അവാങ്ങ്‌ – ഗാദ്‌…

1. വൈരുദ്ധ്യാധിഷ്‌ഠിത ഭൗതികവാദം-ഒന്നാംപുറം

———————————–

യഥാർത്ഥത്തിലുളള ആപ്പിളും സബർജല്ലിയും ഞാവൽപ്പഴവും ബദാമും കണ്ടിട്ട്‌ അതിൽനിന്ന്‌ “പഴം” എന്ന സാമാന്യ സങ്കല്പത്തിന്‌ ഞാൻ രൂപം നൽകുകയും യഥാർത്ഥ പഴത്തിൽനിന്ന്‌ ഞാൻ രൂപീകരിച്ചിട്ടുളള പഴം എന്ന എന്റെ അമൂർത്ത സങ്കല്പം എനിക്ക്‌ പുറത്തു നിലനിൽക്കുന്ന ഒരസ്ഥിത്വമാണെന്ന്‌; സബർജല്ലി, ആപ്പിൾ തുടങ്ങിയവയുടെ യഥാർത്ഥസത്ത അതുതന്നെയാണെന്ന്‌ ഞാൻ സങ്കല്പിക്കുകയും ചെയ്യുകയാണെങ്കിൽ പരികല്പനാത്മക തത്വശാസ്ര്തത്തിന്റെ ഭാഷയിൽ പറഞ്ഞാൽ…

-വൈരുദ്ധ്യാധിഷ്‌ഠിത ഭൗതികവാദം-തുടക്കം ഓർത്തെടുക്കാൻ ശ്രമിച്ച്‌ പരാജയപ്പെടുന്നത്‌ ആദ്യമായല്ല…

2. വർഗ്ഗവിമോചന പോരാട്ടങ്ങളിൽ ചോരയൊഴുക്കിയ തേരാളികളെക്കുറിച്ച്‌…

——————————————————

ചുവന്ന അണ്ടർവെയർ പാർസലുകൾ തുറക്കുമ്പോഴെല്ലാം വർഗ്ഗവിമോചന പോരാട്ടങ്ങളിൽ ചോരയൊഴുക്കിയ തേരാളികളെ ഓർത്തു പോവുന്നുവെന്ന്‌ വിലപിച്ചത്‌ മുൻവിദ്യാർത്ഥിനേതാവും പാർട്ടിയുടെ യുവസൈദ്ധാന്തികനുമായിരുന്ന ജോസഫ്‌ അലോഷ്യസ്‌ ആയിരുന്നു… ഇപ്പോൾ ബനിയനും ജട്ടികളും വിൽക്കുന്ന കമ്പനിയുടെ ഉടമസ്ഥനായ അലോഷ്യസ്‌…

3. അവസാനവർഷം ബുദ്ധിജീവിക്ലാസ്സിൽ നടക്കാറുളളത്‌ എന്ത്‌…?

———————————————-

‘കവിത ഒരു പൂച്ചക്കുട്ടിയാണ്‌….’ നിങ്ങളുടെ വിവാദമണ്ഡലത്തിന്റെ ഇക്വിലിമ്പ്രിയത്തിലേക്ക്‌ ഞാൻ ഒരു ചെറിയ കല്ല്‌, ഒരു ചെറിയ ഡിസ്‌റ്റർബൻസ്‌ തൊടുത്തുവിടുന്നു…

കവിതയ്‌ക്ക്‌ ഒരു നായ്‌ക്കുട്ടിയാവാൻ പോലും കഴിയില്ല… പാട്ടുകൊണ്ട്‌ ചൂട്ടുകെട്ടി തമ്പ്രാക്കളുടെ മുഖത്തു കുത്തിയത്‌ കവിതയായിരുന്നില്ല.

ഇത്‌ 18-​‍ാം തവണയാണ്‌ എലിപിടിക്കാത്ത പൂച്ച ക്ലാസ്സിൽ പരുങ്ങി നടക്കുന്നത്‌…

യമകം എന്ന്‌ പ്രതിഷേധിച്ചത്‌ ആദ്യം ക്ലാസ്സ്‌ ബഹിഷ്‌കരിച്ചത്‌ റെഡ്‌ ഫ്ലാഗുകാരനായിരുന്ന ബാലകൃഷ്ണനാണ്‌…

ഈ പൊളളത്തർക്കത്തിൽ കാതടഞ്ഞുപോയ അഞ്ഞ്‌ജന എന്ന പെൺകുട്ടി ഒരു വാൽനക്ഷത്രത്തെ സ്വപ്നം കണ്ടു… അതവളുടെ അവസാനത്തെ സ്വപ്നമായിരുന്നു….

