തേങ്ങയ്‌ക്ക് വിലയുണ്ടായിരുന്ന കാലത്ത് ബൂർഷാ മുതലാളിയായിരുന്നു തയ്യുള്ള പറമ്പിൽ ശങ്കരൻ നായർ…..
വില കുറഞ്ഞപ്പോൾ കമ്യൂണിസ്‌റ്റുകാർ അയാളെ ശങ്കരേട്ടാ എന്ന് വിളിച്ചു പോന്നു….
ചിലപ്പോൾ തന്റെ തെങ്ങിൻ തോപ്പിലെ മണ്ടരി പിടിച്ച തെങ്ങുകളോട് സംസാരിക്കാറുണ്ടായിരുന്ന അയാളെ ചില വികൃതിപ്പിള്ളേർ പ്രാന്തൻ നായർ എന്നു വിളിച്ചു……
ഒരു തേങ്ങയ്‌ക്ക് എട്ടുരൂപ അമ്പതുപൈസ കിട്ടിക്കൊണ്ടിരുന്ന കാലത്തായിരുന്നു അയാളുടെ ഇളയമകൻ സുരേഷിന്റെ ജനനം….. വയലിനോട് ചേർന്നു കിടക്കുന്ന തോപ്പിൽ നിന്നും നട്ടുച്ച നേരത്ത് ഒരു കുല തേങ്ങ വെട്ടി അത് അന്ത്രുവിന്റെ പീടികയിൽ കൊണ്ടുപോയി വിറ്റ് ആ പൈസക്ക് സിഗരട്ട് വാങ്ങി വലിച്ചുകൊണ്ടാണ് സുരേഷ് വയസ്സറിയിച്ചത്….. സുരേഷിന്റെ തല കണ്ട അന്നുമുതലാണ് തേങ്ങയുടെ വില കുറഞ്ഞുവരാൻ തുടങ്ങിയതെന്ന ചിന്തയായിരുന്നു അവനെ അസുരവിത്തായി കാണാൻ ശങ്കരൻ നായരെ പ്രേരിപ്പിച്ചത്…..തികച്ചും ശാന്തനായ മനുഷ്യനായിരുന്നു ശങ്കരൻ നായർ….. തന്റെ തോപ്പിൽ വിളയുന്ന തേങ്ങകളെ സ്വന്തം മക്കളെക്കാളേറെ അയാൾ സ്‌നേഹിച്ചു……
അയാളുടെ ജീവിതം തേങ്ങയിൽ തുടങ്ങി തേങ്ങയിലൂടെ മാത്രം പൊയ്‌ക്കൊണ്ടിരുന്നു…..
രാഷ്‌ട്രീയപരമായി ശങ്കരൻ നായർ എന്ത് ചിന്തിക്കുന്നുവെന്നത് അയാളുടെ പ്രിയപ്പെട്ട തെങ്ങുകൾക്ക് പോലും. അറിയാമായിരുന്നില്ല….. തേങ്ങയ്‌ക്ക് വിലകുറയാൻ ആരൊക്കെ കാരണമായോ അവരെയെല്ലാം അയാൾ പരസ്യമായി ചീത്ത വിളിച്ചു………
തിരുവാതിര ഞാറ്റുവേല കഴിഞ്ഞ ഒരു വെള്ളിയാഴ്‌ചയാണ് ശങ്കരൻനായരിലേക്ക് ആസിയാൻ കരാർ കടന്നു വരുന്നത്……………. അപ്പോളയാൾ കാണാരന്റെ ചായപ്പീടികയിൽ തേങ്ങകളുടെ വിലയിടിവിനെപ്പറ്റി വാചാലനാവുകയായിരുന്നു….. അതിനിടെ സഖാവ് ഭാസ്‌കരനാണ് ആ ഞെട്ടിപ്പിക്കുന്ന പ്രസ്‌താവന നടത്തിയത്…………..
“നായരേ…. ഇനി നിങ്ങക്കൊക്കെ തെങ്ങ് വെട്ടിക്കളഞ്ഞു വല്ല കുന്നിക്കുരുവും നടാം. ആസിയാനാ വരാമ്പോണത് ആസിയാൻ………!!!”
