അച്ഛന്‍മലയാളം

അച്ഛനെന്തിനാ കരേന്നേ?

ങേ! മകളുടെ ചോദ്യം കേട്ട് അയാള്‍ അറിയാതെ കണ്ണുതുടച്ചു. മുന്നിലെ ട്രാഫിക് കുരുക്കില്‍നിന്നു കണ്ണെടുത്ത്, മുഖത്ത് ഒരു പുഞ്ചിരി വരുത്തി മകളെ നോക്കി.

ഞാന്‍ കരേന്നില്ലല്ലോ!

എന്തിനാ അച്ഛാ ഇങ്ങനെ കള്ളം പറേന്നേ, ഞാന്‍ കണ്ടല്ലോ അച്ഛന്‍ കരേന്നേം കണ്ണുനീര്‍ തുടയ്ക്കുന്നേം.

തന്റെ ജന്മദേശത്തിലെ നാടന്‍ മലയാളത്തില്‍ മകള്‍ സംസാരിക്കുന്നത് അയാള്‍ കാതില്‍ അമൃതവര്‍ഷം പോലെ കൊണ്ടാടി.

അവളുടെ മലയാളത്തനിമയേക്കാളും ഗാഢമായ നോട്ടത്തെ നേരിടാനാകാതെ അയാള്‍ മുഖം തിരിച്ചു വീണ്ടും ട്രാഫിക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചു.

ഒരിയ്ക്കലും ഈ സമയത്ത് ഇവിടെ ഇത്ര തിരക്ക് കണ്ടിട്ടില്ല. ന്യൂ ജേഴ്സി ടേണ്‍പൈക്കിലെ ഏട്ടാമത്തെ എക്സിറ്റ് കഴിഞ്ഞു കാറുകളുടെയും ട്രക്കുകളുടെയും ലെയിനുകള്‍ വഴിപിരിഞ്ഞാല്‍ പിന്നെ ന്യൂ യോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍റ് വരെ ട്രാഫിക് ഏറെക്കുറെ നന്നായി പോകുന്നതാണ് തന്റ്റെ അനുഭവം. പക്ഷേ ഇന്നേന്തോ സംഭവിച്ചിരിക്കുന്നു.

പക്ഷേ ശപിക്കുന്നതിന് പകരം ഈ ട്രാഫിക് കുരുക്കു നന്നായി എന്നാണ് അയാളുടെ മനസ്സ് പറഞ്ഞത്. തനിക്ക് അത്രയും സമയംകൂടി തന്‍റെ മകളോടൊത്തു ചെലവഴിക്കാമല്ലോ, താന്‍ കേട്ടുവളര്‍ന്ന തന്‍റെ സ്വന്തം ഗ്രാമത്തിന്‍റെ ശൈലിയിലുള്ള അവളുടെ മലയാളം മനസ്സുനിറഞ്ഞു ആഘോഷിക്കാമല്ലോ.

അങ്ങേയറ്റം ആകാംക്ഷയോടെയും പേടിയോടെയുമാണ് ഇത്തവണ മകളെ അവളുടെ മമ്മിയെ ഏല്‍പ്പിക്കാന്‍ പോകുന്നത്. ഇനി അവളെ കാണാന്‍ പറ്റുന്നത് ആറുമാസങ്ങള്‍ക്ക് ശേഷമായിരിക്കുമല്ലോ. അപ്പോള്‍ അവളുടെ മലയാളം എങ്ങനെയായിരിക്കും എന്നോര്‍ക്കുമ്പോള്‍ പ്രജ്ഞ തളരുന്നതുപോലെ.

ഒരിക്കല്‍ തനിക്ക് രണ്ടുമാസത്തെ പ്രോജക്റ്റ് ജോലിക്കു ജപ്പാനിലേക്ക് പോകേണ്ടിവന്നു. തിരികെ വന്നു മകളോട് സംസാരിച്ച താന്‍ ഞെട്ടിപ്പോയി, മലയാളം അവള്‍ ഏതാണ്ട് മറന്ന മട്ടായിരുന്നു. അന്നവള്‍ക്ക് മൂന്നര വയസ്സു പ്രായം. അതില്‍പ്പിന്നെ താന്‍ നീണ്ട കാലം വിദേശത്തു പോകുന്നത് നിര്‍ത്തി. ഏറിയാല്‍ രണ്ടാഴ്ച, അത്രമാത്രം.

