നഷ്ടസ്മൃതിയുടെ നാനാർത്ഥങ്ങൾ

കഥയും ജീവിതവും രണ്ടല്ല. ജീവിതത്തെ മോടിപ്പിടിപ്പിക്കാനുതകുന്ന ചില പൊടിപ്പും തൊങ്ങലുകളും, ഏങ്കോണുകളും കഥയിൽ കണ്ടെന്നുവരാം. ജീവിതത്തിന്റെ ആഢംബരമായി വേണമെങ്കിലതിനെ വിലയിരുത്താം. അതിനാൽ കഥ ജീവിതത്തിൽ നിന്നും വേറിട്ട്‌ നിൽക്കുന്നന്ന ഉപാധിയല്ല. പുതിയ അറിവുകളും കണ്ടെത്തലുകളാണ്‌ കഥയുടെ കരുത്ത്‌. ജീവിതവും അതു തന്നെയാണ്‌.. നിരന്തരമായ അന്വേഷണങ്ങളിലൂടെ കണ്ടെടുക്കുന്ന കരുക്കൾ കഥയിൽ നിരത്തി അതിശയിപ്പിക്കുമ്പോൾ ഇതൊരു നല്ല കഥയാണെന്ന്‌ നാം അനുഭവിക്കുന്നു. അത്‌ ജീവിത യാഥാർത്ഥ്യത്തോട്‌ ചേർന്നു നിൽക്കുമ്പോൾ കഥയും ജീവിതവും ഒന്നു തന്നെയായിത്തീരുന്നു.

ജീവിതത്തിലെ വ്യാകുലതകളും നിഗൂഢതകളും അധികം വളച്ചു കെട്ടുകളില്ലാതെ അനാവരണം ചെയ്യുന്ന പത്തു കഥകളാണ്‌ മണി.കെ.ചെന്താപ്പൂരിന്റെ ‘നഷ്ടപ്പെട്ട എന്തോ ഒന്ന്‌’ എന്ന കഥാസമാഹാരത്തിൽ കാണാനാവുന്നത്‌.

ദയാരാഹിത്യം, അസ്ഥിരത, സത്യം, സദാചാരം, അധർമ്മം, അദ്ധ്യാത്മികത, പാപബോധം, അശാന്തി എന്നീ വിശേഷണങ്ങളാണ്‌ ഈ കഥകളിലെ അടിയൊഴുക്കുകൾ.

മനുഷ്യാവസ്ഥയുടെ തീക്ഷ്‌ണാനുഭവങ്ങളും അതിലൂടെ സങ്കീർണ്ണമായിത്തീരുന്ന നിസ്‌സഹായതകളുമാണ്‌ ഇതിലെ മിക്കവാറും കഥകൾക്കും വിഷയമായി ഭവിക്കുന്നത്‌. വീറുകെട്ട പുരുഷാർത്ഥങ്ങൾക്ക്‌ നേരെ പിടിക്കുന്ന ഏടാകൂടങ്ങൾ നിറഞ്ഞ ഒരു മുഖക്കണ്ണാടി. അതിൽ പ്രതിബിംബിക്കുന്ന വികലമായ പ്രതിഛായകൾ. ജീവിതത്തിന്‌ അടിക്കടി സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയും അതിന്റെ അപചയങ്ങളുമാണ്‌ ഇക്കഥകളുടെയും അന്തർധാരയായിത്തീരുന്നത്‌.

ഇക്കഥകളിൽ കാണുകയും ജീവിക്കുകയും ചെയ്യുന്ന അനന്തൻ, സദാനന്ദൻ, പ്രശാന്തൻ, ബലരാമൻ എന്നിവരെല്ലാം തന്നെ നമുക്ക്‌ ചുറ്റുമുളളവരാണ്‌.

സ്വന്തക്കാരും ബന്ധക്കാരും കൈയ്യൊഴിയുന്നന്ന ഒരു സഹജീവിയോടുളള ആത്‌മാർത്ഥമായ പരിചരണമാണ്‌ ‘ഓർമ്മയിൽ ഒരു രാത്രി ’ എന്ന കഥയിലെ പ്രശാന്തനും ശങ്കരൻ നായരും തമ്മിൽ. സ്വന്തമെന്ന പദത്തിനർത്ഥമെന്താണ്‌?

