മദ്ധ്യവേനലവധിക്കാലം. മഞ്ഞക്കിരീടങ്ങൾ നിറുകയിൽ ചൂടിയ കൊന്നമരങ്ങൾ. കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളിൽ വരണ്ട വേനൽക്കാലം തപിച്ചു കിടന്നു. ഒഴിവുകാല വൈകുന്നേരങ്ങൾ സജീവമാക്കാൻ പോക്കു വെയിലിനൊപ്പം വന്നെത്തിയ സംഘം. ഊർജ്ജം തളർന്ന ശരീരങ്ങളിൽ ഉപ്പുരസമുള്ള ഈർപ്പവുമായി ഇരുട്ടിനൊപ്പം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. തെല്ല് മുമ്പ് അവർ വലിച്ചെറിഞ്ഞ ശബ്ദവീചികൾ വായുവിലേക്ക് എറ്റിത്തെറിപ്പിച്ച പന്തിന്റെ ഉയർച്ചകളും താഴ്‌ചകളും ഇപ്പോൾ ഒതുങ്ങിയിരിക്കുന്നു.
നേർത്ത കാറ്റിൽപ്പോലും വെറുതെ കരയുന്ന വിജാകിരികളുടെ തേങ്ങൽ അടക്കിപ്പിടിച്ച പടിവാതൽ തുറക്കുമ്പോഴൊക്കെയും അവൾ കാതോർത്തു. വിജാഗിരികളുടെ തേങ്ങൽ ഒരിക്കലെങ്കിലും സീതാലക്ഷ്മിക്കിതാ ഒരതിഥി എന്നു വിളിച്ചോതുമെന്ന്.
ക്രൈസ്തവ തിരുസഭയുടെ നിയന്ത്രണമുള്ള കോളേജ് ലൈബ്രറിയിൽ ഒരു മേൽവിലാസം അങ്ങനെയാണ് തന്നെ തേടിയെത്തിയത്. ളോഹയുടേയും കുരിശിന്റേയും പ്രാർത്ഥനകളുടേയും ലോകത്തിലേക്കു പരുങ്ങലോടെയാണ് വന്നെത്തിയത്.
ദുസ്സഹവും വിരസവുമായ യാത്രയിൽ അശ്ലീലം പുരണ്ട ചേഷ്ടകളും വിലകുറഞ്ഞ പ്രണയചാപല്യങ്ങളും കണ്ട് ചെടിച്ച മനസ്സുമായി കോളേജ് മുറ്റത്തെത്തുമ്പോൾ മിക്കപ്പോഴും പ്രാർത്ഥന തുടങ്ങിയിരിക്കും. സീതാലക്ഷ്മിക്കെന്തേ എന്നുമിങ്ങനെ വൈകാൻ എന്ന സംശയം തങ്ങി നിന്ന ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞ് മുന്നോട്ടു നീങ്ങുമ്പോൾ വരാന്തക്കു നീളം കൂടുന്നറിഞ്ഞു. പ്രകോപനം പൂണ്ട ശ്രദ്ധകൾ അവഗണിക്കുന്ന തന്റെ മൗനത്തിനുള്ളിൽ ശിരസ്സു പൂഴ്‌ത്തിയ ഒരൊട്ടകപക്ഷിയായി. ഗ്രന്ഥശാലയിലെ പഴകിയ ഗന്ധം പ്രാണനിൽ കലർന്നു.
മലയാളം ലക്‌ചറുടെ ക്ലാസ്സിൽ മുറുമുറുപ്പ്. വിരസമായ ക്ലാസ്സിലിരുന്നു കുട്ടികൾ ഉറക്കം തൂങ്ങുന്നുണ്ടാവണം. പല്ലയനാറിന്റെ കവി ഇട്ടേച്ചു പോയ വിലാപകാവ്യം ലക്‌ച്ചറർ ദേവസ്യയുടെ ഭാഷയിൽ ചിതറി വീഴുന്നതു സീതാലക്ഷ്മി കേട്ടു.
