ആദ്യമായി
ഭ്രാന്തന്മാരെക്കുറിച്ചെടുത്ത
ഡോക്യുമെന്ററിക്ക്
ഉടുത്ത ഭ്രാന്തെന്നും
ഉടുക്കാത്ത ഭ്രാന്തെന്നും
രണ്ട് എപ്പിസോഡുണ്ടായിരുന്നു.
ഏതു ഭ്രാന്തിന്റെയും
അഭിമുഖമുണ്ടായിരുന്നില്ല.
ആവശ്യത്തിനു സ്പോൺസർമാരുണ്ടായിരുന്നു.
കൊടുങ്കാറ്റിനെക്കുറിച്ചാണ്
അടുത്ത ഡോക്യുമെന്ററി.
കാറ്റിനോടും കാടിനോടും
സംസാരിച്ചു തിയ്യതി വാങ്ങിയിട്ടുണ്ട്.
തിരമാലകളോടും മേഘങ്ങളോടും
ദിവസം പറഞ്ഞിട്ടുണ്ട്.
വേണ്ടതുപോലെ കാമറയിലേക്ക്
കയറിവരാം എന്നു കടൽ.
തുളളിക്കൊരു കുടത്തിൽ
ഒട്ടുംകുറയില്ലെന്ന് മേഘങ്ങൾ.
നേരെ മുന്നിലേക്ക് അലറിവീഴാം
എന്ന് പേരറിയാമരം.
ഒരു കൊമ്പുമാത്രം ഒടിച്ച്
സഹകരിക്കാമെന്ന് പിശുക്കൻമരം.
തെറിച്ചുവീഴുന്ന പക്ഷിക്കൂട്
കലാസംവിധായകന്റെ വക.
സിംഹത്തേയും കുറുക്കനേയും കണ്ടില്ല.
മാനും മുയലും മുന്നിലേക്കു വന്നില്ല.
കഴുകനും കുരുവിയും ആകാശത്തു നിന്നിറങ്ങിയില്ല.
പകരം വനപാലകന്റെ അഭിമുഖം.
കാട്ടിലെ സെൻസസിന്റെ
വിശദവിവരങ്ങൾ.
നഷ്‌ടമായ കഞ്ചാവിനും കുറുന്തോട്ടിക്കും
കണ്ണോക്ക്.
(അഭിമുഖത്തിൽ വനപാലകന്റെ –
മുഖം കാണിക്കില്ല)
താഴ്‌വാരത്തിലെ ജനങ്ങളോടു
വിവരം പറഞ്ഞിട്ടില്ല.
ശവങ്ങൾ-
സഹകരിച്ചില്ലെങ്കിലോ?
കൊടുങ്കാറ്റിനുശേഷം
അവരുടെ കറുപ്പും വെളുപ്പും
‘ലൈവാ’യി ചിത്രീകരിക്കാമെന്ന് നിർമ്മാതാവ്.
…….. സ്‌റ്റാർട്ട്….. ആക്‌ഷൻ
. . . . . . . . . . . .
ഒടുവിൽ
കടലെടുത്ത കാമറ
കരയ്‌ക്കടിയുമ്പോൾ
ഏതു ജീവിതമാണ് പറഞ്ഞുതരുക.
കൊടുങ്കാറ്റിനുശേഷം
ബാക്കിവന്ന കഥകൾ
ആരു ചിത്രീകരിക്കും?
എത്ര സ്പോൺസർമാരുണ്ടാവും.
Generated from archived content: poem_document.html Author: murali_mankada