മൂന്നാം പെരുന്നാളിന്റെ പകൽ വെളിച്ചം തെളിഞ്ഞ് തുടങ്ങുന്നതിനു മുന്നെ എഴുന്നേറ്റ്, നേരത്തെ എത്തിയ പത്രത്തിലൂടെ വെറുതെ കണ്ണോടിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു കറവക്കാരൻ രാമേട്ടന്റെ വരവ്… വന്നപാടെ “അറിഞ്ഞില്ലെ…മ്മടെ പള്ളീലെ ബീരാനെ പോലീസ് തെരേണ്ടത്രെ…!” എന്ന് പറഞ്ഞ് മനസ്സിനെ ചെറുതായൊന്ന് നൊമ്പരപ്പെടുത്തിക്കൊണ്ട് പാൽ കറക്കുന്നതിനു വേണ്ടി തൊഴുത്തിലേക്ക് കടന്നു… ഓർമ്മിക്കാൻ ഒരു വിഷയം കിട്ടിയത് കൊണ്ടാവണം ബിരാന്റെ ആദ്യകാലങ്ങളിലേക്ക് മനസ്സ് സഞ്ചരിച്ച് എന്തൊക്കെയോ ചികഞ്ഞ് പുറത്തെടുത്തത്…
വർഷങ്ങൾക്കു മുന്നെ ഒരു റമദാൻ മാസത്തിൽ എങ്ങിനെയോ ഞങ്ങളുടെ നാട്ടിൽ എത്തിപ്പെട്ട് വീടുകൾ തോറും കയറിയിറങ്ങി അന്നത്തിനുള്ള വക കണ്ടെത്തിയിരുന്ന ബീരാന്റെ നാട് ചോദിച്ചവരോട് ശുദ്ധതമിഴിലുള്ള അവന്റെ മറുപടി “നെയ്‌വേലി പക്കം” എന്നായിരുന്നു… ഉപ്പയെ കുറിച്ച് ചോദിച്ചാൽ “തെരിയാത്” എന്നും ഉമ്മയെ പറ്റി ചോദിച്ചാൽ “നഞ്ച്‌കായ് സാപ്പിട്ട് എരന്ത് പോച്ച്..” എന്നും പറയും. അതിനപ്പുറം ബീരാന്റെ കാര്യങ്ങൾ ആർക്കും അറിഞ്ഞുകൂടാ…
“നമ്മടെ ജാതീപ്പെട്ട കുട്ടിങ്ങനെ വഴിപെഴച്ച് പോണത് സര്യല്ലല്ലോ…” എന്ന് തോന്നിയത് കൊണ്ടാവണം പള്ളിയിലെ വല്ല്യുസ്താദ് അവന് ദീനികാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കുന്നതിന്റെ കൂട്ടത്തിൽ ഭക്ഷണവും താമസവും എല്ലാം തരപ്പെടുത്തി കൂടെ കൂട്ടിയത്….. ആ മാസത്തെ അവസാനത്തെ വെള്ളിയാഴ്‌ച കൂടിയ മഹല്ല് യോഗത്തിൽ അയമുഹാജി നിസ്‌കാരതഴമ്പ് ചൊറിഞ്ഞുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ “ഞമ്മളൊക്കെ ഇസ്ലാമിന്റെ ഒടപ്പെറപ്പീങ്ങളല്ലേ സായ്‌വെ” എന്ന വല്ല്യുസ്താദിന്റെ ചോദ്യത്തിന് അയമുഹാജിക്ക് ഉത്തരമൊന്നും ഇല്ലായിരുന്നത്രെ…! അങ്ങനെ ബീരാൻ “പള്ളീലെ ബീരാനും” ഞങ്ങളുടെ നാട്ടുകാരനുമായി…
മഹല്ല് കമ്മറ്റി തിരഞ്ഞെടുത്ത ഓരോരോ വീടുകളിൽ നിന്നും വല്ല്യുസ്താദിന് നേരത്തിനു ഭക്ഷണം വാങ്ങി എത്തിച്ചുകൊടുക്കലായിരുന്നു അവനേറ്റെടുത്ത ആദ്യത്തെ ജോലി… ആ പണിയിലൂടെയാണ് ഞാൻ ബീരാനെ പരിചയപ്പെടുന്നത്…. രാത്രി കാലങ്ങളിൽ ജിന്നുകളും മലക്കുകളും ഒക്കെ വരുന്ന പള്ളിയിൽ കിടക്കുന്ന ബീരാനോട് പേടികലർന്ന ബഹുമാനമായിരുന്നു അന്നൊക്കെ എനിക്ക്…
പേടിയോടെയാണെങ്കിലും “ഇത്ര ധൈര്യത്തിൽ പള്ളീലെങ്ങിനെയാ കെടക്ക്‌ണത്….” എന്ന് ഒരു ദിവസം വീട്ടിൽ ഭക്ഷണം വാങ്ങാൻ വന്നപ്പോൾ ബീരാനോട് ഞാൻ ചോദിക്കുക തന്നെ ചെയ്തു…. വെള്ള കുപ്പായത്തിന്റെ ഇടത് കൈ മേലേക്ക് തെരുത്ത് കയറ്റി കൈത്തണ്ടയിൽ മന്ത്രിച്ച് കെട്ടിയ ഏലസ്സ് കാണിച്ച് ആയിടെ സ്വായത്തമാക്കിയ മലയാളത്തിൽ അൽപ്പം തമിഴ് കലർത്തി അവൻ പറഞ്ഞത്.. “നമ്മ വല്ല്യുസ്താദ് തന്നതാ… പോരത്തേന് കെടക്കാൻ നേരത്ത് വെള്ളോം മന്ത്രിച്ചേരും… പിന്നെയെതുക്ക് ഭയപ്പെടണം തമ്പീ….”
