മഴകള്‍ പിറവിയുടെ സമയം മുതല്‍ക്കെയുള്ള കൂട്ടുകാരാണ്. ഒരു വേനല്‍ മഴയുടെ അന്തരീക്ഷത്തിലേക്കാണ് ഞാന്‍ ജനിച്ചു വീണത് എന്ന് മമ്മി പറയാറുണ്ട്. ഒപ്പം ഒരു കമന്റും വീഴും ; ചിലപ്പോള്‍ ദേഷ്യത്തില്‍ മറ്റു ചിലപ്പോള്‍ പരിഹാസത്തില്‍. ‘’ വേനലിന്റെ നടുമുറീല്‍ ഇടീം വെട്ടി മഴപെയ്ത നേരത്തല്ലേ ഉണ്ടായത് പിന്നെങ്ങിനെയാ ശരിയാകുന്നേ’‘ പറഞ്ഞാ അനുസരിക്കായ്കയുടെ എന്തെങ്കിലും പെരുമാറ്റം കാണുമ്പോള്‍ കുഞ്ഞുനാളില്‍ പറയുന്ന വാക്കുകളായിരുന്നു ഇവ. അതേ കുംഭമാസത്തിന്റെ ഒടുവില്‍ വേനലില്‍ തിളച്ചു നിന്ന പകല്‍ ഒടുങ്ങിയപ്പോള്‍ സന്ധ്യയും മയങ്ങിക്കഴിഞ്ഞപ്പോള്‍ രാത്രി ഉണര്‍ന്നു തുടങ്ങിയപ്പോഴാണ് എന്റെ ഭൂമിയിലേക്കുള്ള വരവ്. വിചാരിക്കാതെ പെയ്ത വേനല്‍ മഴയുടെ കൂട്ട് കൂടെയുണ്ടായിരുന്നു. വേനലിലെ ആദ്യമഴയായിരുന്നു. കാറ്റും മഴയും ഇടിവെട്ടും മമ്മീടെ കന്നി പ്രസവവും . കറന്റും പോയി പെട്ടന്നു കറന്റു പോയതിനാല്‍ വിളക്കും മെഴുകുതിരിയുമൊന്നും ഉണ്ടായിരുന്നില്ല. ടോര്‍ച്ചുവെട്ടമേ ഉണ്ടായിരുന്നുള്ളുവെന്ന് ലേബര്‍ റൂമിലെ സിസ്റ്റര്‍ ഹെലന്‍ പറയുമായിരുന്നു. ജനിച്ചു കഴിഞ്ഞപ്പോള്‍ കറന്റ് വന്നല്ലോ എന്ന് മമ്മിയോടു തിരിച്ചു ചോദിക്കാന്‍ പിന്നീടു പഠിച്ചു. ‘’അതൊരു സത്യമായതിനാല്‍ നിഷേധിക്കുവാന്‍ പറ്റുമോ?’‘ എന്നു മമ്മിയും പറയും. അപ്പോള്‍ ഞാന്‍ ലോകത്തിന്റെ വെളിച്ചമല്ലേയെന്ന ചോദ്യം പക്ഷെ മമ്മി വക വച്ചു തരികയുമില്ല.
ഏതായാലും മാസം തികയുന്നതിനു മുന്‍പേ മമ്മീടേ വയറ്റീന്നിറങ്ങിപ്പോരാന്‍ കാരണം ഈ വേനല്‍ മഴയുടെ വിളിയായിരിക്കണം. വേനലും വര്‍ഷവും വെയിലും മഴയും ചൂടും തണുപ്പും ഇരുപാതികളായി എന്റെ സ്വഭാവത്തില്‍ ചേര്‍ന്നു കിടക്കുന്നു. വേനലിന്റെ വേവും മഴയുടെ ഹര്‍ഷവും ഈര്‍പ്പവും നനവും ചേര്‍ന്ന ഉള്ളകം അതാണ് പറയുന്നത്. എന്റെ പ്രിയപ്പെട്ട മഴ വേനല്‍ മഴയാണ്. കുംഭത്തിലെ- മീനത്തിലെ- മേടത്തിലെ മഴകള്‍. മേടത്തിലെ മഴ മാമ്പഴം വീഴ്ത്തുന്ന മഴയാണെങ്കില്‍ കുംഭത്തിലെ മഴ കുപ്പയിലും മാണിക്യം വിരിയിക്കുന്നതാണ്. മീനത്തിലെ മഴയിലെ മിന്നല്‍ മീങ്കണ്ണേലും കൊള്ളീക്കുന്നതാണ്. അങ്ങനെ കേരളത്തിലെ വേനല്‍ മഴ കൊണ്ടു കൂടി സമൃദ്ധമാണ്.
