ഞാൻ
നിലാവു നിറഞ്ഞു നിൽക്കുന്ന
ഒരു നിശ്ശബ്ദതടാകം
ഇപ്പോൾ
ചേറിൽ നിന്നും
പുലരിയിലേക്കു നീങ്ങുന്ന
ഒരു താമരമൊട്ടിന്റെ
കാൽവയ്പുകേൾക്കാം
സൂര്യനുദിച്ചാൽ
കിലുകിലാ കുസൃതിയോടെ
ചുറ്റും കുട്ടികൾ വന്നു നിൽക്കും
അവരുടെ
കൊതിയൂറുന്ന
താമരക്കണ്ണുകളിൽ
എനിക്കു
സുരഭിലവാത്സല്യമാകണം.
നീന്തലറിയാത്ത കുട്ടികൾക്കായി
ഞാനൊട്ടാകെ വറ്റണം
അവസാനത്തെ താമരയും പറിച്ച്
വീട്ടിലേക്ക് തിരിച്ചെത്തുന്നവരുടെ
ആവേശം എനിക്കു വായിക്കണം.
ഇനി-
ഞാൻ വെയിൽ അറഞ്ഞുചിരിക്കുന്ന
ഒരു അച്ഛൻ തടാകം.
Generated from archived content: poem1_feb25_08.html Author: murali_mankada