സഞ്ചാരികളെക്കാത്ത്‌ വൈതൽമല

നഗരജീവിതത്തിന്റെ ദുരിതസന്ധികളിൽ മനസ്സ്‌ ഊഷരമായവർക്കും നാടും നഗരവും വരണ്ടുണങ്ങിക്കിടക്കുമ്പോഴും, സൂര്യൻ പകയോടെ കത്തി നിൽക്കുമ്പോഴും ആശ്വാസത്തിന്റെ കുളിർസ്പർശം കൊതിക്കുന്നവർക്കും പ്രകൃതിയുടെ നിർലോഭമായ സ്‌നേഹവായ്‌പും പെയ്തിറങ്ങുന്ന മഞ്ഞിന്റെ ഹൃദ്യമായ കുളിരും സ്വപ്നം കാണുന്നവർക്കും ഇതാ ഒരു ഗിരിശൃംഗം-വൈതൽമല-തറികളുടെയും തിറകളുടെയും നാടായ കണ്ണൂരുനിന്ന്‌ കേരളത്തിന്റെ ടൂറിസം ഭൂപടത്തിലേക്ക്‌ അഹങ്കാരത്തോടെ തലയുയർത്തി നിൽക്കുന്നു.

കണ്ണൂർ ജില്ലയുടെ കിഴക്കേയറ്റത്ത്‌ തളിപ്പറമ്പ്‌ താലൂക്കിലെ നടുവിൽ പഞ്ചായത്തിൽപ്പെട്ട കുടിയാന്മലയ്‌ക്കടുത്താണ്‌ വൈതൽമല സ്ഥിതി ചെയ്യുന്നത്‌.

ചരിത്രത്തിലേക്ക്‌ ഒരെത്തിനോട്ടം

വൈതൽമല, പൈതൽമല എന്നിങ്ങനെ സ്ഥലനാമം സംബന്ധിച്ച്‌ രണ്ടഭിപ്രായങ്ങൾ നിലനിൽക്കുന്നുവെങ്കിലും ചരിത്രരേഖകളുടെ പിൻബലത്തിൽ ‘വൈതൽമല’യ്‌ക്കാണ്‌ കൂടുതൽ സ്വീകാര്യത. ഏഴിമലരാജ്യം മൂഷകരാജാക്കൻമാർ ഭരിച്ചിരുന്ന കാലത്ത്‌ നാടുവാഴികളായ വൈതൽകോന്മാരുടെ ആസ്ഥാനമായിരുന്ന പ്രദേശമാണ്‌ ഇന്നത്തെ വൈതൽമല എന്നു കരുതപ്പെടുന്നു. മലബാറിന്റെ സമഗ്രചരിത്രമെഴുതിയ ബ്രിട്ടീഷ്‌ ഭരണകാലത്തെ മലബാർ കലക്‌ടർ വില്യംലോഗന്റെ മലബാർ മാന്വലിലും, ഈ നൂറ്റാണ്ടിന്റെ ആദ്യകാലത്തുണ്ടാക്കിയ റവന്യൂ രേഖകളിലും വൈതൽമല എന്നാണ്‌ വിശേഷിപ്പിച്ചു കാണുന്നത്‌. സഹ്യപർവ്വതനിരകളിൽ കുടക്‌ വനത്തോട്‌ ചേർന്നു കാണുന്ന ഏഴു മലകളിൽ പൈതലായതുകൊണ്ട്‌ (ഏറ്റവും ചെറുത്‌) പൈതൽമല എന്ന പേരാണ്‌ ശരി എന്ന വാദത്തെ മേൽപറഞ്ഞ തെളിവുകൾ നിരത്തി പ്രാദേശിക ചരിത്രകാരൻമാർ ഖണ്ഡിക്കുന്നു.

