ജ്യോതിർഗമയ

വേലപ്പനെ അറിയാത്തവരായി എന്റെ നാട്ടിൽ ആരും ഉണ്ടാവില്ല… കപ്ലേങ്ങാട്ടെ ഭരണിക്ക്‌ ഒറ്റക്കാളയെയും എഴുന്നെള്ളിച്ച്‌ വാദ്യമേളങ്ങളില്ലാതെ ചവിട്ടുറക്കാത്ത നൃത്തച്ചുവടുകളോടെയുള്ള വരവ്‌ കാണേണ്ട കാഴ്‌ച തന്നെയാണ്‌. തിറകളുടെ തലയെടുപ്പ്‌ ഒറ്റക്കാളയ്‌ക്ക്‌ മുന്നിൽ പൊലിഞ്ഞു പോകുമോ എന്ന്‌ തോന്നിപ്പോകും… കപ്ലേങ്ങാട്ടമ്മയെ കുറിച്ച്‌ ചോദിച്ചാൽ നൂറുനാവാണ്‌ വേലപ്പന്‌… കുഞ്ഞുനാളിൽ എന്റെ ഉമ്മയോട്‌ പലതവണ പറയുന്നത്‌ കേട്ടിട്ടുള്ളതാണ്‌.

“പൊന്നാരെന്റെ ഉമ്മാരെ… വിളിച്ചാ വിളിപ്പൊറത്ത്‌ വര്‌ണ ഒരു സക്തിയൊണ്ടെങ്കി… അത്‌ കപ്ലേങ്ങാട്ടമ്മന്നേണ്‌ട്ടാ…! അദൊറപ്പാ.. എന്തിന്‌ പറ്യേണു ഒരു മുസ്‌ല്യാരല്ലെ അമ്മേനവിടെ പ്രതിസ്‌ട്ടിച്ചേ… അയ്‌ലും വല്ല്യൊരു രസം കേക്കണോ… ഒരു ഓസാൻ…, വെട്ടിയ മുട്യൊക്കെ വാരിക്കെട്ടി… അമ്പലത്തിന്റെ മുന്നീത്തെ പാടത്ത്‌ക്ക്‌… ഇദമ്മക്കിര്‌ക്കട്ടേന്നും പറഞ്ഞൊരേറ്‌ കൊടുത്തിട്ട്‌… കുടുമ്മത്ത്‌ എത്ത്‌ണാങ്കാട്ട്യും മുന്നെ തൊടങ്ങില്ലെ ചോര സർദ്ദിക്കല്‌… മുന്നീസാ കെടന്നൊള്ളാ മൂന്നിന്റന്ന്‌ മരിച്ച വെവരം പള്ളിലെ മുക്രി കൊയലീക്കൂടെ വിളിച്ച്‌ പറ്യേണതാ കേട്ടത്‌…”

ചെറുപ്പത്തിൽ ചാണകം മെഴുകിയ മുറ്റത്ത്‌ പുഞ്ച കൊയ്ത്‌ കറ്റകൾ അടക്കി വെക്കുമ്പോഴും കറ്റമെതിക്കുമ്പോഴും പശുവിന്ന്‌ വേണ്ടി വൈക്കോൽ ഉണ്ടയിടുമ്പോഴും… ഒരുപാട്‌ കഥകൾ പറഞ്ഞു തന്നിട്ടുണ്ട്‌ വേലപ്പൻ.. പറയുന്ന കഥയിലെ ലോകവും മനുഷ്യരുമെല്ലാം എന്നു സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകങ്ങളായി നിലകൊണ്ടു… പക്ഷെ വല്ല്യുപ്പ മാത്രം തന്നെ ചതിയിൽ കുടുക്കി പറ്റിച്ച മനുഷ്യരെക്കുറിച്ച്‌ പറയുന്നത്‌ കേട്ട്‌ ഞാനൊരിക്കൽ വെല്ല്യുപ്പാട്‌ ചോദിച്ചു…. “അപ്പൊ വേലപ്പൻ പറ്യേണതോ?”