കണ്ണുനീരിന്റെ നനവുറ്റ ഭാഷയിൽ അക്കാദമി ഹാളിലെ സ്‌റ്റേജിൽ ഒരുവലിയ സദസ്സിനെ ആവേശഭരിതമാക്കിയ വാക്കുകൾ കൊണ്ട് നൊമ്പരപ്പെടുത്തിയ മെലിഞ്ഞരൂപം അത് അനിരുദ്ധൻ ആയിരുന്നുവല്ലൊ.
ഡാവിഞ്ചിയുടെ മഡോണക്ക് മുകളിൽ എരിയുന്ന ഉച്ചകൾ. ചീനിമരത്തണലിൽ സ്വകാര്യത പങ്കുവെക്കുന്ന കൗമാരങ്ങൾ. ഉരുളുന്ന സൈക്കിൾ ചക്രങ്ങളിൽ ബലൂൺ കെട്ടി ശബ്ദം പുറപ്പെടുവിച്ച് വന്നെത്തുന്ന ഐസ്‌ക്രീം വില്പനക്കാരൻ ക്യാമ്പസിനു പുറത്തുനിന്നു സൈക്കിൾ ബെല്ലടിച്ചു. മറ്റാർക്കോ സ്വരൂപിച്ച് വെച്ചെങ്കിലും കുമാരി മുഖങ്ങളിലെ തിളക്കം രഹസ്യമായി നുണഞ്ഞ് അയാൾ ബെല്ലടിച്ചുകൊണ്ടേയിരുന്നു.
വൈകിയ വൈകുന്നേരങ്ങളിലും ഒഴിവ് പിരിയഡുകളിലും വായന ശീലമാക്കിയില്ലെങ്കിൽ കൂടി പുസ്തകം തേടിയെത്തുന്ന പ്രണയബദ്ധരുടെ ചേഷ്ടകൾക്ക് തടസ്സമായിക്കൂടാ. അവരാവശ്യപ്പെട്ട പുസ്തകങ്ങൾ കയ്യിൽ ലഭിച്ചിട്ടും ഷെൽഫിൽ തിരയുക തന്നെ ചെയ്തു. എന്നിട്ടും അവരുടെ സ്വകാര്യത തന്റെ മുമ്പിൽ വീണുടഞ്ഞു.
നൊമ്പരങ്ങൾ വില കൊടുത്തു വാങ്ങി ഓമനിക്കുന്ന കാലം. ദൗത്യം മറന്നുപോവുന്ന ഇണകളെ വിളിച്ച് ഓർമ്മിപ്പിച്ചു.
“പുസ്തകം എടുത്തില്യെ”
വിളർത്ത പുഞ്ചിരിയിൽ സീതാലക്ഷ്മിയേല്പിച്ച പുസ്തകവുമായി അവർ പുറത്തേക്കിറങ്ങി. അസുരവിത്തിലൂടെയും ഉഷ്ണമേഖലയിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട പ്രേമലേഖനങ്ങളുടെ ചൂടും ചൂരുമേറ്റ് പുസ്തകങ്ങൾ കല്ലിച്ചു.
പുറത്തു സന്ധ്യ കനത്തു. കറുത്തു. വേനലവധിയും വിരസതയും ഉഷ്ണവും മറന്ന് അവൾ പുറത്തേയ്‌ക്ക് നോക്കി. സന്ധ്യ നേരത്തെ കടന്നുവന്നുവോ. കിണറ്റുകരയിൽ വേവലാതി കേട്ടു.
“നസ്രാണ്യോൾ കൂടെ ഉദ്യോഗം ഭരിച്ച് എന്തൊക്ക്യോ ആവ്വാണു നിശ്ശല്യാ. തൃസന്ധ്യയിലും കുടുംബത്തെത്തില്യാച്ചാ.”
“വിഷൂന്ന് വരണവരലല്യേ. പൂവും എന്തായാലും”.
