നിഷേധത്തിന്റെ കനൽ മൊഴികൾ

തനിക്കു ചുറ്റുമുളള ജീവിതത്തെ നോക്കി എം.വി.ദേവന്‌ നിശബ്‌ദനാവാൻ കഴിയില്ല. നിർഭയനായിരിക്കുക എന്നത്‌ നമ്മുടെ സാംസ്‌കാരികപ്രതിരോധത്തിന്റെ അന്തിമ ആയുധമാണെന്ന്‌ തിരിച്ചറിയുന്ന ദേവൻ പരമ്പരാഗത ബുദ്ധിജീവിത്വത്തിന്റെയോ സാംസ്‌കാരികനായകത്വത്തിന്റെയോ മൗഢ്യങ്ങളേതുമില്ലാതെ തനിക്കുചുറ്റും സംഭവിക്കുന്ന കാലത്തോട്‌ പ്രതിഷേധിക്കുന്നു. കലയും സാഹിത്യവും സമകാലികരാഷ്‌ട്രീയവും എല്ലാം ദേവന്റെ നിശിതമായ വിമർശനത്തിന്റെ വാൾമുനക്കിരയാകുന്നു. എം. ഗോവിന്ദനും എം.എൻ.റോയിയും അങ്ങനെ നമ്മുടെ സാംസ്‌കാരികചിന്തയെ ആഴത്തിൽ സ്വാധീനിച്ച വ്യക്തിത്വങ്ങൾ മുഴുവനും ഈ വർത്തമാനങ്ങളിൽ നിറയുന്നു. ദേവൻ അരനൂറ്റാണ്ടോളമായി നിരന്തരം സ്പന്ദിക്കുന്ന തന്റെ പ്രതിഷേധിക്കുന്ന മനസ്സു തുറക്കുകയാണ്‌. പുഴ.കോമിനുവേണ്ടി ദേവനുമായി നടത്തിയ വർത്തമാനത്തിന്റെ പ്രസക്തഭാഗങ്ങൾ.

ബഷീർ കൃതികളുടെ ഇല്ലസ്‌ട്രേഷൻ താങ്കൾക്ക്‌ വലിയ പ്രശസ്‌തി നേടി തന്നിട്ടുണ്ടല്ലോ. ഇല്ലസ്‌ട്രേഷൻ നടത്തുമ്പോൾ എഴുത്തുകാരനുമായി കഥാപാത്രത്തിന്റെ രൂപത്തെ സംബന്ധിച്ച്‌ ആശയവിനിമയം നടത്താറുണ്ടോ..?

സംസാരിക്കേണ്ടി വന്നിട്ടില്ല. പക്ഷേ അപ്രീസിയേഷൻ ലഭിച്ചിട്ടുണ്ട്‌. ഏറ്റവും കൂടുതൽ അത്‌ കിട്ടിയിട്ടുളളത്‌ ബഷീറിൽ നിന്നാണ്‌. “മുച്ചീട്ട്‌ കളിക്കാരന്റെ മകൾ” ഞാൻ ഇല്ലസ്‌ട്രേറ്റ്‌ ചെയ്യണമെന്നത്‌ ബഷീറിന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. പലപ്പോഴും ബഷീർ ഉദ്ദേശിച്ചിരുന്നതിൽ കവിഞ്ഞ ഒരു വ്യക്തിത്വം കഥാപാത്രങ്ങൾക്ക്‌ എന്റെ വരകളിലൂടെ ലഭിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്‌. ബഷീറിന്റെ കഥാപാത്രങ്ങൾക്ക്‌ എന്തുകൊണ്ടോ നമ്പൂതിരിയുടെ ചിത്രങ്ങൾ അനുയോജ്യമായി തോന്നിയിട്ടില്ല.

എഴുത്തുകാരന്റെ മനസ്സിലുളള രൂപവുമായി പൊരുത്തപ്പെടുക എന്ന ഒരു കാര്യം ഇല്ലസ്‌ട്രേഷനിലുണ്ടല്ലോ. അത്‌ എപ്രകാരമാണ്‌ സാധ്യമാവുക.?