ഇഷ്ടപ്പെട്ട മഴ വേനല്‍ മഴയാണെന്നു പറഞ്ഞല്ലോ. ഇഷ്ടപ്പെട്ട മഴ എന്നെ മരണത്തിന്റെ വക്കോളം എത്തിച്ചിട്ടുണ്ട്. ഞാനന്നു ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. എട്ടിലേക്ക് ജയിച്ചതിന്റെ റിസല്‍റ്റ് നോക്കാനും മറ്റുമായി കാഞ്ഞിരപ്പിള്ളി സെന്റ് മേരീസ് സ്കൂളിലേക്കു പോവുകയായിരുന്നു. കൂടെ രണ്ടാം ക്ലാസില്‍ പഠിക്കുന്ന അനിയത്തിയുമുണ്ട്. കാഞ്ഞിരപ്പിള്ളിയില്‍ പോയിട്ട് തിരിച്ചുവരുന്ന സമയം ബസ്സിറഞ്ഞി ഒന്നര മൈല്‍ നടന്നാലേ പാലമ്പ്രയെന്ന ഗ്രാമത്തിലെ വീട്ടിലെത്തുകയുള്ളു. ഞങ്ങള്‍ നടന്നു തുടങ്ങി. പാതി വഴി പിന്നിട്ടതേയുള്ളു. പെട്ടെന്നൊരു മഴക്കോള്‍. നോക്കി നില്‍ക്കെ മഴ പെയ്യാന്‍ തുടങ്ങി. ഞാനും അനിയത്തിയും കൂടെ വേഗം നടന്നു. വഴിയില്‍ കുറച്ചു ദൂരം ആള്‍ത്താമസം ഇല്ലാത്തയിടമാണ്. അവിടെ വച്ച് മഴ ശക്തിപ്പെടാന്‍ തുടങ്ങി. കുടയൊന്നും എടുത്തിയിട്ടില്ലാത്തതിനാല്‍ ഞങ്ങള്‍ രണ്ടാളും നനഞ്ഞു. നടക്കുകയാണ്. കയറിയൊന്നു നില്‍ക്കാന്‍ ഒരു വീടു പോലും കാണുന്നില്ല. പെട്ടന്ന് ഒരു മിന്നല്‍ പിന്നീട് ഞാന്‍ കണ്ണു തുറക്കുമ്പോള്‍ റോഡില്‍ കിടക്കുകയാണ്. മഴത്തുള്ളികള്‍ മുഖത്തേക്ക് വീണുകൊണ്ടിരിക്കുന്നു. പാവം എന്റെ അനിയത്തി എന്റെ നെഞ്ചില്‍ തല വച്ച് കരയുകയാണ് അവള്‍ പറയുന്നത് കേള്‍ക്കാം ‘’ എന്റെ ചേച്ചി മരിച്ചു പോയി’‘ എന്ന്. ഞാന്‍ പതുക്കെ അവളുടെ കൈപിടിച്ച് എഴുന്നേറ്റു. കാര്യബോധമുള്ള ചേച്ചിയായി മാറി. സാരമില്ലെന്നു പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. പക്ഷെ, എനിക്കു കാലു നിലത്തു കുത്താന്‍ മേല , ഏതാണ്ട് 50 മീറ്റര്‍ അകലത്തേക്ക് ഇടിമിന്നലിന്റെ ആഘാതത്തില്‍ ഞാന്‍ തെറിച്ചു വീണതാണ്.