മരയുരലൽ നിന്നു പൊന്തുന്ന ഇരുമ്പുലക്കയുടെ കൃത്യം വീണ്ടും തുടരവെ അവക്കു കരുത്തേറിയ പോലെ. മുത്തശ്ശിക്കു വീണുപോയ ചെറുപ്പം നിമിഷം കൊണ്ട് തിരിച്ചു കിട്ടിയോ. ഒരുക്കുകല്ലിൽ ചെരിപ്പഴിച്ചു വെക്കുമ്പോൾ തക്ക കാരണം ഉണ്ടാവും രക്ഷക്ക്.
“നാട്‌കാണില് ചൊരം ഇടിഞ്ഞിട്ട് ഒന്നും ആ വഴിക്ക് വരുണ് ല്യാ. താമരശ്ശേരി വഴ്യാ വന്നത്”.
പായൽ മൂടിയ കുളത്തിൽ മേൽകഴുകി തിരിച്ചുവരുമ്പോൾ പോസ്‌റ്റുമാൻ വേലായുധൻകുട്ടി വന്നിട്ടുണ്ടാകുമോ എന്നു ചോദിക്കാൻ തോന്നി. പക്ഷെ സ്വയം നിയന്ത്രിച്ചു. മനസ്സിൽ കിളുർത്ത ആകാംക്ഷയുടെ കൂമ്പടഞ്ഞു.
കൊയ്‌ത്തു കഴിഞ്ഞ പാടവരമ്പിലൂടെ ചൂട്ടുവെട്ടങ്ങളും ടോർച്ച് വെളിച്ചങ്ങളും മിന്നികൊണ്ട് ആളുകൾ കൂടണയുകയാണ്. തന്റെ ചുറ്റുമുള്ള ഇരുട്ടിലേക്ക് വെളിച്ചത്തിന്റെ ഒരു നുറുങ്ങു പോലും എത്തിയില്ലല്ലൊ എന്നവൾ ഓർത്തു. കണ്ണുകൾ കലങ്ങുന്നതറിഞ്ഞു.
“നോക്കു എല്ലാ ശബ്ദങ്ങളും എന്നെ കളിയാക്കുന്നു. എന്നെ മറന്നുവെന്ന്.
”അപ്പുണ്ണി രാവിലേ വരൂത്രെ. നേരത്തെ ഉണ്ട് കിടക്കാന്നൊ.“
”മുത്തശ്ശിയുടെ ശബ്ദം അകത്തെവിടെയോ വീണുടഞ്ഞു. അരണ്ട റാന്തൽ വെളിച്ചത്തിൽ ഓരോ നിഴലുകളും അകത്തേക്കു നീങ്ങി. കോലായിൽ തനിച്ചായപ്പോൾ ഒഴിഞ്ഞ ചാരുകസേല നോക്കി. പക്ഷം പിടിക്കാനച്ഛനില്ല. പുളിച്ച ഗന്ധവും.
“ചാത്തങ്ങോട്ടുപുറത്തെ പണിക്കർടെ രാശി പിഴക്കില്യ. ത്തിരി വൈകിച്ചാലും ഒത്തുവന്നൂലൊ. കൊണ്ടോണംന്ന മൂപ്പർടെ പരിപാടി”.
നിഷേധത്തിന്റെ ഭാഷ വീണു പോയിരിക്കുന്നു. തടയാനുള്ള പരിചയും.
നിറയെ നെല്ലും വിത്തുമുള്ള വലിയൊരു തറവാട്ടിൽ മച്ചിലെ ഭഗവതിയായി. ഡ്രാഫ്‌റ്റുകൾ കാത്തുകഴിയുന്ന ഒരു പട്ടമഹിഷിയായി. തലയിൽ വേദന വേരുകളായി കെട്ടു പിണഞ്ഞു. ശ്വാസം മുട്ടി പതിയെ മുകളിലേക്ക് കോവണി കയറി.