“ഹെന്ത്‌…!”

“മൻസന്മാര്‌ ആരേം ചതിക്കൂലാന്ന്‌… ചതിക്കുന്നതും വഴി തെറ്റിക്കുന്നതും ശെയ്‌ത്താനും പൊട്ടിയുമാണെന്ന്‌…!”

“ഓൻക്ക്‌ണ്ടാ വല്ല ലോകോം.. ഓൻണ്ടാ മൻസന്മാരെ കണ്ടക്ക്‌ണൂ… വെറുമൊരു പൊട്ടക്കൊളത്തിലെ തവള… കൊച്ചനൂരിന്റേം അകലാട്‌ കടലിന്റേം അപ്പറം ലോകല്ലാന്നല്ലെ ഓന്റെ വിചാരം…!!! പൊരുളറിയാത്ത വിശദീകരണം കേട്ട്‌ ഞാൻ മിഴിച്ച്‌ നോക്കുമ്പോൾ വീശാമ്പാളകൊണ്ട്‌ ഒരു കുസൃതിചിരിയോടെ വല്ല്യുപ്പ വീശികൊണ്ടിരുന്നു… അന്നൊക്കെ വലുതാവുമ്പോൾ വല്ല്യുപ്പാടെ പോലെ ആയാൽ മതിയെന്ന്‌ ആശിച്ചിട്ടുണ്ട്‌ ആരേയും പേടിക്കാതെ ചീത്തപറയാനും അനുസരിപ്പിക്കാനും ഒക്കെ പറ്റ്വോലാ… പക്ഷെ ഒന്നോർക്കുമ്പോൾ ആഗ്രഹം വേണ്ടെന്ന്‌ വെക്കും… ആരെയും പേടീല്ലാത്ത വല്ല്യുപ്പാക്ക്‌ വാവടുക്കുന്നത്‌ ഭയങ്കര പേടിയാണ്‌… വാവടുത്താൽ മെലിഞ്ഞ ശരീരം ശ്വാസം കിട്ടാതെ കട്ടിലിൽ കിടന്ന്‌ വളഞ്ഞ്‌ മേൽപ്പോട്ട്‌ പൊന്തും… പിന്നെ വേലപ്പൻ പോയി ബാലൻവൈദ്യരെ കൂട്ടി വരണം. അൽപ്പമൊന്ന്‌ സമാധാനായാൽ എന്നെ അടുത്ത്‌ വിളിച്ച്‌ വല്ല്യുപ്പ ചോദിക്കും.. ”വല്ല്യുപ്പാടെ കുട്ടി പേടിച്ചോ…“

”പരീദാപ്ല സരിക്കും പേടിപ്പിച്ചു…“ ജനലഴികളിൽ പിടിച്ച്‌ മുറ്റത്ത്‌ നിന്ന്‌കൊണ്ട്‌ അകത്തേക്ക്‌ എത്തി നോക്കുന്ന വേലപ്പനായിരിക്കും മിക്കപ്പോഴും മറുപടി പറയുക… പിന്നീടെപ്പോഴോ ഒരുവാവിന്‌ വേലപ്പൻ ബാലൻവൈദ്യരെ വിളിച്ച്‌ വരുമ്പോഴേക്ക്‌ ഉമ്മ വായിലേക്ക്‌ ഒഴിച്ച്‌ കൊടുത്ത രണ്ടു ടീസ്‌പൂൺ വെള്ളമിറക്കി മൂന്നാമത്തേത്‌ ഇറക്കാൻ കഴിയാതെ കവിളിലൂടെ ഒലിപ്പിച്ച്‌ ‘കലിമ’ ചൊല്ലിക്കൊണ്ട്‌ വല്ല്യുപ്പ നിശ്ചലമായി കിടന്നു… കുന്തിരിക്ക പുകനിറഞ്ഞ അന്തരീക്ഷത്തിൽ തേങ്ങലുകൾക്കും ഖുർആൻ പാരായണങ്ങൾക്കിമിടയിൽ ”ന്റെ പരീദാപ്ലെ“ എന്ന തൊഴുത്തിന്റെ ചവിട്ടുപടിയിലിരുന്നുള്ള വേലപ്പന്റെ നിലവിളി വേറിട്ട്‌ കേൾക്കാമായിരുന്നു… അതിന്‌ ശേഷം വീട്ടിലേക്കുള്ള വേലപ്പന്റെ വരവ്‌ കുറഞ്ഞു…

