ഘടികാരങ്ങളുടെ ടിക്‌ടിക്‌ നാദം അങ്ങുതിരിച്ചെടുക്കുക

ഇരുപത്‌ വയസ്സ്‌ തികയുന്നതിന്‌ ആഴ്‌ചകൾക്കുമുൻപ്‌ ദാലി വിചിത്രമായൊരു സ്വപ്നം കണ്ടു. ഒരു കൂറ്റൻ ഘടികാരം. നിക്കോളാസ്‌ ക്രെസിനസ്സ്‌ എന്ന ബിഷപ്പ്‌ സങ്കല്പിച്ചതിലേക്കും വലുത്‌. ഘടികാരം പ്രപഞ്ചത്തിന്റെ ഒത്തനടുവിൽ ആരോ കൊളുത്തിയിട്ടിരിക്കുന്നു. സമയസൂചികൾ കുഞ്ഞാടുകളെപ്പോലെ പ്രപഞ്ചസത്യത്തെ വലംവയ്‌ക്കുന്നു. ആരോ ഒരാൾ ഘടികാരത്തിന്‌ മുകളിലേക്ക്‌ മുന്തിരിവളളിപോലെ പടർന്നു കയറുന്നത്‌ ദാലി കണ്ടു. മുഖം വ്യക്തമല്ല. എങ്കിലും കാറ്റിലൊഴുകുന്ന അംഗവസ്‌ത്രം ദാലിയ്‌ക്ക്‌ പെട്ടെന്ന്‌ തിരിച്ചറിയാൻ കഴിഞ്ഞു.

വിരുന്നിനെത്തുമ്പോഴെല്ലാം ദാലി ദൈവത്തിന്‌ ചായംപുരട്ടിയ അംഗവസ്‌ത്രങ്ങൾ പാരിതോഷികങ്ങളായി നൽകാറുണ്ടായിരുന്നു. അതിലൊന്നായിരുന്നു ദൈവം അണിഞ്ഞിരുന്നത്‌. ഘടികാരത്തിലേക്ക്‌ മുന്തരിവളളിപോലെ പടർന്നു കയറുന്ന ദൈവത്തിനു പിന്നാലെ ദാലിയും കൂടി.

ഉഷ്‌ണകാലം കഴിഞ്ഞിരുന്നുവെങ്കിലും കയറ്റത്തിനിടയിൽ ദാലി നന്നായി വിയർത്തിരുന്നു. കാലത്തിന്റെ കൂർത്തുമൂർത്ത ചരിവുകളിൽ നിറയെ ഇലകൊഴിഞ്ഞ വൃക്ഷരൂപങ്ങൾ. ഉഷ്‌ണകാലം തളിർചില്ലകളെപ്പോലും വെറുതെ വിട്ടിരുന്നില്ല. ദാലി മുന്തിരിവളളിയിൽ പിടിച്ച്‌ മേല്പോട്ടുകയറി.

ദൈവം വളരെ മുന്നിലായിരുന്നു. ദാലിക്ക്‌ ദൈവത്തിനോട്‌ അസൂയ തോന്നി. ദൈവം എത്ര ഉയരത്തിലും വേഗത്തിലുമാണ്‌ പറക്കുന്നത്‌. ദൈവം വഴികളിൽ പൊഴിച്ചിടുന്ന വെളുത്ത തൂവലുകൾ മുന്തിരിവള്ളികളിൽ തളിർത്തുകിടന്നിരുന്നു. ദൂരക്കാഴ്‌ചയിൽ അത്‌ മേഘപടലങ്ങൾ പോലെ തോന്നിപ്പിച്ചു. ദാലി തൂവലുകൾ ഒന്നൊന്നായി പെറുക്കിയെടുക്കുന്നുണ്ടായിരുന്നു. തന്റെ നീളൻകുപ്പായത്തിലെ കീശയിൽ തൂവലുകളുടെ വലിയ അരങ്ങായിരുന്നുവെന്ന്‌ ദാലിതന്നെ പറഞ്ഞിട്ടുണ്ട്‌. നക്ഷത്രങ്ങൾ പോലെതന്നെ തൂവലുകളും ദാലിയ്‌ക്ക്‌ പ്രിയപ്പെട്ടതായിരുന്നു.

