മുല്ലപ്പൂക്കൾക്ക്‌ വെളുത്ത നിറമാണ്‌…..

മുല്ലപ്പൂക്കൾ എനിക്കൊരുപാട്‌ ഇഷ്‌ടമാണ്‌…..

മുടി നിറയെ മുല്ലപ്പൂക്കൾ ചൂടി ചിരിച്ചുകൊണ്ടു കടന്നു പോകുന്ന സുന്ദരികളായ ചേച്ചിമാരെയും….

വീതിയേറിയ കസവ്‌ കരയുള്ള സാരിയുടുത്തു മുടി നിറയെ മുല്ലപ്പൂക്കളും ചൂടി എന്നും ചിരിച്ച മുഖത്തോടെ കൈ വീശി കടന്നുപോകുന്ന ശാരിചേച്ചിയെയും എനിക്ക്‌ ഒരുപാടിഷ്‌ടമാണ്‌…..

അവരെ കാണാൻ എന്തു ഭംഗിയാണ്‌….

ശാരിചേച്ചിക്ക്‌ ഒരു സങ്കടവും ഉണ്ടാവില്ല അതല്ലേ അവര്‌ എപ്പോഴും ഇങ്ങനെ ചിരിച്ച മുഖത്തോടെയിരിക്കുന്നത്‌….

അവർ ഇവിടെ വന്ന്‌ താമസിക്കാൻ തുടങ്ങിയപ്പോൾ ആദ്യം പരിചയപ്പെട്ടത്‌ എന്നെയാണ്‌….

അന്നെനിക്കവർ കുറെ ചോക്ലേറ്റ്‌ തന്നു…

നിറയെ കുപ്പിവളകളിട്ട വെളുത്ത കൈ കൊണ്ടു കവിളിൽ തലോടിക്കൊണ്ടവർ ചോദിച്ചു…. “

എന്താ മോളുടെ പേര്‌”???

“മിനി…”

മിനിക്കുട്ടി ഏത്‌ ക്ലാസിലാ പഠിക്കുന്നെ…..??“

”എട്ടാം ക്ലാസിൽ“ അവർ വെളുക്കെ ചിരിച്ചു…”

വീട്ടിൽ ആരൊക്കെയാ ഉളേള…“??

എനിക്ക്‌ അമ്മമാത്രമേയുളളു…”

“മോള്‌ വലുതാകുമ്പോൾ വലിയ ആളാകണം കേട്ടോ….”

അതു പറയുമ്പോൾ മാത്രം അവരെന്റെ മുഖത്ത്‌ നോക്കിയില്ല….

അവരുടെ മുടിയിലെ മുല്ലപ്പൂക്കൾ വാടിത്തുടങ്ങിയിരുന്നു.

അന്ന്‌ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അമ്മയോടാണ്‌ ദേഷ്യം തോന്നിയത്‌. അമ്മ കറുത്തിട്ടായത്‌ കൊണ്ടല്ലേ ഞാനും കറുത്തുപോയത്‌…. അമ്മമാർക്ക്‌ നല്ല നിറം ഉണ്ടെങ്കിലേ മക്കൾക്കും നല്ല നിറം കിട്ടൂ…. അമ്മയ്‌ക്കു കറുപ്പ്‌ നിറമാണ്‌…. അതല്ലേ ഞാനും ഇങ്ങനെ… ശാരി ചേച്ചിയുടെ കൈകൾ കാണാൻ എന്തു ഭംഗിയാണ്‌. വെളുത്തു കൊലുന്നനെയുള്ള കൈകൾ… ചേച്ചിയുടെ അമ്മയുടെ കൈകളും വെളുത്തിട്ടായിരുന്നിരിക്കണം അല്ലെങ്കില്‌ ഇത്ര ഭംഗി അവർക്കെങ്ങിനെ വരാനാ….

അച്ഛൻ വെളുത്തിട്ട്‌ ആയിരിക്കുമോ…???

