1. അക്കാദമീയം
സംസ്‌കൃതമറിയാഞ്ഞതിനാൽ
സാഹിത്യശില്പശാലയിൽ
പ്രവേശനം നിഷേധിക്കപ്പെട്ട
നാടൻകവി, മതിൽകെട്ടിനുപുറത്ത്
തെരുവിൽ ബിംബങ്ങളെ
തുണിയുരിഞ്ഞു…
പാപം ചെയ്യാത്തവരുടെ നാട്ടിലെ
കൂർത്ത കരിങ്കൽചീളുകൾ
കറുത്ത കവിതയെഴുതിയ
തെരുവേശ്യയുടെ ഉടൽ
പ്രദർശിപ്പിക്കുന്ന സ്‌റ്റാളിനുപുറത്ത്
അതേ തെരുവിൽ….
വളളത്തോൾ കവിതയിലെ ‘ക’-
യെക്കുറിച്ച് ഗവേഷണം നടത്തുന്ന
മീമാംസാ-പണ്ഡിതൻ
ഇങ്ങനെ സൈദ്ധാന്തീകരിച്ചു.
അങ്ങനെ നോക്കുമ്പോൾ
‘ക’യെ കാവ്യസൗന്ദര്യത്തിന്
പൊലിമ കൂട്ടുംവിധം
വിസ്‌മയകരമായി ചമൽക്കരിച്ച കവി…
അപ്പോഴും സിലബസ്സിനു പുറത്ത്
നഗ്നബിംബങ്ങൾ
തെരുവിന്റെ ഉറക്കം കെടുത്തിക്കൊണ്ട്
ശ്ലീലാശ്ലീലങ്ങളുടെ വരമ്പുകളിൽ
ഗതികിട്ടാതലയുകയാവും.
2. പൂർവ്വഭാരം
ഇരട്ടവരയിൽ കോപ്പിയെഴുതുന്നതും
ഒരു കല തന്നെയാണ്…
നിയന്ത്രണരേഖ ലംഘിച്ച്
തെറിച്ചു നിന്ന അക്ഷരങ്ങളായിരുന്നു
ബാല്യത്തിലെ എന്റെ
കടുത്ത ദാർശനികപ്രതിസന്ധികളിൽ മുഖ്യം…
ശീലമാവുമ്പോൾ ശരിയായിക്കൊളളുമെന്ന
സഹോദരന്റെ സാന്ത്വനത്തെയും
എഴുതിത്തളളിക്കൊണ്ട്
ഒരു ‘ഘ’ അല്ലെങ്കിൽ ‘ഴ’
വരിക്കുപുറത്തൂടെ തലകാട്ടി പല്ലിളിച്ചു..
ശീലങ്ങളൊന്നും ശീലമാവാഞ്ഞ്
നാലുവരയിലെഴുതുമ്പോഴും
ശീലക്കേടുകൾ പുറത്തേക്കു തളളിയ
അക്ഷരങ്ങളുടെ കാക്കക്കാലുകളിൽ
എന്റെ ആത്മവിശ്വാസം മുറിഞ്ഞുതൂങ്ങി…
മാനമായി നാലുവരിയെഴുതിപ്പഠിക്കാഞ്ഞതിനാൽ
എഴുതിയ കവിതയിലെ ‘കാവ്യേതര
സാധനങ്ങൾ’ വരികളെത്തെറി വിളിച്ചു.
ഇനി എഴുത്തച്ഛനോട്
ഒരൊറ്റ പ്രാർത്ഥന മാത്രം
പൂർവ്വഭാരങ്ങളെല്ലാമൊഴിപ്പിച്ച്
ആത്മാവിൽ ദരിദ്രനാക്കേണമേ….
………ആമേൻ
Generated from archived content: poem2_may12.html Author: mv-shaji