മുറിയിൽ കയറി വാതിലടച്ചു. നേർത്ത പരിഭ്രാന്തി ഉള്ളിലെങ്ങോ കരിന്തിരിയായി പുകയുന്നുണ്ട്. ജനാലയഴികളിൽ തലചാഴ്‌ച്ച് തണുത്ത മരയഴികളിൽ പിടിച്ച് പുറത്തേയ്‌ക്ക് നോക്കി. നിലാവിൽ നനഞ്ഞ തേക്കിൻ തോട്ടം. അതിന്റെ കാൽക്കീഴിലൂടെ ഒഴുകുന്ന പുഴ. വരാനിരിക്കുന്ന ധർമ്മസങ്കടത്തിൽ നിന്നു രക്ഷക്കായി അവൾ മാർഗ്ഗം തിരഞ്ഞു.
അവധിക്കാലത്തു നിനച്ചിരിക്കാത്ത ഒരു വേളയിൽ നാട്ടിൽ വരാനിരിക്കുന്ന പട്ടാളക്കാരന്റെ പരുക്കൻ ചിത്രം തേടി അവൾ. ശേഖരൻകുട്ടിയുടെ ക്ലീൻഷേവ് ചെയ്ത മുഖത്തെ കല്ലിച്ച ഭാവത്തിൽ തന്റെ മൃദുവായ തോന്നലുകളുടെ തൂവലുകൾ എരിയുന്ന നിമിഷം. ലഹരി പതയുന്ന ചുണ്ടുകളുടെ രൂചിയിൽ ചതഞ്ഞു വീഴുന്ന പൂക്കളുടെ നിസ്സഹായതക്കു കീഴിൽ അറിഞ്ഞുകൊണ്ട് ഒരു കീഴടങ്ങൽ. പിന്നെ ദുർബലങ്ങളായ വിട്ടുവീഴ്‌ചകൾ.
ഇരുട്ടും മഞ്ഞും ലയിച്ചു ചേർന്ന തുള്ളികളായി രാവിന്റെ അന്ത്യത്തിൽ മരച്ചില്ലകളിൽ നിന്നും ഇറ്റുവീഴുന്ന ശബ്ദത്തിനു കാതോർത്തു കിടക്കുമ്പോൾ “ഏയ് രാവിന്റെ തേങ്ങൽ കേൾക്കുന്നില്ലെ” എന്ന് മൃദുവായി കാതിൽ ചോദിക്കാൻ ഒരിക്കലും കഴിയില്ലെന്ന തോന്നൽ അവളുടെ ഞരമ്പുകളിൽ മുറുകി നിന്നു.
ഹെർക്കുലിസ് റമ്മിന്റെ ലഹരിയിൽ ഉപ്പുരസം പുളിക്കുന്ന മാംസപുഷ്ടിയുള്ള ശരീരത്തിൽ വെന്തുരുകുന്ന ചൂടുമായി ശേഖരൻകുട്ടി പറയുന്നതെന്തായിരിക്കും?
“എന്ത്യേ വൈക്യേത് കല്യാണത്തിന്”
“ക്വാർട്ടേഴ്‌സില്ലാഞ്ഞിട്ടല്ല അമ്മ ഇവ്‌ടെ ഒറ്റക്കാവില്യേ”
ഇരുട്ടിൽ കണ്ണുകൾ നനയുന്നുവോ. കാണാമറയത്തിന്റെ കണ്ണുകളിലെ ദൈന്യത കോളേജ് മുറ്റത്തെ ശില്പത്തിലില്ലെന്ന് അവൾ തിരിച്ചറിയുകയാണ്.