എന്നാല്‍ ഇപ്പോള്‍ തനിക്ക് പിടിച്ചുനില്ക്കാന്‍ പറ്റുന്നില്ല. ആറുമാസത്തെ പ്രോജക്‍റ്റിനു വീണ്ടും ജപ്പാനിലേക്ക് പോയെങ്കിലെ പറ്റൂ. തന്റെ ഔദ്യോഗികഭാവിയും തന്റെ കമ്പനിയുടെതന്നെ നിലനില്‍പ്പും ഈ അസൈന്‍മെന്റിനെ ആശ്രിയിച്ചിരിക്കുന്നു.

ആറുമാസത്തെ തന്റെ അഭാവത്തില്‍ മകള്‍ മലയാളം മറക്കുമെന്നത് ഒരു പേടിപ്പിക്കുന്ന സാധ്യതയായി തന്നെ തുറിച്ചു നോക്കുന്നു, ഫോണിലൂടെ തനിക്ക് സംസാരിക്കാം, പക്ഷേ അവളുടെ മമ്മി അതിന് അവളെ ശിക്ഷിക്കും, അത് സങ്കല്‍പ്പിക്കാന്‍ കൂടി വയ്യ. നട്ടെല്ലിലൂടെ ഒരു ആധിയായി ആ ചിന്ത വീണ്ടും കത്തിപ്പടരുന്നു. ഒരുപക്ഷേ ഇത് തന്റെ വെറും ഉല്‍ക്കണ്ഠ ആയിരിക്കാം, മകള്‍ മലയാളം മറക്കില്ലായിരിക്കാം, പക്ഷേ അങ്ങനെയൊരു ഭീതി തന്റെ പ്രജ്ഞയെത്തന്നെ വേട്ടയാടുന്നു.

മലയാളിത്തം എന്നു പറയുന്നതു ഒരു ഭാഷയില്‍നിന്നുണ്ടാവുന്ന ഒരു ഐഡെന്‍റിറ്റി മാത്രമല്ല, അത് ഒരു സംസ്കാരംകൂടിയാണ്, താന്‍ മകളുടെ മമ്മിയോട് തര്‍ക്കിച്ചു നോക്കിയിട്ടുണ്ട്.

വാട്ട് ഇസ് ദാറ്റ് കള്‍ച്ചര്‍? ഞാന്‍ കാണുന്നതല്ലേ നിങ്ങളുടെ ആളുകളുടെ തനി സ്വഭാവം. ഇത്ര സംസ്കാരമില്ലാത്ത ഒരു വര്‍ഗം ഈ പ്രപഞ്ചത്തിലുണ്ടാവില്ല! നിങ്ങളുടെ ഭാഷകൊണ്ട് ആര്‍ക്ക് എന്തു പ്രയോജനം? ജനിച്ചപ്പോള്‍ മുതല്‍ മലയാളംമാത്രം സംസാരിച്ച് നിങ്ങളുടെ ഇംഗ്ലീഷ് ഉച്ചാരണം ഈ പരുവത്തിലായി. എന്നെങ്കിലും ഇനി അത് നേരെയാക്കാന്‍ പറ്റുമോ? എന്‍ജിനിയര്‍ ആണെന്നാണ് വയ്പ്. വായ തുറന്നു ഒരു വാക്കു പറഞ്ഞാല്‍ ആര്‍ക്കെങ്കിലും മനസ്സിലാകുമോ? സോ മാച്ച് എബൌട്ട ദ കള്‍ച്ചര്‍ ആന്ഡ് യുവര്‍ ലാംഗ്വേജ്! തന്നെ വിമര്‍ശിക്കുമ്പോള്‍ അവളുടെ ഇംഗ്ലീഷിന് എന്തു മൂര്‍ച്ച!

അവളുടെ പരിഹാസത്തിന് മുമ്പില്‍ പലപ്പോഴും തോറ്റുകൊടുക്കും. തര്‍ക്കിച്ചു ജയിക്കാന്‍ അറിയാഞ്ഞിട്ടല്ല. അതുകൊണ്ടു പ്രത്യേക കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല. തന്റെ ഇംഗ്ലീഷ് ഉച്ചാരണം ഈ പരുവത്തിലായത്തുകൊണ്ട് എന്താ പ്രശ്നം. അമേരിക്കയിലെ പേരുകേട്ട ഒരു കമ്പനിയില്‍ നല്ല ഒരു ജോലിയാണ് തനിക്കുള്ളത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഫീല്‍ഡില്‍ ഉള്ള തന്റെ അറിവും പ്രാവീണ്യവും എല്ലാവരും അംഗീകരിക്കുന്നതുമാണ്. അതിനുതക്ക ശമ്പളവും കിട്ടുന്നുണ്ട്. തന്റെ ആക്സെന്‍റ് കൊണ്ട് എന്തെങ്കിലും കുഴപ്പമുള്ളതായി ഇതുവരെ തോന്നിയിട്ടില്ല.

