ഓണക്കിളിയൊന്ന് പാറി വരുന്നുണ്ട്
ഓമലാളെ നിന്നിൽ കൂട്ടുകൂടാൻ…
ഓർക്കുവാനൊത്തിരി കിനാക്കളുമായെത്തി
ഓടിക്കളിക്കുമോ മാനസത്തിൽ?
പാടിപ്പതിഞ്ഞൊരു പാട്ടിൻ പാലാഴിയിൽ
പൂവിളിത്തേരേറി വന്നതാണോ?
പാതിരാപ്പൂങ്കോഴി പൂനിലാവെട്ടത്തിൽ
പലവട്ടം കൂവി വിളിച്ചതാണോ?
ആളിപ്പടരുന്ന അഗ്നിശലാകപോൽ
ആത്മാവുരുകിത്തിളച്ചിടുമ്പോൾ
ആവണിത്തെന്നലായോടിയണഞ്ഞു നീ
ആർദ്രമാക്കീടുമോ എൻ നിദ്രയെ?
വരിനെല്ലിൻ ചോലയിൽ ചിരിതൂകും ഹിമകണം
നിന്മിഴിക്കോണിൽ നിന്നടർന്നതാണോ?
നിറകാന്തിയിൽ നീന്തും ചിരകാലചിന്തകൾ
നിർവൃതിപ്പൂക്കളായ് വിടർന്നതാണോ?
വാനിൽ വിരിയുന്ന നക്ഷത്രപ്പൂക്കളെ
പാരിൽ നീ വാരിവിതറിടുമോ?
വാടിത്തളർന്നയെൻ മാനസപുത്രിയെ
വാർത്തിങ്കളെയൊന്ന് വരവേൽക്കുമോ?
Generated from archived content: poem2_aug31_06.html Author: muyyam_rajan