ഓരോ വായനക്കാരനും ഓരോ കൃതിയാണ്‌ വായിക്കുന്നത്‌. വരയുന്ന അവസരത്തിൽ എന്റെ കൃതിയാണ്‌ ഞാൻ വരയുന്നത്‌. എങ്കിലും എഴുത്തുകാരനുമായി സാത്‌മ്യപ്പെടുന്ന പോയിന്റുകൾ ഉണ്ടാകാറുണ്ട്‌. തന്റെ കൃതികൾ കലാകാരന്‌ വരയ്‌ക്കാൻ കൊടുക്കാത്ത എഴുത്തുകാരൻ കേശവദേവായിരുന്നു. തന്റെ മനസ്സിലെ കഥാപാത്രത്തെ കലാകാരന്‌ ഉൾക്കൊളളാൻ കഴിയില്ലെന്ന്‌ ദേവ്‌ വിശ്വസിച്ചിരുന്നു. ഇതൊരു മൂഢവിശ്വാസമാണ്‌. മറ്റൊരുതരത്തിൽ തികഞ്ഞ ഫാസിസമാണ്‌. ഓരോരുത്തരും കാണുന്നതും വായിക്കുന്നതും വ്യത്യസ്തമായ കൃതികളാണ്‌. ഞാൻ വായിക്കുന്ന മഹാഭാരതമല്ല നിങ്ങൾ വായിക്കുന്നത്‌. ഞാൻ കാണുന്ന പച്ചയല്ല നിങ്ങൾ കാണുന്ന പച്ച. എഴുത്തുകാരനിലും മാറ്റങ്ങളുണ്ടാവും. “ഒഥല്ലോ” എഴുതി തുടങ്ങിയ ഷേക്‌സ്‌പിയറല്ല അത്‌ അവസാനിപ്പിക്കുന്നത്‌. ഈ വസ്‌തുത ഉൾക്കൊളളാൻ എഴുത്തുകാരന്‌ കഴിയണം.

കൃതിയിൽ നിന്ന്‌ വേറിട്ട്‌ ഇല്ലസ്‌ട്രേഷൻ മാത്രമായി ആസ്വാദനം സാധ്യമാണോ.?

സാധ്യമാണ്‌. വരയുന്നത്‌ കൃതിയിലെ ഒരു സന്ദർഭമാണെങ്കിലും അതിൽ വരയുന്നയാളുടെ ആത്‌മാംശം ഉണ്ട്‌. എന്റെ ചിത്രങ്ങൾ കണ്ട്‌ മാത്രം കഥാപാത്രങ്ങളെ ഓർക്കുന്ന നിരവധി ആസ്വാദകരുണ്ട്‌. അത്തരത്തിലുളള അംഗീകാരം ലഭിക്കുന്നുമുണ്ട്‌. അത്തരം അംഗീകാരം ലഭിച്ച മറ്റധികം പേരില്ല. നമ്പൂതിരി നല്ല ചിത്രകാരനാണ്‌. പക്ഷേ നമ്പൂതിരി പലപ്പോഴും തന്നെത്തന്നെ അനുകരിക്കുകയാണ്‌. ഒരു തരം ആവർത്തനം. ആത്‌മരതി എന്നൊക്കെ പറയുന്നതുപോലെ.

സെൽഫ്‌ റിപ്പീറ്റേഷനെപ്പറ്റി പറഞ്ഞല്ലോ. എഴുത്തുകാരിൽ അങ്ങനെ ആരെങ്കിലും?

ചില ആളുകളിൽ കണ്ടിട്ടുണ്ട്‌. പലരും മാറ്റത്തിന്‌ വിധേയരാവാറുണ്ട്‌.

നമ്മുടെ കഥാസാഹിത്യത്തിൽ അത്തരം മാറ്റങ്ങൾ നടക്കുന്നുണ്ടോ?

കഥയുടെ കാര്യത്തിൽ നിരന്തരമാറ്റത്തിന്‌ വിധേയനായിട്ടുളള ഒരാൾ കഥയുടെ രാജശില്പി എന്ന്‌ എനിക്ക്‌ തോന്നിയിട്ടുളള കാരൂരാണ്‌. വെറൈറ്റിയുളള മറ്റൊരാൾ ബഷീറാണ്‌. മൂന്നാമത്‌ വരുന്ന ആൾ ടി.പദ്‌മനാഭനാണ്‌. 1948 മുതൽ പദ്‌മനാഭന്റെ കഥകൾ ഞാൻ വായിച്ചിട്ടുണ്ട്‌. അന്നുമുതൽ ഇന്നുവരെ എഴുതുന്ന കഥകളിൽ പദ്‌മനാഭന്റെ ആത്‌മാംശം പ്രകടമാണ്‌. പ്രകൃതിയുമായുളള സാത്‌മ്യം; നിരന്തരം നവീകരിക്കുന്ന ഒരെഴുത്തുകാരനാണ്‌ പദ്‌മനാഭൻ. പ്രകൃതിവാദമൊക്കെ വരുന്നത്‌ 1970കളിലാണ്‌. പദ്‌മനാഭന്റെ “കാട്ടിലെ കഥ” പുറത്തുവരുന്നത്‌ 1949-ൽ ആണ്‌. ഇത്തരം നവീകരണം ഏറെ സാധ്യമാക്കിയ മറ്റൊരാൾ വാസുദേവൻ നായരാണ്‌. പക്ഷേ പദ്‌മനാഭനുളള റേഞ്ച്‌ എം.ടിക്കില്ല.

