“ഇപ്രാവശ്യം കാലവർഷം തകർത്തു…”
സ്വനാട്ടിലെത്തിയതിന്റെ ആദ്യാഹ്ലാദം മഴരൂപത്തിലാണ് ആ വൃദ്ധദമ്പതികൾ പങ്കുവെച്ചത്.
“നിനക്കോർമ്മയുണ്ടോ.. പണ്ടൊക്കെ സ്‌കൂൾ തുറക്കുന്നതും കാലവർഷം തുടങ്ങുന്നതും ഒരുമിച്ചാണ്…പുത്തനുടുപ്പും ഓലക്കുടേം ചൂടി വിസ്‌മയവരമ്പത്തൂടെ നനഞ്ഞൊലിച്ച്…”
മഴയും നോക്കി അവരിവരും ഉമ്മറത്തിരുന്നു. മഴയുടെ പനിനീർച്ചില്ലുകൾ ഇടയ്‌ക്കിടെ അവരുടെ ദേഹമാസകലം പൂശിക്കൊടുത്തുകൊണ്ടിരുന്നു.
നോക്കിയിരിക്കെ, ഓർമ്മയുടെ സംഭരണികൾ ഓരോന്നായി കരകവിയാൻ തുടങ്ങി.
നീണ്ട മുപ്പത്തൊമ്പത് വർഷത്തെ പ്രവാസത്തിന് ശേഷം നാലഞ്ച് മാസം മുമ്പാണവർ സ്വനാട്ടിൽ വീണ്ടും സ്ഥിരതാമസത്തിനെത്തുന്നത്. അതിനുശേഷമുളള ആദ്യത്തെ കാലവർഷവും.
വൃദ്ധരായിരിക്കുന്നു. പതിനെട്ടാമത്തെ വയസ്സിൽ നാടുവിടും മുമ്പ് കണ്ട കൗതുകക്കാഴ്‌ചകൾ പലതിനും മാറ്റം വന്നിരുന്നു. എന്നാൽ, മനസ്സിൽ മായാതെ സൂക്ഷിക്കുന്ന ചില ഓർമ്മകൾ ഓരോന്നായി വിരുന്നുകാരെപ്പോലെ മുന്നിൽ വന്നുനിന്നു, തികച്ചും നൂതനമായി.
“നീ വര്‌ന്നോ നാളെ എന്റെ കൂടെ… ഒരിടം വരെ പോകാനുണ്ട്.”
“അതിന് നിങ്ങക്കിപ്പം ഇവിടുത്തെ മാറിയ വഴികളറിയോ…”
അവർ അയാളെ കളിയാക്കി ചിരിച്ചു.
“അമ്പലത്തിലേക്കാണെങ്കിൽ ഞാനുമുണ്ട്. ഒരു വഴിപാട് കഴിക്കാനുണ്ട്.”
“പോകുന്ന സ്ഥലം മാത്രം പറയൂലാ. അതൊരു ബിഗ് സർപ്രൈസാ.. നീ വര്‌ന്നെങ്കി വാ…”
അയാളും വിട്ടില്ല.
“കൊച്ചുകുട്ടിയാണെന്നാ ഇപ്പഴും വിചാരം.. വയസ്സ് അറുപത്തിനാലായി… എന്നിട്ടും നിന്ന് ചിണുങ്ങുന്നത് കണ്ടില്ലേ..”
ഭാനുമതിയമ്മ പരിഭവിച്ചു.
“നിന്റെ വയസ്സെന്തിനാ മറച്ചു പിടിക്ക്‌ന്ന്…. നിനക്കുമായി മധുര അമ്പത്തേഴ്..!”
ഞങ്ങളെ സംബന്ധിച്ച് ബാല്യകാലം തിരിച്ചു കിട്ടിയത് മാതിരിയാണ്. കളികൂട്ടുകാരിയെ തന്നെ പിൽക്കാലത്ത് പ്രിയസഖിയാക്കാൻ കഴിഞ്ഞു. സഫലമീയാത്ര…
ഒടിഞ്ഞുതൂങ്ങി നിന്ന പഴയ തറവാട് പുതിയ രീതിയിൽ ഉടച്ചുവാർത്ത്, വൃദ്ധസദനമെന്നതിന് പേരിട്ടു.
