മറുമൊഴിഃ-
നളിനിയുടെ നൊസ്സ് ഇപ്രാവശ്യം നേരത്തെ തുടങ്ങി.
നൊസ്സെന്ന് പറഞ്ഞാൽ ഇവിടെ വിവക്ഷ-നൊസ്‌റ്റാൽജിയ-ഗൃഹാതുരത്വം. സിമ്പിൾ മലയാളത്തിൽ മൊഴിഞ്ഞാൽ മറുനാട്ടിൽ തുലയാനും പൊരുത്തപ്പെടാനുമാവാത്തവർക്ക്, സ്വനാട്ടിൽ തിരിച്ചുപോയി നരകിക്കണമെന്ന സദാനേരവുമുളള വിചാരവും, ചിന്തയും….
എന്റെ നളിനി ആ ജനുസിൽ പെടുന്നു.
യാത്രാപ്പടിഃ-
കാറിൽ നിന്നിറങ്ങുമ്പോൾ ചിരിക്കുന്ന ചില പൊയ്‌മുഖ പ്രകടനങ്ങൾ. എതിരേല്പ്. നാട്ടിലേക്ക് സ്വാഗതം. സുസ്വാഗതം.
“യാത്രയൊക്കെ സുഖായിരുന്നോ..?”
“എന്ത് സുഖ‘മെന്ന് പറയാൻ നാവെടുക്കും മുമ്പ് നളിനി ഇടയിൽ ചാടിവീണു.
”ചൂടു കാരണം ഇപ്രാവശ്യം ഞങ്ങൾ ഇ.സി.യിലാ വന്നത്… അതിനാൽ കത്തുന്ന ചൂടായിട്ടും ക്ഷീണമൊന്നുമറിഞ്ഞില്ല…“
നീരുവന്ന് വീർത്ത കാലുകളിലേക്ക് നോക്കി നെടുവീർപ്പിടുമ്പോൾ സ്വയം മനസ്സിൽ തിരുത്തി. ’നളിനിക്കിതാണ് ഇഷ്‌ടമെങ്കിൽ പിന്നെനിക്കെന്തമാന്തം?‘
നളിനി കൊച്ചുകുട്ടിയെപ്പോലെ പെട്ടെന്ന് ശാഠ്യം പിടിച്ചപ്പോൾ പുറപ്പെട്ട് പോരുകയായിരുന്നു. ജനറൽ കമ്പാർട്ട്‌മെന്റിൽ, റിസർവ്വേഷനില്ലാതെ… അത്യാവശ്യം കാശ് കടം വാങ്ങിച്ച്…ചിട്ടി നഷ്‌ടത്തിന് പിടിച്ച്….
പ്ലാനിങ്ങില്ലെങ്കിൽ ജീവിതം പമ്പരം പോലെ….
പൊങ്ങച്ചസഞ്ചിഃ-
കുളി കഴിഞ്ഞ് വരുമ്പോഴേക്കും ഊണ് തയ്യാറായി. ചമ്മന്തി, തോരൻ, വെളിച്ചെണ്ണയിൽ കാച്ചിയ പപ്പടം, വെന്തുലഞ്ഞ മുരിങ്ങക്കായും, വെണ്ടയ്‌ക്കയും, കായവും ചേർത്ത സാമ്പാറിന്റെ മണം….ഹായ്…നാവിൽ കൊതിയൂറി. നല്ലൊരൂണ് തരായിട്ട് സംവത്സരങ്ങളായെന്ന് തോന്നി.
എല്ലാ ക്ലേശങ്ങളും നിമിഷങ്ങൾക്കകം പറപറന്നു. മരം കോച്ചുന്ന തണുപ്പും ചൂടുമിവിടില്ല. മിത ശീതോഷ്‌ണം.
”വണ്ടിയിലെ ശാപ്പാടൊന്നും ശരിയായിട്ടുണ്ടാവൂലാ…. അല്ലേ?“
”അതേമ്മെ.“
ഞാൻ വായെടുത്തപ്പോഴേക്കും ദാ നളിനി ചാടിവീഴുന്നു.