4. സരതുസ്ര്തയുടെ വചനങ്ങൾ പുകയുമ്പോൾ….

———————————-

പട്ടിണിതിന്നു മരിച്ച മകളുടെ തലയോട്ടി കമണ്ഡലുവാക്കി കാറൽ മാർക്‌സ്‌ അപ്പോഴും തപസ്സിലായിരുന്നു… അതുകൊണ്ടാണ്‌ ബൈബിളിനുശേഷം ഏറ്റവുമധികം വിറ്റഴിഞ്ഞ ഖ്യാതിയുളള സരതുസ്ര്തയുടെ വചനങ്ങൾ കത്തിച്ച്‌ ഫ്രഡറിക്‌ നീഷെ തീകായുന്നതുപോലും കാണാതെ പോയത്‌…

ഒരു നവമാനിഫെസ്‌റ്റോ നിർമ്മാണകമ്പനിയുടെ എം.ഡി.ആയിരുന്ന എംഗൽസ്‌ എൽ.സി. ഓഫീസിലെ വെളളച്ചുമരിൽ ആണിയിൽ ബന്ധിതനായിരുന്നതിനാൽ സൈദ്ധാന്തിക സാഹിത്യകാരന്മാർ തൊഴിൽ രഹിതരായിരുന്നു…

5… ഓർമ്മയെ സിദ്ധാന്തവൽക്കരിക്കുന്നതിനുളള ശ്രമം….

—————————————-

ഓർമ്മ നേർത്ത, അറ്റങ്ങൾ കൂട്ടിമുട്ടുമെന്ന്‌ തോന്നിക്കുന്ന ഇരുണ്ട ഒരിടവഴിയാണ്‌… തെളിച്ചമുളള ഒരു വിളക്കിന്‌ ചില സാധ്യതകളുണ്ട്‌.. ഇടവഴികളിൽ പകച്ചു നിന്നുപോവേണ്ടി വരുന്നവർക്ക്‌ ഇടത്തോട്ടോ… വലത്തോട്ടോ.. എന്ന്‌ അടയാളപ്പെടുത്താൻ ഓർമ്മയുടെ തെളിച്ചമുളള ഒരു വിളക്ക്‌…

6… ഉടമസ്ഥാവകാശം എന്ന ശിക്ഷ…

————————–

ഒരു മുൻവിദ്യാർത്ഥിനേതാവിന്‌ ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ്‌ ബനിയനും ജട്ടികളും വിൽക്കുന്ന കമ്പനിയുടെ ഉടമസ്ഥത-എന്ന്‌ വ്യാകുലപ്പെടേണ്ടി വരുന്നത്‌ പഴയ സൈദ്ധാന്തിക ജന്മവാസനകളുടെ അടിവസ്‌ത്രങ്ങളഴിയുമ്പോഴാണ്‌…

7.. എസ്‌.പി.ഓഫീസ്‌ മാർച്ചും എസ്‌റ്റാബ്ലിഷ്‌മെന്റ്‌സും…

—————————————

എം.എസ്‌.സി. പോളിമർ കെമിസ്‌ട്രി ഒന്നാം റേങ്കിൽ പാസ്സായി കോളേജിൽ എസ്‌.എഫ്‌.ഐ കളിച്ച്‌ മൂന്നുതവണ നേടിയ സസ്‌പെൻഷനുകളോട്‌ മധുരമായി പ്രതികാരം ചെയ്തതിന്റെ സാക്ഷ്യപത്രവുമായി സ.രാഹുലൻ നേരെ നടന്നു കയറിയത്‌ ഡി.വൈ.എഫ്‌.ഐയുടെ എസ്‌.പി.ഓഫീസ്‌ മാർച്ചിന്റെ മുൻനിരയിലേക്കാണ്‌… തലയിൽ ആഴത്തിലൊരു മുറിവും ഹൃദയത്തിൽ അതിനേക്കാളാഴമുളള മറ്റൊരു മുറിവുമായി പാർട്ടിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ എക്സിക്യൂട്ടീവ്‌ സ്പെഷ്യൽ വാർഡിൽ കിടക്കുമ്പോൾ സ.രാഹുലൻ ചിന്തിച്ചത്‌ ബഹളത്തിൽ നഷ്‌ടപ്പെട്ട ബിരുദാനന്തര സർട്ടിഫിക്കറ്റിനെക്കുറിച്ചായിരുന്നില്ല… വിപ്ലവങ്ങളുടെ നൈരന്തര്യത്തെക്കുറിച്ചാണ്‌…