പുതിയ തലമുറയവരെ തിരിച്ചറിയാൻ കൂട്ടാക്കിയില്ല. കുടിയേറ്റക്കാർ… ചിലർ പുച്ഛിച്ചു. മറ്റ് ചിലർ ഒരു ദൂരമെന്നും കാത്തു സൂക്ഷിച്ചു; അവർ തമ്മിൽ.
നാട്ടിലെ കാറ്റും കുളിരും വേഗം തിരിച്ചറിഞ്ഞു, അവരെ.
“ഇത്രേം കാലം എവ്‌ടാര്‌ന്നു..?”
കാറ്റ് മെല്ലെ കിന്നാരം ചോദിച്ചു.
“പുറനാട്ടിലായിരുന്നപ്പോഴും വിചാരം മുഴുവൻ ഇവ്‌ടാര്‌ന്നല്ലെ… ഞങ്ങളെയൊക്കെ കാണാൻ വീണ്ടും വന്നല്ലോ…മതി…നഷ്‌ടപ്പെട്ടതൊക്കെ നമുക്കിനീം തിരിച്ചുപിടിക്കണം… വല്ലപ്പോഴും നാട്ടിൽ വന്ന് പോകുമ്പോൾ ഞങ്ങളെ മൈൻഡ് ചെയ്യാതിരുന്നതെന്താ..?”
മഴ കാതിൽ ചൂളമിട്ടു. പരിഭവിച്ചു.
“ഞങ്ങളുടെ മക്കൾക്കൊന്നും നാടും വീടും വേണ്ടെടോ. അവർക്കിവിടെ വന്നാൽ ശ്വാസം മുട്ടും… ഞങ്ങളെ അവരുടെ കൂടെ ചെല്ലാൻ കുറെ വിളിച്ചു. പോയില്ല. പോവാൻ തോന്നിയില്ല. ഇനിയുളള കാലം നിങ്ങളോടൊപ്പമിവിടെ… സ്വന്തം നാട്ടിൽ അടിച്ചുപൊളിക്കാൻ വിചാരിച്ചു. ഞങ്ങൾ മുമ്പ് ലീവിൽ വന്നത് അതിഥികളെ പോലല്ലെ..” അവരും പ്രകൃതിയോട് കുശലം നടത്തി.
പഴമ്പുരാണങ്ങൾ ഓരോന്നയവിറക്കി കിടക്കാൻ ഏറെ വൈകിയിരുന്നു.
കാലത്ത് എഴുന്നേറ്റ് നോക്കിയപ്പം കിടന്നിടത്താളില്ല.
മധുരമില്ലാത്ത ചായയുമായി വന്ന് തൊട്ട് വിളിക്കുമ്പോഴാണ് സാധാരണ എഴുന്നേൽക്കാറാണ് പതിവ്.
എങ്ങോട്ട് പോയതാര്‌ക്കും? ഒരെത്തും പിടിയും കിട്ടുന്നില്ല. അതും കോരിച്ചൊരിയുന്ന മഴയത്ത്… പുറത്തിറങ്ങാനും പ്രയാസമാണ്.
പരിസരമാകെ പരതി നോക്കി. ഒരിടത്തുമില്ല.
അവസാനം, അലമാരയിൽ തപ്പിയപ്പോൾ പുത്തനുടുപ്പും കുടയുമവിടില്ല. ബാഗും കാണാനില്ല.
കഴിഞ്ഞ ദിവസം ടൗണിൽ പോയപ്പം നിർബന്ധിച്ച് വാങ്ങിച്ചതായിരുന്നു ആ ഉരുപ്പടികളൊക്കെ. തന്നെ വിട്ട് പോയതാണോ? നാട് മടുത്തോ? ഭാനുമതിയമ്മയുടെയുളളിൽ വേവലാതിയോടൊപ്പം ഒരു കുസൃതിച്ചിരിയുടെ കൊളളിയാൻ മിന്നിമറഞ്ഞു.
പുറത്ത് ഒരു തകർപ്പൻ മഴക്കുളള തയ്യാറെടുപ്പാണ്. മാനം കരിങ്കാട് പോലായി. തണുത്ത ഒരു കാറ്റ് വീശിയതും തുളളിക്കൊരു കുടം വീണു. നിമിഷങ്ങൾക്കകം പാടം പുഴ പോലായി.