പ്രേമവും കാമവും വിവശതയും വികാരവും കെട്ടിമറിയുന്ന വന്യതയാണ്‌ അപരിചിതയായ പെൺകുട്ടി, അയാൾ ചോദിക്കുന്നു, വിഷജന്തുക്കൾ എന്നീ കഥകളിലെ പ്രതിപാദ്യ വിഷയം.

ജീവിതം സമ്പുഷ്‌ടമാക്കാനെടുക്കുന്ന ഒരു പോളിസിയുടെ പേരിലനുഭവിക്കുന്ന വിഭ്രാമകമായ പതനത്തിന്റെ കാഴ്‌ചയാണ്‌ ‘ബലരാമന്‌ ശനിദശ തുടങ്ങിയപ്പോൾ’ എന്ന കഥയിൽ കാത്തുവയ്‌ക്കുന്നത്‌. ‘നിശബ്ദതയുടെ മലമുകളിലെ’ ശിവൻകുട്ടി ജീവിതത്തിന്റെ അനാഥത്വം ആവോളം അനുഭവിച്ചയാളാണ്‌. വാർദ്ധക്യത്തിലെ ചില ദുരാഗ്രഹങ്ങളാണ്‌ ‘വൃദ്ധക്കനവുകളിൽ’ വിറകൊളളുന്നത്‌.

ഒരു പറ്റം മനുഷ്യമൃഗങ്ങളാൽ വേട്ടയാടപ്പെടുന്ന സ്‌ത്രീക്ക്‌ നേരെ നോക്കുക്കുത്തിയായി നിൽക്കേണ്ടിവരുന്ന മരവിച്ച ചേതനയുടെ പുരുഷരൂപമാണ്‌ ‘നഷ്ടപ്പെടുന്ന എന്തോ ഒന്ന്‌ ’ എന്ന കഥ. മനുഷ്യമനസുകൾക്കേറ്റ മരവിപ്പിലേക്കാണ്‌. ഇക്കഥ വിരൽ ചൂണ്ടുന്നത്‌.

സ്‌ത്രീധനസമ്പ്രദായം സമൂഹത്തെ അർബുദം മാതിരി കാർന്നു തിന്നുന്ന മഹാരോഗമാണിന്ന്‌. വിവാഹമോടി കല്യാണപ്പെണ്ണിന്റെ സ്വർണ്ണത്തിലാണ്‌ തൂക്കുന്നത്‌. വിലപ്പെട്ടതെല്ലാം പണയപ്പടുത്തി മകൾക്ക്‌ നേടികൊടുക്കുന്ന പുരുഷ സൗഭാഗ്യത്തെയാണ്‌ ‘പുരോഗമന കാഴ്‌ച’ എന്ന കൊച്ചു കഥയിൽ കാണിച്ചു തരുന്നത്‌.

ഭാര്യയോടുളള അവജ്ഞയിൽ നിന്നാരംഭിക്കുന്ന ദുർവിചാരങ്ങൾക്ക്‌ എത്രത്തോളം തരം താഴാനാവുമെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്‌ ‘മൂർഖൻ’ എന്ന കഥയിലെ സദാനന്ദൻ.

സമൂഹനന്മ പ്രത്യാശയുടെ കൈത്തിരിയായി കൊണ്ടുനടക്കുമ്പോഴും അതിന്റെ പൂരണത്തിന്‌ വിലങ്ങുതടിയായിത്തീരുന്ന എത്രയോ കടമ്പകളുണ്ട്‌. അതിനെ ഒരു നല്ല പരിധിവരെ അതിജീവിക്കാൻ കഴിയുന്നത്‌ കൊണ്ടാണ്‌ മണിയുടെ കഥകൾ വിജയിച്ചു എന്ന്‌ പറയാനാവുന്നത്‌. എഴുത്തിന്‌ കൊഴുപ്പ്‌ കൂട്ടാനുളള കരുക്കൾ ഈ കഥാകാരന്റെ കൈയ്യിലുണ്ടെന്ന്‌ ഉറപ്പിച്ചു തന്നെ പറയുന്നു ഈ സമാഹാരം.

Generated from archived content: bookreview_nov17_06.html Author: muyyam_rajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleബൗദ്ധികരംഗത്തെ പുതിയ ചലനങ്ങൾ
Next articleഭ്രൂണഹത്യ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here