പ്രസിദ്ധീകരിച്ച വാർത്തകളുടെ പേരിൽ ഞങ്ങളെ തേടിയെത്തുന്ന ഭീഷണികളും വക്കീൽനോട്ടീസുകളും ഒരു പ്രാദേശിക പത്രനടത്തിപ്പിന്റെ വ്യാകുലതകളായി മാറികൊണ്ടിരിക്കുമ്പോഴായിരുന്നു വെറും മാർക്കറ്റിംഗിൽ മാത്രം ശ്രദ്ധിച്ചിരുന്ന എന്നോട് വാർത്തകളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സ്ഥാപനത്തിന്റെ നെടുംതൂണായ ശേഖർജി ആവശ്യപ്പെട്ടത്. വലിയൊരു ഭാരം തലയിൽ വെച്ചു തന്നത് പോലെയാണ് എനിക്കത് തോന്നിയത്.
അരമനരഹസ്യങ്ങൾ അങ്ങാടിപാട്ടാവുമ്പോൾ അടുത്തിടപഴകിയവരുടെ അടുത്ത് നിന്നുപോലും ഭീഷണിയുടെ സ്വരവും ഇരുട്ടിന്റെ മറവിലൊളിച്ചിരുന്നുളള മർദ്ദനവും… അത്തരമൊരു മർദ്ദനത്തിന് വാർത്തയിൽ ലവലേശം കളളമില്ലാതിരുന്നിട്ട് കൂടി ശേഖർജി ഇരയാവേണ്ടി വന്നതിന്റെ അനന്തരഫലമാണ് എന്നെ ഏൽപ്പിച്ചിരിക്കുന്ന പുതിയ ജോലി. കേവലമൊരു പ്രാദേശികപത്രത്തിന്റെ ശിൽപ്പികളിലൊരാളെന്ന ഖ്യാതി എനിക്കെന്നേ ലഭിച്ചിരുന്നു. കുടുംബകലഹങ്ങൾക്ക് പോലും വാർത്താപ്രാധാന്യം കൊടുക്കുന്നവരാണെന്ന് പറഞ്ഞ് ഞങ്ങളിൽനിന്ന് കുറച്ചകലം സൂക്ഷിക്കുകയും “മിണ്ടല്ലെ നാളെ വാർത്തയായി മാറിയേക്കാം” എന്ന രഹസ്യം പറച്ചിലും മനസ്സിന് സ്വല്‌പം വേദന നൽകാതിരുന്നില്ല..
“തെരുവ് ബാലൻ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു” എന്ന് തലക്കെട്ട് കൊടുത്ത കന്നിവാർത്തയോടെ ഞാൻ തുടക്കം കുറിച്ചപ്പോൾ “കൊളളാം മരണം ശുഭലക്ഷണമാണ് ഇനി താൻ നന്നായിക്കോളും” എന്ന് നീട്ടിവളർത്തിയ താടിയുഴിഞ്ഞ് കൊണ്ട് ശേഖർജി പറഞ്ഞത് കേട്ട് എനിക്ക് ചിരിയാണ് വന്നത്. “ലക്ഷണങ്ങളിലും വിധികളിലും വിശ്വസിക്കാൻ ഇരുട്ടടി കാരണമായോ ശേഖർജീ…” എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും സ്ഥാനത്തോടും പ്രായത്തോടുമുളള ബഹുമാനം കൊണ്ട് അത് വേണ്ടെന്ന് വെച്ചു. പ്രൂഫ് റീഡിംഗിനിടയിൽ ദീപയും ചിരി അടക്കിപിടിക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
“ഇയാൾക്ക് ആ തെരുവ് ബാലന്റെ വീടെവിടാന്നറ്യോ..” ഷാർപ്‌നർ കൊണ്ട് പെൻസിലിന്റെ മുന ശരിപ്പെടുത്തികൊണ്ട് ദീപ ചോദിച്ചു. സത്യത്തിൽ വാർത്തയിൽ പരാമർശിക്കാൻ വിട്ടുപോയതായിരുന്നു അത്.
ഞങ്ങൾടവിടെ ഒരു റാഹേലമ്മയുണ്ട്. അവരുടെ ഭ്രാന്ത് മൂത്ത് ചത്ത മകളുടെ കുട്ടിയാ.. “ ദീപയുടെ വിവരണം വാർത്തയുടെ പിന്നാമ്പുറങ്ങളിലെ കഥയറിയാനുളള ആകാംക്ഷയുണർത്തി.