ട്രാഫിക് ഇഴഞ്ഞാണ് നീങ്ങുന്നത്.

ഇന്ന് നമ്മള്‍ ഒരുപാട് താമസിക്കും. മമ്മി ദേഷ്യപ്പെടുകേം ചെയ്യും. അച്ഛന്‍ തിരികെപ്പോന്നു കഴിഞ്ഞാരിക്കും മമ്മി എന്നെ വഴക്കു പറേന്നത്. മകള്‍ വീണ്ടും പറയുന്നു.

ഒരു അഞ്ചു വയസ്സുകാരിയുടെ ലോകജ്ഞാനത്തെക്കാലധികം കനമുണ്ട് അവളടെ വാക്കുകളിലും ചോദ്യങ്ങളിലും നിരീക്ഷണങ്ങളിലും. അമേരിക്കയില്‍ ജനിച്ചുവളര്‍ന്നളാണെങ്കിലും മലയാളത്തില്‍ സംസാരിക്കുമ്പോള്‍ നല്ല ഗ്രാമീണശൈലിയുടെ തന്‍മയത്വമുണ്ട്. ഒരു നീണ്ട അവധിക്കാലത്ത് തന്റെ മാതാപിതാക്കളോടൊപ്പം നാട്ടില്‍ നിന്നപ്പോള്‍ കിട്ടിയ ശൈലിയാണിത്. അതങ്ങനെതന്നെ നിലനിര്‍ത്താന്‍ താന്‍ വളരെ ശ്രദ്ധിച്ചിരുന്നു.

രണ്ടു വര്‍ഷമായി വിവാഹമോചനം നടന്നിട്ട്. അന്ന് തുടങ്ങിയതാണ് ഈ റുട്ടീന്‍. മകളുടെ കസ്റ്റഡി അവളുടെ അമ്മയ്ക്ക് കൊടുത്തുകൊണ്ടാണ് കോടതി വിധിച്ചത്, ആ വിധിയുടെ ഭാഗമാണ് എല്ലാ വീക്കെന്റ്റുകളിലും മകളെ തന്നോടൊപ്പം വിടുക എന്നുള്ളത്. ശനിയാഴ്ച രാവിലെ താന്‍ ന്യൂ യോര്‍ക്കിലെ ലോങ് ഐലന്‍ഡില്‍ എത്തി മകളെ പീക്ക് ചെയ്തു ഫിലഡെല്‍ഫിയയിലെ വീട്ടിലേക്ക് കൊണ്ടുവരും, എന്നിട്ട് ഞായറാഴ്ച വൈകുന്നേരം കൊണ്ടുചെന്നു തിരികെ ഏല്‍പ്പിക്കും.

അഞ്ചുമണിക്കുമുമ്പ് മകളെ എത്തിക്കണമെന്നാണ് കോടതിയില്‍നിന്നുള്ള ഓര്‍ഡര്‍. പിക്ക് ചെയ്യാന്‍ വരുമ്പോഴോ തിരികെ വിടാന്‍ വരുമ്പോഴോ ഒന്നു വൈകിയാല്‍ അവളുടെ മമ്മിയുടെ തനിനിറം കാണാം.

ലോങ് ഐലന്റിലെ ആ സ്ഥിരം ഷോപ്പിങ് മാളിന്റ്റെ പാര്‍ക്കിങ് ലോട്ടില്‍ അവള്‍ സമയത്തുതന്നെ എത്തും, മകളെ തന്നില്‍നിന്നും ‘രക്ഷിച്ചെടുക്കാന്‍’!

