുന്നു)

കാമൻ ഃ ശരി.. ഇനി നിങ്ങൾ പൊയ്‌ക്കോളൂ…

മനുഷ്യൻ ഃ ഹൊ.. അങ്ങനെ രക്ഷപ്പെട്ടു.. (പോകാൻ തുടങ്ങുന്നു)

ക്രൂദ്ധൻ ഃ പോകാൻ വരട്ടെ.. എവിടെ ഞങ്ങളുടെ വീതം?

മനുഷ്യൻ ഃ എന്താണിത്‌ കാമാ.. എന്റെ കയ്യിലുണ്ടായിരുന്നത്‌ മുഴുവൻ നിങ്ങൾക്ക്‌ തന്നില്ലേ?

കാമൻ ഃ അതെന്റെ വീതമല്ലേ.. ഞാൻ എന്റെ പടി കടന്നു പൊയ്‌ക്കോളാനാ പറഞ്ഞത്‌. ഇവരുടെ പടി കടക്കണമെങ്കിൽ ഇവർക്കുളള കിഴി വേറേ കൊടുക്കണം.

മനുഷ്യൻ ഃ ഹെന്റമ്മോ.. എന്താ ഞാനീ കേൾക്കണത്‌?

ക്രൂദ്ധൻ ഃ അമ്പരന്നിട്ട്‌ കാര്യമില്ല. ഇതാണിവിടത്തെ നിയമം.

മനുഷ്യൻ ഃ കാമാ.. നിങ്ങളെന്നെ സഹായിക്കണം. ബാക്കിയുളള അഞ്ചുപടികളും കടത്തിവിടണം. ഞാൻ തന്നത്‌ നിങ്ങൾ വീതിച്ചെടുത്തോ..

കാമൻ ഃ കൂടുതൽ കടുമ്പിടുത്തം പിടിക്കുന്നത്‌ ശരിയല്ല. (മറ്റുകാവൽക്കാരോടായി) ഇത്‌ നമുക്കെല്ലാവർക്കും കൂടി വീതിച്ചെടുക്കാം. എന്താ, പോരേ…

ക്രൂദ്ധൻ ഃ അതത്ര ശരിയായ കാര്യമൊന്നുമല്ല. പിന്നെ, മറ്റുമാർഗ്ഗമൊന്നുമില്ലെങ്കിൽ അങ്ങനെയോ മറ്റോ ആട്ടെ. (മറ്റുളളവരോടായി) അല്ലേ.

മറ്റുകാവൽക്കാർ ഃ (മനസ്സില്ലാമനസ്സോടെ) ശരി..

കാമൻ ഃ (മനുഷ്യനോടായി) പൊയ്‌ക്കൊളൂ..

മനുഷ്യൻ ഃ താങ്ക്‌യൂ.. താങ്ക്‌യൂ വെരി മച്ച്‌.. (അകത്തേക്ക്‌ പോകുന്നു)

(രംഗം ഇരുളുന്നു)

സീൻ രണ്ട്‌

ദൈവസന്നിധി. പിന്നിലൊരു നീല കർട്ടൻ. മുന്നിലൊരു പീഠം. പീഠത്തിലസ്വസ്ഥനായിരിക്കുന്ന ദൈവം)

ദൈവം ഃ ഇങ്ങനെയുണ്ടോ ഒരു ഗതികേട്‌. ദെവസോം നല്ലൊരു തുക നടവരവായി കിട്ടീര്‌ന്ന്‌താ.. അത്‌ കൊണ്ട്‌ ഒരു കൊഴപ്പോം കൂടാതെ അങ്ങാടിപുളളി കഴിച്ചോണ്ടിര്‌ന്നതാ. ഇപ്പ്‌ഴോ.. ദാണ്ടെ നെലവെളക്കിലെണ്ണ ഒഴിക്കാൻ പോലും വകയില്ലാണ്ടായില്ലേ… കലികാലം.. കലികാലം.

(മനുഷ്യൻ പ്രവേശിക്കുന്നു)

മനുഷ്യൻ ഃ ദൈവത്തിനുമുണ്ടോ കലികാലം?

ദൈവം ഃ (സംശയദൃഷ്‌ടിയോടെ മനുഷ്യനെ നോക്കി) ആരാ..?

