എഴുതുന്നവന്റെ ഇടം

‘കണ്ണു നിറയുകയും മനസ്സുക്കലങ്ങുകയും ചെയ്യുമ്പോൾ

ഞാനെന്റെ വൃത്തവും പ്രാസവും മറന്നുപോവുന്നു

ഓടയിൽ പെറ്റിട്ട കുഞ്ഞിന്റെ നിലവിളിയാണ്‌ എന്റെ പ്രാസം

തടവറയിലെ കർഷകന്റെ ദൈന്യതയാണ്‌ എന്റെ വൃത്തം.’ – സച്ചിദാനന്ദൻ

എഴുതുന്നവന്റെ ഇടവും വിഷയം തന്നെയാണ്‌.

അത്‌ കവിതയ്‌ക്കകത്തോ പുറത്തോ

തെരുവിലോ തെരുവേശ്യയുടെ ഹൃദയത്തിലോ

എന്നൊരു സന്ദേഹം കൊരുത്തുവച്ചിട്ടുണ്ടാവും,

വായനക്കാരന്റെ മുനകൂർത്ത ഓരോ നോട്ടത്തിലും.

ശ്വാസം മുട്ടിച്ചത്ത ഒരു കവിതയുടെ

അവസാനത്തെ ഞരക്കമുണ്ടാവും, ഓരോ നിരൂപണത്തിലും.

ജീവിതത്തിനുമേലെ തെന്നിനീങ്ങുന്ന

ചില വികാരങ്ങൾ

ആരോ മൊത്തമായി കരാറെടുത്ത കിനാക്കൾ

പ്രതിബദ്ധതയുടെ കാലൊടിഞ്ഞ എഴുത്തുമേശ..

കവിതയിലാവുമ്പോൾ ഏറെയുണ്ട്‌ സാധ്യതകൾ..

എഴുത്താണിയുടെ ആധികാരികതയെക്കുറിച്ചും

ചർച്ചയാവാം…

നിന്റെയെഴുത്തഴിച്ചെടുത്ത്‌

എന്റെ ഓല തിരികെത്തരിക…

ആണിയും….

Generated from archived content: poem2_june23_05.html Author: mv-shaji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here