മരിച്ചു പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകള്‍ ജനിച്ചത് അസാധുവായ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീയിലാണ്. എങ്കില്‍ ആ കുട്ടിക്ക് കുടുംബ പെന്‍ഷന്‍ കിട്ടാന്‍ അര്‍ഹത ഇല്ലാതാകുമോ എന്നതാണ് പ്രശ്നം.
വി. കെ വേലായുധന്‍ മട്ടന്നൂര്‍ വില്ലേജാഫീസിലെ വില്ലേജ്മാന്‍ ആയിരുന്നു. അയാള്‍ 1995-ല്‍ മരിച്ചു. അയാള്‍ പെണ്ണമ്മയെ കല്യാണം കഴിച്ചിരുന്നു . പക്ഷെ ആ ബന്ധത്തില്‍ കുട്ടികളുണ്ടായില്ല . അതുകാരണം അയാള്‍ അമ്മിണിയെ കല്യാണം കഴിച്ചു. ആ ബന്ധത്തില്‍ ഒരു മകളും മകനും ജനിച്ചു . ഭര്‍ത്താവ് മരിച്ചപ്പോള്‍ 50% കുടുംബ പെന്‍ഷനേ പെണ്ണമ്മയ്ക്ക് കിട്ടിയുള്ളു. രണ്ടു ഭാര്യമാരും കൂടി കുടുംബ പെന്‍ഷന്‍ ആദ്യഭാര്യയ്ക്ക് നല്‍കിയാല്‍ മതി എന്നു കണിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ഹര്‍ജി ബോധിപ്പിച്ചു . ആ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. 2007 -ല്‍ ആദ്യഭാര്യയായ പെണ്ണമ്മ നിര്യാതയായി. അപ്പോള്‍ വേലായുധന്റെ രണ്ടാം ഭാര്യയിലെ മകള്‍ തനിക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് കാണിച്ച് അപേക്ഷ നല്‍കി. അവളുടെ നേര്‍ സഹോദരനായ രാജേഷിന് അനുകമ്പാ നിയമന പദ്ധതി പ്രകാരം ജോലി കിട്ടി. അത് വേലായുധന്റെ മകനായതുകൊണ്ടാണ്. വേലായുധന്റെ അവകാശികള്‍ മകനും മകളുമാണെന്ന് കാണിച്ച് തഹസീല്‍ദാര്‍ അവകാശ സര്‍ട്ടിഫിക്കറ്റു നല്‍കി രണ്ടു മക്കളുടേയും പദവി അപ്രകാരം സംരക്ഷിക്കപ്പെട്ടു. രണ്ടാം കല്യാണം അസാധുവാകയാല്‍ അമ്മിണിയുടെ പേര്‍ അവകാശ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തില്ല.
അവിവാഹിതയായ മകള്‍ മാത്രമാണ് വേലായുധന്റെ അവകാശി എന്നു കണ്ട് ജില്ലാ കളക്ടര്‍ , രാഖിയ്ക്ക് കുടുംബ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവായി. അക്കൌണ്ടന്റ് ജനറല്‍ വേലായുധന്റെ രണ്ടാം ഭാര്യയുമായി നിയമപ്രകാരമുള്ള വിവാഹബന്ധം ഇല്ലായിരുന്നുവെന്നു കണ്ട് രാഖിയ്ക്ക് കുടുംബ പെന്‍ഷന്‍ അനുവദിക്കാനാവില്ലെന്നു ആക്ഷേപം ഉന്നയിച്ചു. സര്‍വ്വീസ് റൂള്‍സ് പ്രകാരം അവിവാഹിതയിലുണ്ടായ മകളും കുടുംബ പെന്‍ഷന്‍ അര്‍ഹയാണ് എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അപ്രകാരമാണ് പെണ്ണമ്മയ്ക്ക് കുടുംബ പെന്‍ഷന് അര്‍ഹത ലഭിക്കുന്നത്. ഹര്‍ജിക്കാരി അവിവാഹിതയായിരിക്കെ അവളുടെ അച്ഛന്‍ന്റെ അസാധുവായ വിവാഹം കാരണം അവള്‍ക്ക് കുടുംബ പെന്‍ഷന്‍ അര്‍ഹതയുണ്ടോ എന്നതാണ് തര്‍ക്കവിഷയം. ഈ സംഗതി 2000 -ല്‍ തന്നെ സുപ്രീം കോടതി തീരുമാനിച്ചിട്ടുള്ളതാണ്. അതിനാല്‍ അക്കൌണ്ടറ്റ് ജനറല്‍ ഉന്നയിച്ച ആക്ഷേപത്തില്‍ കഴമ്പില്ല എന്നു വിധിയായി .
Generated from archived content: niyamam26.html Author: muttathu_sudhakaran