ആ പുഴവരമ്പ് നീന്തി ആരോ വരുന്നുണ്ടോ? അവർ കണ്ണിന്മേൽ മറപിടിച്ച് വിസ്‌മയത്തോടെ താണും ചെരിഞ്ഞും നോക്കി. വെറുതെ തോന്നിയതായിരിക്കും. വയസ്സാവുമ്പം വിചാരങ്ങളുടെ വേലിയേറ്റങ്ങളേറും. ഈയിടെയായി ചില നിഴലുകൾ കൂടെ നടക്കുന്നുണ്ടെന്ന തോന്നലാണ് ഏത് നേരവും. വിടാതെ ആരോ കൂടെയുണ്ട്.
“ഇവിടാരുമില്ലേ?”
മനസ്സിലെ ഉൽക്കണ്‌ഠയെ മാടിയൊതുക്കി ഭാനുമതിയമ്മ മഴയുടെ മൂടാപ്പിലൂടെ പകച്ചു നോക്കി. മുന്നിലൊരു മഴക്കോലം വന്ന് നിൽക്കുകയാണ്, ഓണവേടനെപ്പോലെ… പേടിച്ചുപോയി.
“എന്റീശ്വരാ…”
അവർ മൂക്കത്ത് വിരൽ വച്ചു.
“നമ്മുടെ സ്‌കൂൾ തുറന്നപ്പം തൊട്ട് ആലോചിക്കുന്നതാ… കുട്ടികളുടെ ആഹ്ലാദോത്സവമൊന്ന് ചെന്ന് കാണണമെന്ന്. ഓ, എന്തൊരു മഴ… ഒപ്പം അല്പം മഴേം സംഭരിക്കാലോ… കുശാലായിപ്പം…”
അയാൾ കൊച്ചുകുട്ടിയെപ്പോലെ മുറ്റത്ത് നിന്ന് ചിണുങ്ങി.
“വേഗം കയറി വന്ന് തലതോർത്ത്… വെറുതെ പനിച്ച് കിടക്കണ്ടാ…നൂറുകൂട്ടം രോഗങ്ങളുളള മനുഷനാ ചെറ്യ കുട്ട്യേപ്പോലിങ്ങനെ…”
നനഞ്ഞു വിറച്ചു നിൽക്കുന്ന ഭർത്താവിനെ കാണുന്തോറും ഭാനുമതിയമ്മയുടെയുളളിൽ സങ്കടം കരകവിഞ്ഞു.
“തല തോർത്താനോ… നിനക്കറിയൂലെ കേരളത്തിൽ വന്ന പുതിയ നിയമം… ഞാൻ സ്വയമൊരു മഴ സംഭരണിയായതാ… മഴവെളള ശേഖരണം…”
അവർ വിശ്വാസം വരാതെ പിറുപിറുത്തു.
“എന്തായാലും നിങ്ങൾ ഈ ചെയ്‌തതൊട്ടും ശരിയായില്ല. ഇങ്ങനാണെന്നറിഞ്ഞിരുന്നെങ്കിൽ ഞാനും വരുവാര്‌ന്നു കൂടെ… ശ്ശേ, എന്നെ പറ്റിച്ചൂലോ..”
ഭാനുമതിയമ്മ തോർത്തുമായെത്തുമ്പോൾ ഗദ്‌ഗദം തൊണ്ടയിലൊതുക്കാൻ ഒരു ശ്രമം നടത്തിനോക്കി.
“അടുത്ത വർഷംവരെ ജീവിക്ക്വാണെങ്കിൽ എന്നേം കൂട്ടണേ നമ്മുടെ പഴയ മഴക്കാല സ്‌കൂൾ കാണാൻ…. ഇപ്പം വല്ലാത്ത കൊതി തോന്നുന്നു. അടുത്ത മഴവരെ നിൽക്ക്വോന്നിപ്പം എന്താ ഒരൊറപ്പ്.”
അതുകേട്ട് വിങ്ങിപ്പൊട്ടിപ്പോകാതിരിക്കാൻ അയാൾ മഴയിലേക്ക് ഷർട്ടൂരി പിഴിയുമ്പോൾ, വികാരങ്ങൾ ഓരോന്നായി ഉരുൾ പൊട്ടുകയും കൗമാരക്കനവിലെ ജലസംഭരണികൾ കരകവിയാൻ തുടങ്ങുകയും ചെയ്‌തു. ഇരുവരുടെ കണ്ണിലും കരളിലും.
Generated from archived content: story1_dec22.html Author: muyyam_rajan