ഒരാളുടെ ഭൂസ്വത്തും , കട്ടില്‍, തൂക്കുവിളക്ക് മുതലായ ജംഗമസാധനങ്ങളും തന്റെ മരണശേഷം ആര്‍ക്കൊക്കെ ഉതകി കിട്ടണം എന്നുള്ള ഒരു ചിന്ത എപ്പോഴും ഒരു വൃദ്ധമനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അവ ഇന്നാര്‍ക്ക് അടങ്ങിക്കിട്ടണം എന്നുള്ള ആഗ്രഹസാഫല്യത്തിന് എളുപ്പം ചെയ്യാവുന്നതും നിയമപ്രാബല്യമുള്ളതുമായ രേഖയാണ് അവയുടെ ഉടമസ്ഥനെഴുതിവയ്ക്കുന്ന വില്‍പത്രം. വില്‍പത്രം എഴുതുന്നയാളിന് ശാരീരികമായ കെല്‍പുണ്ടെങ്കില്‍ സ്വന്തം കൈപടയിലെഴുതുന്നതാണ് ഉത്തമം. തനിയെ എഴുതുവാന്‍ പ്രയാസമാണങ്കില്‍ ആരോടെങ്കിലും പറഞ്ഞ് ഏര്‍പ്പാടാക്കി അവരെക്കൊണ്ട് വെള്ളക്കടലാസില്‍ എഴുതിക്കണം. സ്വന്തം പുരയിടത്തിന്റെ സര്‍വ്വേ നമ്പരും വിസ്തീര്‍ണ്ണവും വില്ലേജാഫീസില്‍നിന്നു കിട്ടിയ കരക്കുറി നോക്കി എഴുതണം. തൂക്കുവിളക്കിന്റെയും ഓടു കൊണ്ടുള്ള വാര്‍പ്പിന്റെയും മറ്റും തിരിച്ചറിയത്തക്കവിവരണം എഴുതണം. സ്വര്‍ണ്ണത്തിന്റെ വിവരണം കലാപം ഒഴിവാക്കാനായി എഴുതണം. എഴുതുന്നയാളിന്റെ അവസാന വില്‍പത്രമാണിതെന്നെഴുതണം. അതല്ല,ആ വില്‍പത്രം എഴുതി കുറെക്കാലം കഴികെ ആ വില്‍പത്രവഴി സമ്പത്ത് കിട്ടേണ്ടയാളിന് താല്പര്യം കുറവാണെന്ന് ബോധ്യമായാല്‍ പുതുതായി ഒരു വില്‍പത്രം എഴുതണം. പുതിയ വില്‍പത്രത്തില്‍ മുമ്പെഴുതിയ വില്‍പത്രം ഇതിനാല്‍ റദ്ദാക്കുന്നു എന്നെഴുതണം. പുതുതായി എഴുതിയ വില്‍പത്രമാണ് തന്റെ അവസാന വില്‍പത്രം എന്നെഴുതി മുമ്പെഴുതിയ വില്‍പത്രം ഭാഗീകമായോ മുഴുവനുമായോ റദ്ദു ചെയ്തിരിക്കണം. വില്‍പത്രം നല്ല കടലാസിലെഴുതി വില്‍പത്രകര്‍ത്താവ് വില്‍പത്രത്തില്‍ ഒപ്പിടുന്നത് ഒന്നിച്ചു കാണുന്ന രണ്ടു സാക്ഷികള്‍ വില്‍പത്രത്തില്‍ വില്‍പത്രമെഴുതിയ ആള്‍ ഒപ്പിടുന്നതിന്റെ താഴെയായി പ്രത്യേകം പ്രത്യേകം ഒപ്പിടണം. അവര്‍, വില്‍പത്രമെഴുതിയ ആള്‍ അവരുടെ മുന്നില്‍ വച്ച് ആ തീയതി ഒപ്പിട്ടതു കണ്ട സാക്ഷികള്‍ മാത്രമാണ്. വില്‍പത്രത്തിന്റെ ഉള്ളടക്കം ആ രണ്ടു സാക്ഷികളും അറിയണമെന്ന് നിയമം അനുശാസിക്കുന്നില്ല. കാരണം, അവര്‍ ഇരുവരു മാത്രമാണ് വില്ലെഴുതിയതിനുള്ള സാക്ഷികള്‍ . അവര്‍, കണ്ടതോ ആ വില്‍പത്രത്തില്‍ അയാള്‍ ഒപ്പിടുന്നത്. വില്‍പത്രത്തിന്റെ ഉള്ളടക്കം ഒപ്പിന്റെ രണ്ടു സാക്ഷികളും അറിയേണ്ടതായ കാര്യമേയല്ല. പക്ഷേ, ഒപ്പിട്ട ശേഷം ഒപ്പിനു മുകളിലെ വില്‍പത്ര കടലാസില്‍ മറ്റൊന്നും എഴുതാന്‍ സ്ഥലം അവിടൊന്നുമെഴുതാതെ ഇടരുത്. എഴുതിച്ചേര്‍ത്ത് പുക്കാര്‍ ഉണ്ടാകാനിട വരരുത്. ഒപ്പു സാക്ഷികള്‍ മരിച്ചുപോയാല്‍ അവരുടെ ഒപ്പറിയാവുന്നവരെ സബ്ബ് രജിസ്ട്രാര്‍ മുമ്പാകെ ഒപ്പുസാക്ഷികളായി വിസ്തരിക്കണം. വില്‍പത്രം എഴുതിയ ആളുടെ മരണശേഷം ജനനമരണ രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് 10 രൂപയുടെ സ്റ്റാമ്പുപേപ്പറില്‍ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. എന്തെങ്കിലും തടസമുണ്ടായാല്‍ ആര്‍.ഡി.ഒ. ഓഫീസില്‍ ബന്ധപ്പെടണം. വെള്ളക്കടലാസിലെഴുതിയ വില്‍പത്രവും വില്ലെഴുതിയ ആളുടെ സര്‍ട്ടിഫിക്കറ്റുമായി അവകാശി ഒപ്പിട്ട രണ്ടു സാക്ഷികളുമായി സബ്ബ് രജിസ്ട്രാര്‍ ഓഫീസിലെത്തുക. 100 രൂപ രജിസ്ട്രേഷന്‍ ഫീസ് ഒടുക്കണം. ഒരു ആധാരമെഴുത്തുകാരന്റെ സേവനം പ്രയോജനപ്പെടുത്താം. ഭൂമി പേരില്‍ കൂട്ടേണ്ടവരുടെ ഒരു ജോഡി ഫോട്ടോകളും തരപ്പെടുത്തണം. ജംഗമങ്ങളും അവകാശികള്‍ക്ക് ലഭിക്കും. വില്‍പത്രക്കാരന്‍ ഒപ്പിടുന്നതു തങ്ങള്‍ കണ്ടതായി ഒപ്പു സാക്ഷികള്‍ മൊഴി നലകണം. വില്‍പത്രം നഷ്ടപ്പെടാതെ ഒരു അസലും കൂടി എഴുതി ലോക്കറില്‍ സൂക്ഷിക്കുക; മറ്റൊരസല്‍ ഒരു സുഹൃത്തിന്റെ പക്കല്‍ എല്‍പ്പിക്കുക.
Generated from archived content: niyamam14.html Author: muttathu_sudhakaran