മനുഷ്യൻ ഃ എന്നെ മനസ്സിലായില്ലേ.. അതെങ്ങന്യാ മനസ്സിലാവുക.. പണ്ട്‌ നിങ്ങളുടെ രൂപത്തിലെന്നെ സൃഷ്‌ടിച്ചുവിട്ടപ്പൊഴേ ഞാനും നിങ്ങളും തമ്മിലുളള ബന്ധം തീർന്നല്ലോ.. അല്ലേ? (പുച്ഛരസത്തിൽ) ഒരു ദൈവം വന്നിരിക്കുന്നു. മനുഷ്യനെ മനസ്സിലാകാത്ത ദൈവം.. ഈ ദൈവത്തെയല്ലേ നമ്മൾ നിത്യേന പൂവിട്ട്‌ പൂജിക്കുന്നത്‌. പെടാപ്പാട്‌ പെട്ടുണ്ടാക്കുന്ന പണം വഴിപാടായിക്കൊടുത്ത്‌ വാഴ്‌ത്തുന്നത്‌? വെറുതേയല്ല നിങ്ങൾക്കീ കലികാലം വന്നത്‌. ആദ്യമേ മനുഷ്യനെ മനസ്സിലാക്കാൻ ശ്രമിക്ക്‌..

ദൈവം ഃ മനുഷ്യനോ? അങ്ങനെയൊന്നുണ്ടോ ഇപ്പോൾ?

മനുഷ്യൻ ഃ സൃഷ്‌ടികർത്താവിന്‌ തന്റെ സൃഷ്‌ടിയെക്കുറിച്ച്‌ ബോധമില്ലാണ്ടായോ? അതോ കണ്ണു കാണില്ലെന്നുണ്ടോ?

ദൈവം ഃ കണ്ണുകാണുന്നതുകൊണ്ടും ബോധമുളളതുകൊണ്ടുമാണെനിക്കീ സംശയം. ആട്ടെ.. നിങ്ങളെങ്ങിനെയിവിടെ പ്രവേശിച്ചു.. ഇവിടെ വാനവർക്ക്‌ മാത്രമേ പ്രവേശനമുളളു എന്നറിഞ്ഞുകൂടേ?

മനുഷ്യൻ ഃ അത്‌ പണ്ട്‌. അയിത്തം കല്‌പിച്ചിരുന്ന കാലത്ത്‌.. ആ കാലമൊക്കെ മാറിപ്പോയി മിസ്‌റ്റർ ദൈവം.

ദൈവം ഃ എത്ര കാലം മാറിയാലും പടിയാറും കടക്കാതെ ഇവിടെ വരാനാവില്ല.

മനുഷ്യൻ ഃ പടിയാറല്ല അറുപതും കടന്നിട്ടാ ഞാനിങ്ങെത്തിയത്‌.. ദ്വാരപാലകരെ വേണ്ട രീതിയിൽ കാണുകയും ചെയ്‌തിട്ടുണ്ട്‌.

ദൈവം ഃ എന്നുവെച്ചാൽ?

മനുഷ്യൻ ഃ മനസ്സിലായില്ലേ? ഹെന്റെ ദൈവമേ.. ദൈവത്തിനും മനസ്സിലാകാത്ത കാര്യങ്ങളാണോ ഇതൊക്കെ? ആട്ടെ, നിങ്ങള്‌ പത്രം വായിക്കാറുണ്ടോ?

ദൈവം ഃ പത്രമോ? അതെന്താ?

മനുഷ്യൻ ഃ (ഉറക്കെ ചിരിച്ച്‌) ഇപ്പോ പിടികിട്ടി.

ദൈവം ഃ എന്തു പിടികിട്ടി?

മനുഷ്യൻ ഃ അക്ഷരാഭ്യാസമില്ലാത്തോനാ ഈ ഇരിക്കണ ദൈവമെന്ന്‌..

ദൈവം ഃ അതൊരയോഗ്യതയാണോ?

മനുഷ്യൻ ഃ അല്ലേയല്ല. അതാണേറ്റവും വലിയ യോഗ്യത. പ്രത്യേകിച്ചും ഈ സ്ഥാനത്തിരിക്കാൻ.

ദൈവം ഃ ദേ.. കളിയാക്കുന്നത്‌ സൂക്ഷിച്ചുവേണം.

മനുഷ്യൻ ഃ ഭീഷണിപ്പെടുത്തൽ ദൈവത്തിന്‌ യോജിച്ചതല്ല.

ദൈവം ഃ നിങ്ങളുടെ ഉപദേശമെനിക്കാവശ്യമില്ല.

മനുഷ്യൻ ഃ ഈ അഹന്ത നിങ്ങൾ മാറ്റണം.

