വ്യവസ്ഥാപിത യാത്രാ വിവരണങ്ങളില്‍ നിന്ന് വ്യതിരിക്തമാണ് ബൈജു. എന്‍. നായരുടെ ദേശാടനം എന്ന കൃതി. നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹത്തിന് വിജ്ഞാനപ്രദവും രസകരവുമായ ധാരാളം അനുഭവങ്ങളുണ്ട് . ഈജിപ്ത്, തായ് ലാന്റ്, ശ്രീലങ്ക, ഇന്തോനേഷ്യ , ഹോങ്കോങ്, ജോര്‍ദാന്‍, ഭൂട്ടാന്‍, നേപ്പാള്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പട്ടണങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ താന്‍ സാക്ഷ്യം വഹിച്ച സംഭവങ്ങളും ലഭിച്ച അറിവുകളും ബൈജു ഈ രചനയിലൂടെ വായനക്കാരുമായി പങ്കു വയ്ക്കുന്നു.
യാത്രികരുടെ വിസ്മയാദരങ്ങള്‍ നേടിയ പിരമിഡുകളുടെ ദര്‍ശനാനുഭൂതിയില്‍ നിന്നു തന്നെയാണ് ബൈജു. എന്‍. നായര്‍ ഈജിപ്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ അലക്സാണ്ട്രിയയിലേക്ക് യാത്ര തിരിക്കുന്നത്. ‘ ഇന്ത്യ ഈജിപ്ത് വെരി ഫ്രണ്ട് ലി. യുവര്‍ അമിതാഭ് ബച്ചന്‍ ഐ ലൈക് ‘ കെയ്റോയിലെ ഹോട്ടലിന്റെ ട്രാവല്‍ ഡസ്ക്കിലുള്ള അഹമ്മദ് ടാക്സിക്കൂലി അല്‍പ്പം കുറച്ചുകൊടുത്തത് ഇന്ത്യയോടും ബിഗ്ബിയോടുമുള്ള സ്നേഹം മൂലമായിരുന്നത്രെ. പണ്ട് റഷ്യയിലും മറ്റും നമ്മുടെ കലാ സാംസ്ക്കാരിക അംബാസഡര്‍ രാജ്കപൂറായിരുന്നെത്രെ. ഇന്നത് അമിതാഭും ഷാരൂഖ് ഖാനും മറ്റുമായിരിക്കുന്നു. ഇന്നും ഇന്ത്യന്‍ സിനിമകള്‍ വിദേശരാജ്യങ്ങളില്‍ പ്രിയങ്കരങ്ങള്‍ തന്നെ. അലക്സാണ്ട്രിയാ യാത്രക്കിടയ്ക്ക് സമ്പന്നമായ ഈജിപ്ഷ്യന്‍ സംസ്കൃതിയിലേക്ക് ഗ്രന്ഥകാരന്‍ വിരല്‍ ചൂണ്ടുന്നു. നാലു ദിവസം തങ്ങിയ കെയ്റോ നഗരമടക്കമുള്ള പട്ടണങ്ങളുടെ വൃത്തി ഹീനതയും മൂല്യച്യുതിയും അദ്ദേഹത്തെ അലട്ടുന്നു. നമുക്ക് ഇക്കാര്യത്തില്‍ ഏറെയൊന്നും മേനി പറയാനില്ലെന്നു അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അലക്സാണ്ട്രിയ നഗരക്കാഴ്ചകളില്‍ ലോകത്തിലെ ആദ്യ ഗ്രന്ഥാലയത്തെക്കുറിച്ചുള്ള വിശദ പരാമര്‍ശമുണ്ട്. മാര്‍ക് ആന്റണി വിശ്വസുന്ദരിയായിരുന്ന ക്ലിയോപാട്രയ്ക്ക് 20,000 പുസ്തകച്ചുരുളുകള്‍ നല്‍കിയിരുന്നെത്രെ ! എ. ഡി 297 -ല്‍ ഡയോക്ലിഷന്‍ ചക്രവര്‍ത്തിയുടെ ഓര്‍മ്മക്കായി നിര്‍മ്മിച്ച 25 മീറ്റര്‍ ഉയരമുള്ള ഗ്രാനെറ്റ് തൂണായ പോമ്പിസ് പില്ലര്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള റോമന്‍ ശ്മശാനമായ കറ്റക്കോംബ് എന്നിവയെക്കുറിച്ചുള്ള വിവരണത്തോടെയാണ് ‘ പ്രേതഭൂമിയില്‍ തനിയേ’ എന്ന അധ്യായം അവസാനിക്കുന്നത്.