“എന്നു വച്ചാൽ??”
“ഇനി തേങ്ങയും നെല്ലുമൊക്കെ ശ്രീലങ്കേന്നു മലേഷ്യെന്നും തായ്‌ലാന്റീന്നും ഒക്കെ കുറഞ്ഞ വിലക്ക് കിട്ടാൻ പോവുകയാ…..ഇനി നിങ്ങളുടെ തേങ്ങയൊന്നും ആർക്കും വേണ്ടിവരില്ല……. ”
ശങ്കരൻനായർക്ക് അതൊരു പുതിയ അറിവായിരുന്നു…….. മണ്ടരി കാലത്തിനുശേഷം മറ്റൊരു മഹാ വിപത്ത് വരാൻ പോകുന്നു…….!!
തിരിച്ചു വീട്ടിലേക്കു നടക്കുമ്പോഴെല്ലാം അയാളുടെ ഉള്ളിൽ ഭാസ്‌കരന്റെ വാക്കുകളായിരുന്നു….ആസിയാൻ!!!…. ആസിയാൻ കരാർ തന്നെയും തന്റെ കുടുംബത്തെയും വിഴുങ്ങാൻ പോകുന്നതായി അയാൾക്കു തോന്നി. ഒരു കേരകർഷകന് തന്റെ തേങ്ങ വിൽക്കാനാകാത്ത ഒരു സമൂഹത്തെപറ്റി അയാൾക്ക് ചിന്തിയ്‌ക്കാൻ പോലും കഴിയുമായിരുന്നില്ല…. കാലൻ കോഴികൾ കൂവിത്തളർന്ന രാത്രികളിൽ കട്ടപിടിച്ച കൂരിരിട്ടു സ്വപ്‌നം കണ്ട് നിസ്സഹായതയോടെ അയാൾ ഞെട്ടിയുണർന്നു….!!! ദിനങ്ങൾ പോകെ താൻ ഭയപ്പെട്ടിരുന്നത് സത്യമാകുകയാണെന്നയാൾക്ക് തോന്നിത്തുടങ്ങി….. പത്രങ്ങളായ പത്രങ്ങളിലൊക്കെ ആസിയാൻ മാത്രം……. തേങ്ങയെക്കുറിച്ച് സകലമാന കാര്യങ്ങളും അറിയാമെന്ന് സ്വയം വിശ്വസിച്ചു പോന്ന അയാളുടെ മുന്നിൽ ഒന്നും മനസ്സിലാവാത്ത ആസിയാൻ കരാർ വലിയൊരു സമസ്യയായി വന്നു കൊഞ്ഞനം കുത്തി……….
വീണ്ടും ആയാളോടിയെത്തിയത് സഖാവ് ഭാസ്‌കരന്റെ മുന്നിലായിരുന്നു…. ഭാസ്‌കരനാണ് അയാളെ സതീശൻ മാഷിന്റെ മുന്നിലെത്തിച്ചത്…… പാരലൽ കോളേജ് മാഷായ സതീശൻ നാട്ടിലെ പ്രധാന സാമ്രാജ്യത്വവിരോധിയും ബുദ്ധിജീവിയുമായിരുന്നു….. പഠിപ്പുള്ള സതീശൻ മാഷിന്റെ വാക്കുകൾ കേൾക്കാൻ നാട്ടുകാരോടൊപ്പം അയാളും കാതുകൾ കൂർപ്പിച്ചു….. ചങ്ങലക്കെട്ടുകളൾ പൊട്ടിച്ചെറിയേണ്ട ആവശ്യകതയെക്കുറിച്ചായിരുന്നു സതീശൻ മാഷിനു എപ്പോഴും പറയാനുണ്ടായിരുന്നത്…. അയാൾ അവർക്ക് ക്ലാസുകൾ നൽകി…. നെൽവയൽ നികത്തിയുണ്ടാക്കിയ രണ്ടുനിലക്കെട്ടിടത്തിലെ വീതിയേറിയ മുറിയിൽ ഒരുപാടു ബീഡികൾ എരിഞ്ഞു തീർന്നു…. പാവപ്പെട്ടവന്റെ ജീവിതങ്ങൾ തുരന്നെടുക്കുന്ന പുത്തൻ പരിഷ്‌ക്കാരങ്ങൾ നിശിതമായ വിമർശനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു അവിടെ……
