രണ്ടു കവിതകൾ – വായന, വൈരുദ്ധ്യാധിഷ്‌ഠിത

വായന

വായിക്കാൻ മറന്ന താളിൽ
കണ്ടെടുക്കപ്പെടാതെ കിടന്നിരുന്നു
അന്നവൾ ആരും കാണാതെ
ഒളിപ്പിച്ച പ്രണയത്തിന്റെ-
എണ്ണമയം, മുടിയിഴകൾ, ഇരുട്ട്‌…
പിന്നെ വായിക്കാത്ത
വരികളുടെ അപരിചിത ഗന്ധം…

ഒക്കെ ഒന്നായി വായിച്ചെടുക്കാൻ
ഒടുവിൽ ഒരു മുഴുവൻ ദിനം
നീക്കിവച്ചിരുന്നു….

പക്ഷെ…
ആരാലും വായിക്കപ്പെടാത്ത
വിചിത്രലിപിയിലെഴുതപ്പെട്ട
ജീവിതം പിടിതരാതെ
ഉരുണ്ടകലുന്നതു നോക്കിനോക്കി
വെളെളഴുത്തു വീണ
കണ്ണുകൾ കൊണ്ട്‌
എങ്ങനെയാണ്‌ ആ…
മാർദ്ദവകാലത്തെ
വായിച്ചെടുക്കുക…

വൈരുദ്ധ്യാധിഷ്‌ഠിതം

രക്തസാക്ഷികുടീരം ചുറ്റിപ്പോയാൽ
കേൾക്കില്ല…
ദീപാരാധന തൊഴാൻ കാത്തിരുന്ന
കന്യകമാരുടെ, കണ്ണിലെണ്ണയൊഴിച്ച നോട്ടം
ഒലിച്ചിറങ്ങുന്ന നിശ്ശബ്‌ദ താരാവലി….

കാണില്ല…
കസവുനേര്യതിന്റെ വിടവിൽ
ഒളിച്ചു കളിക്കുന്ന ആലിലവയറിൽ
വിയർപ്പുമുത്തുകൾ പൂക്കും പ്രലോഭനം…

അമ്പലത്തിനു മുന്നിലൂടെയാവുമ്പോൾ
ഓർക്കാറേയില്ല….
അപരന്റെ ശബ്‌ദം
സംഗീതംപോൽ നുകരുന്ന
കാലം വരുമെന്ന്‌…
വല്ലാതെ തിളയ്‌ക്കില്ല
വർഗ്ഗബോധം-ഞ്ഞരമ്പുകളിൽ…

**************

വേലിക്കെട്ടിനു പുറത്ത്‌ വഴികൾ
ഇപ്പോഴും വീട്ടിലേക്കു നോക്കിയിരിപ്പാണ്‌…
രക്തസാക്ഷികുടീരം ചുറ്റിപ്പോവണോ…
അതോ…

Generated from archived content: poem1_mar1_06.html Author: mv-shaji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here