അമേരിക്കന്‍ കഥ നിര്‍മ്മാണശാലയും അക്കാഡമി അവാര്‍ഡും

അമേരിക്കന്‍ കഥ നിര്‍മ്മാണശാലയും അക്കാഡമി അവാര്‍ഡും മുരളി ജെ. നായര്‍

‘അമേരിക്കന്‍ കഥ നിര്‍മ്മാണശാല’ എന്നു കേള്‍ക്കുമ്പോള്‍ വായനക്കാര്‍ക്ക് തോന്നും ബെന്യാമിന്റെ നോവലിന്റെ പേര് (അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി) അനുകരിച്ച താണെന്ന്. എന്നാല്‍ വാസ്തവം അങ്ങനെയല്ലെന്നു വിനീതമായി പറഞ്ഞുകൊള്ളട്ടെ. അത് ഈ കഥ വായിച്ചുകഴിയുമ്പോള്‍ വ്യക്തമാകുകയും ചെയ്യും.

രണ്ടാമതായി പറയാനുള്ളത്: ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികങ്ങളാണ്. ഒരു പടികൂടി കടന്നു പറഞ്ഞാല്‍, ഈ കഥയ്ക്ക്, മുമ്പ് നടന്നതോ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതോ, ഇനി നടക്കാനിരിക്കുന്നതോ ആയ ഏതെങ്കിലും സംഭവുമായോ സംഭവങ്ങളുമായോ യാതൊരു ബന്ധവുമില്ല. അതുപോലെ തന്നെ കഥാപാത്രങ്ങള്ക്കും മരിച്ചുപോയവരോ, ജീവിച്ചിരിക്കുന്നവരോ, ഇനി ജനിക്കാനിരിക്കുന്നവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല. മേല്‍പ്പറഞ്ഞതരം എന്തെങ്കിലും ബന്ധമോ സാമ്യതയോ വായനക്കാര്‍ക്ക് തോന്നിയാല്‍ അത് തികച്ചും സ്വാഭാവികം മാത്രമാണ്. ———————————-

ഇനി കഥയിലേക്ക്. നാട്ടുനടപ്പനുസരിച്ച് ഇതില്‍ ഒരു നായകനും നായികയും ഉണ്ട്. എന്നാല്‍ അവര്‍ ഭാര്യാഭര്‍ത്താക്കന്‍മാരോ, കാമുകീകാമുകന്മാരോ, ഒന്നുമല്ല. അവര്‍ തമ്മില്‍ ഒരുതരം മുതലാളി തൊഴിലാളി ബന്ധമല്ലാതെ വേറൊന്നുമില്ല. നായികയുടെ റോള്‍ ആക്ടിവ് ആണെങ്കിലും പാസ്സീവ് ആയേ കഥയില്‍ അനുഭവപ്പെടുന്നുള്ളു.

നായകന്‍ ഒരു മധ്യവയസ്കനാണ് (അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് വച്ച് മധ്യവയസ്കന്‍ എന്നു പറഞ്ഞാല്‍ ഒരു അമ്പത്തഞ്ചു വയസ്സുവരെയൊക്കെ ആകാം). അദ്ദേഹം ആയിരത്തീത്തോള്ളായിരത്തിയെണ്‍പതുകളില്‍, അതായത്തു തന്റെ നല്ല പ്രായത്തില്‍, ഒരു രജിസ്റ്റേഡ് നഴ്സിനെ വിവാഹം കഴിയ്ക്കുകവഴി അമേരിക്കയിലെത്തിയ ആളാണ്. പോളിടെക്നിക് പഠിത്തമൊക്കെ കഴിഞ്ഞു നാട്ടില്‍ ഓട്ടോമൊബൈല് റിപ്പയര്‍ കട നടത്തിയിരുന്നു. ഇംഗ്ലീഷ് സംസാരിക്കാന്‍ അത്രവലിയ കഴിവൊന്നുമില്ലാഞ്ഞിട്ടും ഓട്ടോമെക്കാനിസം ഫീല്‍ഡിലെ അറിവുവച്ച് പെട്ടെന്നുതന്നെ അമേരിക്കയിലെ ഒരു പ്രമുഖ ഓട്ടോമൊബൈല്‍ റിപ്പയര്‍ ഫ്രാഞ്ചൈസില്‍ ജോലികിട്ടി. ഏതാനും വര്‍ഷങ്ങള്‍ക്കകം ഭാര്യയുടെ ഒന്നിലധികം ജോലിയില്‍നിന്നുള്ള സമ്പാദ്യവും തന്റെ സമ്പാദ്യവും പിന്നെ ലുബ്ധിച്ചുള്ള ലൈഫ്സ്റ്റൈലും വഴി ആ ഫ്രാന്ചൈസ് അദ്ദേഹം സ്വന്തമാക്കി.

പിന്നീടങ്ങോട്ടുള്ള വളര്‍ച്ച വളരെപ്പെട്ടെന്നായിരുന്നു, ഏതാനും വര്‍ഷങ്ങള്‍കൂടി കഴിഞ്ഞപ്പോഴേക്കും തന്റെ ബിസിനസ് ശ്രംഖലയുടെ വ്യാപ്തി വലുതായി, ആളൊരു കോടീശ്വരനായിത്തീര്‍ന്നു.