നമ്മുടെ കഥാരംഗത്തെ രണ്ടു വലിയ ശബ്‌ദങ്ങളാണല്ലോ എം.ടിയും പദ്‌മനാഭനും. അവരെ എങ്ങനെ വിലയിരുത്തുന്നു.?

ഞാൻ പറഞ്ഞല്ലോ.. ഭാഷയിൽ, കവിതയിൽ, ചങ്ങമ്പുഴ സൃഷ്‌ടിച്ച സാരള്യം കഥയിൽ കൊണ്ടുവന്നത്‌ വാസുദേവൻ നായരാണ്‌. പക്ഷേ പദ്‌മനാഭനുളള ഒരു വെറൈറ്റി വാസുവിനില്ല. പക്ഷേ, വാസൂന്‌ ഭാഷയുടെ വലിയ സ്വാധീനമുണ്ട്‌. വാസുദേവൻ നായർ ഉൾക്കൊണ്ടതനുസരിച്ചുളള ഒരു കൃതി ഇനിയും വന്നിട്ടില്ല. വാസൂന്റെ മാസ്‌റ്റർ പീസ്‌ വരാനിരിക്കുന്നതേയുളളൂ. പദ്‌മനാഭന്റെ ഒരു കഥയും മോശമാണെന്ന്‌ പറയാൻ കഴിയില്ല. 1948ൽ തന്നെ പദ്‌മനാഭൻ പറഞ്ഞിരുന്നു വേറൊരാൾ എഴുതുന്നതുപോലെ താൻ എഴുതില്ലെന്ന്‌. അത്‌ ഇതുവരെ സൂക്ഷിച്ചുപോന്ന ഒരാളാണ്‌ പദ്‌മനാഭൻ. അതുകൊണ്ട്‌ തന്നെ അദ്ദേഹത്തിന്‌ അവകാശപ്പെടാം. താനാണ്‌ വലിയ കഥാകൃത്തെന്ന്‌. പദ്‌മനാഭന്റെ കഥകളിൽ സംഗീതമുണ്ട്‌, ചിത്രകലയുണ്ട്‌, പ്രകൃതിയുണ്ട്‌.. എല്ലാമുണ്ട്‌. പദ്‌മനാഭന്റെ “ആത്‌മാവിന്റെ മുറിവുകൾ” എന്ന കഥ ചിത്രകാരന്റെ ആത്‌മദുഃഖം ശരിയായി പ്രകാശിപ്പിക്കുന്ന കഥയാണ്‌. ഒരുപക്ഷെ ഇത്തരത്തിലുളള ഇന്ത്യൻ സാഹിത്യത്തിലെ ഏക കഥയും അതാണ്‌. ഭാഷയിൽ വലിയ സ്വാധീനമുളള മറ്റൊരാൾ തീർച്ചയായും മാധവിക്കുട്ടിയാണ്‌.

ഭാഷയുടെ കാര്യം പറയുമ്പോൾ ഖസാക്കിൽ ഒ.വി. വിജയൻ സൃഷ്‌ടിച്ച ഒരു മാന്ത്രികത വിസ്‌മരിക്കാൻ കഴിയുമോ?

കഥകളിലൂടെയാണ്‌ വിജയൻ വരുന്നത്‌. ഖസാക്കിന്റെ ഇതിഹാസം ആദ്യം കഥയായാണ്‌ വരുന്നത്‌. പിന്നീടാണ്‌ നോവലാവുന്നത്‌. വിജയന്റെ സാഹിത്യത്തിലെ പീക്ക്‌ അതാണ്‌. അതിനു തുല്യമായ മറ്റൊരുകൃതി വിജയൻ എഴുതിയിട്ടില്ല.