തുടയുടെ ഒരു വശത്ത് തൊലിയേ ഇല്ല. ചെമ്മണ്ണു നിറഞ്ഞ മഴ നനഞ്ഞ് വേദന കടിച്ചമര്‍ത്തി അവിടെ കുറെ നേരം നിന്നു. മുട്ടൊപ്പം എത്തുന്ന പാവാടയും ബ്ലൗസുമായിരുന്നു അന്നത്തെ എന്റെ വേഷം. ആ വീഴ്ചയില്‍ പാവാട കുറച്ചു കീറിയും പോയി. എന്തുചെയ്യണമെന്നറിയാതെ വേദന സഹിച്ച് നിന്നു. അനിയത്തിയെ ആശ്വസിപ്പിച്ചു ഉമ്മയൊക്കെ കൊടുത്തു സമാധാനിപ്പിച്ചു. അവളാകെ പേടിച്ചു വിറച്ചു നില്‍ക്കുകയാണ്. രണ്ടും കല്‍പ്പിച്ച് ഒരു വിധത്തില്‍ മുടന്തി മുടന്തി മുന്നോട്ടു നടന്നു. അങ്ങനെ ആള്‍ത്താമസമുള്ളയിടത്തെത്തി. അവിടെ പുത്തന്‍പുരയ്ക്കല്‍ക്കാരുടെ വീട്ടില്‍ കയറി. അവിടുത്തെ ചേച്ചി ‘’അയ്യോ ഇതു ടീച്ചറിന്റെ പിള്ളാരാണല്ലോ’‘ എന്നും പറഞ്ഞ് വീട്ടില്‍ കയറ്റിയിരുത്തി. തല തുവര്‍ത്തി കട്ടന്‍ കാപ്പിയൊക്കെ തന്ന് മഴ തീരുംവരെ അവരുടെ വീട്ടില്‍ തന്നെ പിടിച്ചിരുത്തി. എന്റെ കാല്‍ കഴുകി തന്നു. ചോര അപ്പോഴും വരുന്നുണ്ടായിരുന്നു ആ വീട്ടിലെ ചേട്ടന്‍ പുറത്തു പോയിട്ടു വന്നു പറഞ്ഞു. എന്റെ നേരെ വലത്തുവശത്തു നിന്നിരുന്ന തെങ്ങിന്റെയും പ്ലാവിന്റെയും മണ്ട കരിഞ്ഞു പോയെന്ന്. ഏതായാലും എന്റെ സമയമെത്തിയിരുന്നില്ല എന്നു വ്യക്തമായി.
അങ്ങനെ മഴകള്‍ എത്രായിരം അനുഭവങ്ങള്‍ നല്‍കുന്നു. മേടത്തിലെ മഴ പെട്ടന്നു വരും. മഴ തോരുമ്പോള്‍ മോര്‍പ്പാള കുന്നിലേക്ക് ഓടിപ്പോകും. അവിടെ നില്‍ക്കുന്ന നാട്ടുമാവിന്റെ മാങ്ങകള്‍ മഴയിലും കാറ്റിലും വീണിട്ടുണ്ടാകും. മാമ്പഴം പെറുക്കിക്കൂട്ടി തൃപ്തരായി കുന്നിറങ്ങി വരുന്ന ഞങ്ങള്‍ കുട്ടികള്‍ ജീവിതത്തിലെ വലിയ നേട്ടം നേടിയ ഭാവത്തിലായിരിക്കും അപ്പോള്‍.
വേനല്‍ മഴക്കപ്പുറം എന്തെല്ലാം തരം ഗാഢമായ മഴയനുഭവങ്ങള്‍. കാലവര്‍ഷവും തുലാവര്‍ഷവും തരുന്ന സന്തോഷങ്ങള്‍, സങ്കടങ്ങള്‍, വിശപ്പ്, രോഗം അങ്ങനെയെന്തെല്ലാം. ഇന്ന് പകല്‍ചൂടില്‍ ഒരു മഴയുടെ ശമനൗഷധം തേടുന്ന ദിവസങ്ങള്‍. അപ്പോഴും മഴ സിരകളില്‍ പെയ്തും തോര്‍ന്നും ജീവിച്ചുകൊണ്ടേയിരിക്കുന്നു…..
Generated from archived content: essay1_july3_12.html Author: muse_mary
എവിടെയോ ഒരു കാർട്ടൂൺ വരച്ചതിന് വാരികയുടെ ഓഫീസ് തകർത്തപ്പോളും നമ്മുടെ കേരളത്തിൽ അദ്ധ്യാപകന്റെ കൈ വെട്ടിയപ്പോഴും ഈ ആവിഷ്ക്കാര സ്വാതന്ത്ര്യക്കാർ മൊനം പാലിച്ചത് എന്താണ്