കുന്നിൻ ചെരിവിലെ പറങ്കിമാവിൻ തോപ്പിലേയ്‌ക്ക് ശബ്ദങ്ങൾ വലിച്ചെറിഞ്ഞ് പാളങ്ങളെക്കുലുക്കി കൊണ്ട് കടന്നുപോകുന്ന വണ്ടിയുടെ അട്ടഹാസം അലോസരപ്പെടുത്തുമ്പോഴൊക്കെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നു. വാണിയമ്പലം റെയിൽവേ സ്‌റ്റേഷനിൽ സിമന്റ് ദ്രവിച്ച ചാരുബെഞ്ചിലിരുന്നാൽ കാണാം. അടർന്നു വീഴുന്ന മഹാഗണിയുടെ മിനുസമുള്ള കരിയിലകൾ ഒലിച്ചിറങ്ങുന്ന പാടശേഖരത്തിലേക്കുള്ള ഇറക്കത്തിൽ തിരഞ്ഞു. തന്നെ വിഡ്‌ഢിയാക്കി കടന്നുപോവുന്ന വണ്ടിയോട് സീതാലക്ഷ്മി മൊഴിയുകതന്നെ ചെയ്തു.
“വരില്ലേ… വരും അല്ലേ”
യാത്രക്കാർ വലിച്ചെറിഞ്ഞ മധുരനാരങ്ങയുടെ തോടുകളും പേപ്പർ ഗ്ലാസുകളും വീണുകിടന്ന വഴിയരികിൽ നിന്നു മിഴികൾ പറിച്ചെടുത്ത് പിന്തിരിയും. വഴി തെറ്റിയെത്തുന്ന പുള്ളുവവീണയുടെ തേങ്ങൽപോലെ ഇരുട്ടിൽ മിന്നിയും മറഞ്ഞും കണ്ണുപൊത്തി കളിക്കുന്ന മിന്നാമിനുങ്ങിന്റെ കുസൃതിപോലെ അയാളെക്കുറിച്ചുള്ള സ്മൃതി ചിത്രങ്ങൾ അവൾ പെറുക്കി കൂട്ടി.
തട്ടുൻപുറത്തെ പ്രാവുകളറിയാതെ. തേക്കിൻ കാടുകളിലെ വേനലറിയാതെ സീതാലക്ഷ്മി ഏകാന്തതയുടെ ഇരുട്ടിലിരുന്നു വിതുമ്പി.
“രാജസ്ഥാനിലെ വരണ്ട മണ്ണിലേക്കു പറിച്ചെറിയും മുമ്പ് ഒന്നു വരൂ. ഒരിക്കൽ മാത്രം.
കിളിവാതിലിന്റെ വിടവിൽ മുഖം ചേർത്തു അവൾ വിതുമ്പിക്കരഞ്ഞു.
നരിനിരങ്ങി മലയിലെ കറുത്ത മൗനം പുതച്ച സന്ധ്യയെക്കുറിച്ച്, മെഴുകിയ ചാണകം അടർന്നു പോയ തിണ്ണയിൽ നഷ്ടചിത്തനായി വിലപിക്കുന്ന വെള്ളുവെന്ന വൃദ്ധന്റെ വിറകു ശേഖരിക്കാൻ കാട്ടിൽപോയി പിന്നീ തിരിച്ചുവരാത്ത മകളുടെ ദുരൂഹതയെക്കുറിച്ച്, ഭ്രാന്തൻ കുന്നിനെക്കുറിച്ച്, വെള്ളിയാങ്കല്ലിനെക്കുറിച്ച്, കൊളകപ്പാറക്കുള്ളിൽ കുടുങ്ങിപ്പോയ രാക്ഷസനെക്കുറിച്ചൊക്കെ വാർത്താചിത്രങ്ങൾ തേടിപ്പോയ അനിരുദ്ധന് എന്താണ് പറ്റിയത്.
ആരോ ബലിയൊഴുക്കിയ എള്ളും ചെറുളയും ഉണക്കലരിയും നാക്കിലയിൽ ചിതറിക്കിടന്ന പുഴയോരംപോലെ മനസ്സ് കനത്തു.
