മുണ്ടൂർ കൃഷ്‌ണൻകുട്ടിമാഷ് സംസാരിക്കുമ്പോൾ സാഹിത്യത്തേക്കാളേറെ സാമൂഹ്യപ്രശ്‌നങ്ങളാണ് തെറിച്ചുവരിക. ഇത് ഈ കഥാകൃത്തിന്റെ സാമൂഹ്യ പ്രതിബദ്ധത വെളിവാക്കുന്ന സത്യങ്ങളായി മാറുന്നു. അധ്യാപകന്റെ മനസ്സും ശരീരവും കൂടെയുളള സമയംവരെ മാഷിന് ഇങ്ങിനെ മാത്രമേ സംസാരിക്കാൻ കഴിയൂ. എഴുതുമ്പോൾ സ്വയം വിചാരണ ചെയ്യുവാനുളള ഉൾക്കാഴ്‌ച മാഷിനുണ്ട്. ഇത്തരം ഉൾക്കാഴ്‌ചകളിലൂടെ മാഷ് കഥയെഴുത്തിനിരിക്കുമ്പോൾ കഥ മാഷിന് അന്യമാകുന്നില്ല, ഒപ്പം വായനക്കാർക്കും. അങ്ങിനെ വായനക്കാരനൊപ്പം നില്‌ക്കാൻ അദ്ദേഹത്തിനാകുന്നു.
മുണ്ടൂർ കൃഷ്‌ണൻകുട്ടിമാഷുമായി കുറച്ചുനേരം….
തയ്യാറാക്കിയത് ഃ മുരളി മങ്കര
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
ചോഃ അധ്യാപകനിലെ കഥാകാരനായോ, കഥാകാരനിലെ അധ്യാപകനായോ എന്നെങ്കിലും തോന്നിയിട്ടുണ്ടോ?
ഉഃ പലപ്പോഴും തോന്നിയിട്ടുണ്ട്. അധ്യാപകനായത് എന്നിലെ കഥയെഴുത്തുകാരനെ വളരെയേറെ സ്വാധീനിച്ചപോലെ എന്നിലെ കഥാകാരൻ ഞാനെന്ന അധ്യാപകനേയും പൊലിപ്പിച്ചെടുത്തിട്ടുണ്ട്.
ചോഃ പക്ഷെ കാരൂരിനെപ്പോലെ അധ്യാപകകഥകൾ മാഷിൽ നിന്നും ഉണ്ടായിട്ടില്ലല്ലോ?
ഉഃ വളരെയധികം ഉണ്ടായിട്ടില്ലെങ്കിലും എന്റെ പ്രിയപ്പെട്ട കുറെയേറെ കഥകൾ അധ്യാപകനായതിൽനിന്നും കിട്ടിയ ഊർജ്ജം ഉപയോഗിച്ചെഴുതിയിട്ടുണ്ട്. ‘ചരിത്രത്തിന്റെ തെറ്റുവഴികൾ’ എന്ന കഥ അങ്ങിനെ ഉണ്ടായതാണ്. ക്ലാസ്സിൽ മുന്നിലിരിക്കുന്നവരുടെ അശാന്തി തിരിച്ചറിയാൻ എന്നെ സഹായിച്ചത് എന്നിലെ അധ്യാപകനാണ്. അധ്യാപനരംഗത്തുനിന്നു തന്നെയാണ് മനുഷ്യമനസ്സുകളുടെ വേവലാതികൾ എനിക്കു ലഭിക്കുന്നത്. അതു കഥാമണ്ഡലത്തെ പുഷ്‌കലമാക്കാൻ സഹായിച്ചു.
ചോഃ മാറുന്ന സമൂഹത്തിൽ മൂന്നാമതൊരാളായിനിന്ന് തന്നെതന്നെ ഇരയാക്കുന്ന രീതിയാണ് കൂടുതൽ കഥകളിലും കാണുന്നത്. ആത്മപീഡയുടെ സുഖം നുണയുന്ന ഒരു കഥാകാരനാവാനുണ്ടായ സാഹചര്യങ്ങൾ എന്തൊക്കെയായിരുന്നു?