നമുക്ക്‌ എം.വി.ദേവനിലേക്ക്‌ മടങ്ങാം. മദിരാശിയിലെ വലിയ സംഘത്തെക്കുറിച്ചും മദിരാശി ജീവിതം താങ്കളുടെ ചിന്തയിൽ വരുത്തിയ സ്വാധീനത്തെക്കുറിച്ചും ഒന്ന്‌ പറയാമോ?

വാസ്‌തവത്തിൽ മദിരാശിയാണ്‌ എന്നെയും പലരേയും മോൾഡ്‌ ചെയ്‌തെടുത്തത്‌. എന്തും വെട്ടിത്തുറന്ന്‌ പറയാനുളള ധൈര്യം തീർച്ചയായും എനിക്ക്‌ കെ.സി.എസ്‌. പണിക്കരിൽ നിന്നാണ്‌ കിട്ടിയത്‌. പിന്നെയും പലർ.. ദേബി പ്രസാദ്‌ റോയ്‌ ചൗധരി, ഡോ. അച്യുതമേനോൻ, വി.എ. കേശവൻ നായർ.. അങ്ങനെ പലരും. പക്ഷേ സർവ്വകലാശാല വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല എന്ന എന്റെ ദുഃഖത്തിന്‌ പരിഹാരം എം.ഗോവിന്ദനുമായുളള സഹവാസമാണ്‌. വലിയ ഒരു യൂണിവേഴ്‌സിറ്റിയായിരുന്നു ഗോവിന്ദൻ.

ഇന്ന്‌ എഴുത്തുകാർക്ക്‌ അത്തരത്തിലുളള ഒരു കൂട്ടായ്‌മ എന്തുകൊണ്ട്‌ ഉണ്ടാകുന്നില്ല.?

എന്റെ ഒരു കണ്ടുപിടിത്തം പണം വന്നതാണ്‌ കുഴപ്പമെന്നത്രെ. പാക്കനാർ പണ്ട്‌ മുളപൊട്ടി നാണയം വീണപ്പോൾ പറഞ്ഞില്ലേ ഇത്‌ മനുഷ്യനെ കൊല്ലുമെന്ന്‌. പണം വന്നപ്പോൾ സ്‌നേഹബന്ധം പോയി. അതുകൊണ്ടാണ്‌ ഞാൻ പറഞ്ഞത്‌ കേരളത്തിൽ, ഇന്ത്യയിൽ, ബുദ്ധിജീവികളില്ലെന്ന്‌. സാംസ്‌കാരിക നായകൻമാരില്ല. സാംസ്‌കാരിക നായന്മാരേയുളളൂ. സേവപിടിത്തം.

ഗോവിന്ദനെ കേരളം ഇനിയും വേണ്ട വിധത്തിൽ മനസ്സിലാക്കിയിട്ടുണ്ടോ?

ഇല്ല. കേരളത്തിലെ ഏറ്റവും വലിയ സംഘടിത വർഗ്ഗം കമ്യൂണിസ്‌റ്റ്‌ പാർട്ടിയാണ്‌. അവർ അന്നും ഇന്നും ഗോവിന്ദനെ തമസ്‌ക്കരിയ്‌ക്കുന്നു. കാരണമുണ്ട്‌. കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ ബലദൗർബല്യങ്ങൾ നന്നായി അറിയാവുന്ന ആൾ ഗോവിന്ദനായിരുന്നു. അത്‌ ഗോവിന്ദനറിയാമെന്ന്‌ ആ പാർട്ടിയുടെ നേതാക്കൾക്കും നല്ലവണ്ണം അറിയാമായിരുന്നു. കാരണം ഗോവിന്ദനും എം.എൻ. റോയിയും ഒരേ തൂവൽ പക്ഷികളായിരുന്നു. പലരും കരുതുന്നപോലെ ഗോവിന്ദൻ റോയിയുടെ ശിഷ്യനല്ല. അവർ സമശീർഷരായിരുന്നു. വാസ്‌തവത്തിൽ റോയി ഗോവിന്ദനെ കണ്ടെത്തുകയായിരുന്നു. “ദക്ഷിണേന്ത്യയിലെ വർഗ്ഗവും ജാതിയും” എന്നപേരിൽ ഗോവിന്ദനെഴുതിയ ലേഖനം റോയിയെ വല്ലാതെ സ്പർശിച്ചു. റോയിയെ അലട്ടിയിരുന്ന ഒരു പ്രശ്‌നമാണ്‌ അതിൽ ഗോവിന്ദൻ ഉയർത്തിയിരുന്നത്‌.

