ലൈഫ് ഈസ് ബ്യൂട്ടിഫുൾ
നിലവിളിയിൽ കുളിച്ച് ഒരു പകലൊടുങ്ങുന്നു….
വകതിരിവില്ലാതെ പ്രതികരിച്ചുപോവുന്ന
നാക്കു പിഴുത്….കാതടഞ്ഞ്…
കൃഷ്‌ണമണികൾ തടവിലാക്കി ഞാനുറങ്ങുന്നു…
കിനാവിൽ കിളികൾ പാടുന്ന
പ്രഭാതങ്ങളെക്കുറിച്ച് ഒരു കവിത…
ഉണർവ്വിൽ തെരുവിൽ
തളം കെട്ടിയ ചോര…
ഉടുതുണിയുരിഞ്ഞ യുവതിയുടെ ജഡം….
കരുതലോടെ കാലെടുത്തുവച്ച്
ഏന്തി വലിഞ്ഞു നടന്ന്
ഒൻപതരയ്‌ക്കുളള വണ്ടിയുടെ സ്വാസ്ഥ്യത്തിലേക്ക്…
ഫയലിൽ പേനയുന്തലിന്റെ
ഇടവേളകളിൽ
കുടിശ്ശിക ക്ഷാമബത്ത, ഗ്രേഡ്
സീനിയോറിറ്റി പ്രശ്‌നങ്ങൾ മാത്രം ചമച്ച്…
കരുതലോടെ….
അല്പം പരിശീലിച്ചാൽ
ജീവിതം സുഖമുളള ഒരേർപ്പാടാണ്….
മുന്നറിയിപ്പ്
വാക്ക് ഒരു കുരുക്കാണ്….
അതിന്റെ സൂചിപ്പഴുതിലൂടെ
ചിലർ നിങ്ങളുടെ
ഹൃദയത്തിലേക്ക് കടന്നു കളയും
അതിൽ തൂങ്ങി നിങ്ങളുടെ
ദൗർബല്യങ്ങൾ വലിച്ചു പുറത്തിടും….
അതിന്റെ മാർദ്ദവങ്ങളിലൂടെ
അവർ നിങ്ങളെ തടവിലാക്കും….
അതിന്റെ അപൂർണ്ണതകൾ
പൂരിപ്പിച്ച് ചിലർ ക്രൂശിക്കും…
അതിന് അർത്ഥാന്തരന്യാസം
ചമച്ച് അപഹസിക്കും….
അതിനാൽ വാക്കുകൾ
ചിന്തേരിട്ട്
കരുതലോടെ പ്രയോഗിക്കുക…
Generated from archived content: poem-sept16.html Author: mv-shaji