രാജസ്ഥാനിലെ വരണ്ട വായുവിൽ ഗോതമ്പുവയലുകളുടെ ഉഷ്ണം ചുരത്തുന്ന കാറ്റിന്റെ നീറ്റൽ ശരീരത്തിൽ കിളിർത്തു. ഏതെങ്കിലും ഒരു നിമിഷം ശേഖരൻകുട്ടി വന്നേക്കുമെന്ന ചിന്ത അവളെ കുലുക്കിയുണർത്തി. അവൾ മുത്തശ്ശിയെ മറന്നു. പൂരം കാണാൻ പോയ അമ്മാമയെ മറന്നു. ചീനിചുവട്ടിലെ ചിതറിയ പെൺകിടാങ്ങളുടെ തിക്കും തിരക്കും മറന്നു. ശേഖരൻകുട്ടിയേയും ഡാവിഞ്ചിയുടെ മഡോണയും മറന്നു.
പാദങ്ങളിൽ കിളുർത്ത വേഗതയും ശരീരത്തിനു കിട്ടിയ വേഗതയുടെ ചിറകുകളുമായി കിടപ്പറവിട്ട് ഗോവണി ഇറങ്ങി അവൾ മുറ്റത്തെത്തി. അടുത്തുകൊണ്ടിരിക്കുന്ന വണ്ടിയുടെ ആരവം ശരീരത്തിൽ സന്നിവേശിപ്പിച്ച് അവൾ മുന്നോട്ടു കുതിച്ചു. വിയർപ്പ് ഒരു നദിയായി അവളെ പൊതിഞ്ഞിരുന്നു. ഇലപൊഴിക്കുന്ന മഹാഗണി മരച്ചുവട്ടിൽ അവളുടെ പാദങ്ങൾ നിശ്ചലമായി. കിതപ്പോടെ മുമ്പിൽ വന്നു നിന്ന തീവണ്ടിയോടവൾ പതിയെ പിറുപിറുത്തു.
പോകുന്ന വഴിയിൽ ഏതെങ്കിലും ഒരു മൈൽക്കുറ്റിക്കരികിൽ എന്റെ അനിയേട്ടനുണ്ടാവും. വഴി മറന്ന് വിഷണ്ണനായി നിൽക്കുന്ന അനിയേട്ടന് തിരിച്ചറിയാൻ ഇരുട്ടിൽ കത്തിച്ച ചൂട്ടുമായി സീതാലക്ഷ്മി ഇപ്പോഴും കാത്തു നിൽക്കയാണെന്ന്. ഒന്നു പറയ്യോ…
വാണിയമ്പലം റെയിൽവേ സ്‌റ്റേഷനിൽ മഹാഗണി മരച്ചുവട്ടിൽ സീതാലക്ഷ്മി കാത്തുനിൽക്കുന്നുവെന്ന്.
സ്വന്തം ഉടുവസ്ര്തത്തിന്റെ ഒരു ചീന്ത് വലിച്ച് കീറി കാറ്റിൽ പറത്തി എരിയുന്ന ഓലച്ചൂട്ട് ഉയർത്തിപിടിച്ച് മഹാഗണി മരച്ചുവട്ടിൽ അവൾ കാത്തുനിന്നു. കാറ്റിൽ അടർന്നു വീഴുന്ന മഹാഗണിയുടെ വാടിയ ഇലകൾ അവളുടെ ശിരസ്സിൽ കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു. അകന്നു പോവുന്ന വണ്ടിയുടെ ആരവം കാതോർത്ത് കയ്യിൽ എരിയുന്ന തീപ്പന്തവും കാറ്റിൽ ചലിക്കുന്ന ഒരു ചീന്തു തുണിയുടെ ആത്മവിശ്വാസത്തിൽ അപ്പോഴും സീതാലക്ഷ്മി കാത്തുനിന്നു. ഭൂമിയിൽ വേരുറച്ച പാദങ്ങളോടെ.
Generated from archived content: story1_jan29_08.html Author: mv_pushpalatha