റോയി എന്തുകൊണ്ട്‌ അക്കാലത്തുതന്നെ കമ്യൂണിസ്‌റ്റുകാർക്ക്‌ അനഭിമതനായി?

റോയി ലോകത്തെല്ലാം പോയ ആളാണ്‌. സ്‌റ്റാലിനൊക്കെ വരുന്നതിനുമുമ്പേ..ലോകത്തിലെ പ്രമുഖ നേതാക്കളുമായി റോയിക്ക്‌ ബന്ധമുണ്ടായിരുന്നു. ലാലാ ലജ്‌പത്‌റായിയുടെ ഒരു പ്രസംഗമാണ്‌ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാനപ്രശ്‌നത്തെക്കുറിച്ച്‌ റോയിയിൽ സംശയമുണർത്തുന്നത്‌. ആരുടെ സ്വാതന്ത്ര്യം എന്ന ചിന്ത റോയിയിൽ പ്രബലമാവാൻ തുടങ്ങി. ബറോഡിനിൽ നിന്നാണ്‌ റോയി മാർക്‌സിസം പഠിക്കുന്നത്‌. ചോദ്യം ചെയ്യാനുളള ഒരു ബ്രാഹ്‌മണിക്‌ പാരമ്പര്യം റോയിക്കുണ്ടായിരുന്നു. ചോദ്യങ്ങൾക്ക്‌ ആദ്യമൊക്കെ ഉത്തരം കിട്ടി. പിന്നെ “ഡു നോട്ട്‌ ക്വാസ്‌റ്റ്യൻ ഒബേയ്‌” എന്ന താക്കീതാണ്‌ റോയിക്ക്‌ കിട്ടിയത്‌. സ്വാഭാവികമായും റോയി ഇടഞ്ഞു. കമ്യൂണിസ്‌റ്റുകാരുടെ ഒന്നാം നമ്പർശത്രു റോയിയാണ്‌. സ്വാഭാവികമായും ഗോവിന്ദനും പാർട്ടിയുടെ ശത്രുവായി. ഗോവിന്ദനെയും എന്നെയും മറ്റു ചിലരെയും സി.ഐ.എ. ഏജന്റ്‌ എന്നാണ്‌ പാർട്ടി വിളിച്ചത്‌.

ഗോവിന്ദനെ ശരിയായി പഠിക്കാൻ മാർക്‌സിസ്‌റ്റ്‌ പാർട്ടിക്ക്‌ കഴിഞ്ഞിട്ടുണ്ടോ. എം.എ. ബേബി ഗോവിന്ദനെ സംബന്ധിച്ച്‌ ചില നിഗമനങ്ങൾ നടത്തിയിട്ടുണ്ടല്ലോ.?

ഗോവിന്ദനെക്കുറിച്ച്‌ പഠിച്ചറിഞ്ഞ്‌ സംസാരിച്ച ഒരാൾ ബേബിയാണ്‌. ബേബിയെപോലെ കുറച്ചുപേർ ആ പാർട്ടിയിലിപ്പോഴും ഉണ്ട്‌. പക്ഷേ അവരൊന്നും പുറത്തു വരുന്നില്ല. പുറത്തേക്ക്‌ വരുന്നത്‌ യാതൊരു വായനയുമില്ലാത്ത നായനാരെപ്പോലെയും അച്യുതാനന്ദനെപോലെയും ഉളളവരാണ്‌. പിണറായിയെപ്പോലൊരാൾക്ക്‌ എന്ത്‌ അറിയാമെന്നാണ്‌ പറയുന്നത്‌.

എങ്കിലും നമ്മുടെ സാംസ്‌കാരിക പ്രശ്‌നങ്ങളെ അല്പമെങ്കിലും ഗൗരവത്തോടെ വീക്ഷിക്കുന്നത്‌ മാർക്‌സിസ്‌റ്റ്‌ പാർട്ടി മാത്രമല്ലേ. പുരോഗമന കലാസാഹിത്യസംഘം പോലെയുളള ശ്രമങ്ങളെ താങ്കൾ എങ്ങനെ സമീപിക്കുന്നു.?

