പ്രവാസ സോമരസം

നാഗ്പൂരില്‍ നിന്നും അകലെയുള്ള അദാശ മന്ദിരത്തിലേക്കുള്ള പടവുകള്‍ കയറിക്കൊണ്ടിരിക്കുമ്പോഴാണു എന്റെ ഹോം ടൌണായ തളിപ്പറമ്പില്‍ നിന്നും ഫെബ്രുവരി രണ്ടാം തീയതി ഉച്ചയ്ക്ക്‌ ഡോ. കരിമ്പം കെ.പി. രാജീവന്റെ വിളി വന്നത്‌: ‘നിങ്ങടെ ചേപ്പാട്‌ സോമനാഥന്‍ പോയി …’

അവിശ്വസനീയമായ ഒരു വാര്‍ത്ത. ഞാന്‍ വല്ലാതായി. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന്‌ ഒരിയ്ക്കല്‍കൂടി മനസ്സ്‌ താളം പിടിച്ചു.

‘എന്തു പറ്റീ…മുഖം വല്ലതായല്ലൊ..’ സഹയാത്രികന്‍ പരവശനായി എന്നെ നോക്കി. കിതപ്പ്‌ മൂലം ഒന്നും മിണ്ടാന്‍ കഴിയുന്നില്ല. ഞാന്‍ കൊല്ലത്ത്‌ ഗ്രാമത്തിണ്റ്റെ പത്രാധിപര്‍ മണി കെ. ചെന്താപ്പൂരിനെ വിളിച്ചു. വാര്‍ത്ത ശരിയാണെന്നും, കുരീപ്പുഴ, ഡോ. ടി.ആര്‍. രാഘവന്‍, ഉണ്‍മ മോഹന്‍, രാജന്‍ കൈലാസ്‌, മാങ്കുളം തുടങ്ങിയവര്‍ ചേപ്പാടിന്റെ പുതുതായി പണിത വീട്ടിലുണ്ടെന്നും പറഞ്ഞു. എന്നിട്ടും പോരാഞ്ഞിട്ട്‌ നാഗ്പൂരില്‍ ഗോപി ആനയടിയോട്‌ വിളിച്ചു ചോദിച്ചു. അദ്ദേഹവും തൊട്ട്‌ മുമ്പ്‌ മണിയെ വിളിച്ചതായറിയിച്ചു.

‘ഗ്രാമ’ത്തില്‍ ചേപ്പാടൊരു കോളം കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. ‘എന്റെ ഒരു ജ്യേഷ്ഠ സഹോദരന്‍ അകാലത്തില്‍ വേര്‍പെട്ടു പോയി..ഇതു വരെ നേരില്‍ കണ്ടിട്ടില്ലെങ്കിലും എഴുത്തുകുത്തുകളിലൂടെയുള്ള സുഹൃദ്ബന്ധം… വളരെക്കാലമായിട്ട്‌ മുംബൈയില്‍ .. അന്ത്യം ആലപ്പുഴയിലെ ചേപ്പാട്ടു വച്ച്‌.. ‘ ഞാന്‍ ആത്മസംയമനം വീണ്ടെടുത്തു കൊണ്ട്‌ ഹിന്ദിഭാഷിയായ സുഹൃത്തിനോട്‌ ഉരുവിട്ടു. സമാനമായ ചിന്തകളും ആശയങ്ങളുമായി ഞാനും ചേപ്പാടും സമരസപ്പെട്ടിരുന്നു. അതു വളര്‍ന്നു. വിശാലകേരളത്തിണ്റ്റെ പത്രാധിപരായിരുന്നപ്പോള്‍ നിരന്തരമായി എഴുതാന്‍ എനിക്ക്‌ പ്രേരണ തന്നു. ഇടയ്ക്കെങ്കിലും ഫോണ്‍ വിളിച്ചു. അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ കോപ്പി അയച്ചു തന്ന് ഒരാസ്വാദനം തയ്യാറാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ‘പുലരിപ്പൂവിനെ’ക്കുറിച്ചുള്ള എന്റെ കുറിപ്പ്‌ എക്സ്പ്രസ്സ്‌ പത്രത്തിന്റെ വാരാന്ത്യപതിപ്പില്‍ അച്ചടിച്ചു വന്നു. മുംബൈയില്‍ നിന്നുള്ള കലാകൌമുദി പത്രത്തില്‍ കോളം എഴുതുമ്പോള്‍ പലപ്പോഴും ആശയവിനിമയം നടത്തി; വിളിച്ചും, എഴുതിയും. ആ സൌഹാര്‍ദം വളര്‍ന്നു പന്തലിച്ചു. മിനിമാസികകളിലും ഞങ്ങളുടെ സാന്നിദ്ധ്യം ആക്കാലങ്ങളില്‍ സജീവമായിരുന്നു.