ഉഃ മുന്നിലെ ഓരോ തെറ്റുകളും കുറവുകളും ഞാൻ തന്നെയാണോ എന്ന സംശയം എന്നിൽ ബലപ്പെടുന്നുണ്ട്. അങ്ങിനെ വരുമ്പോൾ ഞാൻ ഏറിയ സമയവും എന്നെതന്നെ വിചാരണ ചെയ്യേണ്ടതുണ്ട്. അങ്ങിനെ ചെയ്യുമ്പോൾ ഓരോ വായനക്കാരനും അവനവനെ തന്നെ വിചാരണചെയ്യാനുളള സന്ദർഭമുണ്ടാക്കുന്നു. ഫലപ്രദമായി ഇതു സാധിക്കുന്നുവെങ്കിൽ അതെന്റെ കഥയുടെ വിജയമായിതീരും. എന്റെ ഒരു കഥ വായിച്ച് ഒരാൾ ‘ശരിയാണ്‌ട്ട്വോ’ എന്ന് ആത്മഗതം ചെയ്താൽ ആ വായനക്കാരനെ എനിക്കൊപ്പം നടത്താനായി എന്നു വിശ്വസിക്കുന്നു.
ചോഃ വിശ്വസിക്കുന്ന രാഷ്‌ട്രീയ സാഹചര്യങ്ങളിൽ ഊന്നൽ കൊടുക്കുന്ന ഒരു രചന താങ്കളിൽ നിന്നും വന്നിട്ടില്ലെന്നു തോന്നുന്നു. എഴുപതുകളിൽപോലും?
ഉഃ ആഴത്തിൽ വിശ്വസിക്കുന്ന ഒരു രാഷ്‌ട്രീയതത്വസംഹിതയൊന്നും എനിക്കില്ല. എപ്പോഴും ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. പക്ഷെ അതു പലപ്പോഴും രൂപപ്പെടുത്തുന്നത് എന്റെതന്നെ മനസ്സാണ്. പലപ്പോഴും എന്നിലൊരു സന്ദേഹിയുണ്ട്. ഈ സന്ദേഹിയാണ് എന്നെ കഥയെഴുതിക്കുന്നതും എന്നെ കൊണ്ടുനടത്തുന്നതും. ആത്യന്തികമായി എല്ലാവരും സന്ദേഹികളാണ് എന്നതാണ് സത്യം. ഒരു സന്ദേഹിക്കേ യഥാർത്ഥ ഹ്യൂമനിസ്‌റ്റാവാൻ സാധിക്കൂ എന്നു തോന്നുന്നു. കഥാകൃത്തിൽ ഉളളത് ഒരു സന്ദേഹിയുടെ രാഷ്‌ട്രീയമാണ്. അതുകൊണ്ടുതന്നെ ഒരു ഹ്യൂമനിസ്‌റ്റിന്റെ അനുകമ്പാവായ്‌പ് എല്ലാ കഥകളിലും വാക്കിലും കാണാൻ കഴിയുന്നു.
ചോഃ നക്സലൈറ്റായിരുന്ന മുണ്ടൂർ രാവുണ്ണിയെക്കാത്ത് വാതിൽ തുറന്നു വച്ചിരുന്നു എന്ന് മാഷ് എഴുതിയിട്ടുണ്ട്.
ഉഃ രാവുണ്ണിയുടെ ആശയങ്ങളും, വിശ്വാസങ്ങളുമായി സമരസപ്പെട്ടുപോവാൻ പറ്റിയിരുന്നില്ലെങ്കിലും നിസ്വാർത്ഥമായ ഒരു ആത്മാർത്ഥത -മാർഗ്ഗം ശരിയോ തെറ്റോ എന്തോ ആവട്ടെ-രാവുണ്ണിയുടെ പ്രവർത്തനത്തിൽ ഉണ്ടായിരുന്നു. അതാണ് ഞങ്ങളെ അടുപ്പിച്ചത്. കോങ്ങാട് സംഭവത്തിനുശേഷം മുണ്ടൂരിലെ ഇടവഴികളിലൂടെ ബൂട്ടുകളുടെ ശബ്‌ദം അർധരാത്രിയിലും കടന്നുപോയിരുന്നു. ഏതെങ്കിലുമൊരുദിവസം രാവുണ്ണി ഷെൽട്ടർ തേടി എന്റെ വീടിന്റെ വാതിലിൽ മുട്ടിയേക്കുമെന്ന് ഞാൻ അന്നൊക്കെ പ്രതീക്ഷിച്ചിരുന്നു. എന്നിലെ ഭീരു അങ്ങിനെ ഉണ്ടായേക്കാവുന്ന അവസ്ഥയിൽ പരിഭ്രമിക്കുകയും ചെയ്തിരുന്നു.
ചോഃ കോമ്രേഡ് അപ്പുണ്ണിനായരെപ്പോലെ തട്ടകത്തിനു പുറത്തേക്ക് തളളിക്കയറിച്ചെല്ലാഞ്ഞതുമൂലം എന്തെങ്കിലും നഷ്‌ടം ഉണ്ടായതായിതോന്നുന്നുണ്ടോ?
