സന്നിധാനത്തേയ്‌ക്കുളള ശരണവഴികൾ

മാധ്യമങ്ങളിലൂടെ ശബരിമല എന്ന സ്ഥലത്തേക്കുളള ദൂരം, വഴികൾ, കുറുക്കുവഴികൾ, യാത്രസൗകര്യങ്ങൾ എന്നിവയെല്ലാം നമുക്ക്‌ കൃത്യമായി അറിയാം. ഇപ്പോൾ മണ്ഡലവ്രതക്കാലം നമുക്കില്ലല്ലോ. ‘ശബരിമല സീസണാ’ണല്ലോ ഉളളത്‌. ഉല്ലാസയാത്ര പോകുന്നവൻ യാത്രാരംഭത്തിൽ സന്തോഷിക്കുകയും യാത്രാവസാനം ക്ഷീണിതനാവുകയും, ഉല്ലാസം നഷ്‌ടപ്പെട്ടവനാകുകയും ചെയ്യുന്നു. എന്നാൽ തീർത്ഥാടകന്റെ അനുഭവം അങ്ങിനെയല്ല. ലക്ഷ്യത്തിലെത്തി പരമമായ സത്തയെ അറിഞ്ഞു കഴിഞ്ഞാലാണ്‌ അവൻ ആനന്ദ സമുദ്രത്തിലാറാടുന്നത്‌. അഥവാ ആനന്ദ വിമാനത്തിലേറി ആത്മാവിന്റെ ഔന്നത്യം തിരിച്ചറിയുന്നത്‌.

ഈ ലേഖനത്തിലൂടെ നാം അന്വേഷിക്കുന്നത്‌ ശബരിമലയിലേക്കുളള ലക്ഷ്യത്തിൽ നമ്മിലൂടെ നാം നടത്തുന്ന ആത്മശുദ്ധീകരണപ്രക്രിയയാണ്‌.

സമയത്തിനും ദൂരത്തിനുമപ്പുറം കാലാതീതവും ബോധാത്മകവുമായ ശബരി ദർശനയാത്ര ശരിക്കും അനുഭവപ്പെടുന്നത്‌ എരുമേലിയിലെത്തുമ്പോഴാണ്‌. എരുമകൊല്ലി ലോപിച്ചാണ്‌ എരുമേലിയായിട്ടുളളത്‌. എരുമയെ കൊന്നസ്ഥലം. യമന്റെ വാപിനമായ എരുമ തപോഗുണത്തിന്റേയും നിഷ്‌കാരകത്വത്തിന്റെയും പ്രതീകമാണ്‌. ഒരു നിമിഷം ഉളളിലേക്കു നോക്കൂ. നമ്മളിലോരോരുത്തരിലും ഒരു എരുമ വസിക്കുന്നുണ്ട്‌. നമുക്കതിനെ കൊല്ലാം. താമസഗുണവും അചൈതന്യാവസ്ഥയും, അചലത്വവും ഉപേക്ഷിക്കാം. അതോടെ ഭക്തന്റെ അവിദ്യയും അജ്ഞാനവും ഇല്ലാതാകുന്നു. നിത്യാനിത്യവസ്‌തു വിവേകം ലഭിക്കുന്നു. ഇത്‌ സാധനാ ചതുഷ്‌ടയത്തിലെ ആദ്യപടി. ഇനി മുന്നോട്ട്‌….

മുന്നോട്ടുപോയാൽ അടുത്ത പ്രധാനസ്ഥലം കാളകെട്ടി ആഞ്ഞിലിയാണ്‌. കാള ശാരീരിക ശക്തിയുടേയും അതുകൊണ്ടുതന്നെ കാമത്തിന്റേയും പ്രതീകമാണ്‌. അനിത്യമായ ശാരീരികശക്തിയിൽ അഹങ്കരിക്കുന്നവനും കാമാതുരവും ഇന്ദ്രിയവശഗവുമായ ആഗ്രഹങ്ങളിൽ മുഴുകിയവനും ഒരു യഥാർത്ഥ തീർത്ഥയാത്ര അസാധ്യമാണ്‌. സംശയമില്ല. അതിനാൽ ഭക്തൻ അവനിലെ കാളയെ കെട്ടിയിടാതെ മുന്നോട്ടു പോകരുതെന്ന്‌ ആ സ്ഥലനാമം നമുക്കു മുന്നറിയിപ്പു തരുന്നു.