സാമ്രാജ്യത്വശക്തികളുടെ പുതിയ പുതിയ ചങ്ങലക്കെട്ടുകൾ തങ്ങളുടെ മേൽ മുറുകുന്നതിനെതിരെ സതീശൻ എഴുതിയ ലേഖനം ശങ്കരൻ നായർ ഒരുപാട് തവണ വായിച്ചു……. ആ വായനയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അയാൾ ഓടിയത് പഞ്ചായത്ത് ലൈബ്രറിയിലേക്കായിരുന്നു…… ആളില്ലാത്ത വായനശാലയിലെ പ്രാവുകൾ കാഷ്‌ടിച്ചു വച്ച പൊട്ടിയ ബഞ്ചുകളിൽ അയാൾ സ്‌ഥിരം ഇരിപ്പുകാരനായി…. വായിക്കുന്തോറും അയാൾക്ക് തന്റെ യ്വനം തിരിച്ചു വരുന്നത് പോലെ തോന്നി……. മറ്റാരും വായിച്ചു കേടാക്കിയിട്ടില്ലാത്ത തടിയൻ പുസ്‌തകങ്ങളിലൂടെ അയാൾ റഷ്യയിലേക്കും ക്യൂബയിലേക്കും പറന്നു. അയാൾ പുതിയൊരു ലോകത്തേക്കെത്തുകയായിരുന്നു.. ചങ്ങലകൾ തകർത്തെറിഞ്ഞ വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ കേട്ട് അയാളുട ചെവികൾ വിറയാർന്നു…. പണ്ട് താനീ വിപ്ലവങ്ങൾക്കെല്ലാം എതിരായിരുന്നല്ലേ എന്ന ചിന്ത അയാളെ വല്ലാത്ത നഷ്‌ടബോധത്തിലാഴ്‌ത്തിക്കൊണ്ടിരുന്നു… പത്രങ്ങളിൽ വരുന്ന മറ്റു വാർത്തകൾ അയാളെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നില്ല……. ആസിയാൻ മാത്രമായിരുന്നു…. അയാൾക്കു വേണ്ടിയിരുന്നത്…. മണ്ടരിക്കാലത്തിനുശേഷം പത്രങ്ങളായ പത്രങ്ങളിലെല്ലാം തേങ്ങ നിറഞ്ഞു നിൽക്കുന്നതിൽ അയാൾ അതിഗൂഢമായി ആഹ്ലാദിച്ചു……. ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ വിപ്ലവത്തിന്റെ വഴിയെ പോകണമെന്ന ചിന്തകൾ അയാളിൽ പുത്തൻ ചിന്തകളുടെ മഹാപ്രവാഹങ്ങൾ തീർത്തു……
ബൂർഷാ ശങ്കരൻ നായരുടെ പുതിയ മുഖം കവലയിൽ വൻ വാർത്തയായി……… തേങ്ങ ഉടയ്‌ക്കാതെ പൊന്നാടയണിയിച്ചുകൊണ്ടായിരുന്നു പുതിയ സഖാവ് ശങ്കരേട്ടൻ ആദരിക്കപ്പെട്ടത്………. ശങ്കരേട്ടനെ നേർവഴിയിലേക്ക് നയിച്ച സതീശൻ മാഷിനു പ്രത്യേക അഭിനന്ദനവും ഉണ്ടായിരുന്നു. എല്ലാ ചങ്ങലക്കെട്ടുകളും പൊട്ടിച്ചെറിഞ്ഞു കൊണ്ട് താൻ പുറത്തുവന്നിരിക്കുകയാണ് എന്നാണു ശങ്കരേട്ടന് തോന്നിയത്……… ചങ്ങലകളാണെല്ലോ ഒരാളെ ഭ്രാന്തനാക്കുന്നത്……….
