ഞാൻ നേരമായിരുന്നെങ്കിൽ
ഇരുട്ടുകയോ
തെളിയുകയോ ചെയ്യില്ല
കറുക്കുവാനോ വെളുക്കുവാനോ
ശ്രമിക്കില്ല
പോവുകയോ വരികയോ
ഇല്ല
നേരം പോയെന്ന
നിൻ്റെ പരാതി
കീറിക്കളഞ്ഞ്
നിന്നെ തൊട്ടു നിൽക്കും
ക്ലോക്കിൻ്റെ പ്രതലം പോലെ
നിനക്കു ചുറ്റും ഒരു വൃത്തമായി തെളിയും
നിൻ്റെ നെഞ്ചിടിപ്പ്
സെക്കൻ്റ് സൂചിയായി
അതിലൂടെ സഞ്ചരിക്കുന്നത്
കാതോർക്കും
നേരിൻ്റെ ചലനമായി
നേരമായി
നിനക്കു ചുറ്റും ഒരു പുതുലോകമാകും
നേരം പോക്കെന്ന് ഉച്ചരിക്കാൻ ധൈര്യമുള്ള ഒരാളും
നമ്മുടെ സമയത്തിൽ
അതിക്രമിച്ചു കയറുകയില്ല
നീ എൻ്റെ നേരവും
ഞാൻ നിൻ്റെ നേരവുമാകുന്ന
ഒരു ഘടികാരം
കാലത്തിൻ്റെ ചുമരിൽ
ആരുമറിയാതെ അന്നേരം
ഉയർന്നു വരും
പ്രണയമെന്നതിനെ
ആരൊക്കെയോ വിളിക്കുമെങ്കിലും
നമുക്കതു മനസ്സിലാവില്ല
ഒന്നൊഴിച്ച്..
ഞാൻ നേരമാവുമ്പോൾ
ആ നേരം നിൻ്റേതാകുമ്പോൾ
നീ എൻ്റെ നേരമായതിൽ ഞാൻ
നേരമറിയുന്നു
എന്നതൊഴിച്ച്!
Generated from archived content: poem1_jan21_16.html Author: muneer_agragami