പിന്നീടെത്തുന്നത്‌ അഴുതയുടെ തീരത്താണ്‌. എരുമേലിയും കാളകെട്ടിയും കടന്നു വന്നപ്പോഴുണ്ടായ തിരിച്ചറിവ്‌ ആത്മാവിനെ വിനയാന്വിതമാക്കിയിരിക്കുമെന്ന്‌ തീർച്ച. ഭക്തൻ വിഷാദിക്കാൻ തുടങ്ങുന്നതിവിടെയാണ്‌. ഇത്രയും കാലം ഇന്ദ്രിയവശഗമായ സന്തോഷങ്ങൾക്കും, അസ്ഥിരമായവയ്‌ക്കും അലഞ്ഞ്‌ നിത്യമായ സത്യത്തെ തിരയുവാൻ അലംഭാവം കാണിച്ചതിൽ ഭക്തൻ വിഷാദിക്കുന്നു. അവനിപ്പോൾ വിഷാദയോഗത്തിലാണ്‌. വിഷാദയോഗത്തിൽ പെടാത്തവന്‌ ആത്മീയ ഔന്നത്യം കൈവരുന്നുമില്ല. അർജ്ജുനന്റെ വിഷാദത്തിനുളള മറുപടിയാണ്‌ ഭഗവദ്‌ഗീതയിലെ അദ്ധ്യായങ്ങൾ മുഴുവനും എന്നു നമുക്കറിയാം. വിഷാദയോഗത്തിൽ തുടങ്ങുന്നതേ മോക്ഷസന്ന്യാസ യോഗത്തിലെത്തുകയുളളൂ. ‘അഴുത’ സങ്കടങ്ങളുടെ നദിയാണ്‌. വിഷാദയോഗത്തിൽ പെട്ടവന്‌ അഴുതയിൽ മുങ്ങിനിവരുമ്പോൾ ആ പുണ്യവാഹിനി അവന്റെ വിഷാദത്തെ കൈക്കൊളളുന്നു. അഴുതയിൽ മുങ്ങി നിവരുമ്പോൾ ആ പുണ്യവാഹിനി അവന്റെ വിഷാദത്തെ കൈക്കൊളളുന്നു. അഴുതയിൽ മുങ്ങി ഉയരുന്ന ഓരോ ഭക്തനും ഒരു ചെറിയ കല്ല്‌ കൈവശം എടുത്തുവയ്‌ക്കുന്നു. ഈ കല്ല്‌ പിന്നീട്‌ കല്ലിടാം കുന്നിലുപേക്ഷിക്കുന്നു. അഴുതയിൽ നിന്നും നമ്മളെടുത്ത കല്ല്‌ നാം ചുമന്നു കൊണ്ടിരിക്കുന്ന ‘അഹ’ത്തിന്റേയും അഹങ്കാരകേന്ദ്രീകൃതമായ വിഫലസ്വപ്നങ്ങളുടേയും പ്രതീകമാണ്‌. ഉപേക്ഷിച്ചില്ലെങ്കിൽ ഏറിയേറി വരുന്ന ഭാരം. അഹം ഉപേക്ഷിയ്‌ക്കണമെന്നുളള തിരിച്ചറിവ്‌ ഭക്തനിലുണ്ടാക്കുന്നു കല്ലിടാം കുന്ന്‌.

ഇവിടുന്നു മുന്നോട്ടു പോകുമ്പോൾ ഭക്തന്റെ കനം തീരെ ചുരുങ്ങുന്നു. യാത്ര കുറെക്കൂടി വേഗത പ്രാപിക്കുന്നു. വഴിയിലെ ഭയവും വഴിയെക്കുറിച്ചുളള ഭയവും കുറയുന്നു. എത്തുന്നത്‌ ഒരു കൊച്ചു ചിറ്റാറിന്റെ തീരത്താണ്‌. ‘കരിയിലാംതോടി’ലെത്തുമ്പോൾ ഭക്തൻ ഉന്നതങ്ങൾ അന്വേഷിക്കുന്ന, ഒരു കരിയിലയുടെ അത്രയും ലഘുഭാരമുളള മനസ്സിന്റെ ഉടമയായി തീർന്നിരിക്കും.