ദൈവം ഃ ഇല്ലെങ്കിൽ?

മനുഷ്യൻ ഃ ഓ.. എനിക്ക്‌ തെറ്റിപ്പോയി. ഇതൊന്നും ഞാൻ നിങ്ങളോടു പറയേണ്ട കാര്യമല്ല.

ദൈവം ഃ ഇപ്പോഴെങ്കിലും ബോധോദയമുണ്ടായല്ലോ..

മനുഷ്യൻ ഃ അക്ഷരജ്ഞാനമില്ലാത്തോൻ ദൈവമായാൽ ഇങ്ങനെയൊക്കെയേ പെരുമാറൂ. അതിലത്ഭുതപ്പെടേണ്ട കാര്യമില്ല.

ദൈവം ഃ (കോപാകുലനായി) എന്തു പറഞ്ഞു നിങ്ങൾ?

മനുഷ്യൻ ഃ ചൂടാകാതെ ദൈവം തമ്പ്രാനെ. ഒരു സത്യം പറഞ്ഞൂന്ന്‌ മാത്രമേയുളളു. അല്ലെങ്കിലും സത്യം ആർക്കാണ്‌ രസിക്കുക.. സാക്ഷാൽ ദൈവമാണെങ്കിൽകൂടി.

ദൈവം ഃ (അസഹ്യനായി) നിങ്ങളെന്തിനാണിങ്ങു വന്നത്‌? എനിക്കല്‌പം സ്വൈര്യം തന്നൂടെ..

മനുഷ്യൻ ഃ ഇല്ല. നിങ്ങളതർഹിക്കുന്നില്ല. ഇനി ഞാൻ വന്നതെന്തിനെന്നല്ലേ? പറയാം. നിങ്ങളെ വിചാരണ ചെയ്യാൻ.

ദൈവം ( അന്തംവിട്ട്‌) എന്നെ വിചാരണ ചെയ്യുകയോ? അതിനെന്തുതെറ്റാണ്‌ ഞാൻ ചെയ്‌തത്‌?

മനുഷ്യൻ ഃ പീഠത്തിലിരുന്ന്‌ തെറ്റുകളാരും അറിയില്ലെന്ന്‌ കരുതി, അല്ലേ? എത്തിപ്പെടാൻ പറ്റാത്ത സ്ഥലമല്ലേ? എന്തു ചെയ്‌താലും ആരും ചോദിക്കാൻ ധൈര്യപ്പെടില്ല എന്നല്ലേ നിങ്ങൾ വിചാരിച്ചത്‌?

ദൈവം ഃ നിങ്ങളെന്തൊക്കെയാണീ പറയുന്നത്‌?

മനുഷ്യൻ ഃ ഒരു കാര്യമുണ്ട്‌. ദൈവമാണെങ്കിലും ഇടയ്‌ക്കുകയറി സംസാരിക്കുന്നതെനിക്കിഷ്‌ടമല്ല.

ദൈവം ഃ ഞാൻ ചെയ്‌ത തെറ്റ്‌?

മനുഷ്യൻ ഃ പറയാം. എന്നെപ്പോലുളള മനുഷ്യരെ സൃഷ്‌ടിച്ചതാണ്‌ നിങ്ങളാദ്യം ചെയ്‌തതെറ്റ്‌.

ദൈവം ഃ ഇക്കാലത്ത്‌ സൃഷ്‌ടികർമ്മവും തെറ്റാകുമോ?

മനുഷ്യൻ ഃ തെറ്റല്ല. ഏറ്റവും വലിയ കുറ്റമാണത്‌. കുറ്റം. കാരണം സൃഷ്‌ടിയാണല്ലോ വിപത്തിനും കാരണം. അത്‌ സംഹാരത്തിന്‌ വഴിയൊരുക്കും. നിലനില്‌പിനുവേണ്ടി അന്യായങ്ങൾ ചെയ്യാൻ നിർബ്ബന്ധിതരാക്കും. അറിയപ്പെടാത്ത സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാനുളള ദുരാഗ്രഹം ജനിപ്പിക്കും. ഒരിക്കലും മാപ്പർഹിക്കാത്ത കുറ്റമാണ്‌ മനുഷ്യനെ സൃഷ്‌ടിക്കുകവഴി നിങ്ങൾ ചെയ്‌തിരിക്കുന്നത്‌.

അടുത്ത പേജിൽ തുടരുന്നു……..

Generated from archived content: vicharana1.html Author: mythreyan_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English