ഉഃ എന്റെ തട്ടകം എഴുത്താണ്. അതേപോലെ അധ്യാപനവും. ഈ രംഗത്ത് എനിക്കൊരു സ്ഥാനമുറപ്പിക്കാൻ നേരത്തെതന്നെ കഴിഞ്ഞുവെന്നാണ് ധാരണ. അതുകൊണ്ട് ഏതെങ്കിലും എസ്‌റ്റാബ്ലിഷ്‌മെന്റിന്റെ പിന്നാലെ പോയി നേട്ടമുണ്ടാക്കുക എന്റെ ആവശ്യമായിരുന്നില്ല. അങ്ങിനെ നേട്ടമുണ്ടാക്കിയെന്നുവയ്‌ക്കുക. അതു നീണ്ടുനില്‌ക്കുന്ന ഒന്നാവുകയുമില്ല.
ചോഃ വിദ്യാഭ്യാസരംഗത്ത്, ഒട്ടാകെയാണോ, അതോ അധ്യാപനരംഗത്തുമാത്രമാണോ നിലവാരം കുറഞ്ഞിരിക്കുന്നത്?
(മാഷോടു സംസാരിക്കുമ്പോൾ ഇങ്ങിനെയാണ്. സാഹിത്യവും അധ്യാപനവും മാറിമറിഞ്ഞുവരും. സാഹിത്യത്തെക്കാൾ കൂടുതൽ മാഷിനു പറയാനുളളതു അധ്യാപനരംഗത്തെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുമാണ്.)
ഉഃ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം വളരെ കുറഞ്ഞുപോയിരിക്കുന്നു എന്നതു വാസ്‌തവംതന്നെ. പ്രൈമറി സെക്കന്ററിതലത്തിൽ വിദ്യാലയങ്ങൾ പരീക്ഷ പാസാവാൻവേണ്ടി മാത്രമായുളള കോച്ചിംഗ് ക്ലാസ്സുകളായി അധഃപതിച്ചതാണിതിനു കാരണം. വിദ്യാഭ്യാസത്തിന്റെ ഗൗരവംചോർന്നുപോയി എന്നതും ഈ മൂല്യതകർച്ചയ്‌ക്കു കാരണമാണ്. ഇതു വായനയെയും ബാധിക്കുന്നുണ്ട്. വായിക്കുന്ന അധ്യാപകർതന്നെ ഇല്ലാതായി.
ചോഃ ഹോംവർക്ക് ചെയ്യുന്ന അധ്യാപകർ ഇല്ലാതായി എന്നാണോ ഉദ്ദേശിക്കുന്നത്?
ഉഃ അതും കൂടിയാണ് കാരണം. പുതിയ പാഠ്യപദ്ധതി ഇതിനു മാറ്റം വരുത്താനുളള ഒരു ആത്മാർത്ഥമായ ശ്രമമായിരുന്നു. ഞാൻ ബി.എഡിന് പഠിക്കുമ്പോൾ പ്രൈമറി ക്ലാസ്സിന് പ്ലേ വേ മെതേഡ് വേണമെന്നു തന്നെയാണ് പഠിച്ചിട്ടുളളത്. പക്ഷെ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു പഴയ ട്രാക്ക് ഉണ്ട്. പ്രൊജക്‌ട് പ്രാവർത്തികമാക്കാനോ, ടീച്ചേഴ്‌സിനെ ബോധവൽക്കരിക്കാനോ ആയില്ല. ഗാന്ധിജിയുടെ നയിതാലീം-മുമായി വളരെ അടുത്തു നില്‌ക്കുന്ന സമ്പ്രദായമായിരുന്നു പുതിയ പദ്ധതി (ഡി.പി.ഇ.പി). ഓരോ കളിയും ഗൗരവപ്പെട്ട ഓരോ പഠനമാണ് എന്ന് അധ്യാപകർ മറന്നു. പൊതുവെ അധ്യാപകർ യാഥാസ്ഥിതികരാണ് എന്ന് അനുഭവത്തിൽ നിന്നും പറയാൻ കഴിയും. മാറ്റങ്ങൾ ഉൾക്കൊളളാൻ എപ്പോഴും ഒരു മാഷിനു മടിയാണ്.
ചോഃ ഫെമിനിസം?