നാടിന്റെ മുക്കിലും മൂലയിലും നൂറുകണക്കായ സ്വാശ്രയ സ്ഥാപനങ്ങൾ…, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ… യുവ സൈദ്ധാന്തികർക്കായി ഗവേഷണ സംവിധാനങ്ങൾ… വിപ്ലവങ്ങളുടെ അജയ്യതയിൽ സംശയലേശമില്ലാതെ സഖാവ്‌ ഉറങ്ങി.

8.. ഭിന്നസംഖ്യകൾ സങ്കലനം ചെയ്യുന്നവിധം…

———————————

അലക്ഷ്യമായി വളർന്നു കാടുപിടിച്ച മുടിയിലും താടിരോമങ്ങളിലും വേദനയോടെ നോക്കി അയൽപക്കത്തെ പെണ്ണുങ്ങൾ തന്നോട്‌ സഹതപിച്ചിരുന്ന നാളുകൾ ഒരു യുഗത്തിനുമപ്പുറത്തായിരുന്നുവെന്ന്‌ ചിന്തിച്ചത്‌ ഷേവ്‌ ചെയ്ത ഇളംപച്ച നിറമുളള കവിളും ക്രോപ്പ്‌ ചെയ്ത മുടിയുമുളള, കുന്നിൻമുകളിലെ സ്‌കൂളിൽ വിസ്മയത്തിന്റെ നക്ഷത്രക്കണ്ണുളള കുഞ്ഞുങ്ങൾക്ക്‌ ഭിന്നസംഖ്യകളുടെ സങ്കലനം പഠിപ്പിക്കുന്ന രഘുനന്ദനൻ മാഷായിരുന്നു… അന്നൊക്കെ അമ്മ അഭിമാനത്തോടെ പറയുമായിരുന്നു… “ഓൻ ബുദ്ധിജീവിക്കു പഠിക്ക്വാ…”

9.. വിപ്ലവകാരിയുടെ സദാചാരം…

————————

ടിയാൻമെൻ സ്‌ക്വയറിലെ ചതഞ്ഞ മുഖങ്ങളിലൊന്നിന്‌ ലയോണയുടെ ഛായയായിരുന്നുവെന്ന്‌ വെറുതെ അലോഷ്യസ്‌ സങ്കല്പിക്കാറുണ്ട്‌… അങ്ങനെ തോന്നുമ്പോഴൊക്കെ അയാൾ ‘വിപ്ലവകാരിയുടെ സദാചാരം’ എന്ന ചുവപ്പൻ പുസ്തകമെടുത്ത്‌ വെറുതെ നോക്കിയിരിക്കാറുണ്ട്‌… പാർട്ടിയുടെ യുവസൈദ്ധാന്തികനും വിദ്യാർത്ഥിനേതാവുമെന്ന ജാടയിൽ കോളേജിലെ പെൺപിളളാരെല്ലാം തന്റെ പ്രേമഭാജനങ്ങളാണെന്ന അഹങ്കാരത്തിൽ അന്ന്‌ ലയോണയ്‌ക്കു നൽകിയ ‘പ്രണയ പ്രബന്ധത്തിന്‌’ അവൾ നൽകിയ മറുപടിയാണത്‌… ഫാൻസിപേപ്പറിൽ ഭംഗിയായി പൊതിഞ്ഞ ‘സദാചാര’ത്തോടൊപ്പം മുഖമടച്ചുളള ആട്ടും അകമ്പടിയുണ്ടായിരുന്നു…