”ഇപ്രാവശ്യം വണ്ടീൽ നല്ലുഗ്രൻ ഊണ് തരപ്പെട്ടു. കാശ് ലേശം കൂടുമെങ്കിലും ഏസീലെ ശാപ്പാടിനോട് കിടപിടിക്കാനാവൂലാ.“
ഞാൻ അരിശം രസത്തോടൊപ്പം അരിച്ചു കലക്കി.
ഇടങ്കണ്ണിട്ടു നോക്കുമ്പോൾ നളിനി കസറുകയാണ്.
അതെ. തിരുപ്പതി വരെ ഞങ്ങൾ കയറിയ ജനറൽ ബോഗി ഏറ്റവും പിറകിലായിരുന്നു. അവിടെനിന്നും വണ്ടി തലതിരിഞ്ഞപ്പം ഏറ്റവും മുന്നിലായി. വാരണാസി വണ്ടിയുടെ ഞങ്ങൾ കയറുന്ന തലയും വാലും മിക്കവാറും സ്‌റ്റേഷന് വെളിയിലായിരിക്കും. കൂടാതെ പാൻട്രി സിസ്‌റ്റവുമില്ല. ഇറങ്ങിച്ചെന്ന് വല്ലതും വാങ്ങിക്കാമെന്ന് കരുതുമ്പോഴേക്കും സിഗ്നലായിക്കഴിയും. നെട്ടോട്ടം മെച്ചം. പൈസയും. വണ്ടിയിലെ ആഹാരത്തിനൊക്കെ ഇപ്പം തീപ്പിടിച്ച വിലയാണ്.
ആഴ്‌ചയിലൊരിക്കൽ മാത്രം ഓടുന്ന ആർക്കും വേണ്ടാത്ത കുണ്ടാമണ്ടി. എന്നിട്ടും മണൽ വാരിയിട്ടാൽ താഴോട്ട് വീഴില്ല. കഴിഞ്ഞ രാത്രി ആരും ജലപാനം പോലും കഴിച്ചില്ല. കുഞ്ഞുങ്ങൾ വിശന്നുറങ്ങി, തലങ്ങും വിലങ്ങും, മരിച്ച വീട്ടിലെന്നോണം.
എങ്ങനെയൊക്കെയോ തരപ്പെടുത്തിയ ബർത്തിൽ രാവേറെ ചെല്ലുവോളം തിരിഞ്ഞും മറിഞ്ഞും ചുരുണ്ടുകൂടി കിടക്കുകയായിരുന്നു നളിനി. നല്ലോണം വിശക്കുന്നുണ്ടാവും. കമാന്നൊരക്ഷരം മിണ്ടാനൊക്കില്ലല്ലോ. കുത്തിയിരുന്ന്, കൊതുകിനെ തല്ലിക്കൊല്ലി ഞാൻ നേരം വെളുപ്പിച്ചു.
ഏസി കോച്ചിൽ നല്ല ആഹാരമാണോ സർവ്വ് ചെയ്യാറുളളത്? അറിയില്ല.
അടിച്ചുപൊളിഃ-
ഒരാഴ്‌ച നാട്ടിൽ കുശാലായിരുന്നു. ഞങ്ങൾ പ്രവാസികൾ വല്ലപ്പോഴും കയറിച്ചെല്ലുന്ന അതിഥികളാണല്ലോ.
കുറെ യാത്രകൾ, കല്യാണങ്ങൾ, ഗൃഹപ്രവേശം, പിറന്നാൾ, സിനിമ, ഉത്സവം, തെയ്യം, വിരുന്നുകൾ, പയ്യാമ്പലം, ലേശം സ്വർണ്ണം, ഇത്തിരി കൈമടക്ക്, ഉടുപ്പ്, സമ്മാനപ്പൊതികൾ…
നളിനിക്കിതൊക്കെ നിർബ്ബന്ധമാണ്. എന്റെ കീശയുടെ വലുപ്പം കുറഞ്ഞു തുടങ്ങിയപ്പോൾ മുറുമുറുപ്പ്. സൗന്ദര്യപ്പിണക്കം. യാത്ര ടാക്‌സിയിൽ നിന്നും ഓട്ടോയിലേക്കും പിന്നെ ബസുകളിലേക്കുമായി ചുരുങ്ങുന്നു.