ഒരുദിവസം ഉമ്മാക്ക്‌ വന്ന ഉപ്പയുടെ കത്തിൽനിന്ന്‌ കിട്ടിയ അറബി വേഷത്തിലുള്ള ഉപ്പയുടെ ഫോട്ടോയും നോക്കി ഇരിക്കുമ്പോഴായിരുന്നു വേലപ്പൻ ആ വഴി വന്നത്‌… കയ്യിലെ ചേറും വിയർപ്പും തോർത്ത്‌ മുണ്ടുകൊണ്ട്‌ തുടച്ച്‌ വലിയ സന്തോഷത്തിൽ ഫോട്ടോ നോക്കിയിട്ട്‌ പിന്നെ വിഷാദത്തോടെ തിണ്ണയുടെ ഓരവും ചേർന്ന്‌ നിന്നുകൊണ്ട്‌ പറഞ്ഞു… ”ഇന്റെ മോൻ നാണൂനും മോന്റൊപ്പാക്കും ഒരേ പ്രായാ.. മോന്റെപ്പ പേർസ്യേ പോയി കായിണ്ടാക്കി… ന്റെ മോനോ…! പാലക്കുയി പാടത്ത്‌ റിക്കാഡാൻസേര്‌ വന്നപ്പൊ അവരേറ്റ്‌ കൂട്ടംകൂടി പൊറപ്പെട്ട്‌ പോയി… താറാവേരന്റെ കൂടെ ഓടിപോയ തള്ളേടല്ലെ മോന്‌… കൊണം പിടിക്കാത്ത വർഗ്ഗങ്ങള്‌…!!! വെറ്റിലമുറുക്കിയ ചുവപ്പു കലർന്ന കഫം മുറ്റത്തേയ്‌ക്ക്‌ കാർക്കിച്ച്‌ തുപ്പി. എന്തോ തെറ്റ്‌ ചെയ്തിട്ടെന്നപോലെ അത്‌ വേഗം മണ്ണിട്ടുമൂടികൊണ്ട്‌ ഒരു ദീർഘനിശ്വാസത്തോടെ വേലപ്പൻ നടന്നു നീങ്ങി…

കാലം മാറി… ഞാൻ വലുതായി… നാട്ടുനടപ്പുകളും കൃഷിരീതികളും മാറിയെങ്കിലും മണ്ണിനോട്‌ മല്ലിട്ട്‌ പ്രകൃതിയോട്‌ ചേർന്ന്‌ കൃഷിയിറക്കുകയും വിളവെടുക്കുകയും ചെയ്യാൻ വേലപ്പൻ മടി കാണിച്ചില്ല… മിക്കവരും കൃഷി ലാഭമില്ലെന്ന്‌ പറഞ്ഞ്‌ പിന്മാറിയപ്പോഴും “ഇക്കീ പുഞ്ചക്കണ്ടത്തീ കെടന്ന്‌ ചത്താമതി” എന്ന പിടിവാശിയോടെ പരിചയക്കാരെ കണ്ട്‌ കേണപേക്ഷിച്ചു… “വിളവിന്റെ മൂന്നിലൊന്ന്‌ ഈ വേലപ്പൻ തരും… കണ്ടത്തില്‌ ഞാറ്‌ എറക്കാൻള്ള വകയും ചാല്‌ എടുക്കാൻള്ള വകയും ഇങ്ങള്‌ കാണണം… വേറെ ഒന്നും അറ്യേണ്ട.. വെറുതെ പരുപ്പടവിലെ കമ്മറ്റിക്കാർക്ക്‌ വെള്ളത്തിന്‌ പൈസ കൊടുത്തത്‌ കളേണ്ട” പലരും വ്യവസ്ഥക്ക്‌ തയ്യാറായി… ചാണകവും പച്ചിലയും മറ്റും കുഴിച്ചുമൂടി വളമാക്കിയും… വെളുത്തുള്ളി നീരും പുകയില കഷായവും ചേർത്ത്‌ കീടനാശിനിയായി ഉപയോഗിച്ചും കൃഷിപണി തകൃതിയായി നടന്നു… ഇതിനിടയിലാണ്‌ കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിക്കണമെന്ന ഉദ്ദേശത്തോടെ നാടുനീളെ പ്രവർത്തനങ്ങൾ നടന്നിരുന്നത്‌…

