നിലത്തു വീഴാതെ എടുത്തു കൊളളുക
കറുത്ത വാവിന്റെ കരിഞ്ചിറകുകൾ.
ഇരുട്ട് വ്യാപിച്ച നടയ്‌ക്കൽ ജീവിതം
ബലി കൊടുക്കുവാൻ വിധിക്കപ്പെട്ടവർ.
കനത്തതീപ്പട നുണച്ചിറക്കിയോ-
രടവിയിൽ സ്വയം കുടുങ്ങിപ്പോയവർ.
ശപിക്കപ്പെട്ടൊരു നരജന്മത്തിനും
ശവപ്പറമ്പിലെക്കടു മൗനത്തിനും
നടുക്കു നിന്നൊരു കുരിശുമായ് വരും
ദശാബ്ദമഞ്ചെങ്ങും തറച്ച നൊമ്പരം.
തുറുങ്കറയ്‌ക്കുളളിൽ ചിറകൊടിഞ്ഞൊരു
കപോതത്തിൻ ജഡം – നമുക്ക് സ്വാതന്ത്ര്യം.
കുതികാലിൽ നിന്നും നിണമൊലിക്കുന്നു
മരച്ചോട്ടിൽ വേടൻ ചിരിച്ചു നിൽക്കുന്നു
വിഷപ്പുല്ല് കുലം മുടിച്ചു വാഴുന്നു
വെറുപ്പുകളഗ്നിത്തിര പടർത്തുന്നു
മധുരമാം നിനവൊലിച്ചു പോകുന്നു
നരിച്ചുരങ്ങളിൽ പകച്ചു നിൽക്കുന്നു.
നെറിവുകെട്ടൊരു നിഷാദ ദർപ്പത്താൽ
നിറപ്പകിട്ടുകൾ നശിച്ച നാളുകൾ
മണിക്കിരീടത്തിൻ പുറത്തൊലിക്കുന്ന
നിണപ്പാടിൽ പക ചുരത്തുമോർമ്മകൾ.
ഫണം വിടർത്തിയ കിനാക്കളിന്നെന്റെ
തലച്ചോറ് മെല്ലെ കടിച്ചു തിന്നുന്നു.
വിയർപ്പ് ചീങ്കണ്ണി നുണച്ചിറക്കുന്നു
കഴുത്തിൽ കാളിയൻ കടിച്ചുതൂങ്ങുന്നു
വരൾച്ച ബാധിച്ച നിലത്ത് സാത്താന്റെ
കുടിപ്പക വീണ്ടും തിളച്ചൊഴുകുന്നു.
തിരികൊളുത്തുവാനറച്ചു നിൽക്കുന്നു
ത്രിസന്ധ്യകൾ തേങ്ങിത്തളർന്നു വീഴുന്നു.
മനസ്സിൽ നാരായ മുന തറയുന്നു
മിഴിയടച്ചു ഞാൻ നിലത്തിരിക്കുന്നു.
ഇവിടെ ഞാനെന്നേ മരിച്ചുപോയവൻ
ഉയിർത്തെഴുന്നേൽക്കാൻ കൊതിച്ചിരിപ്പവൻ.
Generated from archived content: poem_velicham.html Author: mythreyan