വെള്ളവസ്ര്തത്തിനുള്ളിലെ കറുത്തിരുണ്ട ആ രൂപത്തെ നാട്ടുകാർക്ക് ആർക്കും ദേഷ്യമില്ലായിരുന്നു എന്ന് തറപ്പിച്ച് പറയാൻ കഴിയില്ല… കാരണം ഒരു കല്ല് കടിയെന്നവണ്ണം മെരുമൊയ്തീൻ നിലനിന്നിരുന്നു… കള്ളുകുടിച്ച് ലെക്കുകെട്ട് നടക്കുന്ന മെരുമൊയ്തീന് ബീരാനെ കാണുമ്പോൾ ഉള്ളിലൊരു നുരഞ്ഞ്‌പൊങ്ങലാണ്… “പോണ് കണ്ടില്ലെ ഹമുക്ക്… ഇവിടെ വരുമ്പോൾ ഈളക്കടു പോലണ്ടാർന്ന സാധനാണ്… ഇപ്പോ വരാല് പോലായക്ക്‌ണ്….” ലഹരിയിൽ കുതിർന്ന വാക്കുകൾ പ്രതികരണങ്ങൾ ഒന്നുമേൽക്കാതെ ചിതറി വീഴുകയാണ് എന്നത്തെയും പതിവ്… ഇത്തരം പരിഹാസങ്ങൾ ഒന്നും വകവെയ്‌ക്കാതെ തൂക്കുപാത്രവും പിടിച്ച് കാലങ്ങളിൽ നിന്ന് കാലങ്ങളിലേയ്‌ക്ക് ബീരാൻ നടത്തം തുടരുക മാത്രം ചെയ്തു…. രാത്രി കാലങ്ങളിൽ തൂക്കുപാത്രത്തിനു പകരം ഒരു കയ്യിൽ ‘മൗലൂദ്’ നോക്കി ചൊല്ലാനുള്ള ‘ജിൽദും’ മറുകൈയ്യിൽ ആറുകട്ടയുടെ ടോർച്ചും ഉണ്ടാവും… വല്ല്യുസ്താദിനെ പിന്തുടർന്ന് കൊണ്ട് ‘മൗലൂദ്’ ചൊല്ലാനുള്ള വീടുകളിലേക്ക്… ‘മുസീബത്തു’കൾക്കും രോഗശാന്തിക്കും വല്ല്യുസ്താദിന്റെ മൗലൂദ് ഉത്തമ നിവാരണ മാർഗ്ഗമാണത്രെ…!
