ജീവിത വഴികളെ നിയന്ത്രിക്കുന്നത് ചില നിമിത്തങ്ങളും നിയോഗങ്ങളുമാണ്. നിത്യ ജീവിതത്തിൽ നടമാടുന്ന നഗ്നസത്യങ്ങളുടെ വിളംബരമാണ് മണി കെ. ചെന്താപ്പൂരിന്റെ നാല്‌പത്തിനാല് ലേഖനങ്ങളുടെ സമാഹരമായ ‘നിയോഗിയുടെ നേർവരകൾ’ സാക്ഷ്യപ്പെടുത്തുന്നത്.
കാര്യങ്ങൾ വളച്ചൊടിക്കാതെ അവതരിപ്പിയ്‌ക്കാനുള്ള കഴിവും തദ്വാര അനുവാചകന്റെ അഭിരുചിക്കനുസൃതമായി വിഷയങ്ങളെ പാകപ്പെടുത്തിയെടുക്കാനുമുള്ള അനന്യമായ മിടുക്കുമുണ്ട് ഈ എഴുത്തുകാരന്.
സമകാലീന ജീവിതയാഥാർത്ഥ്യങ്ങളെ അത്യപൂർവ്വമായ ഉൾക്കാഴ്‌ചയോടെ വീക്ഷിച്ച് അവ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ വായനക്കാരന് പകർന്നു നൽകുന്ന കർമ്മം എഴുത്ത് തൊഴിലായി സ്വീകരിച്ചവന്റെ വിജയസാദ്ധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു.
കൊല്ലത്തു നിന്നും പ്രസിദ്ധീകരിക്കാുന്ന ഗ്രാമം മാസികയുടെ പത്രാധിപരും നാളെ ബുക്‌സിന്റെ പ്രസാധകനും കൂടിയാണ് മണി. ഗ്രാമം മാസികയിലും അന്യേതര പ്രസിദ്ധീകരണങ്ങളിലും പലപ്പോഴായി വെളിച്ചം കണ്ടവയാണീ കൃതിയിലെ രചനകൾ.
പിരിമുറുക്കം അനുഭവിക്കുന്ന ജീവിത സാഹചര്യങ്ങളിൽ യാതൊരു ഗത്യന്തരവുമില്ലാതെ എഴുതേണ്ടി വന്ന ആത്മരോദനങ്ങൾ. അടങ്ങാത്ത നിലവിളികളുടെയും പൊറുതിമുട്ടലുകളുടെയും ബഹിർസ്‌ഫുരണങ്ങൾ. ലേഖനകാരന്റെ നർമ്മബോധം വായനയുടെ പിരിമുറക്കത്തെ ലഘൂകരിക്കുന്നുണ്ട്. പലരും പുറത്തുപറയാൻ മടിക്കുകയും പാടുപെടുകയും ചെയ്യുമ്പോൾ മണി പരമാർത്ഥങ്ങളെ ഉച്ചൈസ്‌തരം വായനക്കാർക്ക് മുന്നിലവതരിപ്പിച്ച് കയ്യടി നേടുന്നു. എഴുത്തിന്റെ പ്രസക്‌തിയും പ്രതിജ്ഞാബദ്ധതയും അങ്ങനെയാണ് പാഠകരാൽ ആരാദ്ധ്യമായിത്തീരുന്നത്.
അമ്പല വിശ്വാസികളായി ജീവിക്കരുത്, സ്‌ത്രീകളോട് തോന്നേണ്ടത് സ്‌നേഹമല്ല കാരുണ്യം, അതിവൈകാരികതയിലെ അപകടങ്ങൾ, സജീവമായ മരണചിന്ത ആയുസ്സ് വർദ്ധിപ്പിക്കും, സന്യാസിമാരും അച്ചൻമാരും വിവാഹം കഴിക്കണം, കൈമാറേണ്ടത് ജാതകമല്ല, മെഡിക്കൽ സർട്ടിഫിക്കറ്റ്, മൃതശരീരം കാത്തുവയ്‌ക്കുന്നതെന്തിന്, പെൺകുട്ടികൾ പ്രണയവും പഠിക്കട്ടെ, പന്നിപ്പേറ് തടയണം, ബാങ്കുകൾക്ക് വേണ്ടി ജീവിക്കരുത്, മക്കൾക്കുവേണ്ടി സമ്പാദിച്ചു കൂട്ടരുത് എന്നിങ്ങനെ നീളുന്നു ഈ സമാഹാരത്തിലെ വിഷയങ്ങളുടെ വൈവിധ്യത.
ഈ രചനകളിലൂടെ സഞ്ചരിക്കുമ്പോൾ നമ്മുടെ സ്വന്തം ആശങ്കകളും ആകൂലതകളും തന്നെയാണല്ലോ ഇവയെന്ന ഒരുസാക്ഷ്യപ്പെടുത്തൽ കൂടിയുണ്ടാവുന്നു. യുക്തിബോധത്തിന്റെയും സൂക്ഷ്‌മനിരീക്ഷണത്തിന്റെയും സാക്ഷ്യപത്രം കൂടിയാണ് ഈ നേർരേഖകൾ.
സമകാലീന സംഭവങ്ങളോട് പുറന്തിരിഞ്ഞു നിൽക്കാതെ സത്യസന്ധമായി പ്രതികരിക്കുമ്പോൾ പലരേയും മുഷിപ്പിച്ചെന്ന് വരാം. എങ്കിലും സത്യമപ്പോൾ അസത്യമായിത്തീരുന്നില്ല.
സമൂഹം മറക്കുടപിടിച്ച് പരിപോഷിപ്പിക്കുന്ന കാപട്യങ്ങളെ ഉള്ളുതുറന്നുകാട്ടുന്ന ഈ കൃതിയിലൂടെ മണി വായനക്കാരന്റെ പ്രശംസപിടിച്ചു പറ്റുമെന്ന കാര്യത്തിൽ ആശങ്കയില്ല.
ദുഷിച്ച കാലത്തെ ദുർബ്ബലങ്ങളായ നിമിഷം സമ്മാനിക്കുന്ന ചിന്താധാരകൾ എന്തിനെല്ലാം നമ്മെ പ്രേരിപ്പിക്കുന്നില്ല എന്നതിന്റെ പുനർചിന്തനം തന്നെയാണ് ഈ കൃതി.
ചിന്തകളിൽ ഒരു കലാപം എന്ന കാക്കനാടന്റെ ആമുഖകുറിപ്പ് ഈ സമാഹാരത്തെ ആഴത്തിൽ അളന്ന് തിട്ടപ്പെടുത്തുന്നുണ്ട്.
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരമാണ് ഈ ലേഖന സമാഹാരത്തിന്റെ പ്രസാധകർ. വില 60&- രൂപ.
Generated from archived content: book1_feb14_09.html Author: muyyam_rajan
Click this button or press Ctrl+G to toggle between Malayalam and English