ഐതിഹ്യങ്ങൾക്ക്‌ ലോഭമില്ലാത്ത നമ്മുടെ നാട്ടിൽ വൈതൽമലയെക്കുറിച്ചുമുണ്ട്‌ ഐതിഹ്യം. ശിവൻ തപസ്സു ചെയ്തതായി വിശ്വസിക്കപ്പെടുന്ന ഈ പ്രദേശത്ത്‌ ഇതിനു തെളിവായി തകർന്ന ഒരു പുരാതന ശിവക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങൾ വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു.

ടൂറിസം ഭൂപടത്തിലേക്ക്‌

ചരിത്രവും ഐതിഹ്യവും ഇഴചേർന്ന്‌, അടുത്തകാലം വരെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ മലനിരകൾ ഇന്ന്‌ സംസ്ഥാനത്തിന്റെ വിശേഷിച്ചും കണ്ണൂർ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ മുഖ്യസ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു. ദൂരക്കാഴ്‌ചയിൽ ആനയുടെ മസ്തകത്തിന്റെ ദൃശ്യബോധം നൽകുന്ന മലയുടെ മുകളിൽ ടൂറിസം വകുപ്പ്‌ സ്ഥാപിച്ച വാച്ച്‌ ടവറിൽ നിന്നു നോക്കിയാൽ വടക്ക്‌ വിശാലവും നിബിഢവുമായ കുടക്‌വനങ്ങളും, തെക്കുകിഴക്കായി വിശാല താഴ്‌വാരങ്ങളും, പടിഞ്ഞാറായി വിശാലമായ നാടുകാണിപ്പാറ, വളപട്ടണംപുഴ ഇവയും പ്രാന്ത പ്രദേശങ്ങളും കാണാം. വിദൂരതയിൽ കാണാൻ കഴിയുന്ന നീലക്കടലിന്റെ ദൃശ്യഭംഗി വിവരണാതീതമാണ്‌.

ഡിസംബർ മുതൽ മെയ്‌ വരെയാണ്‌ ഇവിടത്തെ ടൂറിസ്‌റ്റ്‌ സീസൺ. ഈ സമയത്ത്‌ നിരവധി വിനോദയാത്രാസംഘങ്ങൾ ഇവിടെയെത്തി കൂടാരം കെട്ടി ഒരു രാവു ചെലവഴിച്ച്‌ പോകാറുണ്ട്‌. വൈതൽമലയുടെ ആസ്വാദ്യത അതിന്റെ പരിപൂർണ്ണയിൽ അനുഭവിക്കാൻ ഈ രാത്രിവാസം ഒരനിവാര്യതയാണ്‌. മരം കോച്ചുന്ന കുളിരും പെയ്തിറങ്ങുന്ന മഞ്ഞും കൊടൈക്കനാൽ സ്‌മൃതികൾ മനസ്സിലുണർത്തിയേക്കും.