ഉഃ ഇന്ത്യൻ അവസ്ഥയിൽ എത്രയോ അത്യാവശ്യമായ ഒരു മൂവ്‌മെന്റ് ആണെന്നതിൽ സംശയമില്ല. പക്ഷെ അതിന്റെ പേരിൽ അതിരുകടന്നുളള ആവേശം പല ഫെമിനിസ്‌റ്റ് പ്രവർത്തകരേയും കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. അതുമൂലം പുരുഷന്മാർ ചതിക്കപ്പെടുന്ന സന്ദർഭങ്ങളും വിരളമായെങ്കിലും ഉണ്ടാവുന്നുണ്ട്.
(കേരളത്തിൽ ഫെമിനിസം അതിന്റെ യഥാർത്ഥ അവസ്ഥയിൽ നിന്നോ, ആളുകളിൽ നിന്നോ അല്ല രൂപപ്പെട്ടതെന്ന് മാഷും സംശയിക്കുന്നുണ്ട്.)
ചോഃ മാഷ് നോവൽ എഴുതിയിട്ടുണ്ടോ?
ഉഃ ഉവ്വ്. 1966-ലോ 67ലോ മറ്റോ തൃശൂർ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഏകാകി’ എന്ന പേരിലൊരു നോവൽ ‘ന്യൂസ്‌പേപ്പർ ബോയി’ എടുത്ത രാമദാസ് ഈ നോവൽ ഫിലിമാക്കാൻ ഉദ്ദേശിച്ചിരുന്നു. തിരക്കഥ രാമദാസ് എഴുതി. ഞാൻ സംഭാഷണവും. എന്തുകൊണ്ടോ പിന്നീടതു നടന്നില്ല. ഒന്നുകൂടി വായിച്ചു നോക്കിയാലേ രണ്ടാം പതിപ്പിന് സാധ്യതയുണ്ടോ എന്നു പറയാനാവൂ.
ചോഃ പുതിയ നോവൽ?
ഉഃ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ‘തന്നിഷ്‌ടത്തിന്റെ തപ്പുവഴികൾ’ 1942 മുതൽ 1999 വരെയുളള കാലത്തിന്റെ കഥയാണ്. മൂന്നു വാള്യംവരെ എഴുതാവുന്ന ഒരു കഥയാണ്. വളരെ ചുരുക്കി എഴുതിയതാണ്.
(എഴുതാവുന്നതാണേ മാഷ് പറയുന്നുളളൂ.)
ചോഃ പൊട്ടിച്ചിരിയിലേക്കെത്താത്ത നർമോക്തി ആദ്യകാല കഥകളിലുണ്ടായിരുന്നു. അതു പിന്നീടുളള കാലത്ത് വിട്ടുകളഞ്ഞതായി തോന്നുന്നു?
ഉഃ സത്യത്തിൽ അതു വിട്ടുകളഞ്ഞിട്ടില്ല. എന്റെ പല കഥകളിലും നർമ്മോക്തി ഒരു നിറഞ്ഞ ധ്വനിയായി നിലനില്‌ക്കുന്നുണ്ട്. ഹിരണ്യായ നമഃ, ‘മാധവവിജയം ഇനി എന്ന്’ എന്നീ കഥകൾ ഉദാഹരണം.
ചോഃ പുതിയ കഥകളിൽ ലൈംഗികതയുടെ പരാമർശങ്ങൾ കൂടുന്നു എന്നു തോന്നിയിട്ടുണ്ടോ?
ഉഃ ഉവ്വ്. കാരണം ഇന്ന് വിശപ്പുപോലെയും അനാഥത്വം പോലെയും ചിലപ്പോൾ അതിലധികമായും ലൈംഗികമായ പ്രശ്‌നങ്ങളാണ് നമ്മെ അലട്ടികൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് ഫ്രീ ലൗ-നെക്കുറിച്ചു നാം പറയുന്നു. വേറൊരു ഭാഗത്ത് വേശ്യാവൃത്തി നടക്കുന്നു. ബാലികമാരെ ക്രൂരമായി പീഢിപ്പിക്കുന്നു. ഇങ്ങിനെയൊരു സമൂഹത്തിൽ ഈ അവസ്ഥ കാണാതെപോവുന്നത് കുറ്റകരമായ ഒരു അനാസ്ഥയാവില്ലെ?
(ഇറച്ചിക്കോഴികൾ എന്ന കഥയിൽ മാഷ്‌ടെ മേലപറഞ്ഞ ആകുലതകൾ മുഴുവനും കാണാം.)