കുന്തിരിക്കത്തിന്റെയും ചന്ദനത്തിരിയുടെയും പുകനിറഞ്ഞ അന്തരീക്ഷത്തിൽ മൗലൂദിന്റെ താളം മുറുകുന്നതിന്ന് മുന്നെ കോഴിയുടെ നിലവിളിയും മരണവെപ്രാളവും ഇരുട്ടിൽ ലയിച്ചിരിക്കും… പിന്നെ സമൃദ്ധമായ ഭക്ഷണവും കഴിഞ്ഞ് ‘വിഹിതം’ കൈപ്പറ്റാനായി ബീരാൻ വീടിന്റെ ചുമരിലേക്ക് വെറുതെ ടോർച്ചടിച്ച് ബാറ്ററിയിടുന്ന ഭാഗത്തെ മൂടി തിരിച്ച് പോയന്റ് ശരിയാക്കികൊണ്ടിരിക്കും., ഒപ്പം “ഇത്താ…, വല്ല്യുസ്താദിന് തിരക്കുണ്ടത്രെ…!” എന്നു കൂടി പറഞ്ഞൊപ്പിക്കും… ബീരാന് പരിചയമുള്ള സ്ര്തതീകളെല്ലാം അവനു ഇത്തയാണ്.. ചില ഇത്തമാർ മൗലൂദ് ചൊല്ലിയതിന് കൊടുക്കുന്ന കാശ് മുതലാക്കുന്നതിന് വേണ്ടിയാവണം… “ദാ വരണ് ബീരാനെ… ഉസ്താദിനോട് ഒരു യാസീനും കൂടി ഓതി ദുഅറെന്നോളാൻ പറഞ്ഞോളീൻ” എന്ന് അകത്ത് നിന്നു വിളിച്ചുപറയും…. വിഹിതവും കൈപ്പറ്റി അവരിറങ്ങുമ്പോൾ ഉറക്കച്ചടവോടെ ശേഷിച്ച കറിയിൽ കോഴിക്കഷ്ണങ്ങൾ വല്ലതും ബാക്കിയുണ്ടോ എന്ന് തിരയലായിരുന്നു വീട്ടിലെ കുട്ടികളുടെ ജോലി… അന്നൊക്കെ ഉമ്മമാർ പൊതുവായി പറയുന്ന ഒരു ആശ്വാസവാക്കുണ്ട് “അടുത്ത മൗലൂദിന് രണ്ട് കോഴീനെ അറക്കണം…ന്റെ കുട്ട്യോൾക്ക് അപ്പൊ തിന്നാട്ടാ…” എന്ന് …പക്ഷെ മൗലൂദുകൾ പലതും നടന്നെങ്കിലും കോഴിക്കഷണങ്ങൾ മാത്രം സ്വപ്നമായി അവശേഷിച്ചു.. ഇത് മെരുമൊയ്തീന് നന്നായി അറിയാവുന്നത് കൊണ്ടാവണം മൗലൂദിന് പോവുന്ന ബീരാനെ കാണുമ്പോൾ “ഒരു പാത്രം കൂടി കയ്യീ പിടിച്ചോ..ന്നാപ്പിന്നെ ബാക്കിള്ളത് കൂടി കൊണ്ട്വരാലോ…!” എന്ന് കളിയാക്കി പറയാറ്… അത് കേട്ട് ബീരാൻ പിറുപിറുക്കും…. “ഹൗ…! ന്റെ നേർച്ചക്കാരെ കള്ളകാഫിറ് പറ്യേണോക്ക്യെ…!”
മൗലൂദുകൾ എല്ലാം വല്ല്യുസ്താദിന്റെ മേൽനോട്ടത്തിലാണ് നടന്നിരുന്നതെങ്കിലും പകർന്ന് കിട്ടിയ അറിവ് കൊണ്ട് ഉപ്പ് ഊതി കൊടുക്കൽ യാസീൻ ഓതൽ എന്നിവ ബീരാൻ ഏറ്റെടുത്ത് നടത്താൻ തുടങ്ങി… യാസീൻ ഓതിക്കാൻ ആവശ്യക്കാർ കൂടിയപ്പോൾ ഒഴിവു സമയങ്ങളിൽ യാസീൻ മുൻകൂട്ടി ഓതുകയും ഓതിയ എണ്ണത്തിനനുസരിച്ച് വലിയ ചരടിൽ ഓരോ കെട്ടുകൾ ഉണ്ടാക്കിവയ്‌ക്കുകയും ആവശ്യക്കാരുടെ വിഹിതം കൈപ്പറ്റി ചരടിലെ കെട്ടുകൾ അഴിക്കുകയും ചെയ്തു… അങ്ങനെ ബീരാന്റെ ചരടിലെ കെട്ടുകൾ കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരുന്നു… ഇതെല്ലാം അറിഞ്ഞ മെരുമൊയ്തീന് ബീരാനോടുള്ള ദേഷ്യവും കൂടി വന്നു… അതിനെ കുറിച്ച് ബീരാന്റെ ഭാഷയിൽ തന്നെ പറയുന്നതാവും ഭംഗി… “ഓനെ കാണുമ്പോൾ ഇക്കൊരു കലുങ്ങണ്ട് വരും… ഒന്നിനാക്കോണം പോന്ന ആണൊരുത്തനല്ലെ… ഓൻക്ക് നയിച്ച് തിന്നാലെന്താ…?”