ഐ ആം സേവിങ് ഹെര്‍ നോട് ഒണ്‍ലി ഫ്രം യു, ബട് ഫ്രം യുവര്‍ റെച്ചഡ് മലയാളം ആസ് വെല്‍. കോടതിവിധിയോടുള്ള അവളുടെ പ്രതികരണം അങ്ങനെയായിരുന്നു. നന്നായി മലയാളം സംസാരിക്കാന്‍ അറിയാമെങ്കിലും അവള്‍ അമേരിക്കന്‍ ആക്സന്‍റിലുള്ള ഇംഗ്ലീഷിലേ സംസാരിക്കൂ. അവളുടെ ഓരോ വാക്കിലും മലയാളഭാഷയോടുള്ള അവജ്ഞ നിഴലിച്ചിരിക്കും. തന്നെയും മലയാളത്തെയും വിമര്‍ശിക്കുമ്പോള്‍ അവളുടെ അമേരിക്കന്‍ അക്സന്‍റ് ഒന്നുകൂടി തീവ്രമാകും.

വെറും ആറു വര്‍ഷത്തെ വൈവാഹികജീവിതത്തിനിടയില്‍ താന്‍ എന്തെല്ലാം കേട്ടിരിക്കുന്നു!

എന്താ ഇന്ന്‍ ഇത്ര ട്രാഫിക്ക്, ഞായറാഴ്ചയല്ലിയൊ? മകള്‍ ആരോടെന്നില്ലാതെ പറഞ്ഞു. ഇന്ന് നമ്മള്‍ തീര്‍ച്ചയായും താമസിക്കും.

അയാള്‍ മകളെ ഒന്നു നോക്കുകമാത്രം ചെയ്തു.

കഴിഞ്ഞപ്രാവശ്യം താമസിച്ചപ്പോള്‍ മമ്മി എന്നോടു ഒത്തിരി ദേഷ്യപ്പെട്ടു. ഞാന്‍ കരഞ്ഞു പറഞ്ഞു, മമ്മീ, ട്രാഫിക് വാസ് റിയലി ബാഡ്, വീ ലെഫ്റ്റ് ഹോം ഏര്‍ലി ഇനഫ് എന്നൊക്കെ. മമ്മി അതൊന്നും കേട്ടതേയില്ല, എന്നേം അച്ഛനേം ഒത്തിരി വഴക്കു പറഞ്ഞു,

സോറി.

അച്ഛനെന്തിനാ സോറി പറയുന്നേ? മമ്മീടെ സ്വഭാവമല്ലിയോ അത്. ആരെന്തു പറഞ്ഞാലും മമ്മിയ്ക്കു വേണ്ടതേ മമ്മി വിശ്വസിക്കൂ.

മകളുടെ വാക്കുകളിലെ ഗൌരവം അല്പ്പം അമ്പരപ്പിച്ചു.

താമസിക്കുന്നതിലല്ല മമ്മിക്ക് ദേഷ്യം. ഞാന്‍ കുറെനേരംകൂടി മലയാളം പറഞ്ഞു ഇരിക്കുന്നതാ കാര്യം.

ഹാവൂ, ട്രാഫിക് കുരുക്ക് അവസാനിച്ചെന്നു തോന്നുന്നു. അയാള്‍ കാറിന് വേഗത കൂട്ടി.

ശനിയാഴ്ചകളില്‍ മകളെ തന്നെ ഏല്‍പ്പിച്ചു പോകാന്‍ അവളുടെ മമ്മിയ്ക്ക് ധൃതിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതവളുടെ വ്യക്തിപരമായ കാര്യം.

ഒരു വീക്കെന്‍ഡ് വിസിറ്റില്‍ താന്‍ ഫിലഡെല്‍ഫിയയ്ക്ക് തിരികെ പോകാതെ മകളോടൊപ്പം ന്യൂ യോര്‍ക്കിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞതിന് എന്തെല്ലാം പുകിലാണ് അവള്‍ ഉണ്ടാക്കിയത്, ദൈവമേ.

ഐ വില്‍ നോട്ട് ലെറ്റ് ഇറ്റ് ഹാപ്പെന്‍ എഗൈന്‍. നിങ്ങള്‍ അവളോട് എത്ര വേണമെങ്കിലും ആ നശിച്ച ഭാഷ സംസാരിച്ചോളൂ,, പക്ഷേ വേറെ മലയാളികളോടൊപ്പം അവള്‍ മിംഗിള് ചെയ്യുന്നത് ഞാന്‍ സമ്മതിച്ചുതരില്ല. യൂ ഹാവ് ദ വിസിറ്റേഷന്‍ റൈറ്റ്സ്, നോട്ട് യുവര്‍ ഫ്രെന്‍ഡ്സ്, വല്ലാത്ത കാര്‍ക്കശ്യത്തോടെയാണ് അവള്‍ അത് പറഞ്ഞത്.