10.. പുതിയ തരം കളികൾ…

———————

മാർക്‌സിനും ലെനിനുമിടയിൽ എൽ.സി ഓഫീസിലെ വെളളച്ചുവരിലെ തൂങ്ങിക്കിടപ്പിൽ മനംമടുത്തു ഒരുനാൾ എംഗൽസ്‌ ഒരു പുതിയ കളി തുടങ്ങി… വൈരുദ്ധ്യാധിഷ്‌ഠിത ഭൗതികവാദത്തിന്റെ പരികല്പനകൾ പേജുകളായി ഓർത്തെടുക്കുക എന്ന കളി…

അന്ന്‌ ഒക്‌ടോബർ -17 ആയിരുന്നു…

അന്നായിരുന്നു എൽ.സി യോഗത്തിൽ സ്വാശ്രയ സ്ഥാപനങ്ങളെക്കുറിച്ചുളള പാർട്ടി നിലപാട്‌ ചർച്ചയ്‌ക്കു വച്ചത്‌…

11.. അപാരമ്പര്യത്തിന്റെ സ്വാതന്ത്ര്യങ്ങൾ…

——————————-

അച്‌ഛൻ ഒരു വലിയ പ്ലാന്ററായിരുന്നിട്ടും ക്യാപ്പിറ്റലിസമല്ല കമ്മ്യൂണിസം തന്നെയായിരുന്നു ലയോണയ്‌ക്ക്‌ പഥ്യം… അന്നേ മാർക്സിസ്‌റ്റ്‌ സാഹിത്യം കുടിച്ചു വറ്റിച്ചതുകൊണ്ടാണ്‌ അലോഷ്യസിന്റെ സൈദ്ധാന്തിക ജാടകളെ നേരിടാൻ അവൾക്ക്‌ കഴിഞ്ഞുപോന്നത്‌…

12.. ആ മരം… ഈ മരം…. മരാമരം…

—————————

മാനിഫെസ്‌റ്റോ മന്ത്രങ്ങളുരുക്കഴിച്ചും ഉല്പാദനശക്തികളുടെ വികാസത്തെക്കുറിച്ചുളള മുക്തകങ്ങൾ ജപിച്ചും കാറൽ മാർക്സ്‌ തപസ്സിൽ തന്നെയായിരുന്നു… അദ്ദേഹത്തിന്റെ ജരബാധിതമായ ഉടൽ തളർന്നു… താടിരോമങ്ങൾ കമ്മ്യൂണിസ്‌റ്റ്‌ സൗന്ദര്യശാസ്‌ത്രത്തിനുമപ്പുറം അദ്ധ്യാത്മികമായി വളർന്ന്‌ നിലത്തിഴഞ്ഞു.

ആ മരം….. ഈമരം… മരാമരം…

ചുറ്റിലും അവിശ്വാസത്തിന്റെ വാല്‌മീകങ്ങൾ വളർന്ന്‌ ഇരുൾ മൂടുന്നു. …..രാമാ….!!

13.. ആഗ്രഹിക്കാത്ത വേഷങ്ങൾ

———————–

സഃവിവേകാനന്ദനും, സ.ശ്രീനാരായണഗുരുവും, സ.കുമാരനാശാനും പിന്നെ സ.ഗാന്ധിയും അണിനിരന്ന നവോത്ഥാന സദസ്സു നടക്കുന്നതുകൊണ്ട്‌ നഗരത്തിൽ മൂന്നു മണിക്കൂർ ഗതാഗത നിയന്ത്രണമായിരുന്നു…

(ഗുരുവും, സ്വാമിയും, ആശാനും മഹാത്മജിയുമൊക്കെ വെറും ശ്രീനാരായണഗുരു, മഹാത്മാഗാന്ധി, കുമാരനാശാൻ, സ്വാമി വിവേകാനന്ദൻ- ഒക്കെത്തന്നെയായിരുന്നു… ഡി.വൈ.എഫ്‌.ഐ പോസ്‌റ്ററിൽ വരുന്നതിനു മുമ്പുവരെയും….)

