കവിത-ചില സ്വത്വപ്രതിസന്ധികൾ

കവിതയെ അളക്കാനുളള കോലുകൾ

എന്തൊക്കെയാണ്‌….

അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്തു മലർന്നത്‌…

വർത്തമാനത്തിന്റെ നേരും നെരിപ്പോടുമായത്‌….

ഇന്നിന്റെ ശൂന്യതയിലേക്ക്‌ നൂറുനൂറു നീറുന്ന ചോദ്യങ്ങളെറിയുന്നത്‌…

ഹൃദയത്തിന്റെ ലോലമായ ഭിത്തിയിൽതട്ടി

ആയിരം തവണ പ്രതിധ്വനിക്കുന്നത്‌….

അളവുകൾ തന്നെ മാറിമറിയുന്നു…. പിന്നെയല്ലേ കോലുകൾ…

ഏതായാലും ഭൂതകാലത്തിന്റെ ശക്തമായ അടിത്തറ-

വേണം… കാല്പനികത തന്നെ പയറ്റാം….

‘കവിത കത്തുന്ന നെഞ്ചുമായ്‌പ്പാതിരാ-

ച്ചെരിവിലൂടെ തനിച്ചിറങ്ങുന്നു ഞാൻ…

ഇരുൾമുഴക്കങ്ങൾ ദൂരെ കൊടുങ്കാ-

റ്റുഴറിയാർക്കും കലാപസ്വരങ്ങൾ

നിറനിലാവു കൊഴിഞ്ഞു വസന്തം

കുരുതിപൂക്കുന്ന താഴ്‌വാരഭൂവിൽ

നിഴലിലെന്നപോൽ നാവനങ്ങാത്ത

നിശ്ശബ്‌ദരാവുകൾ നിദ്രാവിഹീനം…

ഇവിടെയൊക്കെപ്പഴയപോൽ വീണ്ടും

പുലരുമെന്ന കിനാവിൻ ബലത്താൽ

പുണരട്ടേ പ്രിയേ….’

-നിർത്തൂ…. ഇല്ല….

ഇത്‌ മറ്റാരുടെയോ ഉച്ഛിഷ്‌ടം

വാക്കുകൾക്ക്‌ മറ്റേതോ പൂർവ്വികന്റെ പിതൃത്വം…

കവിതയ്‌ക്ക്‌ ജാരസന്തതിയാവാൻ വയ്യ…

അതിജീവനത്തിന്‌ അല്പം ആധുനികതയെങ്കിലും പയറ്റണം…

‘ഇനി മനുഷ്യത്വത്തിന്റെ ഒന്നാംപാഠം മുതൽ

ഉരുവിട്ടു തുടങ്ങണം….

പാതിയും ചിതൽ തിന്ന വേദപുസ്തകം

ചുട്ടെരിക്കണം….

ചുവരിലെ പഴഞ്ചൻ ഘടികാരമുഖം തച്ചുടക്കണം…

ഓടാമ്പലിട്ട പുറംവാതിൽ ചവിട്ടിപ്പൊളിക്കണം…’

ഓ! ഭൂതകാലനിഷേധം, ഫ്യൂച്ചറിസം….

ഇന്ന്‌ ഇതൊക്കെ എടുക്കാച്ചരക്കല്ലേ…

ആധുനികതതന്നെ ബെൽബോട്ടം പാന്റ്‌സുപോലെ

വിപണിമൂല്യം നഷ്‌ടപ്പെട്ട്‌ മൂലക്കായില്ലേ….

ഇന്നു കവിതയിൽ വലിയ വലിയ ദാർശനികവ്യഥ-

കളൊന്നും വേണമെന്നില്ല… നോക്കൂ….

ഈ മേശയെക്കുറിച്ച്‌ തന്നെയാവാം…

പക്ഷെ… വലിയ വായനാസമൂഹത്തെയൊന്നും

മുന്നിൽ കാണരുത്‌…

നഞ്ഞെന്തിനു നാനാഴി….?

“മേശ….

കമ്പോളത്തിന്റെ ആർത്തികളുമായി കയറി-

വന്നത്‌ ഈ സാധാരണ ജീവിതങ്ങളിലേക്കാണ്‌…

നാലുകാലുകളിൽ നിവർന്ന അതിന്റെ നില്പിൽ…

അത്‌ ഇരുകാലികൾക്കായി

ഒരു ചോദ്യം കൊരുത്തുവച്ചിരുന്നു….”

– ആ ചോദ്യം എന്താവാം….?

എന്തുമാവാം….

എന്തെങ്കിലുമാവാതിരിക്കാൻ

കവിതയ്‌ക്കുവയ്യല്ലോ.

Generated from archived content: poem2_mar17.html Author: mv-shaji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here