ദൈവത്തിൽനിന്ന്‌ പൊഴിയുന്ന ഓരോ തൂവലിലും ദാലി നക്ഷത്രമുഖങ്ങൾ വരച്ചുവച്ചു. ദാലി തൂവലുകൾ ഒന്നൊന്നായി ഇളക്കുമ്പോൾ പകലറുതിക്ക്‌ മുൻപുളള ചക്രവാളത്തിന്റെ അഭിഭാത സൗന്ദര്യം കൺമുന്നിൽ പ്രത്യക്ഷപ്പെടുന്നതുപോലെ തോന്നും. ഋതുക്കളിൽ അത്‌ വസന്തത്തെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌. വർഷകാലത്ത്‌ അത്‌ പെയ്‌തിറങ്ങുന്ന മേഘപ്പീലികൾ പോലെ ആർദ്രാമായിരിക്കും.

ദാലി മുന്തിരിവളളിയിൽ പിടിച്ച്‌ ഘടികാരത്തിന്റെ സ്വപ്നസദൃശ്യമായ ഹൃദയത്തിലേക്ക്‌ കയറിച്ചെന്നു. ആകാശഗോപുരം അതിനു തൊട്ടുമുകളിലായിരുന്നു. അതിന്‌മുകളിൽ നക്ഷത്രങ്ങളുടെ കളിയരങ്ങ്‌. ദാലി അവിടെയെല്ലാം ദൈവത്തെ തിരഞ്ഞു. ദൈവം ഘടികാരത്തെ തൂവലുകൾകൊണ്ട്‌ മറയ്‌ക്കുവാനുളള ശ്രമമായിരുന്നു. ദൈവം ഘടികാരത്തിനുനേരെ ആജ്ഞാപിക്കുന്നത്‌ ദാലി കണ്ടു. ദൈവത്തിന്റെ ഭാഷയിൽ ദാലിയും ആജ്ഞാപിച്ചു. ദൈവം അപ്പോൾ മാത്രമാണ്‌ ദാലിയെ കണ്ടത്‌. ദൈവത്തിന്‌ ദാലിയുടെ സാമീപ്യം അപമാനമായി തോന്നി. ഘടികാരഹൃദയത്തിൽനിന്ന്‌ പുറത്തുപോകാൻ ദൈവെം ദാലിയോട്‌ ആജ്ഞാപിച്ചു.

ദാലി തന്റെ തുറിച്ച കണ്ണുകൾകൊണ്ട്‌ ഘടികാരത്തെ ഭയപ്പെടുത്തി. ദൈവം ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ ഭയചകിതനായി. ദാലിയുടെ പെരുമാറ്റത്തിൽ ദൈവത്തിന്‌ സങ്കടം തോന്നി. ദൈവസന്നിധിയിൽനിന്ന്‌ ദാലി ഭൂമിയിലേക്ക്‌ മടങ്ങിവന്നു.

ഇരുപത്‌ വയസ്സ്‌ തികയുന്ന ദിവസം ദാലി വിചിത്രമായ മറ്റൊരു സ്വപ്‌നം കണ്ടു. ഒരു കൂറ്റൻ ഘടികാരത്തെ ദൈവം ചുമന്നുകൊണ്ടുവരുന്നു. ദൈവം ഘടികാരവുമായി പർവ്വതം കയറാനുളള ശ്രമത്തിലായിരുന്നു. ഘടികാരത്തിന്റെ ടിക്‌ ടിക്‌ ശബ്‌ദം ദാലിയുടെ കേൾവിക്ക്‌ അരോചകമായിരുന്നു. ഘടികാരം എന്നന്നേക്കുമായി പർവ്വത മുകളിൽനിന്ന്‌ വലിച്ചെറിയാൻ ദാലി ദൈവത്തോട്‌ വിളിച്ചുപറഞ്ഞു. ഒരവധൂതന്റെ സ്ഥൈര്യത്തോടെ ദൈവം പർവ്വതമുനകൾ ചവുട്ടിക്കയറി. ദാലിയുടെ വാക്കുകൾ കേൾക്കാൻ ദൈവം ആഗ്രഹിച്ചില്ല. ദാലി ദൈവത്തെ ഓർത്തു സങ്കടപ്പെട്ടു.

പർവ്വതമിറങ്ങിവരുന്ന ദൈവത്തിന്‌ ദാലിയുടെ മുഖത്തേക്ക്‌ നോക്കാൻ ഭയമായിരുന്നു. ദൈവത്തിന്റെ കൈയ്യിൽ ഒരു മുയൽക്കുഞ്ഞിന്റെ അതേ ചന്തത്തിൽ ഒരു കുഞ്ഞു ഘടികാരം ഇരിക്കുന്നുണ്ടായിരുന്നു. അതിന്റെ നാവ്‌ ഒരു കുഞ്ഞിന്റെ നാവുപോലെ തുടുത്തിരുന്നു. അക്കങ്ങളുടെ തണലിടങ്ങളിൽ ചെറുതും വലുതുമായ നക്ഷത്രങ്ങൾ ഒട്ടിച്ചേർന്നിരുന്നു. അതിന്റെ പാവനമായ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. ദൈവം ആ കുഞ്ഞുഹൃദയത്തെ ദാലിയുടെ നേരെ നീട്ടി. ദാലിയുടെ കൈയ്യിലിരുന്ന്‌ അത്‌ വല്ലാതെ വിതുമ്പി. ദാലി താഴ്‌വാരത്തുനിന്ന്‌ തെരുവിലേക്ക്‌ നടന്നു.

