മൂന്നുപെൺമക്കൾ
പുരനിറഞ്ഞു നില്‌ക്കുന്ന വീട്ടിൽ
എങ്ങനെയായിരിക്കും പകൽ…
ഓവർഡ്യൂ ആയ ലോണിന്റെ
രജിസ്‌ട്രേഡ് കത്തിൽ
കണ്ണുപിടിക്കാഞ്ഞ്
അച്‌ഛൻ
പൊട്ടിയ കണ്ണടയോട്
കയർക്കുമായിരിക്കും…
ഓർക്കാതെ പെയ്ത മഴയിൽ
ആകെ നനഞ്ഞുപോയ
വിറകുകൊളളികൾ
അടുപ്പുംതണമേൽ
വച്ചുണക്കുമ്പോൾ
അമ്മ അറിയാതെ
കണ്ണീർ വാർക്കുമായിരിക്കും…
കരിപിടിച്ച അലൂമിനിയ പാത്രത്തിൽ
ചകിരിയും വെണ്ണീരും കൊണ്ടുരച്ചുരച്ച്
മൂത്തവൾ ലോകത്തോടു പ്രതിഷേധിക്കുമായിരിക്കും.
ആത്മഹത്യയ്‌ക്കു ശ്രമിച്ച് പരാജയപ്പെട്ട
മെഗാസീരിയലിലെ നായികയെയോർത്ത്
ഇളയവൾ ഇടയ്‌ക്കിടെ നെടുവീർപ്പിടുമായിരിക്കും…
അപ്പോഴും
കാണാൻ വരുമെന്നേറ്റ ചെറുപ്പക്കാരനെക്കാത്ത്
രണ്ടാമത്തവൾ, വാതിലിൽ മുലചാരി
വഴിക്കണ്ണുമായി നിൽക്കുമായിരിക്കും…
Generated from archived content: poem1_nov30_05.html Author: mv-shaji