ആവശ്യത്തിനും അതിലധികവും പണമായപ്പോള്‍ അദ്ദേഹത്തിന് സമൂഹത്തില്‍ അല്പ്പം കൂടി മാന്യതയൊക്കെ വേണമെന്നൊരു തോന്നല്‍. മലയാളി അസോസിയേഷനുകളില്‍ കൂടുതല്‍ ആക്ടിവ് ആയി. അതുപോലെതന്നെ തന്നെ തന്റെ മതത്തില്‍പ്പെട്ടവര്ക്കായുള്ള സ്ഥാപനങ്ങള്‍ ക്കും സംരംഭങ്ങള്‍ക്കും ഉദാരമായ സംഭവനകളും നല്കി (ഉള്ളത് പറയണമല്ലോ സെകുലറിസം നിലനിര്‍ത്താന്‍ അദ്ദേഹം ഇടയ്ക്കൊക്കെ മറ്റ് മതക്കാരേയും സഹായിച്ചിരുന്നു, കേട്ടോ).

മലയാളി അസോസിയേഷന്‍ വഴി നാട്ടില്‍നിന്ന് വിസിറ്റിന് വരുന്ന കുറെ രാഷ്ട്രീയക്കാരുമായുള്ള ചിത്രങ്ങളൊക്കെ പത്രങ്ങളില്‍ വരുകയും (അഥവാ വരുത്തുകയും) ചെയ്തു. അക്കാര്യത്തില്‍ അദ്ദേഹം പക്ഷാഭേദമൊന്നും കാണിച്ചില്ല. ഏത് രാഷ്ട്രീയത്തില്‍പ്പെട്ട ആളുവന്നാലും അവര്‍ക്ക് തന്റെ നഗരത്തില്‍ തന്റെ മലയാളി സംഘടയുടെയും, രാഷ്ട്രീയക്കാരന്റെ നാട്ടില്‍നിന്നും അമേരിക്കയിലെത്തിയവരുടെ (സ്ഥലത്തിന്റെ പേരിലുള്ള) കൂട്ടായ്മയുടെയും വകയായി സ്വീകരണം സംഘടിപ്പിക്കുകവഴി അവരോടൊപ്പമുള്ള അടുപ്പം വര്‍ദ്ധിക്കുകയും നായകനോടൊത്തുള്ള ചിത്രങ്ങള്‍ പത്രങ്ങളില്‍ വരുകയും (അഥവാ വരുത്തുകയും) ചെയ്തു.

ഇതൊക്കെയായിട്ടും കിട്ടുന്ന പരിഗണനയും പ്രശസ്തിയുമൊന്നും പോരാ എന്നൊരു തോന്നല്‍. അങ്ങനെ ആരോ ഉപദേശിച്ചു കൊടുത്തു ഇപ്പോളത്തെ താരം സാഹിത്യമാണത്രേ. സാഹിത്യകാരന്‍മാര്‍ക്കുള്ള മാര്‍ക്കറ്റ് ഒന്നു വേറേതന്നെയാണ്. സമ്പന്നനാവുന്നതിനുപുറമേ ഒരു സാഹിത്യകാരന്‍കൂടി ആവുക എന്നു പറഞ്ഞാല്‍ അതൊരു വലിയ കാര്യമാണ്. എന്നുമാത്രമല്ല സംസ്കാരമില്ലാത്ത അമേരിക്കന്‍ പുത്തന്‍ പണക്കാരന്‍ എന്ന പരിഹാസം മാറിക്കിട്ടുകയും ചെയ്യും.

പക്ഷേ മലയാള വ്യാകരണം പോയിട്ടു അക്ഷരങ്ങള്‍ പോലും എല്ലാം ശരിയായി നായകനറിയില്ല. എങ്ങനെയോ പത്താംക്ലാസ് പാസ്സായ ആളാണ് കക്ഷി. പിന്നെ നാട്ടിലെ പോളി ടെക്കനിക്കില്‍ പഠിക്കാന്‍ അധികം മലയാള ജ്ഞാനമൊന്നും വേണ്ടല്ലോ.

അങ്ങനെ ഇരിക്കുമ്പോഴാണ് കല്യാണംകഴിഞ്ഞു നാട്ടില്‍നിന്ന് പുതിയതായി എത്തിയ ചെറുപ്പക്കാരായ ദമ്പതിമാരെ പരിചയപ്പെടുന്നത്. സംസാരമദ്ധ്യേ ചെറുപ്പക്കാരി മലയാളസാഹിത്യത്തില്‍ എമ്മേക്കാരിയാണെന്നും സാഹിത്യകാരിയാണെന്നും നാട്ടിലെ പല പത്രമാസികകളില്‍ ഒരുപാട് കഥകള്‍ എഴുതിയിട്ടുണ്ടെന്നും തന്റെ വിദ്യാഭ്യാസത്തിന് പറ്റിയ ജോലി അമേരിക്കയില്‍ കിട്ടുകയില്ലെന്നു പരിതപിച്ചിരിക്കുകയാണെന്നും ഒക്കെ നായകന്‍ മനസ്സിലാക്കി. നായകന്‍റെ മനസ്സില്‍ ലഡു പൊട്ടി. ഒന്നല്ല, പല മുഴുത്ത ലഡുകള്‍ ഒന്നിച്ചു പൊട്ടി

അപ്പോള്‍ത്തന്നെ എടുത്തടിച്ചൊന്നും പറയാതെ നായകന്‍ ചെറുപ്പക്കാരന്റെ ഫോണ്‍ നമ്പര്‍ വാങ്ങിച്ചു. ഔപചാരികമായി തന്റെ ബിസിനെസ് കാര്‍ഡ് ചെറുപ്പക്കാരന് നല്കുകയും ചെയ്തു. ഒരു പുതിയ ആശയത്തിന്റെ പൊസ്സിബിലിറ്റികളെപ്പറ്റി അന്ന് രാത്രി മുഴുവന്‍ ആലോചിച്ചു.