ഒരു സന്ധ്യമയങ്ങിയ നേരത്ത്‌ പണി കഴിഞ്ഞ്‌ കൊച്ചനംകുളത്തിൽ നിന്ന്‌ ഒരു കുളിയും കഴിച്ച്‌ വന്ന്‌ കഞ്ഞിവെക്കാനായി ഒരുങ്ങുമ്പോഴായിരുന്നു ചെറ്റക്കുടിലിന്റെ മുറ്റത്ത്‌ സാക്ഷരതാ പ്രവർത്തകര്‌ ചെന്നത്‌…

“എഴുത്തും വായനേം അറ്യോ?”

“ആർക്ക്‌… ഇക്കോ നല്ലകാര്യായി….” മുറുക്കാൻ കറപിടിച്ച പൊട്ടിപോയ പല്ലുകൾ കാണിച്ച്‌ വേലപ്പൻ ചിരിച്ചു…

ആഗമനോദ്ദേശം ഉണർത്തിച്ച്‌ വേലപ്പനിൽ താല്പര്യം ജനിപ്പിച്ച്‌ പേരും ചേർത്ത്‌ കൊണ്ട്‌ വന്നവർ പോയപ്പോൾ അക്ഷരാഭ്യാസം പഠിച്ചാലുണ്ടാവുന്ന ഗുണങ്ങളെ കുറിച്ച്‌ പണ്ട്‌ പരീദാപ്ല പറഞ്ഞത്‌ ഓർത്തുപൊയി… “നാലസ്സരൊന്ന്‌ വായിക്കാൻ പഠിച്ചാൽ അയ്‌ന്റെ ഗൊണൊന്ന്‌ വേറേണ്‌ന്റെ വേലപ്പാ… ലോകംന്ന്‌ പറ്യേണത്‌ കൊച്ചനങ്കൊളം പോലെ ചെറുതൊന്നുമല്ല… അകലാട്‌ കടല്‌ പോലെ നീണ്ടുനിവർന്നങ്ങനെ കെടക്കല്ലെ…” ആകാശത്തോളം മുട്ടി കിടക്കുന്ന അകലാട്‌ കടലിന്റെ വ്യാപ്തിയെ കുറിച്ച്‌ ആലോചിച്ചപ്പോൾ മനസ്സിൽ തിരമാലകൾ അലയടിക്കുന്നത്‌ പോലെ വേലപ്പന്‌ തോന്നി… ദിവസങ്ങൾക്ക്‌ ശേഷം വൈകുന്നേരത്തെ കുളിയും കഴിഞ്ഞ്‌ ചുക്കിചുളിഞ്ഞ ശരീരത്തിൽ വെളിച്ചെണ്ണ തേച്ച്‌ പിടിപ്പിച്ച്‌ പുതുതായി വാങ്ങിയ സ്ലേറ്റും പെൻസിലുമെടുത്ത്‌ സാക്ഷരതാ ക്ലാസിന്‌ പോവുമ്പോഴും നാലുംകൂട്ടി നന്നായൊന്ന്‌ മുറുക്കാൻ വേലപ്പൻ മറന്നില്ല… തന്നേക്കാൾ പ്രായം കുറഞ്ഞ ഗുരുനാഥന്മാരിൽ നിന്നും അക്ഷരം പഠിക്കുമ്പോൾ ഒരുതരം ‘എരപ്പ്‌’ മനസ്സിൽ തോന്നിയിരുന്നെങ്കിലും മാനം മുട്ടെ പരന്ന്‌ കിടക്കുന്ന അകലാട്‌ കടലിനെ മാത്രം മനസ്സിൽ കണ്ടു… അക്ഷരങ്ങൾ ഓരോന്നായി കൂടി ചേർന്ന്‌ തിരമാലകളായി മനസ്സിന്റെ തീരങ്ങളിലേക്ക്‌ ആഞ്ഞടിച്ചപ്പോൾ കപ്ലേങ്ങാട്‌ ഭരണയുടെ വാദ്യമേളങ്ങളുടെ താളക്കൊഴുപ്പ്‌ ചെവികളിൽ മുഴങ്ങുന്നത്‌ പോലെ തോന്നി…. പക്ഷെ പരിസമാപ്തിയിൽ വാദ്യമേളങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലേക്ക്‌ കരിമരുന്നിന്റെ ഗന്ധം പടരുന്നത്‌ മാത്രം അറിയാൻ കഴിഞ്ഞില്ല.. “ആ ചൂരൊന്ന്‌ അറ്യേണങ്കില്‌…” വേലപ്പൻ വിരലിൽ കണക്ക്‌ കൂട്ടി…“ഇത്‌ ധനു… മകരം… കുഭം… രണ്ട്‌ മാസോങ്കുട്യൂം ഉണ്ട്‌”.