”…. ചിരുതപ്പുഴയിലെ കടത്തുകാരി റാഹേലമ്മ… മിശ്രവിവാഹത്തിലൂടെ വിവാദം സൃഷ്‌ടിച്ച സഖാവ് സുകുമാരന്റെ ഭാര്യാന്ന് പറഞ്ഞാലൊരുപക്ഷെ അറിയുമായിരിക്കും.“ ഇടതുപക്ഷ പ്രസ്ഥാനത്തിലൂടെ കോളെജ് യൂണിയൻ ചെയർമാനായിരുന്ന ദീപയുടെ സ്വരത്തിന് ഒരു ആധികാരിക ചുവയുണ്ടായിരുന്നു. ”പ്രസ്ഥാനത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സുകുമാരന്റെ പ്രിയപത്നി പുഴക്കടവിലെ കൂരയിൽ ജീവിതത്തിന് മുന്നിൽ പകച്ച് നിൽക്കേണ്ടിവന്നപ്പോൾ അത്താണിയായത് കടത്ത് തോണിമാത്രം… സുകുമാരേട്ടനെ ഓർമ്മിക്കാനായ് റാഹേലമ്മയുടെ ഉദരത്തിൽ ബാക്കിവെച്ച; മകൾ ജനിച്ച് വളർന്ന് പക്വത കൈവരിക്കുന്നതിന് മുന്നെ പിതൃത്വത്തിന്റെ അവകാശം ആരെന്ന് പറഞ്ഞ് കൊടുക്കാൻ കഴിയാത്ത ഒരു സന്താനത്തിന് ജന്മം നൽകി മുഴുഭ്രാന്തിന്റെ ആവരണത്തിലേക്ക് ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ടു.. ഒടുവിൽ നിറഞ്ഞൊഴുകുന്ന ചിരുതപ്പുഴയിലൊരുന്നാൾ മുങ്ങിച്ചത്തു…“ ദീപ കൂജയിൽ നിന്ന് വെളളമെടുത്ത് കുടിക്കുന്നതിനിടയിൽ ശേഖർജി ഇടയ്‌ക്ക് കയറി. ”ഭാഷ കലക്കി ദീപാ… താനീ മുസ്തഫാക്ക് കഥയെഴുതാനുളള സ്‌പാർക്കുണ്ടാക്കി കൊടുക്കല്ലേ…!“ ശേഖർജിയുടെ പരിഹാസത്തിൽ എല്ലാവരും ചിരിച്ചെങ്കിലും മനസ്സിലെങ്ങോ റാഹേലമ്മ ഒരു വേദനയായി കുടിയേറി.. ”മുസ്തഫാക്ക് അങ്ങിനെ വല്ല ഉദ്ദേശവുമുണ്ടെങ്കിൽ നാളെ വീട്ടിലേക്ക് പോന്നോളൂ.. നമുക്ക് വിശദമായി അന്വേഷിക്കാം.“ ദീപയുടെ ക്ഷണം രസിക്കാത്തത് കൊണ്ടാവാം ശേഖർജി പ്രതികരിച്ചു.
”അതെന്താടോ അങ്ങനെ?“
”ശേഖർജിയെ വിളിക്കണമെങ്കിൽ സദ്യവട്ടങ്ങളൊരുക്കണം. മുസ്തഫാക്ക് ഊണിന്റെ കൂടെ കുറച്ച് മോരും ചമ്മന്തിയുമുണ്ടെങ്കിൽ കാര്യം നടക്കും.“
”ക്ഷീരമുളേളാരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം അല്ലെ ദീപാ..?“ ശേഖർജി കൂട്ടിച്ചേർത്തു.