പിറ്റേന്നു കാലത്ത് തന്റെ ഓഫീസില്‍ എത്തിയതും നായകന്‍ ചെറുപ്പക്കാരനെ വിളിച്ചു. നിങ്ങളുടെ ഭാര്യയ്ക്ക് അനുയോജ്യമായ ഒരു ഒഴിവ് എന്റെ ഓഫീസിലുണ്ട്. എപ്പോഴാണ് ഒരു ഇന്‍റര്‍വ്യുവിന് വരാന്‍ സൌകര്യം? ചെറുപ്പക്കാരന്‍ പിറ്റേന്നുതന്നെ ഭാര്യയെയും കൂട്ടി വരമെന്നേറ്റു.

ഇന്‍റര്‍വ്യുവില്‍ വച്ച് നായകന്‍ മുഖവുരയായി പറഞ്ഞു. ഈ ജോലി സ്വീകരിച്ചാലും ഇല്ലെങ്കിലും മറ്റാരും ഈ സംഭാഷണത്തെപ്പറ്റി അറിയരുത്. ചെറുപ്പക്കാരനും ഭാര്യയും സമ്മതിച്ചു.

നായകന്‍ വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. ”എനിക്കുവേണ്ടത് പ്രധാനമായും ഒരു ഗോസ്റ്റ് റൈറ്ററെയാണ്. അതായത് എനിക്കുവേണ്ടി കഥകളും ഒത്താല്‍ നോവലുകളും എഴുതാന്‍ കഴിവും അതിനു പൂര്‍ണസമ്മതവുമുള്ള ഒരാളെ. കുട്ടിയുടെ സ്റ്റാഡേര്ടൊക്കെ മതി. എം ഏ മലയാളം ആണെന്നല്ലേ പറഞ്ഞത്. നാട്ടില്‍വെച്ചു കഥകളൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. എനിക്കതൊക്കെ മതി. ഏട്ടുമണിക്കൂറാണ് ഓഫീസ് സമയം. കുറെ അഡ്മിനിസ്ട്രേറ്റീവ് ജോലിയൊക്കെ കാണും. അത് ഓഫീസ് മാനേജര്‍ വിശദീകരിച്ചു തരും. പക്ഷേ പ്രധാന ജോലി കഥയെഴുത്താണ്. ആറു മണിക്കൂര്‍ എനിക്കുവേണ്ടി ജോലിചെയ്താല്‍ മതി. ബാക്കി രണ്ടു മണിക്കൂര്‍ കുട്ടിക്കു വേണ്ടതുപോലെ എഴുതുകയോ വായിക്കുകയോ ആവാം, ഓഫീസില്‍ ഉണ്ടാകണമെന്ന് മാത്രം, മറ്റു സ്റ്റാഫ്ഫിനു സംശയം പാടില്ലല്ലോ. ലഞ്ചിനുള്ള അരമണിക്കൂര്‍ സമയവും എന്റെ ആറുമണിക്കൂറില്‍നിന്ന് എടുത്തോളൂ. പിന്നെ ഒരു കാര്യം. കുട്ടി എനിക്കുവേണ്ടി എഴുത്തുന്ന കഥകള്‍ എന്റേത് മാത്രമായിരിക്കും. കംപ്യൂട്ടറില്‍ത്തന്നെ ചെയ്യണം. പത്രക്കാര്‍ നമ്മുടെ രണ്ടുപേരുടെ കയ്യക്ഷരവും ഒരുപോലെയാണെന്ന് കണ്ടു ഈ രഹസ്യം പുറത്താവരുത്. പിന്നെ ശമ്പളത്തിന്റെ കാര്യം. തുടക്കത്തില്‍ മണിക്കൂറിന് പതിനഞ്ചു ഡോളര്‍. കൂടാതെ മറ്റ് തൊഴിലാളികള്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും. ഈ കെട്ടിടത്തിന്റെ ഒരു ഭാഗം നമ്മുടെ ഹോള്‍ഡിങ്ങ് കമ്പനിയുടെ ഓഫീസ് ആണ്. അവിടെ കുട്ടിയ്ക്ക് മാത്രമായി എല്ലാ സൌകര്യങ്ങളുമുള്ള ഒരു ഓഫീസ് തരാം. പിന്നെ ആര് ചോദിച്ചാലും ഹോള്‍ഡിങ്ങ് കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റീവ് ജോലിയാണെണെ പറയാവു. ജോലിയുടെ യഥാര്‍ത്ഥസ്വഭാവം പരമരഹസ്യമായിരിക്കണം. ഞാന്‍ ഓഫീസ് മാനേജരോട് വേണ്ടപോലെ എല്ലാം വിശദീകരിച്ചുകൊള്ളാം. എന്തു പറയുന്നു?”