അക്ഷരങ്ങൾ ചേർത്ത്‌ വായിക്കാമെന്നായപ്പോൾ ആദ്യം കയ്യിൽ കിട്ടിയ രാസവളപരസ്യത്തിന്റെ നോട്ടീസ്‌ തപ്പി തടഞ്ഞ്‌ ഒരുവിധം വായിച്ചൊപ്പിച്ചു…

“കൂ..ടു..ത…ൽ… വി..ള..വി..ന്‌.. ഉ..പ…യോ…ഗി…ക്കു..ക.”

കൃഷിയിൽ താൻ ശീലിച്ചുപോന്ന രീതികളേക്കാൾ മികവുറ്റത്‌ ലോകത്ത്‌ ഉണ്ടെന്നുള്ള സത്യം അറിഞ്ഞപ്പോൾ ഒന്ന്‌ പരീക്ഷിച്ച്‌ നോക്കാൻ തന്നെ വേലപ്പൻ തീരുമാനിച്ചു… ഒപ്പം തന്നെ നൂതന കീടനാശികളും….!!! കൂടാതെ ഒരു നേർച്ചനേരാനും മറന്നില്ല… “ഇക്ക്‌ എല്ലാങ്കൊണ്ടും മാറ്റണ്ടായതല്ലെ… ഇക്കുറി കപ്ലേങ്ങാട്ടെ ഭരണിക്ക്‌ കാളക്കളി വേണ്ട… ഞാനൊരു വൈക്കോപ്പൂതം കെട്ടും… നോക്കിക്കോ…”