അവർ തമ്മിൽ ശത്രുതയിലാണെന്ന ധാരണയെല്ലാം തിരുത്തി കുറിച്ചത് ഈ റമദാൻ തുടങ്ങുന്നതിന്റെ ഒരാഴ്‌ച മുന്നെയായിരുന്നു… ബീരാന്റെ തോളിൽ കയ്യിട്ട് നടന്ന് നീങ്ങുന്ന മെരുമൊയ്തീനെ കാണിച്ച് തന്നത് എന്റെ പ്രിയതമയായിരുന്നു… അതിനെ പറ്റി ചോദിച്ചവരോട് ബീരാന്റെ അഭിപ്രായം “ഓനെ ചൊവ്വാക്കാൻ പറ്റ്വോന്ന് ഞാനൊന്ന് നോക്കട്ടെ എന്നായിരുന്നു…
വല്ല്യുസ്താദ് പഠിപ്പിച്ച് കൊടുത്ത ദീനികാര്യങ്ങൾ ബീരാൻ ഭംഗിയായി മെരുമൊയ്തീന് പകർന്നു കൊടുത്തു… പള്ളിക്കുളത്തിന്റെ അടിയിലായി പായൽപിടിച്ച് കെട്ടി നിൽക്കുന്ന വെള്ളത്തിൽ മഹല്ല് നിവാസികളോടൊപ്പം നമസ്‌കാരത്തിന് വേണ്ടി മൊയ്തീനും അംഗശുദ്ധി വരുത്തി… കുളത്തിൽ കാർക്കിച്ച് തുപ്പിയ കഫത്തെ കൊത്തിവലിക്കുന്ന മീനുകളെ നോക്കി മെരുമൊയ്തീൻ ഒരു ദിവസം ബീരാനോട് ചോദിച്ചു… ”അല്ല ബീരാനേ, ഈ ശുദ്ധിള്ളവെള്ളംന്ന് പറ്യേമ്പള് അതിനൊരു കണക്കൊക്കെ ഇണ്ടന്നല്ലെ പറഞ്ഞത്… ഈ കണ്ടമൻസന്മാരെല്ലാം തുപ്പുകയും വുളു എടുക്കുകയും ഒക്കെ ചെയ്യ്‌ണ ഈ വെള്ളത്തിനെവ്‌ട്‌ന്നാ ശുദ്ധിണ്ടാവാ…?“
”തേവയില്ലാത്ത കാര്യങ്ങൾ യോശിക്കാതെ ശീക്രം കേറിവാ മൊയ്തീനെ…“ എന്നും പറഞ്ഞ് ബീരാൻ കുളത്തിൽ നിന്നും പള്ളിയിലേക്കുള്ള പടവുകൾ കയറി പോവുമ്പോൾ ഉത്തരം കിട്ടാതെ ചങ്കിൽ കിടക്കുന്ന ചോദ്യത്തെ പള്ളിക്കുളത്തിലേക്ക് തന്നെ കാർക്കിച്ച് തുപ്പി മീൻ കൊത്തിവലിക്കുന്നതും നോക്കിയിരിക്കാനെ മൊയ്തീന് കഴിഞ്ഞുള്ളൂ…
ശീലങ്ങൾ പാടെ മാറ്റാനും മറക്കാനും കഴിയാത്തത് കൊണ്ട് മൊയ്തീൻ പലപ്പോഴായി നാട്ടുകാരോട് അടക്കം പറഞ്ഞു…