വ്യവസ്ഥകള്‍ പറഞ്ഞിട്ടു നായകന്‍ ചോദിച്ചു.

ദമ്പതികള്‍ പരസ്പരം നോക്കി.

”ഇപ്പോള്‍ മറുപടി പറയണമെന്നില്ല. ആലോചിച്ചു നാളെ വിളിച്ച് പറഞ്ഞാല്‍ മതി. പിന്നെ എന്തെങ്കിലും ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ ചോദിക്കാം.”

ഉദ്യോഗാര്‍ഥി ചോദിച്ചു: ”സാര്‍, ഞാന്‍ സ്വന്തനിലയില്‍ എഴുതുന്നതിനോട് എതിര്‍പ്പില്ല എന്നല്ലേ പറഞ്ഞത്? ഞാന്‍ എഴുതുന്നതു എനിക്ക് എവിടേയും പബ്ലിഷ് ചെയ്യാമല്ലോ?”

”തീര്‍ച്ചയായും!” നായകന്‍ സന്തോഷം മറച്ചുവെയ്ക്കാതെ പറഞ്ഞു. എല്ലാ ടേംസും സ്വീകരിക്കാനാണ് സാധ്യതയെന്ന്‍ മനസ്സിലാക്കിയ അയാളുടെ മനസ്സ് ഒരു വഞ്ചിപ്പാട്ട് പാടി ആഘോഷം തുടങ്ങി.

ആ ഇന്‍റര്‍വ്യു അങ്ങനെ അവസാനിച്ചു.

ദമ്പതികള്‍ക്കു കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഭാര്യ ജോലിചെയ്തിരുന്ന മെയിലിങ് കമ്പനിയിലെ പണിയെക്കാള്‍ എന്തായാലും നല്ലതാണിത് എന്നു ഭര്‍ത്താവ് പറഞ്ഞു. തന്റെ സാഹിത്യ സൃഷ്ടി കൊണ്ട് വേറൊരാള്‍ പേരെടുക്കുന്നതില്‍ അല്പം അസഹിഷ്ണുത ഭാര്യക്ക് തോന്നിയെങ്കിലും ഗോസ്റ്റ് റൈറ്റിങ് എന്ന പരിപാടി അമേരിക്കയില്‍ ഏതാണ്ട് സ്വീകരിക്കപ്പെട്ട ഒരു തൊഴിലായി കരുതപ്പെടുന്നുണ്ട് എന്നു വായിച്ചറിവുണ്ടായിരുന്നതുകൊണ്ട് അതത്ര മോശം ജോലിയായി തോന്നിയില്ല. എന്തായാലും സാഹിത്യ സംബന്ധമായ ജോലി ആണല്ലോ. താന്‍ തനിക്കുവേണ്ടി എഴുതുന്നതിനുപോലും ഒരര്‍ത്ഥത്തില്‍ അമേരിക്കന്‍ മണിക്കൂര്‍ റേറ്റില്‍ പ്രതിഫലവും കിട്ടുമല്ലോ.

അങ്ങനെ ആ ചെറുപ്പക്കാരി ഈ കഥയിലെ നായികയായിത്തീര്‍ന്നു. അവള്‍ എഴുതിയ കഥകള്‍ അമേരിക്കന്‍ പത്രമാസികകളില്‍ നായകന്റ്റെ പേരില്‍ വരാന്‍ തുടങ്ങി. അവ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ആദ്യമൊക്കെ നായകന് രഹസ്യമാണി അല്‍പസ്വല്‍പ്പം ചമ്മല്‍ ഉണ്ടായിരുന്നത് പതുക്കെപ്പതുക്കെ അപ്രത്യക്ഷമായി.

നായകന്‍ തന്റെ സുഹൃദ്ബന്ധങ്ങളുപയോഗിച്ച് തന്റെ കഥകളെപ്പറ്റിയുള്ള നല്ല വാക്കുകള്‍ മറ്റുള്ളവരെക്കൊണ്ട് പറയിക്കുകയും എഴുതിക്കുകയും ചെയ്തു. നായകനെ സാഹിത്യകൂട്ടായ്മകളിലോക്കെ അതിഥിയായി ക്ഷണിക്കാനും തുടങ്ങി. അതിനുള്ള പ്രസംഗങ്ങള്‍ എഴുതി തയ്യാറാക്കുന്നതും നായികയുടെ ജോലിയായിരുന്നു.

കുറെ കഥകളൊക്കെ ആയിക്കഴിഞ്ഞ പ്പോള്‍ ആദ്യത്തെ അവാര്ഡ് കിട്ടി – തന്റെതന്നെ മലയാളി അസോസിയേഷനില്‍ നിന്നുള്ള അവാര്‍ഡായിരുന്നു അത്. അതിനുശേഷം മറ്റ് അമേരിക്കന്‍ മലയാളി അവാര്‍ഡുകളും, സാഹിത്യഭാഷയില്‍ പറഞ്ഞാല്‍, നായകനെത്തേടിയെത്തിത്തുടങ്ങി.