പക്ഷെ ശങ്കരൻ നായർ ശരിക്കും ഞെട്ടിയത് രണ്ടാഴ്‌ചകൂടി കഴിഞ്ഞായിരുന്നു……. പത്രത്തിലെ വാർത്ത കണ്ടപ്പോൾ ചങ്ങലകൾ തകർത്തെറിയാൻ പറഞ്ഞവർ തന്നെ ചങ്ങലകൾ തീർക്കാൻ പറയുന്നു………!!!
തലച്ചോറിനു തീപ്പിടിച്ച ശങ്കരൻ നായർ സതീശൻ മാഷിന്റെ അടുത്തേക്കോടി……..
“അല്ല മാഷേ എന്താണിത്………???”
“ഈ ചങ്ങല ആസിയാനെന്ന മഹാഭൂതത്തെ തുരത്തുവാനുള്ളതാണ്…….”
“നമ്മൾ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞവരല്ലേ………”
“അത് അടിമത്തത്തിന്റെ ചങ്ങലകളായിരുന്നു……. ഇത് മഹാശക്തിയുടെയും ഒരുമയുടെയും മനുഷ്യചങ്ങല”………
ശങ്കരൻ നായർ തീർത്തും വിവശനായിരുന്നു…..ചങ്ങലകളുടെ തത്വശാസ്‌ത്രം അയാൾക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല…..
അയാൾക്ക് എല്ലാ ചങ്ങലകളും ഒന്ന് തന്നെയായിരുന്നു……..
പരീക്ഷീണിതനായാണ് അയാൾ സതീശൻ മാഷിന്റെ അടുത്തുനിന്നും മടങ്ങിയത്……..വീട്ടിലെത്തിയപ്പോൾ സുരേഷ് അയാളെ കാത്തിരിപ്പുണ്ടായിരുന്നു……..
“അല്ലാ…….. നിങ്ങള് മനുഷ്യചങ്ങലക്ക് പോക്വാ??”
ശങ്കരൻ നായർ മൂകനായിരുന്നു………
“ഇപ്പൊ തേങ്ങക്ക് എത്ര ഉറുപ്യ ഉണ്ട്??…. ഒന്നിന് മൂന്നുറുപ്യ…. ഇനീപ്പോ ആസിയാൻ കരാറ് വന്നാൽ എത്രയാകും?? മൂന്നുറുപ്യ തന്നെ…. ചെലപ്പോ അമ്പതു പൈസ കുറയുമായിരിക്കും….. രണ്ടര ഉറുപ്യ…. അതോണ്ട് നിങ്ങക്കെന്ത് പണ്ടാരാ കുറയാൻ പോകുന്നത്..”
ശങ്കരൻ നായർ വിവശനായി…. ഇത്രയും കാലം തേങ്ങകൾക്കിടയിൽ ജീവിച്ചിട്ടും എനിക്കിതൊന്നും മനസ്സിലായില്ലല്ലോ…. “ഞാനീ പാർട്ടിപരിപാടിക്ക് പോകുന്നത് എൽ.ഐ. സിയിൽ ആളെ പിടിക്കാനാ അല്ലാതെ നിങ്ങളെപ്പോലെ എനിക്കു പ്രാന്തൊന്നുമില്ല…..”
“ഒരു ചങ്ങലയും കോപ്പും…”
തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ രോഷപ്രകടനവുമായി മുറുമുത്തുകൊണ്ട് സുരേഷ് അകത്തേക്ക് കയറിപ്പോയി….. ശങ്കരൻ നായർക്ക് ഒന്നും മിണ്ടാൻ കഴിയുമായിരുന്നില്ല…..
അപ്പോളയാളുടെ തലയിലൂടെ മുഴുത്ത തേങ്ങകൾ ഒന്നൊന്നായി കറങ്ങി രൂപാന്തരം പ്രാപിച്ച് ഒരു വലിയ ചങ്ങല തീർത്തുകൊണ്ടിരിക്കുകയായിരുന്നു……….
വേറെ ചിലത് പൊട്ടുവാനും…………..!!!
Generated from archived content: story1_dec4_09.html Author: murali_nair