കലി കാല കേരളം

ഞങ്ങളുടെ കെട്ടുപാടില്‍ നിന്നും ശിവരാമന്‍ കൂട്‌ വിട്ട്‌ പോയി. നേരവും കാലവും നോക്കാതെ കയറി വരുന്ന ശുദ്ധ കോമാളിയാണ്‌ മരണം . അതു മനസ്സിലാക്കാന്‍ വാസ്തവത്തില്‍ ഞങ്ങള്‍ക്ക്‌ ശിവരാമനെ ബലി കൊടുക്കേണ്ടി വന്നു.

അതൊക്കെ കൊണ്ടാണ്‌ ഒന്ന് കളം മാറി ചവിട്ടാന്‍ തീരുമാനിച്ചത്‌.

‘ഇനിയൊരു അറിയിപ്പുണ്ടാവുന്നത്‌ വരെ മദ്യം കൈകൊണ്ട്‌ തൊടില്ലെന്ന് ഇതിനാല്‍ സത്യപ്രതിജ്ഞയെടുത്തു കൊള്ളുന്നു ..’

സത്യവാചകം ചൊല്ലിത്തന്ന കണ്ണേട്ടന്‌ വയസ്‌ എഴുപത്തിനാല്‌ .

പ്രതിജ്ഞ ചൊല്ലുന്നതിനായി മുന്നോട്ട്‌ നീട്ടിയ കരം വിറകൊള്ളുന്നത്‌ എനിക്ക്‌ കാണാം . സങ്കടം വന്നു. ഉറക്കപ്പായില്‍ നിന്നു തന്നെ ഒരു ലാര്‍ജ്‌ മോന്തിയാലെ ആശാന്റെ കൈയുടെ വിറയല്‍ മാറുകയുള്ളൂ. എത്രയോ വര്‍ഷങ്ങളായുള്ള ശീലമാണത്‌.

കഴിഞ്ഞ കൊല്ലം മാര്‍ച്ച്‌ മൂന്നിനാണ്‌ ശിവ ഞങ്ങളെ പിരിഞ്ഞത്‌. ദേശത്തിന്റെ കഥാകാരന്‍ എസ്‌.കെ.യുടെ നോവലിലെ ‘സപ്പര്‍ സര്‍ക്കീറ്റ്‌ സംഘം ‘മാതിരിയൊരു പരിവേഷം ഞങ്ങളുമുണ്ടാക്കിയെടുത്തിരുന്നു.

‘പ്രകാശനു ഒരു ടാസ്ക്‌ കൂടി തരുന്നു..കണ്ണേട്ടന്റെ കാര്യത്തില്‍ ലേശം ആശങ്ക ബാക്കിയുണ്ട്‌.. ‘

അനുശോചന സമ്മേളനത്തിനിടയില്‍ പിള്ളേച്ചന്‍ മാറ്റി നിര്‍ത്തി കുശുകുശുത്തു.

‘ശിവണ്റ്റെ അന്ത്യേച്ഛ നീയെങ്ങനെ സാധിച്ചപ്പീ .. ചിതയില്‍ ആരും കാണാതെ നിക്ഷേപിച്ച കള്ളുകുപ്പി പൊട്ടിത്തെറിച്ചപ്പം തലയോടാന്നല്ലെ എല്ലാരും നിരീച്ചത്‌ .. നിന്റെ കരവിരുത്‌ അപാരം തന്നെ പ്രകാശാ.. ‘

വത്സനു വിശ്വാസം വരുന്നില്ല. പ്രതിജ്ഞയില്‍ വെള്ളം ചേരാതെ നോക്കേണ്ട കടമയും എന്റെ തലയില്‍.