ചോഃ കഥാപാത്രങ്ങൾ പലപ്പോഴും എന്റെ ഈശ്വരാ… ദൈവമേ…. എന്നിങ്ങനെ ആവർത്തിക്കുന്നുണ്ടല്ലോ. ഈശ്വരനിൽ അത്താണി കണ്ടെത്തുന്ന ഒരു മനസ്സാണോ മാഷിലും?
ഉഃ എന്റെ ‘ഈശ്വരാ’ പ്രയോഗങ്ങൾക്ക് ‘അയ്യോ’ എന്നാണ് പരമാർത്ഥത്തിൽ അർത്ഥം. എനിക്ക് ഈശ്വരനിൽ വിശ്വസിക്കാൻ സാധിക്കുന്നില്ലല്ലോ എന്നതാണ് എന്റെ സങ്കടം. പക്ഷെ പുനർജന്മത്തിൽ വിശ്വസിക്കാൻ സാധിക്കുന്നില്ലെങ്കിലും എന്തൊക്കെയോ സ്വാധീനങ്ങൾ പാരസ്‌പര്യം കൊണ്ടുംമറ്റും നമുക്കുണ്ടാവുന്നുണ്ട്. അതുകൊണ്ടാണല്ലോ അമ്മിണിയേടത്തി (മാഷടെ സഹോദരി) മരിച്ചുപോയിട്ടും അവർ ഇവിടെ വിട്ടുപോയ ഭക്തിചിഹ്‌നങ്ങൾ ഒന്നും എനിക്കു മാറ്റാൻ കഴിയാത്തത്.
തൊട്ടടുത്ത ശിവക്ഷേത്രത്തിൽ പൂജമുടങ്ങിയാൽ അതെന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. മനസ്സിന്റെ ഇത്തരം വൈരുദ്ധ്യം നിറഞ്ഞ സമസ്യകൾ എന്റെ കഥയിലേക്ക് പലപ്പോഴും വളക്കൂറായിതീരുന്നു. അതുകൊണ്ട് ഞാൻ ‘അയ്യോ’ എന്ന അർത്ഥത്തിൽ ‘ദൈവമേ’ എന്നും ‘തേവരേ’ എന്നും വിളിച്ചുപോവുന്നു.
ചോഃ മാഷിലെ കഥാകാരനെ എങ്ങിനെ വിലയിരുത്തുന്നു?
ഉഃ വളരെ മൗലികതയുളള കഥകൾ ഞാൻ ചിലത് എഴുതിയിട്ടുണ്ടാവാം എന്നല്ലാതെ ഞാൻ അത്ര വലിയ കഥാകാരനാണെന്ന് എനിക്കു തോന്നുന്നില്ല.
(ഈ എളിമയുടെ തട്ടകത്തിൽ നിന്നുകൊണ്ട് ഇനിയും വളരെ മൗലികതയുളള കഥകൾ മാഷിൽ നിന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം.)
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
കൃഷ്‌ണൻകുട്ടിമാഷ്‌ഃ- പാലക്കാട് മുണ്ടൂരിൽ അനുപുരത്ത് മാധവപിഷാരസ്യാരുടെയും ഗോവിന്ദപിഷാരടിയുടെയും മകൻ. 1935ൽ ജനിച്ചു. അധ്യാപകനായിരുന്നു. 1991ൽ വിരമിച്ചു. 16-ാം വയസ്സിൽ കഥയെഴുതി തുടങ്ങി. നിലാപിശുക്കുളെളാരു രാത്രിയിൽ (ചെറുകാട് അവാർഡ് ലഭിച്ചു) ആശ്വാസത്തിന്റെ മന്ത്രചരട് (കേരള സാഹിത്യ അക്കാദമി അവാർഡ്) മൂന്നാമതൊരാൾ, ഏകാകി (നോവൽ) എത്രത്തോളമെന്നറിയാതെ (ലഘുനോവലുകൾ) താവളം തൊട്ടു താവളംവരെ, അവശേഷിപ്പിന്റെ പക്ഷി, തന്നിഷ്‌ടത്തിന്റെ വഴിതപ്പുകൾ, ആരോ പിന്നിലുണ്ട് ഇത്രയും കൃതികൾ.
ഭാര്യ ഃ രാധ. (ജീവിച്ചിരിപ്പില്ല). മകൻ ഃ ദിലീപൻ.
വിലാസം
മുണ്ടൂർ കൃഷ്‌ണൻകുട്ടി
മുണ്ടൂർ പി.ഓ.
പാലക്കാട് – 678 592.
Generated from archived content: mundoor_interview.html Author: murali_mankada
Click this button or press Ctrl+G to toggle between Malayalam and English