ദാസന്റെ ചായക്കടയിലിരുന്ന്‌ വേലപ്പനെടുത്ത പ്രതിജ്ഞ കേട്ട്‌ തേങ്ങാക്കാരൻ യാക്കോബേട്ടൻ ‘കാവ്‌’ ഏറ്റി നടന്ന്‌ തഴമ്പിച്ച ചുമലിൽ ചൊറിഞ്ഞ്‌ കൊണ്ട്‌ ചിരിച്ചു… പിന്നെ ചായക്കറയും കറിയും പുരണ്ട അന്നത്തെ പത്രത്തിലെ വാർത്ത വേലപ്പനെ കാണിച്ചുകൊടുത്തു… ‘പത്തുവയസുകാരിയെ അറുപതുവയസുകാരനായ മുത്തച്ഛൻ ബലാൽസംഗം ചെയ്തു…’ കണ്ണുകളിൽ ഇരുട്ട്‌ പരക്കുന്നത്‌ പോലെ വേലപ്പന്‌ തോന്നി…. “ന്റെ കപ്ലേങ്ങാട്ടമ്മേ….” എന്ന്‌ ഓരോദിവസത്തെ ഇത്തരം വാർത്തകൾ വായിക്കുമ്പോഴും വേലപ്പൻ വിളിച്ചുപോവുകയും അക്ഷരം പഠിക്കാതെ താൻ വിശ്വസിച്ചിരുന്ന നല്ലകാലം തിരിച്ചു കിട്ടിയെങ്കിൽ എന്ന്‌ തോന്നിപോവുകയും ചെയ്തു… കുംഭമാസം വന്നു… തഴച്ച്‌ വളർന്ന നെൽച്ചെടികൾ അരിയുറക്കാത്ത പാൽ കതിരുകൾ പുറത്തുകാട്ടി ചിരിച്ചു നിന്നു… പക്ഷേ അങ്ങിങ്ങായി ഒരു പുഴുക്കടി പോലെ വട്ടമിട്ട്‌ കൊണ്ടുള്ള കരുവാളിപ്പ്‌… പല കീടനാശിനികൾ പ്രയോഗിച്ചെങ്കിലും കൂടുതൽ ഭാഗങ്ങളിലേക്ക്‌ വ്യാപിച്ച്‌ എല്ലാം നടുവൊടിഞ്ഞ്‌ കിടക്കുകയും ചെറുപ്രാണികളെയും മറ്റും പിടിച്ചു തിന്നിരുന്ന ‘പോക്കാച്ചി തവളകൾ’ ചത്തുമലർന്ന്‌ കിടക്കുകയും ചെയ്തു… ആവാസ വ്യവസ്ഥയിലെ ഒരു കണ്ണി നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ ചിന്തിക്കാനുള്ള കഴിവൊന്നും ഇല്ലാത്ത വേലപ്പൻ നഷ്ടപ്പെട്ട കൃഷിയെ കുറിച്ചോർത്ത്‌ വേദനയോടെ “ചതിച്ചല്ലോ എന്റെ കപ്ലേങ്ങാട്ടമ്മേ…” എന്ന്‌ നിലവിളിച്ച്‌ കൊണ്ട്‌ തോട്ടുവരമ്പത്ത്‌ കൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു… കപ്ലയങ്ങാട്‌ കുംഭ ഭരണിമഹോത്സവത്തിന്റെ താലമറിയിക്കാൻ വന്ന കോമരം ഉറഞ്ഞ്‌ തുള്ളി ചിലമ്പ്‌ കിലുക്കി സർവ്വനാശനിവാരണത്തിനായി വേലപ്പന്റെ ചേറുപുരണ്ട ശരീരത്തിലേക്ക്‌ തെച്ചിപ്പൂവും നെല്ലും ചേർത്ത്‌ ജപിച്ചെറിഞ്ഞു….

“ന്റെ പരീദാപ്ല പറഞ്ഞത്‌ എത്ര സെര്യേർന്ന്‌… ലോകത്ത്‌ ഒന്നും വിസ്വയ്‌ക്കാൻ കൊള്ളില്ല… എല്ലാം ഞമ്മളെ പറ്റിക്കും… എല്ലാം… ന്റെ കെട്ട്യോള്‌ ഇന്നെ പറ്റിച്ചില്ലെ… ഇങ്ങനൊരു തന്തേണ്ടന്ന്‌ പൊറപ്പെട്ട്‌ പോയ മോൻ ചിന്തിച്ചോ… എല്ലാം ചാത്തന്റെ പണ്യാന്ന്‌ പണ്ട്‌ വിസ്വായ്‌ച്ചു.. ഇപ്പൊക്ക്‌ ബോധ്യായി… ഒന്നും കണ്ണുമ്പൂട്ടി വിശ്വയ്‌ക്കരുത്‌.. എല്ലാം ചതിക്കും… അകലാട്‌ കടലിന്റെ ആഴത്തിലേക്ക്‌ തെരമാലേള്‌ വലിച്ചോണ്ട്‌ പോവും… വളപ്പീട്യേക്കാരനാം ചതിക്കേർന്ന്‌… ഇക്ക്‌ന്റെ വളം തന്നെ മത്യേർന്നു… ഒക്കെ വായിക്കാൻ പഠിച്ചോണ്ട്‌ വന്നതാ….”

