ഒരു കരിവണ്ട് മുരളുന്നുണ്ട്
കാതിൽ പൂവിൽ കുന്നിൻചെരിവിൽ
കാട്ടുപൂഞ്ചോലയിൽ കനവിൽ
പണ്ടിവിടം കൊടൂംകാടായിരുന്നു
ഇന്നോ നഗരം മഹാനഗരം
സിമന്റു കൊട്ടാരങ്ങളാൽ നിബിഢം
ചുണ്ടിലൊരു മൂളിപ്പാട്ട് വിരിയുന്നുണ്ട്
ഒരു പൂവിളി പാടാനൊരുങ്ങുമ്പോൾ
നൂറുനൂറായിരം വികാരങ്ങളാൽ വിങ്ങിപ്പൊട്ടുന്നുണ്ട്
ചുറ്റും പൂപ്പൊലി പൂക്കുട ചോണനുറുമ്പിന്നോർമ്മ
നിത്യവും പേറുന്നുണ്ടൊരു നീറ്റൽ
ഈറൻ കാറ്റിൻ തേങ്ങൽ
പ്രണയപ്പനിപോൽ വിറച്ചു തുളളുന്നുണ്ടുള്ളിൽ
ഗ്രാമനന്‌മയില്ല കാടി.ല്ല പടലില്ല
ഇന്നെല്ലാം സുഖസാന്ദ്രം സുലഭം
അംബരചുംബികളായ
കോൺക്രീറ്റ് കൂടാരങ്ങളാലലംകൃതം
ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണെവിടെ?
ഗ്രാമക്കൂട്ടായ്‌മകൾക്ക് തീപ്പിടിപ്പിച്ച
പീടികക്കോലായകളെവിടെ?
അച്ഛനേം അമ്മേം സുലഭമായി വാങ്ങാൻ കിട്ടുന്ന
പോസ്‌റ്റ് മോഡേൺ കെട്ടിട സമുച്ചയങ്ങളാണിന്നനവരതം
പ്ലാസ്റ്റി്ക്ക് പൂക്കൾ പേപ്പർവാഴയില
ചാനലുകളിൽ പൊന്നോണപ്പൊടിപൂരം
ഓണമിന്ന് ഇൻസ്‌റ്റന്റായി അളന്നുതൂക്കി വിൽക്കുന്ന
വെറുമൊരു ഉപഭോഗവസ്‌തു…
നഗരഭ്രങ്ങളുടെ പെരുമയിൽ
കാണം വിറ്റോണമുണ്ട കാലം മറന്നു നാം
ഓണപ്പുടവയുടുത്ത
ഗ്രാമപ്പെൺകൊടിയെ മറന്നു നാം
അതിനാലായിരിക്കണം
ചിങ്ങം വന്നതും പോയതുമറിഞ്ഞില്ല
ഓണം വന്നോ? പോയോ?
അതുമറിഞ്ഞീലാ…
Generated from archived content: poem2_sept11_08.html Author: muyyam_rajan