”ഉസ്താദ് ചെയ്യ്‌ണ മന്ത്രോം മരുന്നും തട്ടിപ്പാണെന്ന് ആൾക്കാർക്ക് മനസ്സിലായോണ്ട് അവർക്കിപ്പോ വരുമാനം കുറവാത്രെ… പിന്നെ ഈ ബീരാന് ചെലവുവാങ്ങാൻ പോണ ചെലകുട്യേളില് എന്തൊക്കെയോ ചുറ്റിക്കളിയുണ്ട്… ഓനാരാ മോൻ… വല്ല്യുസ്താദ് മീൻ കൂട്ടില്ല… പച്ചക്കറി കൂട്ടില്ല… കോഴ്യെറച്ചും ആട്ടെറച്ചും മാത്രേ കൂട്ടുള്ളൂ എന്നൊക്കെ ഓൻ പുളുപറ്യേണതല്ലെ…“ മൊയ്തീന്റെ വെളിപ്പെടുത്തലുകളിൽ അരിശം പൂണ്ട പഴമക്കാർ അവനെ ഉപദേശിച്ചു… ”പൊന്നാരെന്റെ മൊയ്തീനെ, റമളാൻ മാസത്തില് നുരുമ്പിരായിരം പറഞ്ഞ് നടക്കാണ്ട് നാല് ദിക്ക്‌റ് ചെല്ലി നടന്നൂടെ അണക്ക്….“
ഭക്തി നിർഭരമായ റമദാനിലെ പുണ്യദിനങ്ങൾ അവസാനിച്ച് കൊണ്ട് ഷവ്വാൽപ്പിറവി മാനത്ത് തെളിഞ്ഞു… തക്‌ബീർ ധ്വനികളാൽ ഞങ്ങളുടെ മഹല്ലും പെരുന്നാളാഘോഷത്തിന് തയ്യാറെടുത്തു…. പെരുന്നാൾ നമസ്‌കാരാനന്തരമുള്ള ‘ഖുതുബ’ക്ക് ശേഷം പതിവുപോലെ അയമുഹാജി കുടവയറിൽ തലോടിക്കൊണ്ട് മൈക്കിനുമുന്നിൽ ഞെളിഞ്ഞു നിന്നു…. പെരുന്നാൾ വിശേഷങ്ങൾ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു…. ”….എന്റെ മനസ്സിനെ വളരെയധികം സന്തോഷിപ്പിച്ച ഒരു കാര്യം കാണാൻ സാധിച്ചതിലുള്ള ആഹ്ലാദത്തിലാണ് ഞാനിപ്പോൾ… എന്തെന്ന്‌വെച്ചാൽ സകലഹറാമ്പെറപ്പുകളും കാട്ടികൂട്ടി നടന്നിരുന്ന ഒരാൾ ഈ റമദാനിലെ ആരംഭം മുതൽ ഇന്നുവരെ ആരാധനാകർമ്മങ്ങൾക്കെല്ലാം നമ്മുടെ കൂടെ ഉണ്ടായി എന്നതാണ് അത്…“
തന്നെ കുറിച്ച് ആളുകൾക്കിടയിൽ വെച്ച് പരസ്യമായി പറഞ്ഞത് പിടിക്കാത്തത് കൊണ്ടാവണം പ്രസംഗം മുഴുമിക്കുന്നതിന് മുന്നെ മെരുമൊയ്തീൻ പള്ളിവിട്ടിറങ്ങിയത്…
അയമുഹാജിയെ മനസ്സിൽ ദേഷ്യമുള്ളവരെല്ലാം എന്റെ പോലെ…. ”ഇയാൾക്കിത് എന്തിന്റെ സൂക്കേടാ….“ എന്നു പറഞ്ഞ് കാണണം…!
ബീരാന്റെ കൂടെ പലരും മെരുമൊയ്തീനെ അന്വേഷിച്ചിറങ്ങിയെങ്കിലും ”കുന്നംകുളത്തേക്കുള്ള ബസ്സിൽ കേറിപോണത് കണ്ടു…“ എന്നുമാത്രം അറിയാൻ കഴിഞ്ഞു..