ഇരുപത്‌ വയസ്സ്‌ പൂർത്തിയായതിന്റെ അടുത്ത ദിവസം ദാലി വിചിത്രമായ മറ്റൊരു സ്വപ്‌നം കണ്ടു. ദാലി മിന്നൽപ്പിണരുകളോട്‌ കൂട്ടുകൂടിക്കൊണ്ട്‌ ആകാശത്തിലൂടെ പറന്നു നടക്കുന്നു. നക്ഷത്രങ്ങളില്ലാത്ത ഭൂമി വളരെ അകലെയാണ്‌. മേഘങ്ങൾക്കിടയിലൂടെ ദാലി ഇടയ്‌ക്കിടെ ഭൂമിയിലേക്ക്‌ ഉറ്റുനോക്കി. ഒരു തളിർത്ത കാറ്റിൽ മഞ്ഞപ്രതലമൊരുക്കിയ ക്യാൻവാസ്‌ പറന്നുവരുന്നത്‌ ദാലി കണ്ടു. ക്യാൻവാസ്‌ ഒരുതൂവൽപോലെ ഒഴുകിയൊഴുകി ഭൂമിയിലേക്കിറങ്ങി. ദാലിക്കത്‌ സന്തോഷമായിരുന്നു. മിന്നൽപ്പിണരുകളോടും നക്ഷത്രങ്ങളോടും സൗഹൃദം പങ്കുവച്ച്‌ ദാലി ഭൂമിയിലേക്ക്‌ മടങ്ങി. മടങ്ങുമ്പോൾ ദാലിയുടെ കൈകളിൽ മേഘങ്ങൾ സമ്മാനിച്ച ഒരു കുഞ്ഞു ഘടികാരമുണ്ടായിരുന്നു. ആ മേഘഘടികാരം യാത്രയിലെപ്പോഴും ദാലിയുടെ മുഖത്തേക്ക്‌ ആർദ്രമായി നോക്കുന്നുണ്ടായിരുന്നു. മേഘഘടികാരം ചിണുങ്ങുമ്പോഴെല്ലാം ദാലി അതിനെ അമർത്തി ചുംബിക്കും. ചുംബിക്കുമ്പോൾ അത്‌ ദാലിയുടെ ഹൃദയത്തിലേക്ക്‌ ചൂടുപകരാനായി ചേർന്നിരിക്കും.

1932 ൽ ന്യൂയോർക്കിൽ സംഘടിപ്പിച്ച സറീയലിസ്‌റ്റ്‌ പ്രദർശനത്തിലാണ്‌ ഓർമ്മയുടെ നൈരന്തര്യം ദാലി പ്രദർശിപ്പിക്കുന്നത്‌. തളിർത്ത ദളങ്ങൾപോലെ ഒഴുകിനടക്കുന്ന ഘടികാരങ്ങൾ. മുണ്ഡിതശിരസ്‌കരായ വൃക്ഷരൂപങ്ങൾ, നിലാവിനപ്പുറം സ്വപ്‌നപഥത്തിലെന്നപോലെ ധ്യാനമൂകമായ പർവ്വതങ്ങൾ.

എല്ലാം കൂടിച്ചേർന്ന്‌ ഓർമ്മകളുടെ വിസ്‌മയകരമായ ഒരരങ്ങ്‌ ദാലി ഒരുക്കുന്നു. മരണത്തിന്‌ തൊട്ടുമുൻപ്‌ ദൈവവുമായി ദാലി നടത്തിയ മധുരമായ സംവാദത്തിൽ ഘടികാരങ്ങളെക്കുറിച്ച്‌ ദാലി പറയുന്നു. “അങ്ങു സമ്മാനിച്ച മുയൽക്കുഞ്ഞിനെപ്പോലുളള ഘടികാരവും മേഘസമ്മാനമായ തൂവൽ ഘടികാരവും ഞാൻ കൊണ്ടുപോകുന്നു. ഘടികാരങ്ങളുടെ ടിക്‌ടിക്‌ ശബ്‌ദം മാത്രം ആണ്‌ തിരിച്ചെടുക്കുക.”

Generated from archived content: eassay1_july17_08.html Author: munjinad_padmakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English