“എന്തിനാപ്പൊ വായിക്കാൻ പഠിച്ചേനെ കുറ്റം പറ്യേണ്‌… അന്റെ പൊട്ടപോയത്തം കൊണ്ട്‌ ഓരോന്ന്‌ വരുത്തിവെച്ചിട്ട്‌…” വേലപ്പന്റെ പരിഭവങ്ങൾ കേട്ടവർ തിരിച്ച്‌ പറഞ്ഞു…

കുംഭഭരണി മഹോത്സവം വന്നു… നേർച്ച പ്രകാരം വൈക്കോൽ പൂതംകെട്ടി വേലപ്പൻ പൂവൻകോഴിയെ കയ്യിൽ പിടിച്ച്‌ ചിലമ്പ്‌ കിലുക്കി ഉറഞ്ഞു തുള്ളികൊണ്ട്‌ ആർപ്പുവിളികളോടെ ഉത്സവതിമിർപ്പിന്റെ സമുദ്രത്തിലേക്ക്‌ അലിഞ്ഞു ചേർന്നു… ഉള്ളിലെവിടെയോ ഒരു അദൃശ്യ ശക്തിയുടെ പരവേശം… വാദ്യമേളങ്ങളുടെ താളക്കൊഴുപ്പ്‌ മുറുകി.. സ്വയം മറന്ന്‌ തുള്ളിമറിഞ്ഞ വേലപ്പന്റെ കൺമുന്നിൽ അക്ഷരം പഠിപ്പിച്ച ഗുരുനാഥൻ കയ്യിലെ പച്ചിലതൂപ്പ്‌ കുലുക്കി തന്നെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു… പരവേശം നഷ്ടപ്പെട്ട്‌ വെറുമൊരു സാധാരണ മനുഷ്യനായ വേലപ്പന്റെ മൂക്കിലേക്ക്‌ ചേറിന്റെയും വിയർപ്പിന്റെയും ഇടകലർന്ന മണമടിച്ചു… പരന്ന്‌ കിടക്കുന്ന നെൽപ്പാടങ്ങളിൽ ഉണങ്ങി കിടക്കുന്ന നെൽകൃഷി ഒരു മിന്നായം പോലെ കണ്ണിൽ തെളിഞ്ഞു.. അകത്തായ കള്ള്‌ നുരഞ്ഞുപൊങ്ങി തികട്ടി തലച്ചോറിനെ തരിപ്പിച്ചു… കയ്യിൽ മുറുക്കി പിടിച്ചിരുന്ന പൂവൻ കോഴി പിടിവിട്ട്‌ തിരക്കിനിടയിൽ കിടന്നു പിടഞ്ഞു… അക്ഷരം പഠിപ്പിച്ച ഗുരുവിന്റെ കഴുത്തിന്‌ കുത്തിപ്പിടിച്ച്‌ “ന്നെ ചതിച്ചൂലെ… ന്നാലും ഇന്നോട്‌ വേണ്ടേര്‌ന്നില്ല മാഷെ…” എന്നലറി… പിന്നെ ബോധരഹിതനായ വേലപ്പനെ ചെണ്ടപ്പുറത്ത്‌ ആരെല്ലാമോ താങ്ങിയിരുത്തുമ്പോൾ ശബ്ദമുഖരിതമായ അന്തരീക്ഷത്തിലേക്ക്‌ കരിമരുന്നിന്റെ ഗന്ധം പടർന്നിരുന്നു…..

Generated from archived content: story1_dec11_07.html Author: musthafa_perumparambath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English