അദ്ദേഹത്തിന്റെ ‘കാലം സാക്ഷി’ എന്ന കവിതാസമാഹാരം പില്‍ക്കാലത്ത്‌ ‘ ഗ്രാമ’ത്തിന്റെ അവാര്‍ഡ്‌ നേടി. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അളിയന്റെ ഒരു ഗള്‍ഫ്‌ യാത്രയുമായി ബന്ധപ്പെട്ട്‌ ആദ്യമായി മുംബൈയില്‍ ചെന്നപ്പോള്‍ നാണപ്പേട്ടനെയും (എം. പി. നാരയണപിള്ള), ചേപ്പാടിനെയും നേരില്‍ കാണണമെന്ന അതിയായ മോഹമുണ്ടായിരുന്നു. എന്നെ എഴുതാന്‍ പഠിപ്പിച്ചതു നാണപ്പേട്ടനാണ്‌. തിരക്കുകള്‍ക്കിടയില്‍ അതിനു കഴിഞ്ഞില്ല. ‘താങ്കള്‍ക്ക്‌ തിരക്കായിരുന്നെങ്കില്‍ സാകിനാക്കയിലൊ കുര്‍ളയിലോ വന്നു ഞാന്‍ കാണുമായിരുന്നു… നേരില്‍ ഒന്ന്‌ കാണണമെന്ന മോഹം കലശലായുണ്ട്‌…’ പരിഭവം നിറഞ്ഞ വിളിക്കു പിന്നാലെ കത്തു വന്നു. എഴുത്തുകുത്തുകള്‍ അന്യമായിക്കൊണ്ടിരിക്കുന്ന കാലത്തും നിരന്തരം കത്തെഴുതി പേജുകള്‍ നിറച്ചു. (മുപ്പതിലധികം വര്‍ഷമായി ഈ പ്രക്രിയ തുടരുന്നു. ). മറുനാട്ടില്‍ നിന്നും എഴുതുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളുടെ പേരുകള്‍ നിറ സാന്നിദ്ധ്യമായി.