ഏഴ് ഓസ്ക്കര്‍ അവാര്‍ഡുകള്‍ നേടിയ ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ക്വായ് എന്ന സിനിമയുടെ ചിത്രീകരണം നടന്ന ശ്രീലങ്കയിലെ കിതുഗല എന്ന ശ്രീലങ്കന്‍ ഗ്രാമത്തിലേക്കു പോയ കഥയും രസകരമാണ്. ഈ സിനിമയ്ക്ക് ആസ്പദമായ സംഭവം നടന്നത് തായ് ലാന്‍ഡിലാണെങ്കിലും സിനിമയെടുത്തത് കിതുഗലയിലെ കല്യാണീ നദിയുടെ തീരത്തും മറ്റുമാണ്. തായ് ലണ്ടിലേക്കുള്ള ഒരു യാത്രാ വേളയില്‍ സാക്ഷാല്‍ ക്വായ് നദി കണ്ടതും ബൈജു ശ്രീലങ്കന്‍ യാത്രയുമായി തികച്ചും സ്വാഭാവികമായിത്തന്നെ സംയോജിപ്പിച്ചിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് തായ് ലന്‍ഡ് – ബര്‍മ്മ റെയില്‍പ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു മ്യൂസിയം സന്ദര്‍ശനത്തിനിടെ ഗ്രന്ഥകാരന്‍ ‘ ഡെത്ത് റെയില്‍വേ ‘ എന്ന പേരില്‍ അറിയപ്പെടുന്ന ഇതിന്റെ നിര്‍മ്മാണത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈ റെയില്‍പ്പാത നിര്‍മ്മിക്കുന്നതിനിടെ പത്തു ലക്ഷം പേര്‍ ജപ്പാന്‍ പട്ടാളക്കാരുടെ കൊടും പീഢനങ്ങള്‍ കൊണ്ടും പകര്‍ച്ചവ്യാധികള്‍ പിടിപെട്ടും മരണമടഞ്ഞു. മ്യൂസിയത്തിനെതിര്‍വശത്താണ് ‘ വാര്‍ സെമിത്തേരി’ ആ ശവപ്പറമ്പില്‍ ‘ മരണ റെയില്‍വേയുടെ’ നിര്‍മ്മണത്തിനിടെ മൃതിയടഞ്ഞ 7000 പേരെ സംസ്ക്കരിച്ചിരുന്നു. പട്ടാളക്കാരുടെ പീഢനങ്ങള്‍ക്കിരയായി മരിച്ചു പോയ ഇവരില്‍ 200 പേര്‍ ഇന്ത്യാക്കാരായിരുന്നെന്ന് ബൈജു.എന്‍ നായര്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.
പക്ഷെ മടങ്ങുമ്പോള്‍ പോലും മരണപാതയുടെ നടുക്കുന്ന പിന്നാമ്പുറക്കഥകളില്‍ നിന്ന് ഞങ്ങളാരും ഉണര്‍ന്നിരുന്നില്ല. അല്ലെങ്കില്‍ മടക്കയാത്രയില്‍ പെട്ടൊന്നൊരു നിമിഷം ഉറക്കമെഴുന്നേറ്റ കിഷോര്‍ ‘ ഒരു ലക്ഷം പേരൊന്നുമാവില്ല മരിച്ചിട്ടുണ്ടാവുക’‘ എന്നു പുലമ്പുമോ? എന്ന ബൈജുവിന്റെ വാക്കുകളീല്‍ ആ റെയില്‍ വേപ്പാത നിര്‍മ്മാണത്തിന്റെ ഭീകരതയത്രയും അടങ്ങിയിരിക്കുന്നു. ഒരു ലക്ഷമൊന്നുമല്ല അതിലുമെത്രയോ അധികം പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് പാതയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന മുന്‍ സൈനികന്‍ സ്റ്റാന്‍ലി വില്‍നറെ ഉദ്ധരിച്ചുകൊണ്ട് ബൈജു എഴുതുന്നു. ഈ ദുരന്തവുമായി ക്വായ് നദിക്കുള്ള ബന്ധവും അദ്ദേഹം വികാരജന്യമായി പ്രതിപാദിപ്പിച്ചിരിക്കുന്നു.