നാട്ടില്‍ നിന്നുള്ള അവാര്‍ഡുകള്‍ കിട്ടുന്നില്ലല്ലോ എന്നായി നായകന്റെ അടുത്ത ആവലാതി. നാട്ടില്‍നിന്ന് വന്ന ഒരു പത്രപ്രതിനിധിയോടു, ഏറ്റവും അനുയോജ്യമായ അവസരത്തില്‍ (അതായത് നന്നായൊന്നു സല്‍ക്കരിച്ചതിനുശേഷം) നായകന്‍ അതെപ്പറ്റി ചോദിച്ചു. പത്രപ്രതിനിധി അത്തരം അവാര്‍ഡ് കിട്ടുന്നതിന്റെ ഗുട്ടന്സും ഉപദേശിച്ചുകൊടുത്തു: വിദേശമലയാളികള്‍ക്കുവേണ്ടി ഇത്തരം കാര്യങ്ങള്‍ക്ക് ഫുള്‍ടൈം സഹകരിക്കാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ നാട്ടിലുണ്ട്. അവരെ പിടിച്ചാല്‍ ഒരു പ്രയാസവുമില്ലാതെ സാധിക്കാവുന്ന കാര്യമേയുള്ളൂ.

നായകന്റ്റെ ശ്രമം പിന്നെ ആ വഴിക്കു തിരിഞ്ഞു. മലയാള ഭാഷയെ സംരക്ഷിക്കാന്‍ വേണ്ടി തന്റെ നാട്ടിലെ കുറെ ഭാഷാസ്നേഹികള്‍ ഒരു സംഘടന ഉണ്ടാക്കി, അഥവാ അങ്ങനെ ഒരു സംഘടന അവരെക്കൊണ്ടു നായകന്‍ ഉണ്ടാക്കിച്ചു. നായകന്റെ കൃതികളൊന്നും പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടില്ലായിരുന്നതുകൊണ്ടു അല്പ്പം ചിന്താക്കുഴപ്പം ഭാരവാഹികള്‍ക്കുണ്ടായി. എന്തു പറഞ്ഞു അവാര്‍ഡ് കൊടുക്കും? പരിഹാരവും അവര്‍തന്നെ കണ്ടുപിടിച്ചു. പുസ്തകം എഴുതിയിട്ടില്ലെങ്കിലെന്താ, മലയാളഭാഷയുടെ ഉന്നമനത്തിനായി അങ്ങ് അമേരിക്കയില്‍ ഇരുന്നു സാഹിത്യസേവനം നടത്തുന്ന ആളല്ലേ? അപ്പോള്‍, നാട്ടുനടപ്പനുസരിച്ച് ഒരു സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡിന് വകുപ്പുണ്ട്. അങ്ങനെ, പ്രവാസിഭാഷാരക്ഷക അവാര്ഡ് എന്നു നാമകരണം ചെയ്യപ്പെട്ട ആ അവാര്ഡ് നായകന് നല്‍കപ്പെട്ടു. സ്ഥലം എമ്മെല്ലേയും പിന്നെ വേറെ കുറെ സാഹിത്യകാരന്മാരും കാണികളായി കുറെ ക്ഷണിക്കപ്പെട്ട അലവലാതികളും അവാര്‍ഡുദാനത്തിന് സന്നിഹിതരായിരുന്നു. അവാര്‍ഡിനുവേണ്ടി ആയിരക്കണക്കിന് ഡോളറാണ് നായകന്‍ ചെലവാക്കിയത് എന്നു ഭാര്യ അറിഞ്ഞപ്പോള്‍ വീട്ടില്‍ അല്പം കലപിലയൊക്കെ നടന്നു എന്നു അസൂയാലുക്കള്‍ കുറെക്കാലം പറഞ്ഞുനടന്നിരുന്നു.

ആയിടക്ക് നാട്ടില്‍നിന്നും വന്ന, സാഹിത്യത്തിന്റെ ഉന്നതങ്ങളില്‍ പിടിപാടുള്ള ഒരു സാഹിത്യകാരനുമായി പരിചയപ്പെടുവാന്‍ നായകനവസരം കിട്ടി. തന്റെ അതിഥിയായി വീട്ടില്‍ വന്നു ഒരാഴ്ച താമസിക്കുവാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും സാഹിത്യകാരന് തല്‍ക്കാലം നാട്ടിലേക്കു തിരികെപ്പോയി വേറൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ടു ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ആ ഒരാഴ്ത്തെ താമസത്തിനിടയില്‍ നായകന്‍ അമേരിക്കയിലെ ചില ടൂറിസ്റ്റ് അട്രാക്ഷന്‍സിലോക്കെ സാഹിത്യകാരനെ കൊണ്ടുപോയി, പിന്നെ അത്യാവശ്യം ഷോപ്പിംഗൊക്കെ നടത്തിക്കൊടുത്തു. പ്രത്യുപകാരമായി സാഹിത്യ അക്കാദമി അവാര്ഡ് അടക്കം നാട്ടിലെ അവാര്‍ഡുകള്‍ നേടാനുള്ള ചില സൂത്രവിദ്യകളൊക്കെ സാഹിത്യകാരന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു.

