ഗതിവേഗം രോമഞ്ചമുണ്ടാക്കും ; പക്ഷെ ,കൊല്ലും.
ഈ വിവരം സഞ്ചാരികളെ ഓര്‍മ്മിപ്പിക്കുന്ന നോട്ടീസ് ബോര്‍ഡ് റോഡുവക്കത്ത് പലയിടത്തും നമ്മള്‍ സാധാരണ കാണാറുണ്ട്. പക്ഷെ, ആരും അതത്ര കാര്യമാക്കാറില്ല. പൗര്‍ണമിയും ഭര്‍ത്താവും നാലും രണ്ടും വയസ്സുള്ള കുട്ടികളുമായി മോട്ടോര്‍ ബൈക്കില്‍ മൂന്നാറിലേക്ക് സഞ്ചരിക്കുകയായിരുന്നു. പക്ഷെ, യാത്രക്കിടെ അവരെ ഒരു കാറ് ഇടിച്ചിട്ടു. ഒരു കുട്ടി മുറിവ് പറ്റാതെ രക്ഷപ്പെട്ടു. മറ്റു 3 പേര്‍ക്കും പരിക്കു പറ്റി. കുട്ടിയുടെ മുറിവ് നിസ്സാരമായിരുന്നതിനാല്‍ കാറിന്റെ ഇന്‍ഷ്വറന്‍സ് കമ്പനി കുറെ തുക നല്‍കി കാര്യം ഒതുക്കി തീര്‍ത്തു. എന്നാല്‍ ബൈക്ക് ഓടിച്ചയാള്‍ക്കും ഭാര്യക്കും വലിയ മുറിവു പറ്റിയതിനാല്‍ അവരിരുവരും വാഹനാപകട നഷ്ടപരിഹാര കോടതി മുമ്പാകെ ഹര്‍ജി ബോധിപ്പിച്ചു. എന്നാല്‍ കാറ് ഇന്‍ഷ്വര്‍ ചെയ്തിരുന്ന കമ്പനി തര്‍ക്കിച്ചു . അപകടകാരണം മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആളുകളുടെ അനാസ്ഥയും കൂടിക്കൊണ്ടാണ്, അതായത് ബൈക്കില്‍ ഒന്നിലധികം പില്യന്‍ യാത്രക്കാരെ കയറ്റി ഓടിച്ചതുകൊണ്ടാണ് എന്നതിനാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത കാറുടമയ്ക്കില്ല. പില്യന്‍ എന്നാല്‍ ഓടിക്കുന്നയാളിന്റെ പിന്നില്‍ വനിതയ്ക്കിരിക്കാനുള്ള കുഷ്യന്‍ എന്നാണ് അര്‍ത്ഥം. കാറിന്റെ ഡ്രൈവര്‍ ക്രിമിനല്‍ കുറ്റം സമ്മതിച്ച് പിഴയും ഒടുക്കി തടി തപ്പി. മോട്ടോര്‍ ബൈക്ക് ഓടിച്ചിരുന്നയാളുടെയും കൂടി അനാസ്ഥകൊണ്ടാണ് അപകടമുണ്ടായത് എന്ന വാദം തെളിയിക്കേണ്ടത് അപ്രകാരം തര്‍ക്കം ഉന്നയിച്ചവരാണ്. മോട്ടോര്‍ ബൈക്കോടിച്ചിരുന്നയാള്‍ ആ അവസരത്തില്‍ ഒന്നിലധികം പില്യന്‍ യാത്രക്കാരെ കയറ്റുന്നത് മോട്ടോര്‍ വാഹന നിയമം സെ. 128 പ്രകാരം നിരോധിച്ചിട്ടുണ്ട്. ഓടിക്കുന്നയാള്‍ തന്റെ സീറ്റിനു പിന്നില്‍ സുരക്ഷയ്ക്കു മാത്രമായി ഉറപ്പിച്ചിട്ടുള്ള സീറ്റില്‍ അല്ലാതെ ആരേയും യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് നിയമപ്രകാരം തടഞ്ഞിട്ടുണ്ട്. രണ്ടു സീറ്റുകളുള്ള മോട്ടോര്‍ ബൈക്ക് രണ്ടു പേര്‍ക്ക് യാത്ര ചെയ്യാനായി മാത്രം രൂപ കല്‍പ്പന ചെയ്തിട്ടുള്ളതാണ്. മറ്റൊരാള്‍ക്കു കൂടി പങ്കിട്ടു യാത്ര ചെയ്യത്തക്കവണ്ണം ബൈക്കില്‍ ഇടമില്ല. മൂന്നാമതൊരാളെ ഇരിക്കാന്‍ ഡ്രൈവര്‍ അനുവദിക്കുന്ന പക്ഷം തന്റെ സൗകര്യപ്രദമായ ഇരിപ്പിടം നഷ്ടപ്പെടുത്തി വാഹനം നിയന്ത്രിക്കാനാവാത്ത അവസ്ഥയിലാണ് എത്തുന്നത്. പുറമേ, രണ്ടു പേര്‍ക്ക് ഇരിപ്പിടം സൗകര്യപ്പെടുത്തിയിട്ടുള്ളയിടത്ത് , മൂന്നാമതൊരാളുടെ ഭാരം കൂടി കയറ്റിയാലത് ബൈക്കിന്റെ ബാലന്‍സിനെ ബാധിക്കും. എന്നാല്‍ നിയമം ലംഘിച്ച് ബൈക്ക് യാത്ര നിര്‍ബാധം നടത്തിക്കൊണ്ടിരിക്കുന്നു. ചട്ട ലംഘനം നടത്തുന്നവര്‍ക്കെതിരെ പെറ്റി കേസ് എടുത്താലും ചെറിയ പിഴയടച്ച് സംഗതി ഒതുക്കി തീര്‍ക്കുന്നു. അപ്രകാരം വാഹനാപകട സാധ്യത കുറയ്ക്കാവുന്നതല്ല.
Generated from archived content: niyamam6.html Author: muttathu_sudhakaran