1946 മുതലേ പുരോഗമന കലാസാഹിത്യസംഘമുണ്ട്‌. അവരെന്താ ചെയ്‌തത്‌. അവർ ആരെയെങ്കിലും അംഗീകരിക്കുമോ. അവർക്ക്‌ നല്ലതെന്ന്‌ പറയാൻ ഒരു എഴുത്തുകാരന്റെ പേരുണ്ടോ. അവർ കൊണ്ടു നടക്കുന്ന കുഞ്ഞപ്പ പട്ടാന്നൂര്‌ ഒരു കവിയാണോ. എൻ.പ്രഭാകരൻ, അദ്ദേഹമൊരു കഥാകൃത്താണോ. പി.കെ.പോക്കറും മറ്റും എഴുതുന്നത്‌ മലയാളമാണോ. വിജയൻ മാഷിനെ തന്നെയെടുക്കാം. അദ്ദേഹം പറയുന്നത്‌ ആർക്കെങ്കിലും മനസ്സിലാകുമോ. അദ്ദേഹം എപ്പോഴാണ്‌ താത്വികാചാര്യനാവുന്നത്‌. പെൻഷൻ പറ്റാറായാപ്പോഴല്ലേ. അതുവരെ സെക്‌സിനെപറ്റി അന്വേഷിക്കുകയായിരുന്നില്ലേ. എന്നിട്ട്‌ ആ ഭാരമൊക്കെ വൈലോപ്പിളളിയുടെ തലയിൽ കെട്ടിവച്ചു. വിജയൻ മാഷോളം വലിയ ഒരു ഫാസിസ്‌റ്റ്‌ കേരളത്തിലുണ്ടോ. ആത്‌മാർത്ഥതയില്ലാത്ത പ്രഭാഷണവുമായി അദ്ദേഹം യുവാക്കളെ വഴിതെറ്റിക്കുകയാണ്‌. ഇങ്ങനെയുളള ആളാണ്‌ അവരുടെ വിജ്ഞാനി..!, നിരൂപകൻ..! നമ്മുടെ മറ്റൊരു സാംസ്‌കാരികൻ അഴീക്കോടാണ്‌. ഇത്തരം ചപ്പടാച്ചികൾ എങ്ങനെ ഗാന്ധിയൻമാരാകും. കണ്ണൂര്‌ പാമ്പുകളെ ചുട്ടുകൊന്നപ്പോഴും, കുട്ടികളുടെ മുന്നിലിട്ട്‌ അധ്യാപകനെ വെട്ടിക്കൊന്നപ്പോഴും അതിനെ ന്യായീകരിക്കാൻ വിജയൻമാഷ്‌ മുന്നിൽ വന്നു. എനിക്കറിയാം കണ്ണൂർക്കാരെ. അടിസ്ഥാനപരമായി അവർ നല്ല മനുഷ്യരാണ്‌.

മാർക്‌സിസ്‌റ്റ്‌ പാർട്ടിയെപറ്റി സംസാരിച്ചല്ലോ. അരനൂറ്റാണ്ടുകാലം ആ പാർട്ടിയുടെ വലിയൊരു സ്വാധീനം ഇ.എം.എസ്‌ ആയിരുന്നു. ഇ.എം.എസ്‌ന്റെ ഇടപെടൽ കേരളചരിത്രത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന്‌ പറയാമോ?

