രണ്ടു കവിതകൾ

മുരിക്ക്‌-

ധിക്കാരം ചുവക്കുന്ന ചില കവിതകൾ

കൊമ്പിൽ വെയിൽ കായുന്ന

സന്ദേഹം പ്രഭാതത്തിന്‌….

ഉന്മാദം മൂത്താൽ കയറാമെന്നും

സാധ്യതകൾ….

കരകവിയും പ്രണയക്കടലിൽ

തുഴയാൻ ചങ്ങാടമെന്ന്‌

പെൺകുട്ടി….

ഹൃദയത്തിൽ തറച്ച്‌

ചോരവാർന്ന നിന്റെ-

പ്രണയം തന്നെയെന്നു

കാമുകൻ….

ഇരുന്നു നോക്കുമ്പോൾ

കായലിൽ ഒരു പരൽമീനും

വെയിൽകായാത്ത

അരിശം കാക്കയ്‌ക്ക്‌….

ശിവകാശിക്കു പോകുന്ന

ലോറിയിൽ

ഉരഞ്ഞുകത്തുന്ന

സ്വപ്‌നങ്ങളിൽ

മയങ്ങുന്ന ലോറിക്കാരൻ….

മുറിയുന്ന ബാല്യത്തിന്‌

വിരൽത്തുമ്പിൽ

ചെമന്ന ഫോസ്‌ഫറസ്‌

പശ, പശിയടങ്ങാത്ത വയർ

ജീവിതം….പിന്നെ

തകർന്ന ചില പ്രതീക്ഷകളും…

* * * * * * * * * * * * *

നിശാനിയമം-

നിരാമയമായ കാലത്തിന്റെ

ഇരുണ്ട തുരുത്തിൽ

ഒറ്റയ്‌ക്കിരുന്നു വയസ്സായ

ബോധിച്ചുവട്‌

സിദ്ധാർത്ഥകുമാരനെ

സ്വപ്നം കണ്ടു.

ഇലകൾ ജൈവഗന്ധം പൂത്ത

പച്ചമണ്ണിനെയും….

ഇലയായ്‌ പടരാനും

തണലായ്‌ തഴക്കാനും

തിരിച്ചറിവു പൊളളുന്ന

തണലിനായി

തെരുവിലലഞ്ഞവൻ

പാറാവുകാരുടെ

പിടിയിലായിരുന്നു….

പട്ടികൾ നിർത്താതെ

കുരച്ചതിനാൽ

നഗരത്തിൽ

നിശാനിയമം

കർശനമാക്കിയിരുന്നു….

Generated from archived content: poem2_aug19.html Author: mv-shaji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here