തെച്ചിപ്പൂക്കാടുകളുടെ സമൃദ്ധിയിൽ
പൂതപ്പാട്ടിലൊഴുകിപ്പോയ ഉണ്ണിയെ തേടിയിറങ്ങിയ
എയ്‌ഡഡ് സ്‌കൂൾ അധ്യാപകൻ, ഇരതേടിയിറങ്ങിയ-
ഒരുത്തരാധുനിക കവിതയുടെ വായിലകപ്പെട്ട
കല്പനയായാലോ….
(വൺഡേ ഫിക്‌സേഷനിലെ തലയെണ്ണലിൽ
ഒരു കുട്ടി കുറഞ്ഞതിന് പോസ്‌റ്റു തെറിച്ച്
ആണ്ടോടാണ്ടു വീട്ടിലിരിക്കാൻ യോഗം-
ലഭിച്ചവനായിരുന്നു ടിയാൻ)
നരിയായും പുലിയായും നെരൂദയായും ചെന്നൂ ഉത്തരാധുനികം…
തരികെന്റെ കുഞ്ഞിനെയെന്നായി മാസ്‌റ്റർ….
ഉംബർതോഎക്കോ ആയിചീറി ഭൂതം…
കുറ്റികണക്കങ്ങു നിന്നൂ മാസ്‌റ്റർ….
(പറ്റിയില്ലല്ലോ… ഉത്തരാധുനികം മറ്റൊരടവെടുത്തു)
തെച്ചിപ്പൂക്കാടുകളുടെ നിഗൂഢതയെ ഉത്തരാധുനികം
കൈതപ്പൂപോലെ പറിച്ചു നീക്കി…
അവിടെ കുന്നുകുന്നായ് കിടന്നിരുന്ന കാലിയായ
പി.എഫ്.എക്കൗണ്ടും, ഓവർഡ്യൂ ആയ
കെ.എസ്.എഫ്.ഇ. ചിട്ടികളുടെ തിരിച്ചടവും….
അടവുതെറ്റിയ ഹൗസ് ബിൽഡിംഗ്
അഡ്വാൻസുകളും കണ്ടുകണ്ട്…
മാസ്‌റ്റരുടെ കണ്ണുകൾ മഞ്ഞളിച്ചു…
ഇതിനിടയിൽ തന്റെ റോളെന്തെന്നു മറന്നുപോയ-
പൂതം അങ്ങനെയാണ്, ഉത്തരാധുനിക-
കവിതകൾ മാത്രം നിരൂപണം ചെയ്തുകൊടുക്കുന്ന
ഒരു കട തുടങ്ങിയത്….
ഇപ്പോഴും എല്ലാ ജൂൺമാസത്തിലും മാസ്‌റ്റർ,
ഉണ്ണിയെത്തേടിയിറങ്ങുന്നു….
തെച്ചിപ്പടർപ്പുകൾ വെട്ടിനിരത്തി കൂണുകൾപോലെ
മുളച്ചുപൊന്തിയ ഇംഗ്ലീഷ് മീഡിയങ്ങളിലെ
കോക്രികാട്ടുന്ന ഉണ്ണികൾക്കിടയിൽ
എങ്ങനെയാണ് മാസ്‌റ്റർ തന്റെ ഉണ്ണിയെ
കണ്ടുപിടിക്കുക…..
Generated from archived content: poem1_apr28.html Author: mv-shaji