കടുംചായയുടെ
നിറമായിരുന്നു
പെയ്‌തൊഴിഞ്ഞ
മഴയോളത്തിന്….
പാടവും പാതകളും
തോടായി …..
കൂരയെ നക്കിത്തുടയ്‌ക്കാൻ
പെരുമഴയിപ്പം
നടുമുററത്തേക്കു കേറി വരും….
ചക്ക, കൊട്ടത്തേങ്ങ, ഒഴുക്കിനെതിരെ
നീന്താനൊരുങ്ങുന്ന ഒരു നീർക്കോലി,
ചപ്പ്, ചവറ്,
ചത്തു മലച്ചൊരു പോത്ത്….
കുത്തൊഴുക്കിൽ
ഇവയൊക്കെ
വെറും കാഴ്‌ചകളായി…
ആർത്തിരമ്പുന്ന
തിരമടക്കിൽ
ആടിയുലഞ്ഞതേതു
മനുഷ്യക്കയ്യ്….?
നാലുദിവസമായി
നിർത്താതെ ഒരുങ്ങുകയാണ്
മഴയരങ്ങ്….
ഇരതേടിപ്പോയ
തളളപ്പൂച്ച
ഇതുവരേക്കും
തിരിച്ചു വന്നിട്ടില്ല….
പത്തുംതികഞ്ഞു നിൽക്കുന്ന
കെട്ടിയോളുടെ
പേററുനോവിന്
അകമ്പടി പേറാൻ
ഞാനെന്റെ
കണ്ണിൽ ശേഷിച്ച
പെരുമഴയെ
കാത്തുവയ്‌ക്കുന്നു…
Generated from archived content: poem1_jan30_08.html Author: muyyam_rajan