തമ്മിൽ കണ്ടത് പുണ്യം
ഞാൻ നിറഞ്ഞ മരുപ്പച്ച
നിന്റെ ദാഹമകറ്റാതെ വയ്യ.
ഞാൻ പടർന്ന പൂനിലാവ്
നിന്റെ ഇരുട്ടകറ്റാതെ വയ്യ.
ഞാൻ കത്തുന്ന ഉപ്പുകടൽ
നിന്റെ രുചിയിൽ നിറയാതെ വയ്യ
ഞാൻ ഒഴുകുന്ന സുഗന്ധം
നിന്റെ മേനിയിൽ തൊടാതെ വയ്യ
ഞാൻ ഉണരുന്ന സംഗീതം
നിന്റെ ഓർമ്മയിലലിയാതെ വയ്യ
………..
നീ ഗോപിക,
നീ തന്നെ മയിൽപ്പീലി, വേണുഗാനം, മഴവില്ല്…
എനിക്കിനി നീയാവാതെ വയ്യ
ഒന്നിച്ചതിൻ ശേഷം
നീയില്ലെന്നറിവിൽ സുഖം തോന്നാതെ വയ്യ
ഞാനുണ്ടോയെന്ന സംശയം
സന്തോഷമാവാതെ വയ്യ
………….
ഇപ്പോൾ,
ഞാൻ കമഴ്‌ന്ന ആകാശം
മലർന്ന ഭൂമി
ഒഴിഞ്ഞ പാത്രം.
Generated from archived content: pranayanthyam.html Author: murali_mankada