ആഗ്രഹിക്കാത്ത വേഷങ്ങൾ അണിയേണ്ടി വരുന്നതിന്റെ ഏകാന്തതയാണ്‌ ബുജി ക്ലാസ്സിൽ വാൽനക്ഷത്രം സ്വപ്നം കണ്ട, ശിഷ്‌ടജീവിതത്തിൽ പാരലൽ കോളേജധ്യാപികയുടെയും ഫെമിനിസ്‌റ്റിന്റെയും ഇരട്ടറോളുകൾ അഭിനയിക്കേണ്ടിവന്ന അഞ്ജന ബ്ലോക്കിൽ കുരുങ്ങിയ ബസ്സിലിരുന്നു കൊണ്ട്‌ ചിന്തിച്ചത്‌…

14.. വിപ്ലവാനന്തര സമൂഹത്തിലെ ബഹുജന-സംഘടനാ പ്രവർത്തനം….

—————————————————

അടുത്ത മുറിയിൽ നിന്നൊഴുകിവന്ന മധുരമായ ഗാനമാണ്‌ സഃരാഹുലനെ ഉണർത്തിയത്‌..

ഓർമ്മകൾ ഓർമ്മകൾ….

ഓലോലം തകരുമീ… തീരങ്ങളിൽ..

ഒരിക്കലെങ്കിലും കണ്ട മുഖങ്ങൾ…

മറക്കാതിരുന്നെങ്കിൽ…

വിപ്ലവാനന്തര സമൂഹത്തിലെ ബഹുജന സംഘടനാപ്രവർത്തനം എന്ന വിഷയത്തിൽ ഗവേഷണം നടത്തി വട്ടുപിടിച്ച എസ്‌.എഫ്‌.ഐയിലെ സഹപ്രവർത്തകയായിരുന്ന സ. ആതിരയാണ്‌…. അവൾ ഗർഭിണിയായിരിക്കെ ഒരു രാഷ്‌ട്രീയ സംഘർഷത്തിലാണ്‌ ഭർത്താവ്‌ സഃ മുഹമ്മദ്‌ രക്തസാക്ഷിയായത്‌.. അവളുടെ അനുജന്റെ കയ്യിലിരുന്ന്‌ ഒന്നര വയസ്സുളള മകൻ എക്സിക്യൂട്ടീവ്‌ വാർഡിനുമുന്നിൽ നിർത്തിയ ട്രോളിയിൽ കയറാൻ വാശിപിടിച്ചു കരയുന്നു…

ആരോ അവനെ ട്രോളിയിലിരുത്തി തളളുന്നു…

അവന്റെ കുരുന്നു മുഖത്ത്‌ പൂക്കൾ വിടരുന്നു…

വാതിൽ ചതുരങ്ങൾക്കുമപ്പുറം നിറയെ പൂത്ത്‌ അക്വേഷ്യാക്കാടുകൾ വാൻഗോഗ്‌ ചിത്രം പോലെ മഞ്ഞയുടെ ശാന്തത… അതിൽ ആഴ്‌ന്നിറങ്ങുമ്പോൾ മനസ്സിലെ ചുവപ്പ്‌ മങ്ങി ചാരനിറമാവുന്നു… വിപ്ലവങ്ങളുടെ അജയ്യതയിൽ സംശയാലുവാകുന്നു…

പദം പദം ഉറച്ചു നാം….

പാടിപ്പാടിപ്പോവുക….

-ആതിര മുറിക്കുപുറത്ത്‌ കവാത്തു തുടങ്ങിയിരിക്കുന്നു….

-അവളുടെ ഒന്നര വയസ്സുളള മകൻ നിർത്താതെ കരയുന്നു….

-ഏതോ മുറിയിൽനിന്ന്‌ ഒരു വൃദ്ധ സഖാവിന്റെ വർഗ്ഗബോധമുളള ചുമ കേൾക്കാം…

മനസ്സ്‌ അസ്വസ്ഥമാണ്‌. എന്തെങ്കിലും വായിക്കണം…. കയ്യിൽ തടഞ്ഞത്‌ ചെ.യുടെ ‘വിപ്ലവത്തിന്റെ ഇതിഹാസ’മാണ്‌. ഗ്രാൻമ പടയോട്ടം…

വായിക്കാൻ കഴിയുന്നില്ല…

ടി.വി. ഓൺ ചെയ്‌തു.

പാർട്ടി ചാനലിൽ കോമഡി ഷോ….

ക്ലാ…ക്ലാ… ഇതു മിമിക്രിയല്ല….

