തീർച്ചയായും
ഉറക്കത്തിനും ഉണർവ്വിനുമിടയ്‌ക്കുളള
തുടർച്ചയാണ് സ്വപ്നം.
സ്വപ്നത്തിൽ ആകാശംതൊടുന്നവനും
ആഴക്കടൽ താണ്ടുന്നവനും
ഉണരുന്നതോടെ
അവനവനെ തൊടുന്നു.
ഉണരുന്നതിനുമുമ്പേ മറക്കുന്ന
സ്വപ്നങ്ങളാണ് മനോഹരം
(ജീവിതംപോലും മറക്കുന്നതാണ് മുക്തി എന്ന് മഹർഷികൾ)
ഓർമ്മയിൽ നില്‌ക്കുന്ന സ്വപ്നങ്ങൾ
ആരോടെങ്കിലും പറയാതെ വയ്യ
(പലപ്പോലും നാമനുഭവിച്ചത്രയും
കേൾക്കുന്നവന് രസിക്കാറില്ല).
നല്ല സ്വപ്നത്തിന്റെ താമരനൂലിൽ
പകൽക്കിനാവുകാണാം.
കാരണം
പകൽക്കിനാവിന് കാല്പനികഭാവം
ചാർത്തികൊടുത്തിട്ടുണ്ട്
കവികൾ-സ്വപ്നജീവികൾ.
ചിലർക്കു ചിലകാലമൊക്കുന്ന സ്വപ്നങ്ങൾ
പ്രതീക്ഷിക്കാതെ കയറിവരികയാണ് പതിവ്
സംഭവിച്ചതും
സംഭവിക്കുന്നതും നല്ലതിന്
എന്ന ശുഭാപ്തിവിശ്വാസക്കാരന്
ഇതിലപ്പുറമെന്തുവേണം?
ഉറക്കമില്ലായ്മ പേടിസ്വപ്നമാണ്
ഉറക്കം നിറയെ നാനാർത്ഥം നിറഞ്ഞ സ്വപ്നങ്ങൾ.
ഉണരാതിരിക്കരുതേ എന്നത് പ്രാർത്ഥനയാണ്.
ചുരുക്കത്തിൽ
സ്വപ്നങ്ങളില്ലാത്ത ഉണർവ്വാകട്ടെ ജീവിതം.
-അതാണെന്റെ സ്വപ്നം……
Generated from archived content: urakkam.html Author: murali_mankada