ഓർമകളുരുക്കിയ മനസ്സിനെ
സ്‌നാനം ചെയ്യിക്കാൻ
ആർത്തിരമ്പിയാണ് മഴ വരിക…..
ഇലത്തുമ്പുകളിലിഴയുന്ന മഴച്ചീളിനെ
ഇളംകാറ്റ് ഇക്കിളിയിട്ടതായിരിക്കും
നാളത്തെ പ്രധാന വാർത്ത….!
ഓട്ടിൻ പുറത്ത് ഉറഞ്ഞു തുള്ളിയ
പേമാരി കടൽ പൂകിയ കഥ
കെട്ടുവള്ളക്കാരൻ തന്റെ
പ്രേയസിയോട് പാടിപ്പുകഴ്‌ത്തും….
വേനൽ ചുട്ട വയലിറമ്പിൽ
നെഞ്ചിലുറഞ്ഞ വിങ്ങൽ
കൃഷീവലൻ കണ്ണീർ മഴയായി പെയ്യിക്കും….
സ്‌നേഹത്തിനായ് കൊതിച്ച
വരൾച്ചയിലേക്കാണ്
പ്രളയം പോലെ നിന്റെ പ്രണയം
പെയ്‌തിറങ്ങിയതെന്ന്
നിലാവിനെ നോക്കി മേഘം ഗർജ്ജിക്കും….
കാലത്തിന്റെ നിലവിളികളാണ്
ഓരോ മഴത്തുള്ളിയുമെന്ന്
നാമെന്നിട്ടും മനപ്പൂർവം വിസ്‌മരിക്കും….
Generated from archived content: poem1_aug14_09.html Author: muyyam_rajan