നിർത്താതെ പെയ്തു കൊണ്ടിരിക്കെ
വറ്റിപ്പോയ രാത്രിയെ കുറിച്ച്
രാത്രിമഴ
പുലരിയോട് പറയുന്നു
പെയ്ത് പെയ്ത്
പകലും വറ്റിപ്പോയി
അന്നേരം കുളിക്കാൻ വന്ന സന്ധ്യ
മുങ്ങുന്നതു കണ്ട്
മറ്റൊരു രാത്രി വന്നു
അതും മുങ്ങിപ്പോയി
ആറു രാത്രിയും
ആറു പകലും പെയ്ത
തുള്ളികൾ കൊത്തിപ്പറിച്ച്
എൻ്റെ കൂടു തള്ളിയിട്ടു
അത് ഉറുമ്പുകളുടെ ചങ്ങാടമായി
അവശേഷിച്ച മരക്കൊമ്പും
മുങ്ങി പോയ നഗരത്തിൽ
വട്ടമിട്ടു പറന്നു
കാക്കയെന്നെന്നെ വിളിക്കാൻ
ഒരു മനുഷ്യനേയും കണ്ടില്ല
പെട്ടെന്ന്
താഴെ ജലഗർഭത്തിലൊരനക്കം
ഫാഷിസ്റ്റുകളുടെ രാജ്യത്തിലേക്ക്
മീനുകൾ പടനയിക്കുകയാണ്
പണ്ട് ദ്വാരക കടിച്ചു ചതച്ച
അതേ കൊമ്പൻ സ്രാവ്
ഇരിക്കാനിടമില്ലാത്ത
എൻ്റെ ഇത്തിരി വട്ടത്തിൽ നിന്ന്
പറക്കലിൻ്റെ വ്യാസത്തിൽ
ഇതാ കല്പാന്തം.
Generated from archived content: poem1_mar24_16.html Author: muneer_agragami