നമുക്ക് ആദ്യം ഇതുവരെ എഴുതിയ കഥകള്‍ പുസ്തകമാക്കം, സാഹിത്യകാരന്‍ പറഞ്ഞു. സാറിനറിയാമല്ലോ വലിയ പ്രസാധകര്‍ പുതിയവരുടെ പുസ്തകങ്ങളൊന്നും എടുക്കില്ല. അഥവാ എടുക്കണമെങ്കില്‍ ഒരുപാടുകാശ് അങ്ങോട്ട് കൊടുക്കണം. പുസ്തകം വല്ലതും വിറ്റുപോയാല്‍ എന്തെങ്കിലും നക്കാപ്പിച്ച റോയല്‍റ്റി കിട്ടും. അത് മുടക്കിയതിന്റെ ഒരംശംപോലും വരികയുമില്ല.

എന്നാല്‍ കാശിന്‍റെ പ്രശ്നം നായകനെ ഒട്ടും നിരുല്‍സാഹപ്പെടുത്തിയില്ല.

കാശിന്റെ കാര്യം എനിക്കു പ്രശ്നമേയല്ല. ഒരു കാര്യം പറ, പുസ്തകം ഇറങ്ങിയാല്‍ അവാര്ഡ് കിട്ടാനുള്ള ചാന്‍സ് കൂടുമല്ലോ?

തീര്‍ച്ചയായും. അല്ലെങ്കിലും നല്ല അവാര്‍ഡുകളൊക്കെ പുസ്തകരൂപത്തിലുള്ള കൃതികള്‍ക്കാണ്. അമേരിക്കയിലെപ്പോലെ ഒറ്റപ്പെട്ട കഥകള്‍ക്കും കവിതകള്‍ക്കും നാട്ടില്‍ അവാര്ഡ് കൊടുക്കാറില്ല. അല്ലെങ്കില്‍ മല്‍സരങ്ങളായിരിക്കണം. ഒരു മല്‍സരത്തില്‍ പങ്കെടുത്ത് അവാര്ഡ് വാങ്ങുന്ന കാര്യം സാറിനെപ്പോലുള്ളവര്‍ക്ക് പ്രയാസമാണ്, സാഹിത്യകാരന്‍ വിനീതനായി പറഞ്ഞു..

പുസ്തകം പ്രസിദ്ധീകരിക്കുന്ന ദൌത്യവും സാഹിത്യകാരന്‍ സസന്തോഷം ഏറ്റെടുത്തു. അങ്ങനെ നായകന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. അതിന്റെ പ്രസാധനം പ്രമാണിച്ചു നായകന്‍ നാട്ടിലെക്കൊരു യാത്ര നടത്തി. ആ യാത്രയില്‍ അദ്ദേഹം സാഹിത്യകാരന്റെ അതിഥിയായിരുന്നു, പക്ഷേ സ്വന്തം കീശയില്‍നിന്നാണ് കാശു പോയത്.

ഇനി അവാര്‍ഡ്. സാഹിത്യകാരന്റെ നാട്ടിലുമുണ്ടായി ഒരു സംഘടന. അവരുടെ ആദ്യത്തെ അവാര്‍ഡ്, ഒരു സാഹിത്യകാരന്റെ പേരിലുള്ളതായിരിക്കണമെന്ന് തീരുമാനിക്കപ്പെട്ടു. ഇക്കാലത്ത് അതല്ലേ ഒരു ഗമ? ആരുടെ പേരില്‍ അവാര്ഡ് കൊടുക്കും? ഒരുമാതിരിപ്പെട്ടവരെയൊക്കെ പല സംഘടനകള്‍ചേര്ന്ന്‍ പങ്കിട്ടെടുത്തുകഴിഞ്ഞു. അവസാനം അടുത്തകാലത്ത് അകാലചരമം പ്രാപിച്ച കെ.പി. ആരുവാമൊഴി എന്നൊരു സാഹിത്യകാരനെ കണ്ടുപിടിച്ച് അവാര്‍ഡിന് ആ പേര് കൊടുക്കാമെന്നവര്‍ തീരുമാനിച്ചു. അങ്ങനെ, ആദ്യത്തെ ആരുവാമൊഴി അവാര്ഡ് നമ്മുടെ നായകന്.

കുറേ മാസങ്ങള്‍ നായകന്‍ ആ ആനന്ദലബ്ധിയില്‍ ഞെളിഞ്ഞു നടന്നു. എന്നാല്‍ പതിയെ അസംതൃപ്തി വീണ്ടും തലപൊക്കി. അക്കാദമി അവാര്ഡ്തന്നെ കിട്ടണം. അതിനെന്താണ് വഴി? സാഹിത്യകാരനോടു സംസാരിക്കാന്‍ തീരുമാനിച്ചു.