1980 മുതല്‍ കേരളത്തിനു വെളിയില്‍ കഴിയുന്ന എനിക്ക്‌ നാട്ടില്‍ നിന്നും പുറത്തിറങ്ങുന്ന മിനിമാസികകള്‍ എഴുത്തുകുത്തിനുള്ള വേദിയായി. ‘ഇന്ന്‌’, ഉണ്‍മ, ഗ്രാമം, അക്ഷരം…അങ്ങനെ നിലച്ചുപോയതും; മുപ്പത്‌ വയസു പിന്നിട്ട മണമ്പൂര്‍ രാജന്‍ ബാബു പത്രാധിപരായിട്ടുള്ള ‘ഇന്ന്‌’ ഇന്‍ലന്‍ഡ്‌ മാസിക (ഉണ്‍മയും, ഗ്രാമവും തൊട്ടു പിറകേയുണ്ട്‌) അന്നുമിന്നുമൊരു വിസ്മയമായി തുടരുന്നു. ഇപ്പോള്‍ പുറത്തിറങ്ങുന്ന പല മിനിമാസികകളിലും ഞങ്ങളുടെ പേരുകള്‍ അന്യം നിന്നു പോയിട്ടുണ്ടെങ്കില്‍ തപാല്‍ വകുപ്പ്‌ തന്നെയാണ്‌ അതിനുത്തരവാദി.. നാട്ടില്‍ നിന്നും, മറുനാട്ടില്‍ നിന്നും ഇന്നയക്കുന്ന പല തപാല്‍ ഉരുപ്പടികളും വിലാസക്കാരന്റെ കയ്യിലെത്തുന്നില്ല. എഴുത്തുകളും മാസികകളും തപാലില്‍ തഴയപ്പെടുന്നതും വിലാസക്കാരനെ തേടിയെത്താത്തതും തുടര്‍ക്കഥയായി. സ്ഥിരം സംഭവമായി. ‘പാല്‍ കെട്ടാലെടുത്തു കളയാം തപാലു കെട്ടാലോ ‘ (കുഞ്ഞുണ്ണി മാഷ്‌). ഇരുപത്തെട്ടോളം വര്‍ഷമായി ജോലി ചെയ്ത മദ്ധ്യപ്രദേശിലെ സിംഗറോളി വിട്ട്‌, മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തിയപ്പോള്‍ എന്തായാലും ചേപ്പാടിനെ ചെന്നു കാണണമെന്ന്‌ ഉറപ്പിച്ചിരുന്നു. അപ്പോഴേക്കും അദ്ദേഹം ഭാഭയിലെ ഉദ്യോഗത്തില്‍ നിന്നും വിരമിച്ച്‌ ചേപ്പാട്ട്‌ സ്ഥിരതാമസമായി.

ഇക്കഴിഞ്ഞ ഡിസംബറില്‍ മുംബൈയിലേക്കൊരു രണ്ടാം സന്ദര്‍ശനം വേണ്ടി വന്നപ്പോള്‍ ചേപ്പടായിരുന്നു മനസ്സു നിറയെ. എന്നിട്ടും മുംബൈയില്‍ പോയ കാര്യം അദ്ദേഹത്തോട്‌പറഞ്ഞില്ല. പഴയ കുറ്റബോധം മനസ്സിനെ മഥിച്ചു . ഇംഗ്ളീഷില്‍ എഴുതുമ്പോള്‍ ‘കേരളം’ എന്നു തന്നെ എഴുതണമെന്ന് ചേപ്പാട്‌ ശാഠ്യം പിടിച്ചു. അക്കാര്യം കത്തെഴുതി സുഹൃത്തുക്കളെ ഉദ്ബോധിപ്പിച്ചു. അത്രമേല്‍ തന്റെ ഭാഷയെയും സംസ്കാരത്തെയും ചേപ്പാട്‌ സ്നേഹിച്ചിരുന്നു. ‘നമുക്ക്‌ നമ്മുടെ നാടിനോട്‌ ഏറെ മമതയും അടുപ്പവുമുണ്ട്‌ … അതാണു നാം നമ്മുടെ നാടിനെ പേരിനോടൊപ്പം കൂടെ കൂട്ടിയിരിക്കുന്നത്‌..’ ചേപ്പാട്‌ മുയ്യത്തോട്‌ ഇടക്കിടെ ഉപദേശിക്കുമായിരുന്നു . ഇനിയതില്ല. വായനക്കാരുടെ പേജില്‍ ഇനിയൊരിക്കലും ചേപ്പാടിന്റെ സാന്നിധ്യമുണ്ടാവില്ല.. ആ നിറമൊഴി കേള്‍ക്കാന്‍ ഒരിയ്ക്കല്‍ക്കൂടി കൊതി തോന്നുമ്പോള്‍ നിരാശ മാത്രം ബാക്കി . വിങ്ങല്‍ വിട്ടു മാറുന്നില്ല. ആ വലിയ മനസ്സിനു മുന്നില്‍ അക്ഷരങ്ങളാലെന്റെ അശ്രുപൂജ !

Generated from archived content: essay1_may18_13.html Author: muyyam_rajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകുഞ്ഞേ അറിയുക നീ
Next articleപച്ചക്കറികള്‍ – 42
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here