ശരിക്കും
മലയാളത്തിൽ പറഞ്ഞാൽ
ഇത് തൃശൂർ റൗണ്ട്
പുറപ്പെട്ടിടത്തുതന്നെ എത്തണമെങ്കിൽ
തൃശൂർ റൗണ്ടിലൂടെ നടക്കണം.
റൗണ്ടിലൂടെ നടക്കുമ്പോൾ
എപ്പോൾ വേണമെങ്കിലും താഴേക്കിറങ്ങാം.
ബസ് സ്‌റ്റാന്റിലേക്ക്,
റെയിൽവേ സ്‌റ്റേഷനിലേക്ക്,
ആശുപത്രിയിലേക്ക്
സിനിമാതിയ്യേറ്ററിലേക്ക്
ജ്വല്ലറികളിലേക്ക്
കവിയരങ്ങിലേക്ക്…
ലോകത്തിന്റെ ഏതുഭാവത്തിലേക്കും
ഇറങ്ങിച്ചെല്ലാം.
എപ്പോൾ വേണമെങ്കിലും
മുകളിലോട്ടു കയറി
ഗ്രൗണ്ട് മുറിച്ചുകടക്കാം.
വഴിക്കു കുറുകെ
-ഒറ്റ നമ്പറുകാരൻ
നാളേക്കു നീട്ടിവയ്‌ക്കുന്ന ജീവിതങ്ങൾ
അവനെ കാണാതെവയ്യ.
-പ്രണയാതുരർ
അവർ തോളുരുമ്മി പറഞ്ഞു തീരാത്തതെല്ലാം
കഥകളാവുന്നു.
പറഞ്ഞതെല്ലാം മറവിയിലും
-മരച്ചുവട്ടിലെ വേശ്യ
വേദാന്തികൾ പഠിക്കാൻ മറന്നപാഠം
പാപം… പാപം..
-കൈനോട്ടക്കാരൻ
സ്വന്തം ഭാവിയിൽ
ഭൂതങ്ങൾ വർത്തമാനം
പറയുന്ന ജന്മം.
-റിട്ടയേർഡ് വിപ്ലവകാരികൾ
-സാഹിത്യകാരൻമാർ
-അക്ഷരശ്ലോകക്കാർ….
വല്ലപ്പോഴും
ശക്തൻ തമ്പുരാൻ
വൈലോപ്പിളളി, അച്യുതമേനോൻ…
ആരേയും കണ്ടുമുട്ടാം.
പകുതിയും നടന്നെത്തുമ്പോൾ
വടക്കുംനാഥൻ,
അഷ്‌ടദിക് പാലകൻ
എട്ടുദിക്കിലേയും നേർവഴികൾ
തന്നിലെത്തുന്നുവെന്നറിവോൻ.
. . . . . . . . .
റൗണ്ടിന്റെ ഏതുഭാഗത്തുനിന്നും
മുകളിലോട്ടു കയറാം.
അപ്പോൾ ഞാനും നിങ്ങളും ചേർന്ന
പുരുഷാരമായി.
പൂരമായി.
പൂരവും പുരുഷാരവും
മാറിനിന്നു കാണാൻ
ഞാനും നിങ്ങളും തന്നെ
വേണമെന്ന അറിവായി
. . . . . . . . .
അച്ചുതണ്ടിനു മുകളിലേ നില്പൂ
വടക്കുംനാഥൻ
എന്ന കല്പനയുടെ നേരറിവായി.
. . . . . . . . . .
തൃശൂർ റൗണ്ടിലൂടെ നടന്നാൽ
പുറപ്പെട്ടിടത്തുതന്നെയെത്താം.
Generated from archived content: poem_mar20.html Author: murali_mankada