അമ്മയോട്‌ ചോദിച്ചാൽ അമ്മ അടിക്കും. പത്ത്‌ സി-യിലെ രശ്‌മിക്കും അച്ഛനില്ല… പക്ഷെ അവളുടെ അച്ഛന്റെ ഫോട്ടോ അവിടെയുണ്ട്‌! ബൈക്ക്‌ അപകടത്തിൽ മരിച്ചതാണത്രേ…. അവളുടെ അമ്മ എപ്പോളും കരയും…. അവർക്ക്‌ അവളുടെ അച്ഛനെ ഒരുപാടിഷ്‌ടമായിരുന്നിരിക്കണം….

അമ്മയോട്‌ ചോദിയ്‌ക്കാൻ വേണ്ടി വച്ച ഒരുപാടു കാര്യങ്ങൾ ഉണ്ട്‌….. ഇത്തിരി കൂടി വലുതാവട്ടെ…. എല്ലാം ചോദിക്കണം. അമ്മ അടിച്ചേക്കും. ചിലപ്പോ കരയും…. എന്നാലും വേണ്ടില്ല എന്തായാലും ചോദിക്കണം. ഒരു പ്രാവശ്യം അമ്മ കരഞ്ഞോട്ടെ!… ശരിക്കും ശാരി ചേച്ചിയെപ്പോലെ ധൈര്യം ഒക്കെ ഉണ്ടാവണം….

കഴിഞ്ഞ ദിവസം ഒരു ഓട്ടോക്കാരനോട്‌ അവർ ഉച്ചത്തിൽ തർക്കിക്കുന്നത്‌ കേട്ടു…… എന്നെ കണ്ടപ്പോൾ അവർ നിർത്തി. ശരിക്കും ആ ഓട്ടോക്കാരൻ ചീത്തയാണ്‌. ഒരുപാടു തവണ അയാളെ ചീത്ത വിളിക്കാൻ തോന്നിയിട്ടുണ്ട്‌… പക്ഷെ എന്തെങ്കിലും പറയാൻ വിചാരിക്കുമ്പോ ശബ്‌ദം വെളിയിൽ വരില്ല…. ശരീരം ഒക്കെ തളർന്നു പോകുന്നപോലെ തോന്നും. ശാരിചേച്ചിയോട്‌ ചോദിക്കണം ധൈര്യം വരാൻ എന്താണ്‌ ചെയ്യേണ്ടതെന്ന്‌… ഒരു ദിവസം അവരെപ്പോലെ വലിയ വലിയ ആളുകളോട്‌ ഒക്കെ എനിക്കും സംസാരിക്കണം. പിന്നെ അവർ ചൂടുന്നപോലെ മുല്ലപ്പൂക്കളും…. പക്ഷെ ഭംഗി ഉള്ളവർക്കല്ലേ മുല്ലപ്പൂക്കൾ ചേരുക നയൺ ബി-യിലെ അശ്വതിയെ കാണാൻ എന്തു ഭംഗിയാണ്‌ അവളുടെ അമ്മയും സുന്ദരിയാണ്‌ ആണ്‌…. ആൺ കുട്ടികൾ എല്ലാവരും അവളുടെ പിറകെയാണ്‌… നന്ദനം ബസ്സി ഇലെ രാജേഷ്‌മാത്രമാണ്‌…. നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്‌…“ എന്ന്‌ പറഞ്ഞത്‌. അന്ന്‌ ദേഷ്യം അഭിനയിച്ചെങ്കിലും ഉള്ളിൽ സന്തോഷം കൊണ്ടു പൊട്ടുന്നതുപോലെ ആയിരുന്നു. സത്യമായിരിക്കുമോ??? പക്ഷെ കണ്ണാടിയുടെ മുൻപിൽ നിൽക്കുമ്പോൾ ആണ്‌ സങ്കടം വരുന്നത്‌. ഈ കറുത്ത നിറം ഒരു ശാപമാണ്‌… ഞാൻ വെറുക്കുന്ന നിറമാണ്‌ കറുപ്പ്‌… ഏറ്റവും ഇഷ്‌ടം വെള്ളയും.. ക്ലാസിലെ ബ്ലാക്ക്‌ ബോർഡിൽ നോക്കുമ്പോൾ പോലും പലപ്പോഴും തല ചുറ്റുന്ന പോലെ തോന്നും…