എന്‍ജിനിയറിങ് ഡിഗ്രിവരെ കേരളത്തില്‍ പഠിച്ച തനിക്ക് മലയാളഭാഷ ജീവവായുവാണ്. അമ്മയുടെ മുലപ്പാലോടൊപ്പം കിട്ടിയ അമൃതാണ്. ലോകത്തെ എല്ലാ അറിവുകളും സ്വാംശീകരിക്കാനുള്ള വഴിയാണ്. തന്‍റെ മകള്‍ ഈ സുന്ദരഭാഷ സംസാരിക്കണം. ഒരു ഭാഷകൂടി അറിയുന്നതു എപ്പോഴും ഒരു അഡ്വാന്‍റേജ് ആണെന്ന് അവളുടെ മമ്മിയോട് പറഞ്ഞുനോക്കിയിട്ടുണ്ട്, പക്ഷേ എന്തു പ്രയോജനം?

ലിസണ്‍ മാന്‍, കേരളത്തില്‍ പോലും ഇപ്പോള്‍ ആരും മക്കളെ മലയാളം പഠിക്കാന്‍ വിടാറില്ല. ലേബറേഴ്സ് പോലും മക്കളെ ഇംഗ്ലിഷ് മീഡിയമാണ് പഠിപ്പിക്കുന്നത്. താന്‍ ഏത് ലോകത്താ ജീവിക്കുനന്നത്?

കൊഴുത്ത ഇംഗ്ലീഷിലുള്ള അവളുടെ വാക്കുകളില്‍ എപ്പോഴും കാണുന്ന പ്രകടമായ ഭാവം പരിഹാസമാണ്, താന്‍ നല്ലതെന്നു കരുതുന്ന എല്ലാറ്റിനേയും പരിഹസിക്കുന്നതില്‍ അവള്‍ക്ക് ഒരുതരം ഗൂഢമായ ആനന്ദമുള്ളതുപോലെ. അവള്‍ വായിച്ചു കേട്ട അറിവോ പറഞ്ഞുകേട്ട അറിവോ ആണ് പരിഹാസത്തിലൂടെ വിളമ്പുന്നതെന്ന് മനസ്സിലാക്കാന്‍ വളരെ എളുപ്പമാണുതാനും.

പതിനഞ്ചു വയസ്സുവരെ ഡെല്‍ഹിയിലും അതിനുശേഷം അമേരിക്കയിലും ജീവിച്ച അവള്‍ക്ക് ഹിന്ദിയിലും ഇംഗ്ളീഷിലുമുള്ള അറിവ് മനസ്സിലാക്കാം, എന്നാല്‍ മലയാളത്തോട് ഇത്ര പുച്ഛം തോന്നേണ്ട കാര്യമുണ്ടോ?

മാതാപിതാക്കള്‍ മലയാളികളായിപ്പോയതുകൊണ്ടുമാത്രം മലയാളിയായവള്‍, എന്നാല്‍, ഭാഷാപരമായ ആ ലേബലിനെ അങ്ങേയറ്റം അവള്‍ വെറുക്കുന്നു.

അച്ഛാ, പതുക്കേ! തന്റെ തൊട്ടുമുമ്പിലെ കാര്‍ പെട്ടെന്നു ബ്രേക് ചെയ്തത് താന്‍ കാണുന്നതിന് മുമ്പേ മകള്‍ കണ്ടു. വണ്ടി പെട്ടെന്നു നിര്‍ത്തി. മകള്‍ മുന്നോട്ടൊന്നാഞ്ഞു.

സ്റ്റാറ്റന്‍ ഐലന്‍ഡ് ആയി. ഇവിടെയാണ് സാധാരണ കൂടുതല്‍ ട്രാഫിക് ജാം കാണേണ്ടത്. ഇന്നെന്തോ അത്ര കുഴപ്പമില്ലെന്ന് തോന്നുന്നു. ഇനി വെറസ്സാനോ ബ്രിഡ്ജ്. അത് കഴിഞ്ഞു ബെല്‍റ്റ് പാര്‍ക്ക് വേയിലേക്ക്. ചിലപ്പോള്‍ ബെല്‍റ്റ് പാര്‍ക്ക് വേയിലും വലിയ ട്രാഫിക് ജാം കാണാറുണ്ട്.