ക്ലീ… ക്ലീ… ഇതും മിമിക്രിയല്ല….

ക്ലാ…ക്ലാ…ക്ലീ…ക്ലീ…. ഇതാണു മിമിക്രി.

മിമിക്രി ഒരു മഹാസാഗരമാണ്‌…. അതിൽ നിന്ന്‌ ഒരു കുമ്പിൾ മിമിക്രി കോരിയെടുത്ത്‌ താൻ മിമിക്രിയുടെ മഹാസാഗരം കൈക്കുമ്പിളിലാക്കിയെന്ന്‌…,

മിമിക്രി അവതരിപ്പിക്കുന്ന യുവാവിനെ നല്ല മുഖപരിചയം… അതെ ബാലചന്ദ്രൻ….

നെഞ്ചിൽ നെരൂദയെരിഞ്ഞിരുന്ന നക്‌സലൈറ്റ്‌….

കോളേജിൽ മാഗസിനിൽ ബ്രഹ്‌തും, ഒട്ടോറെനേ കാസ്‌റ്റിലോവും, നെരൂദയും സംസാരിച്ചത്‌ ബാലചന്ദ്രന്റെ നാക്കിലൂടെയാണ്‌….

ബാലചന്ദ്രാ! നീയും….

രാഹുലന്‌ തന്നോടുതന്നെ അമർഷം തോന്നി….

* * * *

യഥാർത്ഥത്തിലുളള ആപ്പിളും, സബർജല്ലിയും, ഞാവൽപ്പഴവും ബദാമും കണ്ടിട്ട്‌ അതിൽ നിന്ന്‌ “പഴം” എന്ന സാമാന്യ സങ്കല്പത്തിന്‌ ഞാൻ രൂപം നൽകുകയും, യഥാർത്ഥ പഴത്തിൽനിന്ന്‌ രൂപീകരിച്ചിട്ടുളള “പഴം” എന്ന എന്റെ അമൂർത്ത സങ്കല്പം എനിക്കു പുറത്തു നിലനിൽക്കുന്ന ഒരസ്ഥിത്വമാണെന്ന്‌ സബർജല്ലി, ആപ്പിൽ തുടങ്ങിയവയുടെ യഥാർത്ഥസത്ത അതുതന്നെയാണെന്ന്‌ ഞാൻ സങ്കല്പിക്കുകയും ചെയ്യുകയാണെങ്കിൽ പരികല്പനാത്മക തത്വശാസ്‌ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ‘പഴം’ എന്നത്‌ സബർജല്ലി, ആപ്പിൾ ബദാം തുടങ്ങിയവയുടെ ദ്രവ്യം ആണെന്ന്‌ പ്രഖ്യാപിക്കുകയായിരിക്കും ഞാൻ ചെയ്യുന്നത്‌. അപ്പോൾ ഒരു സബർജല്ലിയായിരിക്കുകയെന്നത്‌ സബർജല്ലിയെ സംബന്ധിച്ചിടത്തോളം സാരമായിട്ടുളളതല്ലെന്ന്‌, ഒരു ആപ്പിൾ ആയിരിക്കുകയെന്നത്‌, ആപ്പിളിനെ സംബന്ധിച്ചിടത്തോളം സാരമായിട്ടുളളതല്ലെന്ന്‌… പറയുകയായിരിക്കും ഞാൻ ചെയ്യുക… ഈ വസ്‌തുതയെ സംബന്ധിച്ചിടത്തോളം ഇന്ദ്രിയങ്ങൾക്ക്‌ ഗോചരമായിട്ടുളള അവയുടെ യഥാർത്ഥ നിലനിൽപ്പല്ലെന്നും…, മറിച്ച്‌ അവയിൽനിന്ന്‌ നിരൂപിച്ചെടുത്തശേഷം അവയുടെമേൽ അടിച്ചേൽപ്പിച്ചിട്ടുളള സത്തയാണ്‌ പഴം എന്ന എന്റെ സങ്കല്പത്തിന്റെ സത്തയാണ്‌ സാരമായിട്ടുളളതെന്ന്‌ പറയുകയായിരിക്കും ഞാൻ ചെയ്യുന്നത്‌….

* * * *

Generated from archived content: story-june30.html Author: mv-shaji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here