വളരെക്കുറച്ചു മാത്രം എഴുതുകയും എഴുതിയവയിൽ ഭൂതകാലത്തിൽ നിന്ന് വർത്തമാനകാലത്തിലേക്ക് സഞ്ചരിക്കുന്ന ജീവിതത്തിന്റെ ഒരു തീവണ്ടി കടത്തിവിടുകയും ചെയ്യുന്ന എഴുത്തുകാരിയാണ് നളിനി ബേക്കൽ. കഥകളിൽ പാലിക്കുന്ന മിതത്വം, അനുഭവത്തിന്റേതായ ആഴക്കാഴ്‌ചകൾ, വികാരങ്ങളുടെ നിയന്ത്രിതമായ അനുഭവപാഠങ്ങൾ എന്നിവയെല്ലാം നളിനി ബേക്കലിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു. മനുഷ്യമനസ്സിന്റെ ആഴത്തിലുളള മായക്കാഴ്‌ചകൾ സമ്മാനിക്കുന്ന നോവലാണ് നളിനി ബേക്കലിന്റെ ‘ശിലാവനങ്ങൾ’. ഒരു വേള നിഗൂഢമായൊരു ആനന്ദത്തിന്റെയോ നിർവചനങ്ങളില്ലാത്ത സ്‌നേഹത്തിന്റെയോ ഭ്രമാത്മകമായൊരനുഭവം ശിലാവനങ്ങളിലുണ്ട്. ഭദ്രയിൽ തുളുമ്പിനിൽക്കുന്ന ആർദ്രമായ മാതൃത്വത്തിന്റെ കടൽ, കാരുണ്യത്തിന്റെ നനവിലേക്ക് പടർന്നു കയറുന്നു.
‘ശിലാവനങ്ങളിൽ’ പ്രത്യക്ഷപ്പെടുന്ന സിഹാനുക്ക് എന്ന നായക കഥാപാത്രം വളരെ മന്ദമായാണ് നോവലിലേക്ക് കടന്നുവരുന്നത്. ഒട്ടനവധി നിഗൂഢതകളുടെ ആൾരൂപമാണ് അയാൾ. വൈദ്യശാസ്‌ത്രപഠനം വഴി ഒടുവിൽ പച്ചമരുന്നിന്റെ പുതിയ പുതിയ സാധ്യതകളിൽ കുടുങ്ങിപ്പോകുന്ന ഒരാൾ. അയാൾക്ക് ഒരു കടവിലും തളച്ചിടാനാകാത്ത ഒരുപാട് അസ്വസ്ഥതകളുണ്ട്. അയാൾ ഒരു രാജ്യത്തിന്റെ ചക്രവർത്തിയാകേണ്ടവനാണ്. പക്ഷേ പിതാവിന്റെ അധാർമികതകൾക്ക് നേരെ അയാൾക്ക് സമരം ചെയ്യേണ്ടിവരികയും ഒടുവിൽ നാടുകടത്തപ്പെടുകയും ചെയ്യുന്നു.
ദളിത് വംശജയായ തന്റെ അമ്മയ്‌ക്ക് നേരിടേണ്ടിവന്ന പീഡനങ്ങളും കുറ്റപ്പെടുത്തലുകളും സിഹാനൂക്കിനെ ജീവിതത്തിന്റെ ധാർമിക ഭൂമികളിലേക്ക് അഴിച്ചുവിടുന്നില്ല. നിരാശയുടെയും പകപോക്കലിന്റെയും ഒഴുക്കിൽ നിഗൂഢമായൊരു ആനന്ദമായി അയാൾ മാറുന്നു.
ശിലാവനങ്ങൾ, നളിനിബേക്കൽ, കറന്റ് ബുക്‌സ് തൃശൂർ, വില ഃ 90.00
Generated from archived content: book1_june2.html Author: munjinad_padmakumar