ഗതാഗത സൗകര്യങ്ങൾ

തളിപ്പറമ്പ്‌ ദേശീയപാതയിൽ നിന്ന്‌ 45 കി.മീ. യാത്ര ചെയ്താൽ നടുവിൽ-കുടിയാൻമല വഴി പൊട്ടംപ്ലാവിലെത്തിച്ചേരാം. വൈതൽമലയുടെ താഴ്‌വാരഗ്രാമമായ പൊട്ടംപ്ലാവുവരെ ബസ്‌ സൗകര്യമുണ്ട്‌. പൊട്ടംപ്ലാവിൽ നിന്ന്‌ അര കിലോമീറ്റർ സഞ്ചരിച്ചാൽ വശ്യമോഹനമായ ഏഴരക്കുണ്ട്‌ ജലപാതത്തിന്റെ കണ്ണും കരളും കുളിർപ്പിക്കുന്ന ദൃശ്യം ആസ്വദിക്കാം. ഇവിടെനിന്ന്‌ മൂന്നാം കൂപ്പ്‌ വഴി ചെങ്കുത്തായ കയറ്റം കയറിയാൽ വൈതലിന്റെ മധ്യഭാഗത്തെത്താം. ദുർഘടമായ ഈ യാത്ര സാഹസികർക്ക്‌ ഉത്സാഹം പകരുന്ന അനുഭവമായിരിക്കും. ആലക്കോട്‌, കാപ്പിമല, പാത്തൻപാറ എന്നീ സ്ഥലങ്ങളിൽനിന്ന്‌ മലകയറാൻ ധാരാളം വഴികളുണ്ടെങ്കിലും ഏറെപ്പേരും ആശ്രയിക്കുന്നത്‌ പൊട്ടംപ്ലാവ്‌ വഴിയാണ്‌. പൊട്ടംപ്ലാവു നിന്ന്‌ വരമ്പകത്ത്‌ കവലവഴി കയറിയാൽ മലയുടെ കിഴക്കേയറ്റത്തെത്തും. ഇവിടെയാണ്‌ പൊടിക്കളം. വേനലിൽ മൈതാനംപോലെ പരന്നുകിടക്കുന്ന ഈ ഭാഗമാണ്‌ സഞ്ചാരികൾ ടെന്റടിച്ചു താമസിക്കാൻ ഉപയോഗിക്കുന്നത്‌. വർഷകാലത്ത്‌ ഇവിടം ജലാശയമായി മാറുമ്പോൾ വന്യമൃഗങ്ങൾ കൂട്ടമായി വെളളം കുടിക്കാനെത്തുന്നു. മലയുടെ കിഴക്കേയറ്റത്തുനിന്ന്‌ മസ്തകഭാഗത്തെത്താൻ 10 കി.മി. നടക്കണം. ഇവിടെയാണ്‌ പുരാതന ക്ഷേത്രാവശിഷ്‌ടങ്ങളും കാട്ടുചോലയും.

വികസന സ്വപ്‌നങ്ങളുമായി ഒരു ഗിരിശൃംഗം

അധികൃതരുടെ അനാസ്ഥമൂലം ഈ വശ്യമോഹനമായ പ്രദേശം വേണ്ടരീതിയിൽ പരിരക്ഷിക്കപ്പെടുന്നില്ല. മലകയറ്റത്തിന്‌ ഏറെപ്പേരും ആശ്രയിക്കുന്ന പൊട്ടംപ്ലാവിൽ ബേസ്‌ സെന്റർ ആരംഭിച്ചെങ്കിലും അത്‌ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമല്ല. വിദൂരദൃശ്യങ്ങൾ ആസ്വദിക്കാൻ നിർമ്മിച്ച വാച്ച്‌ടവർ ഏറെക്കുറെ തകർന്ന നിലയിലാണ്‌. സഞ്ചാരികൾക്ക്‌ താമസിക്കാൻ നിർമ്മിച്ച എടുപ്പും തകർന്നിരിക്കുന്നു. വിനോദ സഞ്ചാരികളെന്ന രൂപത്തിലെത്തുന്ന സാമൂഹ്യവിരുദ്ധരും മദ്യപസംഘവും ഇവിടത്തെ സ്വാഭാവികവനങ്ങൾ തീയിട്ടു നശിപ്പിക്കുകയും വാച്ച്‌ടവറും മറ്റും നശിപ്പിക്കുകയും ചെയ്യുന്നു. ഈ മലനിരകളുടെ ടൂറിസം വികസനത്തിന്‌ സർക്കാർതലത്തിൽ പദ്ധതികളാവിഷ്‌കരിക്കുകയും പോലീസ്‌ കാവലേർപ്പെടുത്തുകയും ചെയ്‌താൽ വശ്യസുന്ദരമായ പ്രകൃതിയെ സ്വാഭാവികസൗന്ദര്യത്തോടെ നിലനിർത്താൻ കഴിയും.

Generated from archived content: essay2_nov24.html Author: mv-shaji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here