ഫോണിലൂടെയാണെങ്കിലും സാഹിത്യകാരന്‍ തന്റെ മനസ്സുതുറന്നു. അമേരിക്കന്‍ മലയാളികള്‍ എഴുതുന്നത്തില്‍ ഭൂരിഭാഗവും നിങ്ങള്‍ മുപ്പതോ നാല്‍പ്പതോ കൊല്ലംമുമ്പ് ഉപേക്ഷിച്ചുപോന്ന കേരളത്തെപ്പറ്റിയാണ്. ആ നോസ്റ്റാള്‍ജിയ ആണ് നിങ്ങളെക്കൊണ്ടു എഴുതിക്കുന്നത്. അതൊക്കെ എഴുതാന്‍ നാട്ടില്‍ ധാരാളം ആളുകളുണ്ട്. ഒരു അമേരിക്കന്‍ മലയാളിക്ക് അവാര്‍ഡ് കൊടുക്കണമെങ്കില്‍ അതിനു വേണ്ടത് അമരിക്കന്‍ ജീവിതം പച്ചയായി കാണിക്കുന്ന ഒരു കൃതിയാണ്. അതായത് ബെന്യാമിന്റെ ആടുജീവിതം പോലെ. എത്ര അവാര്‍ഡാണ് ആ പുസ്തകത്തിന് കിട്ടിയതെന്ന് കണ്ടില്ലേ? മലയാളപ്രസിദ്ധീകരണചരിത്രത്തില്‍ അ പുസ്തകം ഒരു റെക്കോര്‍ഡ് ആയിക്കഴിഞ്ഞെന്നു അറിയില്ലേ?.

നായകന്‍ ആദ്യമായാണ് ആടുജീവിതം എന്ന പുസ്തകത്തെപ്പറ്റി കേള്‍ക്കുന്നത്. ആടുകളുടെ കഥയായിരിക്കുമോ അത്? തന്റെ എഴുത്തുകാരിക്കുട്ടിയോട് ചോദിച്ചുനോക്കാം. അഥവാ ആയാല്‍ത്തന്നെ അമേരിക്കയില്‍ ആടുവളര്‍ത്തല്‍ കേന്ദ്രങ്ങളൊക്കെ എവിടെയാണെന്ന് കണ്ടുപിടിയ്ക്കണ്ടെ?. അതൊക്കെ പൊല്ലാപ്പായിരിക്കും. നായകന്റെ ചിന്തകള്‍ കുഴഞ്ഞുമറിഞ്ഞു.

നായകന്‍റെ മനസ്സുവായിച്ചു സാഹിത്യ കാരന്‍ അല്പ്പം സോപ്പിട്ടു പതപ്പിച്ച് പറഞ്ഞു. ഇതയും വലിയ ബിസിനസ് സാമ്രാജ്യം നോക്കിനടത്തുന്ന സാറിന് അതിനുള്ള ഗവേഷണത്തിനൊന്നും സമയം ഉണ്ടാകില്ലെന്നറിയാം. സാറിനെക്കൊണ്ടു ഒക്കുന്ന രീതിയില്‍ കുറെ കഥകള്‍ എഴുതിയാല്‍ മതി. അമേരിക്കന്‍ ജീവിതമായിരിക്കണം, പുതിയ കാലത്തെ എഴുത്തുരീതിയായാല്‍ അത്രയും നന്ന്. എന്നിട്ട് എനിക്കു അയച്ചുതന്നാട്ടെ. അവയെല്ലാം പ്രസിദ്ധീകരിപ്പിച്ച്, പിന്നെ സമാഹരിച്ച് അവാര്‍ഡിന് പറ്റുന്ന രീതിയിലുള്ള ഒരു കൃതിയാക്കുന്ന കാര്യം ഞാനേറ്റു.

നായകന്‍ സമ്മതം മൂളി. പുതിയ കാലം എന്ന വാക്ക് മനസ്സില്‍ കുറിച്ചിടുകയും ചെയ്തു. തന്റെ സാഹിത്യത്തൊഴിലാളിയോട് പറയാം, കുറെക്കാലം എഴുത്ത് നിര്‍ത്തി പുതിയകാലത്തെ പുസ്തകങ്ങള്‍ വായിക്കാന്‍.

അങ്ങനെ നായകന്‍ പുതിയകാലത്തെ രചനകള്‍ വായിക്കാന്‍ നായികയ്ക്ക് കര്ശന നിര്‍ദേശം കൊടുത്തു. ഇനിമുതല്‍ അതുപോലെയേ എഴുത്താവൂ. വേണമെങ്കില്‍ രണ്ടോ മൂന്നോ ആഴ്ച വായനയ്ക്കായി എടുത്തോളൂ. നായികയ്ക്ക് സന്തോഷം, കുറെ വായിക്കാന്‍ സമയം കിട്ടുമല്ലോ. നായിക ആ സമയം വേണ്ടതുപോലെ വിനിയോഗിച്ച് വിശാലമായി വായിച്ചു.

അങ്ങനെ നായിക സൃഷ്ടിച്ച കുറെ പുതിയകാല കഥകള്‍ സാഹിത്യകാരസുഹൃത്തിന് അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ ‘സഹായം’ കൊണ്ട് അവ നാട്ടിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അപ്പോഴാണ് നായകന്‍ ഒരു കാര്യം ശ്രദ്ധിച്ചത്: തന്റെ സാഹിത്യത്തൊഴിലാളിപ്പെണ്ണിന്റെ കഥകളും നാട്ടിലെ മുഖ്യധാരയില്‍ കുറെക്കാലമായി പ്രസിദ്ധീകരിക്കുന്നുണ്ടത്രെ. അമ്പടീ കള്ളീ, ഇത് നീ എന്നോടൊന്നു പറഞ്ഞില്ലല്ലോ. നായകന് കുശുമ്പുതോന്നി. എന്നാലും അമേരിക്കയിലാര്‍ക്കും അവളെ അത്ര അറിയുകയുമില്ലല്ലോ എന്നൊരു സമാധാനവും തോന്നി.