നാട്ടിലെ മുഴുക്കുടിയന്‍മാര്‍ വരെ മാനസാന്തരപ്പെട്ട്‌ അനുമോദിക്കാന്‍ അക്ഷമ കാട്ടി. പല വീടുകളിലുമിന്ന് വഴക്കില്ല. വക്കാണമില്ല.. അടുപ്പ്‌ അമാന്തമില്ലാതെ പുകയുന്നു. നേരത്തിനും കാലത്തിനും പുരുഷന്‍മാര്‍ വീടണയുന്നു. എസ്‌. ആറിനായി സമര്‍പ്പിച്ച മാര്‍ച്ച്‌ മൂന്നിലെ പൊതുപരിപാടിയില്‍ ആദ്യാവസാനം ശ്വാസമടക്കിപ്പിടിച്ചിരുന്ന കുടിയന്‍ ഭാസ്ക്കരന്‍ വേദിയിലേക്ക്‌ കയറി വന്ന് എനിക്ക്‌ കൈ തന്നു. കുടിച്ച്‌ കുറ്റി തെറ്റിയാണ്‍ സ്റ്റേജിലേക്കുള്ള വരവെന്നു കരുതിയവര്‍ക്ക്‌ പാടെ തെറ്റി. ഐ.പി.എല്ലി ന്റെ പ്രഥമ മത്സരം ഉപേക്ഷിച്ച്‌ ജനം ശിവയുടെ അനുശോചന പന്തലിലേക്കൊഴുകിയെത്തി. പെണ്ണുങ്ങളായിരുന്നു ഭൂരിഭാഗവും.

‘നീയെന്റെ കുടുംബത്തിണ്റ്റെ മാനം രക്ഷിച്ചു പ്രകാശാ..മറക്കില്ലൊരിക്കലും… ‘

നിരുദ്ധകണ്ഠനായി വെളിയിലേക്കിറങ്ങിപ്പോകുന്ന ഭാസ്കരേട്ടന്‍. പാവം ശിവ. മനസ്‌ കരഞ്ഞു.

ഇങ്ങനെയൊക്കെയാണ്‌ കാര്യമെങ്കിലും കാലം മായ്ക്കാത്ത മുറിവുകളില്ല. ഒന്നു പറഞ്ഞാല്‍ ദൈവത്തിണ്റ്റെ നാമധേയത്തില്‍ വാഴ്ത്തപ്പെടുന്ന നമ്മുടെ സ്വന്തം നാട്‌ തന്നെ എത്രയധികമിന്നു മാറിപ്പോയിരിക്കുന്നു. എവിടെയുമഴിഞ്ഞാടുന്നത്‌ അഴിമതികള്‍ മാത്രം. മാധ്യമങ്ങള്‍ക്കാഘോഷ കാലം. മന്ത്രി പത്നിമാര്‍ വരെ തലങ്ങും വിലങ്ങും സ്വന്തം ഭര്‍ത്താവിനെ അലക്കിയെടുക്കുന്നു.

ദില്ലി സംഭവത്തിനു ശേഷം നാടൊന്നുണര്‍ന്നതു മാതിരിയുണ്ട്‌. ഇത്ര കാലം ഉറക്കം നടിച്ച്‌ കിടപ്പായിരുന്നു. എല്ലാം നൈമിഷികം. അറിയണം അക്രമികള്‍ പതിയിരുന്ന്‌ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്‌ അണിയറയില്‍. അനീതിയെ ചെറുക്കാന്‍ മുതിരുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ഒരുമ്പെടുന്നു ഒരു കൂട്ടര്‍. പിറന്നു വീണപ്പോള്‍ മുതല്‍ സ്വന്തം പിതാവിനാല്‍ പീഡിപ്പിക്കപ്പെടുന്ന എത്ര കഥകള്‍ പുറത്തു വരുന്നു. ആങ്ങള, അയല്‍ക്കാരന്‍, അദ്ധ്യാപകന്‍.. നീതിപാലകന്‍.. ആരെയാണ്‌ ഈ ദുനിയാവില്‍ വിശ്വസിക്കാനാവുക ? അഴിമതിയുടെ കാര്യത്തില്‍ നാമൊന്നാമതെത്തി . നാടു ഭരിക്കുന്നവര്‍ തന്നെ നരനായാട്ടിനൊരുങ്ങുന്നു . പിന്നെ നമുക്കെങ്ങനെ നീതിയും ന്യായവും കൈവരും ?