ഇനി കയറ്റമാണ്‌. സത്തയുടെ നിറവിലേയ്‌ക്കുളള കയറ്റം. മുന്നിൽ കരിമലയാണ്‌. ‘കരി’-ആനയാണ്‌. ആന മലയിറങ്ങുന്നതിനേക്കാൾ വേഗത്തിൽ മലകയറും എന്നറിയാമല്ലോ. ‘കരി’ മലയെ കീഴടക്കുന്നതുപോലെ ഭക്തന്‌ ആ മല ചവുട്ടിക്കയറാൻ കഴിയുന്നതിന്റെ കാരണം ആവർത്തിക്കേണ്ടതില്ലല്ലോ. തിരിച്ചറിവിന്റെ ഉദയത്തിൽ ശരീരബോധം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മുമുക്ഷുത്വം പ്രാപ്തമായിരിക്കുന്നു. അഹം ഉപേക്ഷിച്ചിരിക്കുന്നു. സംസാരസുഖത്തിന്റെ ഭാരങ്ങളും ഇല്ലാതായിരിക്കുന്നു. കരിമല താണ്ടിയ ഭക്തൻ ‘പൂർണ’ എന്നറിയപ്പെടുന്ന പമ്പയുടെ കരയിലെത്തുന്നു. പമ്പാസ്നാനത്തിലൂടെ ഭക്തൻ പൂർണ്ണത്വം പ്രാപിക്കുന്നു.

ശാരീരികവും തത്വചിന്താപരവുമായ യാത്ര ശബരീവാസന്റെ ഇരിപ്പിടമായ നീലിമലയിലെത്തുമ്പോൾ അവസാന ഘട്ടത്തിലെത്തുന്നു. ഇവിടെയാണ്‌ ‘ശരംകുത്തിയാൽ’. ആലിന്റെ സംസ്‌കൃതനാമം ‘അശ്വത്ഥം’ എന്നാണ്‌. അശ്വത്ഥം എന്നാൽ നാളേയ്‌ക്കു നിലനില്‌ക്കാത്തത്‌ എന്നൊരു അർത്ഥവുമുണ്ട്‌. നാളെയ്‌ക്ക്‌ നിലനില്‌ക്കാത്തതിനെ, നശ്വരമായതിനെ അമ്പെയ്‌തു വീഴ്‌ത്തുക എന്ന ഭാവന എത്ര ഉദാത്തം. പ്രവണ(ഓം​‍ാമാകുന്ന വില്ലിൽ കൊരുത്ത്‌ ഇഹലോകശരീരമാകുന്ന അമ്പിനെ ബ്രഹ്‌മമെന്ന ലക്ഷ്യത്തിലേക്ക്‌ എത്തിക്കുക എന്ന സാമാന്യാർത്ഥം വരുന്ന ഒരു ശ്ലോകം മുണ്ഡകോപനിഷത്തിലുണ്ട്‌.

‘പ്രണവോ ധനുഃ ശരോഹ്യാത്മാമോ

ബ്രഹ്‌മാ തത്‌ലക്ഷ്യമുച്യതേ

അപ്രമത്തേന വേദവും

ശരവത്തഹ്‌മയോ ഭവേത്‌.’

ശരംകുത്തിയാലിന്റെ മാഹാത്മ്യം ഈ മന്ത്രത്തിന്റെ വെളിച്ചത്തിൽ വായിച്ചെടുക്കുകയാണെങ്കിൽ ഏറെ ആനന്ദകരമായിരിക്കും. ഐഹികലോകത്തിൽ അവതരിച്ചതിന്റെ ഉദ്ദേശപൂർത്തിക്കുശേഷം ശ്രീ അയ്യപ്പൻ ശാസ്താവിൽ ലയിച്ചതുപോലെ ഭക്തന്റെ മനസ്സ്‌ ഭഗവാനിൽ ലയിക്കുന്നു എന്നും നിസ്സംശയം പറയാം.