പഠിക്കുന്ന കാലത്ത് എന്റെ പൊതിച്ചോറ് കട്ട് തിന്നിരുന്ന ദീപക്ക് എന്റെ വിഭവങ്ങളെ മറക്കാൻ കഴിയാത്തത് കൊണ്ടാവണം അവളുടെ വീട്ടിൽ പോവേണ്ടി വന്നപ്പോഴെല്ലാം ആ വിഭവങ്ങൾ കൊണ്ട് എന്നെ സൽക്കരിച്ചിരുന്നത്…
”കേൾക്കണോ ശേഖർജീ.. പഠിക്കുന്ന കാലത്ത് സസ്യഭുക്കായ ഈ പുസ്‌തകപ്പുഴുവിന് ഞങ്ങളൊരു പേരിട്ടിരുന്നു. മാപ്ലപട്ടര് എന്ന്…“ ശേഖർജിയുടെ ചിരി ഓഫീസിനുളളിൽ മുഴങ്ങിക്കൊണ്ട് ചുമയിൽ പര്യവസാനിച്ചു.
ഒഴിവു ദിവസങ്ങൾക്ക് പരാതികളുടെയും കുറ്റപ്പെടുത്തലുകളുടെയും അസ്വസ്ഥതയുളവാക്കുന്ന ഒരു പകലിനെയാവും സമ്മാനിക്കാനുണ്ടാവുകയെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ബോധ്യമുളളതുകൊണ്ട് നേരത്തെ തന്നെ ദീപയുടെ വീട്ടിലേക്ക് പുറപ്പെട്ടു. വഴിനീളെ ദീപയെക്കുറിച്ചുളള ചിന്തകളായിരുന്നു. എന്റെ എഴുത്തും വായനയും അറിയാനിടയായപ്പോൾ റഷ്യൻ നോവലുകളുടെയും കഥകളുടെയും മലയാളവിവർത്തനങ്ങൾ നൽകി സൗഹൃദം തുടങ്ങിയവൾ… ആദ്യം തന്ന പുസ്‌തകം മാക്‌സിംഗോർക്കിയുടെ ‘അമ്മ’യായിരുന്നു. സൗഹൃദത്തിനിടയിൽ ആദ്യമൊക്കെ അരോചകമായി തോന്നിയിരുന്ന ‘മാപ്ലപട്ടര്’ വിളി പിന്നെ ഒരു രസമായി മാറി. ചിന്തിച്ചിരുന്ന് സ്ഥലം എത്തിയതറിഞ്ഞില്ല. കണ്ടക്‌ടർ ഓർമ്മപ്പെടുത്തികൊണ്ട് സ്ഥലപ്പേത് വിളിച്ച് പറഞ്ഞപ്പോൾ പന്തലിച്ച് നിൽക്കുന്ന പാലമരച്ചോട്ടിൽ ബസ്സിറങ്ങി. വരുമെന്നറിയിച്ചത് കൊണ്ടാവണം ദീപ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ചിരുതപ്പുഴക്ക് മേലെയുളള പാലത്തിലൂടെ നടക്കുമ്പോൾ ദീപ പറഞ്ഞു. ”ഇതാണ് റാഹേലമ്മയെ പട്ടിണിയിലാക്കിയ പാലം. താൻ വിശ്വസിച്ചിരുന്ന പാർട്ടി അധികാരത്തിൽ വന്നപ്പോൾ നാടിന്റെ വികസനത്തിന് വേണ്ടി പണികഴിപ്പിച്ച പാലം…“
റാഹേലമ്മയെ സ്‌നേഹിച്ചിരുന്നത് കൊണ്ടാവണം പാലത്തിനോട് പകപോക്കാനെന്നവണ്ണം പുഴ സ്വയം ഉൾവലിഞ്ഞതെന്ന് എനിക്ക് തോന്നി. വറ്റിവരണ്ടപുഴയിയിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുകയും ഓരത്ത് ഉണങ്ങിനിന്നിരുന്ന വയൽച്ചുളളികളെ വട്ടമിട്ട് കൊണ്ട് തുമ്പികൾ പാറിപറക്കുകയും ചെയ്‌തിരുന്നു.
”…ദാ അതാണ് റാഹേലമ്മയുടെ വീട്…“ ചുറ്റും കമ്മ്യൂണിസ്‌റ്റ് പച്ചയും ശീമക്കൊന്നയും നീലൂരിയും തഴച്ച് വളർന്ന് നിൽക്കുന്ന റോഡുവക്കിലെ വീടിനെ ചൂണ്ടി ദീപ പറഞ്ഞു.