പരാധീനതകൾ വർദ്ധിക്കുന്നുഃ-
”ഈ മനുഷ്യന്റെ കൂടെ പൊറുക്കാൻ തുടങ്ങിയപ്പം തൊട്ട് എന്റെ കഷ്‌ടകാലം തുടങ്ങി….“
നളിനി ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു.
എത്ര ചെലവ് ചുരുക്കിയാലും നാട്ടിൽ നിന്നും തിരിച്ചു പോകുമ്പം ഇതുവരെ കടം വാങ്ങാതിരുന്നിട്ടില്ല. നളിനിയോട് ഇതൊന്നും പറയാറും അറിയാറുമില്ല. അതങ്ങനെയൊരു ജന്മം.
പരസ്പരം ജീവിതം പങ്കിടുമ്പോൾ ചില സ്വകാര്യതകൾ അനിവാര്യവുമാണ്. ഉവ്വോ?
സ്വപ്‌നകൂടാരംഃ-
”രവിയേട്ടൻ വെച്ച വീട് കണ്ടോ?“
കിടക്കാൻ നേരം നളിനി പിണക്കം മാറ്റി, അടുത്തുകൂടി.
”അവരൊന്നും നിന്നെപ്പോലെ വർഷത്തിൽ നാലുപ്രാവശ്യം നാട്ടിൽ വരുന്നവരല്ല….ഒരാണ്ടിലെ സമ്പാദ്യം മുഴുവൻ ഇങ്ങനെ ഓരോ പ്രാവശ്യവും നമ്മൾ പുകച്ചു കളയുന്നു..“
നളിനിയുടെ തേങ്ങൽ കേട്ടു.
”സ്വന്തവും ബന്ധവുമില്ലെങ്കിൽ പിന്നെന്തിനാ ഈ സമ്പാദ്യം?“
”അതെ. നാളെ നമ്മുടെ പെൺമക്കൾ വളർന്ന് വര്‌മ്പം അവരുടെ മുഖത്ത് നോക്കി ഇങ്ങനെ തന്നെ ചോദിച്ചാ മതി…ഇന്ന് നമ്മൾ നൽകിയ കൈമടക്കും കാണിക്കയും സ്വീകരിച്ച് കൈകൂപ്പിയവർ നാളെ സഹായിക്കാൻ കൂടെ കാണുമോ മോളേ…?“
”ഇനി രണ്ടുമൂന്ന് വർഷത്തേക്ക് നമുക്ക് നാട്ടിൽ വരണ്ട…നാളെ തന്നെ മടക്കയാത്രയ്‌ക്കുളള ടിക്കറ്റ് ബുക്ക് ചെയ്തോളൂ…. കുട്ടികളുടെ പഠിത്തമെന്തിനാ വെറുതെ പാഴാക്ക്‌ണ്…“
നളിനി ആ പറഞ്ഞത് എന്നെ സന്തോഷിപ്പിക്കാനോ സ്വയം സങ്കടപ്പെടാനോ?
കോമാളി ജന്മംഃ-
പ്രവാസി നാട്ടിലും വീട്ടിലും മാത്രമല്ല മറുനാട്ടിലും അന്യനാണ്. അവിടെയും ഇവിടെയും കാലാന്തരത്തിൽ വേരുകളില്ലാത്തവൻ…
മറ്റ് പോംവഴികളില്ലാത്തതിനാൽ എങ്ങനെയെങ്കിലും വഴിപിഴച്ചു പോകുന്നു. പ്രതികൂലമായ സാഹചര്യങ്ങൾക്കടിമപ്പെട്ട്; ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ വേണ്ടി മെനഞ്ഞുണ്ടാക്കിയ കളിമൺ പ്രതിമകൾ….പേക്കോലം…കളിവളളങ്ങൾ…കണ്ണീരാറ്റിലെ തോണി….കോമാളി ജന്മങ്ങൾ….
വാസ്‌തവത്തിൽ ഒരു പ്രവാസിയുടെ നിർവ്വചനമെന്താണ്?
Generated from archived content: story1_july14.html Author: muyyam_rajan
Click this button or press Ctrl+G to toggle between Malayalam and English