ശത്രുനിഗ്രഹത്തിനുശേഷം ശ്രീ അയ്യപ്പൻ ശാസ്താവിൽ ലയിക്കുന്നതിനുമുമ്പ്‌ ബാക്കിവന്ന ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലമാണ്‌ ശരംകുത്തിയാൽ എന്നും പറയപ്പെടുന്നു.

ജീവൻമുക്തന്റെ ഭാവമാർന്ന ഭക്തൻ ഇനി പതിനെട്ടാംപടിക്കുമുന്നിൽ. വിജയശ്രീലാളിതനായ അയ്യപ്പൻ ശാസ്താവിൽ ലയിക്കാൻ കയറിച്ചെന്ന പടികൾ. തിരിച്ചറിവിന്റെ കയറ്റം. ഇപ്പോൾ ഭക്തൻ ചിന്മുദ്രാങ്കിതനായ സർവ്വേശ്വരനെ കാണുന്നു. ഭക്തൻ അയ്യപ്പനിൽ നിന്നും വേറിട്ട ഒന്നല്ലാതാവുന്നു.

അയ്യപ്പൻമാർ മലകയറുന്നു എന്നതിന്‌ ഇവിടെ ഒരു പാഠഭേദമാവാം. ജ്ഞാനത്തിന്റെ വെളിച്ചത്തിലൂടെ നേരറിവിന്റെ മലകൾ താണ്ടിയ ഭക്തൻ അയ്യപ്പൻ ആകുന്നു എന്നു പറയാം.

ബ്രഹ്‌മവിദ്‌ ബ്രഹ്‌മൈവ ഭവതി

ഓം ശാന്തിഃ ശാന്തി ഃ ശാന്തിഃ

——

Generated from archived content: essay-sannidhanam.html Author: murali_mankada

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഫാസിസത്തിന്റെ കാണാവഴികൾ
Next articleമരണത്തെ പ്രസാധനം ചെയ്‌ത മനുഷ്യൻ
പേര്‌ഃ മുരളീധരൻ സി.കെ. പാലക്കാട്‌ വിക്‌ടോറിയാകോളേജിലും ഒറ്റപ്പാലം എൻ.എസ്‌.എസ്‌ കോളേജിലും വിദ്യാഭ്യാസം. ഇപ്പോൾ കേരളവാട്ടർ അതോറിറ്റിയുടെ പാലക്കാട്‌ ഓഫീസിൽ ഗുമസ്‌തൻ. ആനുകാലികങ്ങളിൽ ഇടയ്‌ക്കെല്ലാം കഥ, കവിത, ലേഖനം എന്നിവ എഴുതാറുണ്ട്‌. ചിത്രരചനയിൽ അതിയായ താല്പര്യമുണ്ട്‌. തിരുവനന്തപുരം ദൂരദർശനുവേണ്ടി നിർമ്മിച്ച നാലു ഡോക്യുമെന്ററികൾക്ക്‌ തിരക്കഥ എഴുതി (മഹാകവി പി, അക്കിത്തം, കഥാകാരി രാജലക്ഷ്‌മി, പറയിപ്പെറ്റ പന്തിരുകുലം എന്നിവരെകുറിച്ചു നിർമ്മിച്ചത്‌) മാധ്യമപഠന കേന്ദ്രത്തിന്റെ അവാർഡു ലഭിച്ച ‘നിളയുടെ കണ്ണീർച്ചാലുകൾ’ തുടങ്ങി ഇരുപതോളം ഡോക്യുമെന്ററികളുടെ സഹസംവിധായകനായിരുന്നു. 2000ത്തിലെ ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ ‘സൂര്യ’ സംപ്രേഷണം ചെയ്‌ത ഗാന്ധിജയന്തി സ്പെഷൽ ‘രഘുപതിരാഘവ.....’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനായിരുന്നു. വിവാഹിതൻ. ഭാര്യഃ അഡ്വ.കെ.പി. സുമ. മകൻഃ ബാലമുരളി. വിലാസംഃ കോമളാനിവാസ്‌, മങ്കര പി.ഒ., പാലക്കാട്‌ - 678613

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here