അടുത്ത പ്രധാനമന്ത്രി നമോ ? രാഗയോ ? അഴിമതി അടിച്ചമര്‍ത്താനവര്‍ പല്ലും നഖവും വിനിയോഗിക്കുമോ? സൗദി സ്വദേശിവല്‍ക്കരണം കൊടുമ്പിരികൊണ്ടതോടെ നാട്ടിലിനി ദുരിതങ്ങളുടെ നരകകാലം. അന്യ സംസ്ഥാനക്കാരെ അവരുടെ ഇപ്പോഴത്തെ പറുദീസയില്‍ നിന്നും പിന്തിരിച്ചോടിക്കാന്‍ പ്രവാസമവസാനിപ്പിക്കുന്നവര്‍ക്കാവുമോ?

ഇങ്ങനെയൊക്കെയുള്ള ഈ കിനാവള്ളി കൂടി ഇല്ലായിരുന്നെങ്കില്‍ സാധരണക്കാരന്റെ കാര്യം കട്ടപ്പൊകയായിത്തീര്‍ന്നേനെ.

സ്വന്തം നിലനില്‍പ്പിനായി അന്യരുടെ കുതികാല്‍ വെട്ടുന്നതൊരു നിത്യ സംഭവം. അതില്‍ നിന്നൊക്കെ ലേശം ആശ്വാസത്തിനായിട്ടാണ്‌ സെല്ലുലോയിഡ്‌ , നാടകം, ബാലെ, കഥകളി, ഫുഡ്ബോള്‍ മുതലായ വിനോദോപാധികള്‍. അതില്‍ പ്രചുര പ്രചാരം സിദ്ധിച്ചത്‌ കിര്‍ക്കറ്റ്‌ . ഇംഗ്ളീഷുകാരുടെ സുഖലോലുപതയുടെ മാറ്റുരയ്ക്കാന്‍ കണ്ടുപിടിച്ച മുഴുനീള ആസ്വാദന പരിപാടി അതിപ്പം നാട്ടില്‍ കിറുക്കായി. ടെസ്റ്റ്‌, വണ്‍ഡെ ..അതും പോരാഞ്ഞിട്ടിപ്പം ഇരുപതോവര്‍ പരിപാടി. ഒരു മാസത്തേക്കിനി ഹാങ്ങോവര്‍ മാറില്ല.

നമുക്കുമുണ്ടായിരുന്നു ഒരു ടീം. കൊച്ചിന്‍ ടസ്ക്കേര്‍സ്‌. ആ കൊമ്പനാന കൊമ്പു കുത്തി . എന്നാലും സ്വപ്നങ്ങള്‍ക്കും ദുസ്വപ്നങ്ങള്‍ക്കും അതിരുകളില്ല. അങ്ങനെ നാം പേക്കിനാവു കണ്ടുണര്‍ന്ന് നിലവിളിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു : ഒ. കെ. കെ. – ഓള്‍ കേരള കറപ്റ്റേര്‍സ്‌, കാരക്ടേര്‍സ്‌ , ക്രാക്കേര്‍സ്‌, കിറുക്കേര്‍സ്‌ , കേര…ള.. ലാലാ..ലാ…

ശിവരാമാ.. നീ ഒരു ദിവസമെങ്കിലും നേരത്തെ പോയത്‌ നന്നായെന്നേ ഞാന്‍ പറയൂ, മനസ്സുകൊണ്ടെങ്കിലും.. അഴിമതിയുടെയും, അജീര്‍ണ്ണതയുടെയും പടച്ചട്ടയണിഞ്ഞ്‌, മുഖംമൂടികള്‍ കണ്ടുകണ്ട്‌ മടുത്ത്‌… ഈ ലോകമെന്ന മഹാശ്മശാനത്തില്‍ നിന്നും നീ വേഗം രക്ഷപ്പെട്ടല്ലൊ പൊന്നു സ്നേഹിതാ.. രാം നാം സത്യ ഹെ.. രാമാ.. രാമാ.. ശിവരാമാ..

‘ (കലി) കാലമിനിയുമുരുളും..വിഷു വരും…’

Generated from archived content: story2_feb10_14.html Author: muyyam_rajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകാലാന്തരങ്ങള്‍
Next articleതണല്‍
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here