മകളെ മലയാളം പഠിപ്പിക്കാനേ പാടില്ല എന്നായിരുന്നു അവളുടെ മമ്മിയുടെ വാശി. മകള്‍ മലയാളം സംസാരിക്കണമെന്ന്, എഴുതാനും വായിക്കാനും പഠിക്കണമെന്ന് തനിക്ക് അതിലേറെ വാശിയായിരുന്നു. മകള്‍ക്ക് മലയാളം പഠിക്കാന്‍ വലിയ ഉല്‍സാഹവുമായിരുന്നു. മലയാളം അക്ഷരമാല ഇതിനകം പഠിച്ചുകഴിഞ്ഞു. അവളെ പഠിപ്പിക്കാന്‍ നാട്ടിലെ ഒന്നാം പാഠപുസ്തകവും താന്‍ കൊണ്ടുവന്നു.. പക്ഷേ പഠനം വീക്കെന്‍ഡ്കളില്‍ തന്നെ വിസിറ്റ് ചെയ്യുമ്പോള്‍ മാത്രം. മകള്‍ മലയാളം മറക്കാതിരിക്കുന്നത് തന്നോടൊപ്പമുള്ള ഈ വീക്കെന്റ് വാസം കൊണ്ട് മാത്രമാണു.

അച്ഛാ!

എന്തെങ്കിലും ഗൌരവമായി ചോദിക്കാനുള്ളപ്പോള്‍ മകള്‍ വിളിക്കുന്ന ആ പ്രത്യേക വിളികേട്ട് അയാള്‍ വീണ്ടും മകളെ നോക്കി.

ഒരു പ്രത്യേക ഈണമുണ്ട് ആ വിളിക്ക് – ച്ഛ എന്ന അക്ഷരത്തിന്റെ കൂടെ ഒരു ഛ കൂടെ ചേര്‍ത്ത്, പിന്നെ അവസാനത്തെ ‘ആ’ ഒന്നുകൂടെ നീട്ടി. അത് കേള്‍ക്കുമ്പോള്‍ അയാള്‍ പ്രതീക്ഷനിര്‍ഭരനാവുന്നു, എന്തോ സങ്കീര്‍ണ പ്രശ്നമാണ് മകള്‍ ചോദിക്കാന്‍ പോകുന്നത്..

ആ ഈണത്തിലാണവള്‍ ഇപ്പോള്‍ വിളിക്കുന്നത്.

അച്ഛന്‍ ഇന്നലെ പറഞ്ഞില്ലേ മലയാളം എന്ന് പറേന്നത് ഒരു ഭാഷ മാത്രമല്ല, പാരമ്പര്യംകൂടിയാണെന്ന്‍?

അയാള്‍ അന്തം വിട്ടു.

എന്താച്ഛാ പാരമ്പര്യം എന്നു വെച്ചാല്‍?

അത് നമ്മളുടെ പൂര്‍വികര്‍, ആന്‍സിസ്റ്റേര്‍സ്, ജീവിച്ച രീതിയാണ്. അവരുടെ ഉടുപ്പും, നടപ്പും, തീറ്റിയും, ഭാഷയും, ഭക്തിയും ഒക്കെ അതില്‍പ്പെടും.

മകള്‍ അല്‍പ്പനേരം ചിന്തയിലാണ്ടു.

അപ്പോള്‍ ആ പാരമ്പര്യം എനിക്കൊന്നു പഠിക്കാന്‍ എന്താ വഴി?

അയാള്‍ക്ക് വീണ്ടും ഉത്തരം മുട്ടി. ആ പാരമ്പര്യം ഇപ്പോള്‍ കേരളത്തില്‍ പോലുമില്ലെന്ന് മകളോടു എങ്ങനെ പറയും?

ഇനിയൊരു സ്കൂള്‍ വെക്കേക്കഷനില്‍ നമ്മക്കു നാട്ടില്‍ പോയി കുറെക്കാലം നില്‍ക്കാം. അപ്പോള്‍ മോള്‍ക്ക് അതൊക്കെ കുറെ മനസ്സിലാകും. അയാള്‍ സ്വയം ആശ്വസിക്കാനെന്നോണമാണ് അത് പറഞ്ഞത്.