റോഡിന്നഭിമുഖമായി വീടിന്നൊരുവശത്ത് ചാരിവെച്ചിരുന്ന ചിതല് കയറി തുരുമ്പെടുത്ത തോണിയിൽ വെളളപ്പൂശാനും അടുത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുടെ പേരും അടയാളവും രേഖപ്പെടുത്താനും റാഹേലമ്മയെ മറന്നപാർട്ടി പ്രത്യേകം ശ്രദ്ധകാണിച്ചിരിക്കുന്നത് ഒരു കാർട്ടൂൺ കാരിക്കേച്ചർ പോലെ തമാശയുളവാക്കി. വീടിന്റെ ഉമ്മറത്തെ തിണ്ണയിൽ നിരത്തിവെച്ചിരുന്ന ചില്ലുഭരണികളിലായി ഉപ്പിലിട്ട മാങ്ങപ്പൂളും നെല്ലിക്കയും പിന്നെ വിലകുറഞ്ഞ കുറച്ച് മിഠായികളും… അല്ലറചില്ലറ സാധനങ്ങളും. ഞാൻ കൗതുകത്തോടെ അവയെല്ലാം നോക്കി നിൽക്കുന്നത് കണ്ടിട്ടാവണം പാവത്തിന്റെ ഉപജീവനമാർഗ്ഗമാണെന്ന് ദീപ ഉണർത്തിച്ചത്.
പുറത്ത് ആളനക്കം കേട്ടിട്ടാവണം റാഹേലമ്മ; പീളകെട്ടിയ തിമിരം ബാധിച്ച കണ്ണുകളെ വിറക്കുന്ന കൈകളാലെ തിരുമ്മി ശുഷ്‌ക്കിച്ച ശരീരവുമായി വേച്ച്‌വേച്ച് നടന്നടുത്ത് ചിലമ്പിച്ച ശബ്‌ദത്തിൽ ചോദിച്ചു. ”… ആരാ… എന്താ വേണ്ട്യേത്…?“
എങ്ങിനെ തുടങ്ങണമെന്നറിയാതെ ഞാൻ ദീപയെ നോക്കി.
”അമ്മച്ച്യെ, ഞാൻ പാൽക്കാരൻ വേലൂന്റെ മോളാ….“
”ദാപ്പൊ നന്നായെ, മ്മടെ ദീപകുട്ട്യോ…? ആട്ടെ, ആരാ കൂടെ…?“
”ഇത് മുസ്‌തഫ.. എന്റെ കൂടെ ജോലിചെയ്യുന്ന ആളാ..!“ ദീപ എന്നെ പരിചയപ്പെടുത്തി.
”ഹ്‌ആ.. പ്രായത്തിന്റെ വെവരക്കേടോണ്ട് വേണ്ടാധീനങ്ങളൊക്കെ ചെയ്‌ത് ഒടയമ്പ്രാൻ തന്ന ജീവിതം കുട്ടിച്ചോറാക്കര്‌ത്‌ട്ടാ കുട്ട്യോളെ….!“ – അത് എന്ത് ഉദ്ദേശിച്ചാവും പറഞ്ഞിട്ടുണ്ടാവുക എന്ന് മനസ്സിലാവാതെ ഞാനും ദീപയും പരസ്‌പരം നോക്കി. ഒരുപക്ഷെ ദീപയുടെ കൂടെയുളള ഞാൻ മറ്റൊരു ജാതിക്കാരനാണെന്നറിഞ്ഞപ്പോൾ സ്വന്തം ജീവിതത്തെ ഓർത്ത് പറഞ്ഞതായിരിക്കാം… ഞാനും ദീപവും തമ്മിൽ സൗഹൃദത്തിനപ്പുറം എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ… രണ്ടുപേർക്കും അങ്ങിനെ തോന്നിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം…..
”എന്റെ കുട്ടീനെ കൊന്നോനെ വല്ല പിട്യും കിട്ട്യോ മോളെ..?“ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരുതരം വീർപ്പുമുട്ടലിനിടയിൽ മരിച്ച കുട്ടിയെ കുറിച്ച് ചോദിക്കാൻ ഞാൻ ഒരുങ്ങുമ്പോഴായിരുന്നു റാഹേലമ്മയുടെ ചോദ്യം…
വെറുമൊരു വാർത്തക്ക് വേണ്ടിമാത്രം അറിഞ്ഞ; വായിൽ തുണിതിരുകി പിന്നിലേക്ക് കെട്ടിയ കൈകളുമായി പൊട്ടക്കുളത്തിൽ പൊങ്ങികിടന്നിരുന്ന കുട്ടിയുടെ ചിത്രം മനസ്സിനെ അലോസരപ്പെടുത്തി.