അവളോടുതന്നെ അതേപ്പറ്റി ചോദിച്ചു.

സാഹിത്യത്തെപ്പറ്റി വ്യാകുലപ്പെടുന്ന അമേരിക്കന്‍ എഴുത്തുകാര്‍ നാട്ടില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതൊക്കെ വായിക്കുന്നത് അപൂര്‍വമല്ലേ? അതിന് അവര്‍ക്കെവിടെ സമയം? എഴുതാനല്ലെ സമയമുള്ളൂ? എന്നാല്‍ ഞാന്‍ നാട്ടിലെ പ്രസിദ്ധീകരണങ്ങളൊക്കെ സ്ഥിരമായി വായിക്കാറുണ്ട്. നാട്ടില്‍ എനിക്കും ഇഷ്ടംപോലെ വായനക്കാരുമുണ്ട്.

നായികയുടെ ഉത്തരം കേട്ട് നായകന് അസൂയതോന്നിയെങ്കിലും ഒന്നും മറുത്തുപറഞ്ഞില്ല. ഒരു കണക്കിനു അവളുടെ അറിവും എക്സ്പീരിയന്‍സും തന്നെയും സഹായിക്കുന്നുണ്ടല്ലോ.

നായകന്റെ പുതിയകാല കഥകള്‍ പുസ്തകം ആകാന്‍ അധിക സമയം വേണ്ടിവന്നില്ല. എന്നാല്‍ നായകന്‍ അറിയാത്ത പലതുംകൂടി സംഭവിക്കുന്നുണ്ടായിരുന്നു. തന്റെ സാഹിത്യത്തൊഴിലാളിപ്പെണ്ണിന്റെ പുസ്തകം അതിനകംതന്നെ പ്രസിദ്ധീകരിക്കപ്പെട്ടുവെന്നതും കേരളത്തിലെ വലിയ പ്രസാധക കമ്പനിയിലൊന്നാണ് അതു പ്രസിദ്ധീകരിച്ചതെന്നും നാട്ടിലെ വായനക്കാരും നിരൂപകരും അത് നന്നായി സ്വീകരിച്ചു എന്നുമുള്ള കാര്യങ്ങള്‍ നായകന്‍ അറിഞ്ഞതേ ഉണ്ടായിരുന്നില്ല.

നായകന്റെ പുസ്തകം സാഹിത്യ അക്കാദമിയുടെ പരിഗണനയ്ക്ക് അയച്ചിട്ടുള്ള സന്തോഷവര്‍ത്തമാനം യഥാസമയം സാഹിത്യകാരന്‍ നായകനെ വിളിച്ച് അറിയിച്ചു. വേണ്ടിടത്തൊക്കെ വേണ്ടപോലെ വാക്ക് എത്തിയിട്ടുണ്ട്. താമസിയാതെ പ്രഖ്യാപനം ഉണ്ടാകും. എന്തായാലും വളരെ ഷോര്‍ട്ട് നോട്ടീസില്‍ നാട്ടിലേക്കൊന്നു വരാന്‍ തയ്യാറായികൊള്ളുക.

അങ്ങനെ ഒരുദിവസം വീണ്ടും സാഹിത്യകാരന്റെ ഫോണ്‍കാള്‍ വന്നു. നാളെ അവാര്ഡ് പ്രഖ്യാപിക്കും. കഥാസമാഹാരത്തിന്, ഇത്തവണ പതിവിന് വിപരീതമായി, ആദ്യമായി അമേരിക്കയില്‍ നിന്നൊരാളുടെ കൃതിയ്ക്കാണ് അവാര്‍ഡ് എന്നു കമ്മറ്റിയിലുള്ള ഒരാളില്‍നിന്ന് രഹസ്യമായി അറിയാന്‍ കഴിഞ്ഞു.

എക്സൈറ്റ്മെന്‍റുകൊണ്ടു നായകന് അന്ന് ഉറക്കം വന്നില്ല.

രാവിലെ കാത്തിരുന്ന കോള്‍ വന്നു: സാഹിത്യകാരന്‍റെ വാക്കുകളില്‍ അമ്പരപ്പും ജാള്യതയും നിറഞ്ഞിരുന്നു. ചതിച്ചു സാറേ, കഥാസമാഹാരത്തിനുള്ള അവാര്‍ഡ് അമേരിക്കയില്‍നിന്നുമുള്ള ഒരു സ്ത്രീയുടെ പുസ്തകത്തിനാണ്.

നായകന് അന്ധാളിപ്പില്‍ നാക്കിറങ്ങി നില്‍ക്കവേ സാഹിത്യകാരന്‍ അവാര്‍ഡുജേതാവിന്റെ പേര് പറഞ്ഞു. പേരുകേട്ട് നായകന്‍ ഞെട്ടിത്തരിച്ചുപോയി. തന്റെ സാഹിത്യത്തൊഴിലാളിയായ ആ ചെറുപ്പക്കാരിയുടെ പേരായിരുന്നു അത്.

Generated from archived content: story3_nov3_14.html Author: murali_j_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English