കേരളത്തിന്റെ നവോത്ഥാന പ്രവണതകളെ പിന്നോട്ടടിപ്പിച്ചത്‌ ഇ.എം.എസ്‌ ആണ്‌. ഞാൻ ഇ.എം.എസിനെ ബഹുമാനിക്കുന്നത്‌ അദ്ദേഹം മലയാളത്തിലെ ഏറ്റവും നല്ല ഗദ്യകാരനായിരുന്നു എന്ന കാര്യത്തിൽ മാത്രമാണ്‌. കേരളചരിത്രത്തിൽ ഇ.എം.എസ്‌ മറ്റൊരു തരത്തിലും പ്രാധാന്യം അർഹിക്കുന്നില്ല. ബാക്കിയെല്ലാം അദ്ദേഹത്തിലെ നമ്പൂരിത്തത്തിന്റെ കുസൃതികളായിരുന്നു. നസ്യം എന്നൊക്കെ പറയുന്നതുപോലെ. തർക്കിച്ച്‌ ആളുകളെ കുഴക്കുക. അടിസ്ഥാന വർഗ്ഗങ്ങളെ ഇളക്കിമറിച്ചാണ്‌ കേരളത്തിൽ നവോത്ഥാനം വന്നത്‌. അടിയിലാണ്‌ ഇളക്കം സംഭവിച്ചത്‌ എന്നതുകൊണ്ട്‌ അത്‌ പൂർണ്ണമായിരുന്നു. ശ്രീനാരായണഗുരു ഒരു താഴ്‌ന്ന സമുദായത്തിന്റെ പ്രതിനിധിയായിരുന്നു. ഗുരുവിന്റെതിനോളം വലിയ ദർശനം ലോകത്തെവിടെയും കാണാൻ കഴിയില്ല. ഇങ്ങനെ സംഭവിച്ച പരിവർത്തനത്തെ പിന്നോട്ടടിപ്പിച്ച്‌, അടിസ്ഥാന വർഗ്ഗത്തെ വീണ്ടും അടിമകളാക്കുകയാണ്‌ ഇ.എം.എസിന്റെ നേതൃത്വത്തിൽ ചെയ്‌തത്‌. ഇന്ന്‌ ആ പാർട്ടിയിൽ അടിമകളെയുളളൂ. മാടുകളെപോലെയുളളവർ.

കേരളത്തിലെ പരിവർത്തനം ഇന്ത്യയിലാകെ വിശേഷിച്ച്‌ ബംഗാളിലുണ്ടായ നവോത്ഥാനത്തിന്റെ ഭാഗമല്ലേ..?

പക്ഷേ.. ബംഗാളിൽ നിന്ന്‌ വ്യത്യസ്ഥമായി ഇവിടെ അടിത്തറയാണ്‌ ഇളകിയത്‌. ബംഗാളിലിന്നും 35% ഗ്രാമീണർ നിരക്ഷരരാണ്‌. ഇവിടെ അതല്ല സ്ഥിതി. ഒന്നേകാൽ നൂറ്റാണ്ടായി തുടർന്ന പരിവർത്തനത്തിന്റെ ഫലമാണ്‌ അത്‌. ആ പരിവർത്തനത്തെ പിന്നോട്ടടിപ്പിച്ചത്‌ ഇ.എം.എസിന്റെ പാർട്ടിയാണ്‌.

വീണ്ടും അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്‌നങ്ങൾ ശ്രദ്ധ നേടുന്നുണ്ടല്ലോ.. ദളിതമുന്നേറ്റങ്ങൾ, സ്‌ത്രീവാദം അങ്ങിനെ പലതും. സി.കെ. ജാനു നൽകുന്നത്‌ അത്തരമൊരു സൂചനയല്ലെ. പിന്നോക്കം പോയവരുടെ തിരിച്ചുവരവ്‌. ഇത്‌ നവോത്ഥാനത്തിന്റെ രണ്ടാം വരവാണോ?

തീർച്ചയായും അല്ല. നാരായണഗുരു ഏതെങ്കിലും ഒരു വർഗ്ഗത്തിന്റെ വിമോചനം അല്ല ലക്ഷ്യം വച്ചിരുന്നത്‌. മനുഷ്യൻ എന്ന വലിയ സങ്കൽപമായിരുന്നു ഗുരുവിന്‌. നരന്റെ അയനമാണ്‌ നാരായണൻ. ജാനുവും കൂട്ടരും പോകുന്നത്‌ നേർവഴിക്കാണോ? ഏതെങ്കിലും സവിശേഷ വർഗ്ഗത്തിനുമാത്രമായി വിമോചനം സാധ്യമല്ല. പിന്നെ സ്‌ത്രീ. സാഹിത്യത്തിൽ പെണ്ണെഴുത്ത്‌ എന്ന വാദത്തിന്നു പ്രസക്തി ഉണ്ടെന്ന്‌ ഞാൻ കരുതുന്നില്ല.

* * * * * * * * *

ദേവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ധിഷണയുടെയും ധിക്കാരത്തിന്റെയും തിരകളിളകുകയാണ്‌. നിർഭയനായിരിക്കുക… വീണ്ടും നിർഭയനായിരിക്കുക എന്നത്‌ സർഗ്ഗാത്‌മക നിഷേധത്തിന്റെ മുഖമുദ്രയാണെങ്കിൽ അതിന്റെ ആൾരൂപമായി മാറുകയാണ്‌ എം.വി.ദേവൻ.

——–

Generated from archived content: mv_devan.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here