അവധിക്കു ഇന്ത്യയില്‍ പോകുമ്പോള്‍ കേരളത്തില്‍ പോകാന്‍ ഇവളുടെ അമ്മയ്ക്ക് എന്തു മടിയായിരുന്നു. തന്റെ ബന്ധുക്കളോട് സംസാരിക്കുന്നതും അവരുമായി ഇടപഴകുന്നതും അവള്‍ക്ക് അങ്ങേയറ്റം വെറുപ്പായിരുന്നു. കേരളം ഒരു ശപിക്കപ്പെട്ട നാടായിട്ടാണ് അവള്‍ എപ്പോഴും ചിത്രീകരിച്ചിരുന്നത്.

തന്റെ മാതാപിതാക്കളെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതില്‍ എന്തു എതിര്‍പ്പായിരുന്നു അവള്‍ക്ക്! അവര്‍ വന്നാല്‍ മകളുടെ ജീവിതം തുലഞ്ഞുപോകും എന്ന രീതിയിലായിരുന്നു അവളുടെ ഭാവം. അതുകൊണ്ടു തന്റെ പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും അമേരിക്ക കാണിക്കാന്‍ വിവാഹമോചനം വരെ കാത്തിരിക്കേണ്ടി വന്നു.

സ്റ്റാച്ച്യു ഓഫ് ലിബര്‍ടി! മകള്‍ ഇടതുവശത്തേക്ക് കൈചൂണ്ടി പറഞ്ഞു. എന്നും വെറസ്സാനോ ബ്രിഡ്ജിന്‍റെ പകുതി എത്തുമ്പോള്‍ ഉള്ള പതിവാണിത്. സ്റ്റാച്ച്യു ഓഫ് ലിബര്‍ടിയോട് അവള്‍ക്ക് എന്താണിത്ര ഇഷ്ടം എന്നൊരിക്കല്‍ ചോദിച്ചു.

അത് ഫ്രീഡത്തിന്റെ സിംബല്‍ ആയതുകൊണ്ട്, അവള്‍ക്കറിയാവുന്ന രീതിയില്‍ അവള്‍ ഉത്തരവും തന്നിരുന്നു.

മോളെ, ഞാനും നീയും സ്വതന്ത്രരായിരുന്നെങ്കില്‍, എനിക്കും നിനക്കും ഇഷ്ടംപോലെ സമയം ഒരുമിച്ച് ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അയാള്‍ കണ്ണുതുടച്ചു.

വെറസ്സാനോ ബ്രിഡ്ജിന്‍റെ അവസാനം എത്താറായപ്പോള്‍ ട്രാഫിക് വീണ്ടും മന്ദഗതിയിലായി. അപ്പോഴാണത് ശ്രദ്ധിച്ചത്, ബെല്‍റ്റ് പാര്‍ക്ക് വേയില്‍ ട്രാഫിക് ജാമാണ്. ഇനി ഒരു ഇരുപതു മൈലോളം ബെല്‍റ്റ് പാര്‍ക്ക് വേയിലൂടെ ഓടണം. ഇക്കണക്കിന് എപ്പോഴെത്തുമോ ആവോ!

മറിച്ചൊന്നു ചിന്തിച്ച പ്പോള്‍, മകളുടെ മലയാളം കേള്‍ക്കാന്‍ ദൈവം തനിക്ക് കൂടുതല്‍ സമയം അനുവദിച്ചു തന്നതായാണ് അയാള്‍ക്ക് തോന്നിയത്. അതിനു ദൈവത്തിന്നു നന്ദി പറഞ്ഞു.

ആറുമാസം കഴിയുമ്പോഴേക്കും എന്താകും ഇവളുടെ മലയാളത്തിന്റെ അവസ്ഥ? ഒരുപക്ഷേ ഈ മലയാളശൈലി കേള്‍ക്കാന്‍ ജീവിതത്തില്‍ ഇനി ഇതുപോലെ അവസരം കിട്ടി എന്നു വരില്ല. അയാള്‍ വീണ്ടും കണ്ണുതുടച്ചു.

ദൈവമേ, ഈ യാത്ര അവസാനിക്കാതിരുന്നെങ്കില്‍, ബെല്‍റ്റ് പാര്‍ക്ക് വേയില്‍ കണ്ണെത്താ ദൂരം മൂന്നു ലൈനായി നിശ്ചലമായി കിടക്കുന്ന കാറുകളെ നോക്കി അയാള്‍ മനസ്സില്‍ പ്രാര്‍ഥിച്ചു.

Generated from archived content: story1_mar18_15.html Author: murali_j_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here