രണ്ടാം പെരുന്നാളിന് മെരുമൊയ്തീനെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് രണ്ട്‌കാലും നിലത്തുറക്കാതെ ആടിയാടി വരുന്നതായിട്ടാണ്… വന്ന ഉടനെ കണ്ടത് ബീരാനെയും… ”എടാ ബീരാനെ, ഇന്നലെ രാത്രി കുന്നംകുളം ബസ്‌സ്‌റ്റാൻഡിൽ കെടന്നുറങ്ങുമ്പോൾ അന്നെ ഞാൻ കിനാവ് കണ്ടെടാ… നമ്മളെല്ലാം പരലോകത്താണ്…. നന്മതിന്മേളൊക്കെ വേർത്തിരിച്ച് ഓരോരുത്തരെ സ്വർഗ്ഗത്തീക്കും നരകത്തീക്കും ബസ്സിലിങ്ങനെ കയറ്റി അയക്കാണ്… അവസാനായപ്പൊ നരകത്തീക്ക്‌ള്ള ഒരു ബസ്സ് മാത്രം ബാക്ക്യായി… കേറാനുള്ളോരൊക്കെ കേറിക്കോളീന്ന് മൈക്കീക്കൂടെ വിളിച്ച് പറ്യേണ്‌ണ്ട്… അവസാനാണ് ഞാൻ കേറ്യേത്‌ട്ടാ… കേറി നോക്കുമ്പണ്ട് പിന്നിലെ സീറ്റിൽ ഇയ്യിരിക്ക്‌ണ്…. അന്നെ കണ്ടപാടെ ഞാൻ അല്ല ബീരാനെ, ഇയ്യെന്താണ്ടാ നരകത്തീക്ക്‌ള്ള ബസ്സിലെന്ന് അന്നോട് ചോയ്‌ച്ചപ്പൊ ഇന്റെ തൊള്ളപൊത്തീട്ട് ഇയ്യ് പറ്യാ… മെല്ലെ പറ്യേടാ ഹമ്‌ക്കെ വല്ല്യുസ്താദ് മുമ്പിലെ സീറ്റിലുണ്ട് മൂപ്പര് കേൾക്കുംന്ന്…“ കേട്ട് നിന്നവരെല്ലാം സ്വപ്നത്തിലെ നർമ്മം ആസ്വദിച്ച് ചിരിച്ചു… ഊര് തെണ്ടി നടന്നിരുന്ന തന്നെ എടുത്ത് വളർത്തിയ, തനിക്ക് അറിവോതി തന്ന, തീർച്ചയായും സ്വർഗ്ഗത്തിൽ കടക്കുമെന്ന് താൻ വിശ്വസിക്കുന്ന വല്ല്യുസ്താദിനെ പറ്റി പറഞ്ഞത് രസിക്കാഞ്ഞിട്ടാവണം രണ്ടുകാലിൽ നേരെ നിൽക്കാൻ കഴിയാത്ത മെരുമൊയ്തീനെ ബീരാൻ വെറുതെയൊന്ന് തള്ളിയത്… അത് പിന്നിൽ കിടക്കുന്ന കരിങ്കല്ലിൽ തലയടിച്ച് വീഴണമെന്ന് മനസ്സിൽ കരുതിയിട്ട് പോലും ഉണ്ടാവില്ല…
ഞങ്ങളുടെ നാട്ടിലെ പഴമക്കാർ സംഭവം അറിഞ്ഞപ്പോൾ പറഞ്ഞത് പോലെ പറയുകയാണെങ്കിൽ… ”ആ ഇബ്‌ലീസിന്റെ വിധി കരിങ്കല്ലിന്മെ തലയടിച്ച് വീണ് മരിക്കാനാവും… അതിന് ബീരാനെന്തിനാ പേടിച്ച് ഒളിച്ചത്… ഓരോ പൊട്ടപോയത്തങ്ങള്.. ഹല്ലാപ്പിന്നെ…!“
പക്ഷെ നിയമം പാവങ്ങളുടെ കാര്യത്തിലാവുമ്പോൾ നിയമത്തിന്റെ വഴിക്ക് തന്നെ പോവണമെന്ന പിടിവാശി നിയമപാലകർക്ക് ഉള്ളത് കൊണ്ട് ബീരാന്റെ ഓർമ്മകളിൽ നിന്ന് കണ്ണ് തുറന്ന എന്റെ മുന്നിൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വന്നത് സ്വാഭാവികം മാത്രം…
രാത്രിയുടെ നിശബ്ദതയിൽ ഇരുട്ടിലെ നിഴൽചിത്രങ്ങൾക്കിടയിലൂടെ നടന്ന് നീങ്ങുന്ന ബീരാനെ ഞാൻ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നുവെങ്കിലും കസ്‌റ്റഡി മരണങ്ങളുടെയും ഉരുട്ടിക്കൊലകളുടേയും ഞെട്ടിക്കുന്ന സംഭവങ്ങളുടെ ഭീതി മനസ്സിലുള്ളത് കൊണ്ട് അറിയില്ലെന്ന് നിയമപാലകരോട് കള്ളം പറഞ്ഞ് മൂന്നാം പെരുന്നാളിന്റെ ശേഷിക്കുന്ന ആഘോഷങ്ങളിലേക്കും സ്വന്തം കാര്യങ്ങളിലേക്കും എന്റെ നാട്ടുകാരെ പോലെ ഞാനും ഇഴുകി ചേരാൻ ശ്രമിച്ചു…
Generated from archived content: story1_jan7_07.html Author: musthafa_perumparambath