ഊടു വഴികളിൽ
ചാവാലി പട്ടികളെ
കല്ലെറിഞ്ഞു പരിശീലിച്ച
എനിക്കു നല്ലൊരു
ക്രിക്കറ്ററാവാനായിരുന്നു മോഹം.
എങ്കിൽ,
നാനൂറ് കോടികളുടെ ആസ്തി
നാൽപ്പതു കോടിയുടെ ഫ്ലാറ്റ്
കറൻസികളുടെ
തലയിണയിൽ ചാരി
ഇംപാലാക്കാറിൽ
ഇരമ്പിപ്പായുമ്പോൾ
നിങ്ങളിൽ സാധാരണക്കാരായ
കാണികളെക്കുറിച്ച് ഇങ്ങനൊരു
ദിവാസ്വപ്നം
നുണയാനാവുമായിരുന്നില്ല.
മണ്ഡരിക്കാലത്തെ
തെങ്ങേറ്റക്കാരനായിരുന്നു
ഞങ്ങളുടച്ഛൻ.
ഒരു ഹാഫ് സെഞ്ച്വറി
തികയ്‌ക്കും മുമ്പ് ആ പാവം
റണ്ണൗട്ടായി പോയി….
ലൈഫ് പാർട്‌ണറായ അമ്മ
ഇരുപതോവറിൽ നിന്നും നേടിയത്
വെറും പത്ത് റൺസ്…!
ക്രിക്കറ്റ്
ഭാഗ്യ നിർഭാഗ്യങ്ങളുടെ
കളിയാണെന്നറിഞ്ഞിട്ടും
മക്കൾക്ക് ലോകോത്തര
ക്രിക്കറ്റേഴ്‌സിന്റെ
നാമധേയം നൽകി
അമ്മ സായൂജ്യമടഞ്ഞു.
‘ക്രിക്കറ്ററുടെ
പേരുണ്ടാഞ്ഞിട്ടും
എനിക്കെന്താണമ്മേ
യൂവിയോ ശ്രീശാന്തോ
ആവാൻ കഴിയാഞ്ഞത്…?
’കോരനെന്നും
കുമ്പിളിലാണ് മോനേ…
കഞ്ഞി…‘
കുടുംബ സുകൃതം
മുങ്ങിക്കുളിച്ചാലും
മാറിക്കിട്ടാത്ത
മഹാ വിപത്താണ്…!
Generated from archived content: poem1_sept25_07.html Author: muyyam_rajan