”…ഒരുപകാരമില്ലേലും… ഒന്നോ രണ്ടോ ദെവസം കൂടുമ്പൊ ഇവ്‌ടെ കേറിവരും… അപ്പൊ തന്നെ പോവേം ചെയ്യും.. ഓന്റെ തന്ത രാത്രീലാ പൊറത്തെറങ്ങൂന്ന് ആരാണ്ട് പറഞ്ഞോട്‌ത്തേപ്പിന്നെ വല്ലപീട്യേക്കോലാമ്മലാത്രെ കെടന്നൊറങ്ങാറ്… തന്തേന്ന് പറഞ്ഞ് അവകാശം സ്ഥാപിക്കാൻ ചെന്നാല് നെലേം വെലേംളള ആൾക്കാര് വെറുതെ വിട്വൊ…!“
റാഹേലമ്മയുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു… കാരണമറിയാത്ത ദുഃഖത്തിന്റെ വീർപ്പ്‌മുട്ടൽ തൊണ്ടയിൽ കുടുങ്ങി ഞാനറിയാതെ ഒരു നെടുവീർപ്പായ് മാറി. റാഹേലമ്മയോട് ഒന്നും ചോദിക്കാതെ തന്നെ എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു… ”ഒക്കെന്റെ വിധ്യാവും… ഇല്ലെങ്കിപ്പിന്നെ ഇക്കീഗതി വർവൊ…! ഇദ്‌പ്പൊ കേസാക്കാനും പിന്നാലെ ഓടാനും ഇന്നെക്കൊണ്ട് കൂട്ട്യാ പറ്റ്വോ… ന്റെ കൂരേന്ന് ഒരു നെലോളി കേട്ടാപ്പോലും ഓടിവരാനാരൂല്ല…. കടവില് വഞ്ചിണ്ടാർന്ന കാലത്ത് ആര് കൂകിവിളിച്ചാലും ഇക്കരേന്ന് അക്കരേക്കും അക്കരേന്നിക്കരേക്കും എത്ര വഞ്ച്യും തൊഴഞ്ഞ് ഓട്യേതാ…“ സംസാരത്തിന്റെ പ്രത്യേക രീതിയിലുളള താളം മുറിഞ്ഞ് മൂക്ക് പിഴിഞ്ഞ് ചുമരിൽ തുടച്ച് റാഹേലമ്മ കരയാൻ തുടങ്ങി… ”ഇന്നിട്ടിപ്പൊ ഇക്കാരൂല്ലാണ്ടായി… ന്നാപ്പോരെ…“
ദുരൂഹതകളുടെ ഊരാകുടുക്കുകൾ കെട്ട് പിണഞ്ഞ് കിടക്കുന്ന സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരു കഥയാക്കണോ വാർത്തയാക്കണോ എന്നറിയാതെ കടവിൽ നിന്നും തീരാദുഃഖത്തിന്റെ നിലയില്ലാകയത്തിൽ റാഹേലമ്മയെ തനിച്ചാക്കി ദീപയോട് പോവാമെന്ന് ആംഗ്യം കാണിച്ച് ഭരണിയിൽ നിന്ന് രണ്ട് നെല്ലിക്കയെടുത്ത് അൻപത് രൂപയുടെ നോട്ട് റാഹേലമ്മയുടെ കയ്യിൽ വെച്ച് കൊടുത്ത് പടിയിറങ്ങുമ്പോൾ രൂപയുടെ നാലരികും തപ്പിനോക്കി പുകനിറഞ്ഞ കാഴ്‌ചയിലൂടെ ഉറപ്പ് വരുത്തിയതിന് ശേഷം കോന്തലയിൽ സൂക്ഷിച്ചിരുന്ന കുട്ടി സഞ്ചിയിൽ നിന്നും ബാക്കിതരാനുളള ചില്ലറ പരതിക്കൊണ്ട് ആരോടെന്നില്ലാതെ റാഹേലമ്മ ”എക്കാരൂല്ലാണ്ടായി…“ എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു.
Generated from archived content: story1_apr15_08.html Author: musthafa_perumparambath