പക്ഷെ…. ശാരിചേച്ചിയും ചെറുപ്പത്തിൽ കറുത്തിട്ട്‌ ആയിരുന്നുവത്രേ.. അവർ വലുതായപ്പോഴാണ്‌​‍്‌​‍്‌ വെളുത്ത നിറം വച്ചത്‌… ശരിയായിരിക്കും അവർ ബ്യൂട്ടിപാർലറിൽ ഒക്കെ പോകാറുണ്ട്‌…. മുഖത്തിനു നല്ല നിറം വരുത്തുന്ന വിദ്യ ഒക്കെ ഉണ്ടെന്നാണ്‌ അവർ പറയുന്നത്‌… എന്നാലും അവരുടെത്‌ പോലത്തെ സുന്ദരമായ ചിരി എവിടെ നിന്നു കിട്ടാനാണ്‌…. മുല്ലപ്പൂ പോലത്തെ പല്ലുകൾ ആണ്‌ അവർക്കു… പിന്നെ എന്റെ അമ്മയെ പോലെ അല്ല അവർക്കു സിറ്റിയിൽ നല്ല ഒരു ജോലിയും ഉണ്ട്‌… ജോലി കിട്ടിയാൽ ഞാൻ ആദ്യം അമ്മയ്‌ക്ക്‌ ഒരു നല്ല സാരി വാങ്ങിക്കൊടുക്കും….

പിന്നെന്ത്‌ ചെയ്യും???…

ജോലി കിട്ടികഴിഞ്ഞിട്ടല്ലേ…..

കുറെ മുല്ലപൂക്കൾ വാങ്ങി മുടിയിൽ ചൂടി നടക്കണം എന്ന്‌ എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ്‌…..

മുല്ലപ്പൂക്കൾക്കിടയിൽ കനകാംബരത്തിന്റെ ഒരു ചെറിയ ചെണ്ടും കൂടി…….

കഴിഞ്ഞ ദിവസം ബസ്‌ സ്‌റ്റോപ്പിൽ വച്ചു. മഞ്ഞുപോലെ തണുത്ത കൈകൾ കൊണ്ടു എന്നെ ചേർത്തുപിടിച്ച്‌ ശാരിചേച്ചി ആ രാജേഷിനോട്‌ പറഞ്ഞു.

”……..ഈ സുന്ദരിപ്പെണ്ണിനെ ഞാൻ കൊണ്ടുപോകും….“ എന്ന്‌….

രാജേഷ്‌ അടുത്തുള്ളത്‌ കൊണ്ട്‌ വേറൊന്നും ചോദിച്ചില്ല…. ശരിക്കും അവർക്കെന്നെ ഇഷ്‌ടമാണോ?? ശാരിചേച്ചി വിചാരിച്ചാൽ ഈ കറുത്തമുഖം വെളുപ്പിച്ചു സുന്ദരമാക്കാൻ കഴിഞ്ഞാലോ….?

വലുതാവുമ്പോൾ വീതികൂടിയ കരയുള്ള കാഞ്ചിപുരം സാരി ഉടുത്തു നടക്കുന്നത്‌ സ്വപ്‌നം കാണാറുണ്ട്‌…. സ്വപ്‌നങ്ങൾ സത്യമാവുറുണ്ടോ…..?

അങ്ങിനെയെങ്കിൽ മുടി നിറയെ നല്ല വെളുത്ത മുല്ലപ്പൂക്കൾ ചൂടുകയും വേണ്ടേ….??

അതിന്‌ നടുവിൽ കനകാംബരത്തിന്റെ ഒരു ചെണ്ടും……..

Generated from archived content: story1_oct19_09.html Author: murali_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here