പ്രശസ്ത സാഹിത്യകാരന്‍ എസ്. കെ പൊറ്റക്കാട്ടിന്റെ ബാലി യാത്രാ വിവരണത്തെ അനുസ്മരിച്ചുകൊണ്ട് താന്‍ കണ്ട ബാലിദ്വീപിനെക്കുറിച്ച് ബൈജു എഴുതിയത് ഹൃദയസ്പര്‍ശിയാണ് ‘ കേരളത്തില്‍ നിന്ന് 4000 മൈല്‍ അകലെ മറ്റൊരു കേരളം ‘ എന്ന് തന്റെ മുന്‍ ഗാമിയായ പൊറ്റക്കാട്ടിനൊപ്പം താനും ആശ്ചര്യപ്പെടുന്നുവെന്ന് ബൈജു ‘ 57 വര്‍ഷം മുന്‍പ് വിമാനത്തിന്റെ ആഡംബരസമൃദ്ധിയില്ലാതെ കടല്‍ച്ചൊരുക്കിന്റെ കാഠിന്യങ്ങളൊട് മല്ലിട്ട് ബാലി ദ്വീപിലെത്തി ഇന്റെര്‍നെറ്റിന്റെ സൗമനസ്യമില്ലാതെ കഥകള്‍ കേട്ടറിഞ്ഞ് ആ മരതകദ്വീപിന്റെ ഭൂതവും വര്‍ത്തമാനവുമെല്ലാം മലയാളികള്‍ക്ക് പകര്‍ന്നു കൊടുത്ത ആ മഹാനായ സഞ്ചാരിക്ക് പൊറ്റക്കാട്ടിന് ഞാനെന്റെ ബാലി യാത്ര മനസുകൊണ്ട് സമര്‍പ്പിച്ചു – ഉചിതവും ഉദാത്തവുമാണ് ബൈജുവിന്റെ സ്മരാണഞ്ജലി.
ഇത്രയും എഴുതിയത് ബൈജുവിന്റെ രചനാശൈലിയെ സംബന്ധിച്ച് സൂചിപ്പിക്കാന്‍ മാത്രമാണ്. താന്‍ സന്ദര്‍ശിച്ച ഓരോ സ്ഥലത്തെ സംബന്ധിക്കുന്ന ഭുത- വര്‍ത്തമാന കഥാകഥനങ്ങള്‍ ഈ രചനയിലുണ്ട്. ജോര്‍ദാനിലെത്തിയപ്പോള്‍ ആ അറബ് രാജ്യത്തിന്റെ ചരിത്രപരവും സാംസ്ക്കാരികവുമായ പശ്ചാത്തലം വിശദീകരിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നു. ഇസ്രായേലും ഭൂട്ടാനും കാഠ്മണ്ഡുവുമൊക്കെ വായനക്കാരന് യാത്രാനുഭവങ്ങളുടെ ത്രില്ലും അവ ഉള്‍ക്കൊള്ളുന്ന അറിവും കാഴ്ച വെക്കുന്നു.
ഈ പുസ്തകത്തിലെ അധ്യായങ്ങള്‍ ഹ്രസ്വമാണ്. കുറച്ചു കൂടി വിശദീകരിച്ചെഴുതാമായിരുന്നുവെന്ന് തോന്നി. ലളിതവും സുന്ദരവുമാണ് ഈ യുവ എഴുത്തുകാരന്റെ ശൈലി. ആര്‍ദ്രം കൂടിയാണത് എന്നു വ്യക്തമാക്കുന്ന അനുഭവങ്ങള്‍ അദ്ദേഹം ഈ രചനയില്‍ സമന്വയിപ്പിച്ചിട്ടുണ്ട്. ബൈജുവിന്റെ യാത്രകള്‍ ഇനിയും തുടരട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ പുസ്തകം വായനക്കാര്‍ക്കു മുന്നില്‍ സസന്തോഷം അവതരിപ്പിക്കുന്നു.
പ്രസാധനം – മാതൃഭൂമി ബുക്സ്
വില – 110.00
Generated from archived content: book1_feb9_13.html Author: mv_sreyamskumar